ഗ്രന്ഥകർത്താവിനെ അറിയുമോ? മുസ്തഫ ഹുദവിയെക്കുറിച്ച് ഖത്തർ യൂനിവേഴ്‌സിറ്റിയിലെ ലെക്‌ചറർ യമൻ പണ്ഡിതനായ ഡോ. ആദിൽ...

മുസ്തഫ ഹുദവി അരൂർ


 ✒️ഡോ:  ബഹാഉദ്ദീൻ ഹുദവി മേൽമുറി. 

" അൽ മക്തൂബാതുൽ മിഅഃ ഫി തസ്വവുഫ്" എന്ന ഗ്രന്ഥത്തിന്റെ കവർ പേജ് അയച്ചു തന്ന് ഗ്രന്ഥകർത്താവിനെ അറിയുമോ എന്ന് ഖത്തർ യൂനിവേഴ്‌സിറ്റിയിലെ ലെക്‌ചറർ യമൻ പണ്ഡിതനായ ഡോ. ആദിൽ ചോദിച്ചപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്. ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയിലെ ഭാഷാ വിഭാഗം ലെക്‌ചറർ ആയ എ.പി മുസ്ഥഫാ ഹുദവി അരൂർ ആണ് ഗ്രന്ഥകാരന്‍. അദ്ദേഹത്തിന്റെ പ്രതിഭയുടെ സാക്ഷ്യപത്രമായി ഈ ഗ്രന്ഥം തന്നെ മതിയെന്നും ഒരു ഡോക്റ്ററേറ്റിനേക്കാൾ ഞാനതിന് വില കല്പിക്കുന്നുവെന്നും ഡോ. ആദിൽ പറഞ്ഞപ്പോഴാണ് മുസ്ഥഫാ ഹുദവിയെ അറബ് ലോകം എങ്ങനെ നോക്കിക്കാണുന്നുവെന്ന് മനസ്സിലായത്. താൻ അമ്പതിലധികം ഗ്രന്ഥങ്ങൾ മൂല്യ നിർണയം നടത്തിയിട്ടുണ്ടെങ്കിലും ഇതു പോലെ ഒരു ഗ്രന്ഥം കാണാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞപ്പോൾ മുസ്ഥഫ ഹുദവിയുടെ പഴയകാല സഹപ്രവർത്തകന്‍ എന്ന രീതിയിൽ അഭിമാനം തോന്നി. 

 ആറ് ഏഴ് നൂറ്റാണ്ടുകളിലായി ഇന്ത്യയിൽ ജീവിച്ച, തേജോമയമായ നിരവധി സ്വൂഫീ ദർശനങ്ങളും ആശയതലങ്ങളും സമർപ്പിച്ച് കടന്നു പോയ ശൈഖ് ശറഫുദ്ദീൻ യഹ് യാ അൽ മനേരി (റ) യുടെ മക്തൂബാതെ സ്വദിയുടെ വിവർത്തനമാണ് 'അൽ മക്തൂബാതുൽ മിഅഃ' . അഞ്ഞൂറു പേജുകൾ വരുന്ന അറബി ഗ്രന്ഥം മൊറോക്കോയിലെ റാബിഥതുൽ മുഹമ്മദിയ്യ യാണ് പ്രസിദ്ധീകരിച്ചത്.
അധികമാരും ശ്രദ്ധിക്കാത്ത ഒരു മഹാപ്രതിഭയാണ് എ. പി. മുസ്ഥഫാ ഹുദവി അരൂര്. ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം പുസ്തകരചന സപര്യയാക്കിയ പ്രതിഭാധനനാണ്. അറബി ഉർദു ഇംഗ്ലീഷ് ഭാഷകൾക്കു പുറമെ സ്വപ്രയത്നം കൊണ്ട് പേർഷ്യൻ ഭാഷയിലും പ്രാവീണ്യം നേടി. ഇത് തന്റെ രചനാലോകത്തിന് പുതിയൊരു വാതായനം തുറന്നു കൊടുത്തു. പേർഷ്യൻ ഭാഷയിൽ നിന്ന് അദ്ദേഹം ബൃഹത്തും ഗഹനവുമായ രണ്ടു ഗ്രന്ഥങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ശാഹ് വലിയ്യുല്ലാഹി ദ്ദഹ്ലവിയുടെ(റ) ‘ഇസാലതുൽ ഖഫാ അൻ ഖിലാഫതിൽ ഖുലഫാ’ എന്ന പേർഷ്യൻ ഗ്രന്ഥത്തിന്റെ അറബി വിവർത്തനമാണ് മുസ്ഥഫാ ഹുദവിയുടെ തൂലികയിൽ വിരിഞ്ഞ മറ്റൊരു ഗഹനമായ ഗ്രന്ഥം. 'റാഇദുൽ ഉഖലാ ഇലാ ഫഹ്മി അസ്റാറി ഖിലാഫതിൽ ഖുലഫാ' എന്ന് നാമകരണം ചെയ്ത ഇത് ബൈറൂതിലെ ദാറുൽ കുതുബിൽ ഇൽമിയ്യ 2009 ൽ പ്രസിദ്ധീകരിച്ചു. അശ്ശൈഖ് ഖാജാ മുഈനുദ്ദീൻ അൽ ചിശ്തി: ഹയാതുഹു വ ദഅ്വതുഹു വ ആഥാറുഹു എന്ന അറബി ഗ്രന്ഥവും (പ്ര. 2018) ദാറുൽ കുതുബ് അൽ ഇൽമിയ്യയാണ് പ്രസിദ്ധീകരിച്ചത്.

മലയാളത്തിലും മുസ്ഥഫാ ഹുദവി രചന നടത്തിയിട്ടുണ്ട്. തബ്ലീഗ് ജമാഅത്, മുഹമ്മദ്‌ നബി ജീവിതം ദർശനം, മുഹമ്മദ് നബി വ്യക്തിത്വം വിമർശനം, ഗുജറാത്ത്‌ നാം അറിയാത്ത മുഖം(വിവർത്തനം), ത്രിയേകത്വത്തിനെതിരെ ബൈബിളിന്റെ സാക്ഷ്യം(വിവർത്തനം) എന്നിവയാണ് മലയാള ഗ്രന്ഥങ്ങൾ. 

ദാറുൽ ഹുദയിൽ ആദ്യാന്തം ഒന്നാം റാന്കുകാരനായിരുന്ന അദ്ദേഹം ഹുദവി ബിരുദത്തോടൊപ്പം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് സാമൂഹ്യ ശാസ്ത്രത്തിൽ ഡിഗ്രിയും മദ്രാസ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഉർദുവിൽ പിജിയും നേടിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ മത ഭൗതിക വിജ്ഞാന കേന്ദ്രങ്ങളും ലൈബ്രറികളും സന്ദർശനം നടത്തിയിട്ടുണ്ട്. വിദ്യാർത്ഥി ജീവിതത്തിനിടയിൽ ടൈലറിംഗിലും പ്രാവീണ്യം നേടി. ടൈലറിംഗ് പഠിച്ചതിനു ശേഷം തന്റെ വസ്ത്രങ്ങൾ അദ്ദേഹം തന്നെയാണ് തയ്ക്കുന്നത് എന്നത് ഏറെ കൗതുകകരമാണ്. 

2005 മുതൽ ദാറുൽ ഹുദയിൽ അദ്ധ്യാപകനാണ്. ഖുർആനും തഫ്സീറുമാണ് ഇഷ്ട വിഷയങ്ങൾ. പഠന കാലം മുതൽ തന്നെ ചിട്ടയായ ജീവിതം നയിക്കുന്ന അദ്ദേഹം ഒരു മാതൃകായോഗ്യനായ പ്രബോധകനാണ്. 

വടകര താലൂക്കിലെ അരൂർ സ്വദേശിയായ ഇദ്ദേഹം പടിഞ്ഞാറയിൽ മൊയ്തു- ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ മൈമൂനത്. മുഹമ്മദ്‌ വജീഹ്, മുഹമ്മദ് സ്വഫിയ്യുദ്ദീൻ എന്നിവരാണ് മക്കൾ. 

വൈജ്ഞാനികമായ കൂടുതൽ സേവനങ്ങൾ ചെയ്യാൻ അല്ലാഹു തുണക്കട്ടെ. ആമീൻ