ഉസ്താദുമായി എപ്പോൾ ബന്ധപ്പെട്ടാലും 'ഇൽമി' യ്യായ പുതിയ അനുഭവങ്ങളുണ്ടാകും.. മാത്തൂർ ഉസ്താദിനെ കുറിച്ച് മുസ്തഫൽ ഫൈസി എഴുതുന്നു...
അൽ ഉസ്താദ് മുഹമ്മദുൽ മാത്തൂരീ.(ന)
മുസ്തഫൽ ഫൈസി
ആ പുന്നാരപ്പുഞ്ചിരി ഇനി കാണില്ല.
സ്നേഹമന്ത്രം കേൾക്കില്ല.
കണ്ടതും കേട്ടുതുമത്രയും നമ്മുടെ സുകൃതം .ആ നോട്ടത്തിൽ
അനേകം വാചകങ്ങൾ ഉണ്ടായിരുന്നു ; മധുര ആശയങ്ങളും അർഥങ്ങളും.സർവ്വ ഭാഷകൾക്കുമപ്പുറത്തായിരുന്നു അവ.
ഉസ്താദ് നമുക്കൊപ്പം; നാം തിരിച്ചുമൊപ്പം.എന്നാലും നമ്മുടെ ദൗർബല്യങ്ങളൊന്നും ഉസ്താദിനെ ബാധിച്ചില്ല.
അവിടത്തെ നന്മകൾ നമ്മെ സ്വാധീനിച്ചു.
എന്തു പഠിക്കണം, പഠിപ്പിക്കണം,എഴുതണം, പ്രസംഗിക്കണം എന്നു നമ്മെ ധരിപ്പിച്ചു.
ഒരു വരദാനം തന്നെ...
തവനൂർ ബാപ്പുട്ടി മുസ്ലിയാരാണ് പിതാവ്.
ബഹു. കണ്ണിയത്ത് ഉസ്താദിൻ്റെയും ഖുത്ബി ഉസ്താദിൻ്റെയും കൂടെ കർമശാസ്ത്രം ചർച്ച ചെയ്യാവുന്ന മഹാ പണ്ഡിതൻ.
തൻ്റെ ' നന്നാക്കിയ ഫത്ഹുൽ മുഈൻ'
ജാമാതാവായ, എൻ്റെ ഉസ്താദ് കൂടിയായ
കാടഞ്ചേരി മുഹമ്മദ് ഹാജി മുസ്ല്യാരിൽ നിന്നു
കാണാൻ സാധിച്ചു. അത് ' നന്നാക്കിയ ശാഫിഈ കർമ്മശാസ്ത്രം' തന്നെയാണ്.
1968,69 ൽ ഞാൻ ചമ്രവട്ടം - പള്ളിപ്പുറം ദർസിൽ മുഹമ്മദാജി മുസ്ല്യാരുടെ ശിഷ്യനായി പഠിക്കുകയായിരുന്നു.ഞാൻ പത്രവായന തുടങ്ങിയത് ആ പള്ളിയുടെ മുകളിലാണ്. അമേരിക്കൻ ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിലിറങ്ങിയതു വായിച്ചു ഉസ്താദുമായി ചർച്ച നടത്തിയത് ഇപ്പോഴും ഓർക്കുന്നു.
ആ പള്ളി ഞങ്ങളുടെ കോർട്ടായിരുന്നു. മതവും ശാസ്ത്ര ബോധവും ഉസ്താദ് ഞങ്ങൾക്ക് നൽകി.
മാത്തൂരീ ഉസ്താദ് മുഹമ്മദാജി ഉസ്താദിൻ്റെ അളിയനെന്നു മനസ്സിലായല്ലൊ.അളിയനെ സന്ദർശിക്കാനും മറ്റുമായി മാത്തൂരീ ഞങ്ങളുടെ പള്ളിയിൽ വരും. അളിയൻ ചിലപ്പോൾ വഅളിനു പോകുമ്പോൾ ഞങ്ങൾക്ക് ക്ലാസെടുത്തിരുന്നത് മാത്തൂരീ അവർകളായിരുന്നു.അത് ഞങ്ങൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു.പിതാവിൽ നിന്നു ലഭിച്ച അനർഘകർമശാസ്ത്ര തത്വങ്ങൾ അദ്ദേഹം ഞങ്ങളുടെ തലയിലേക്ക് കയറ്റി.
ഫത്ഹുൽ മുഈനിൽ ഒരു സ്ഥലത്ത് 'ഖറജ' ക്ക് പുറപ്പെട്ടു കിട്ടി എന്നു പ്രത്യേകം ഉസ്താദ് അർഥം പറഞ്ഞത് ഞാനിപ്പോഴും ഓർക്കുന്നു . സാധാരണയിൽ പുറപ്പെട്ടു പോയി എന്നാണ് അർഥം പറയുക. ഇവിടെ പോകാൻ പാടില്ലാത്തതാണ്. എങ്കിൽ 'പുറപ്പെട്ടു കിട്ടി ' എന്നു തന്നെ പറയണം.ഇതിൻ്റെയൊക്കെ ഗൗരവം പിന്നീടാണ് ബോധ്യപ്പെട്ടത്.
69 ൽ അൽഫിയ, തഫ്സീർ, മിശ്കാത്ത് തുടങ്ങിയവ ഞാൻ ഓതി.ശേഷം ശറഹു ത്തഹ്ദീബും മറ്റു ചിലതും ഓതണമെന്നായി.അപ്പോൾ മാത്തൂരീ ഉസ്താദ് മംഗലത്ത് ദർസ് നടത്തുകയാണ് .പുറങ്ങ് മൊയ്തീൻ മുസ്ല്യാർ അവിടെ വിദ്യാർഥിയായുണ്ട്.ഉസ്താദ് മുഹമ്മദാജി എന്നോടു പറഞ്ഞു ' ശറഹുത്തഹ്ദീബും മറ്റും അളിയൻ 'മുഹമ്മദ് കുട്ടി' യുടെ മംഗലം ദർസിൽ പോയി ഓതുകയാണ് നല്ലത്. അദ്ദേഹം 'മഅഖൂലാത്തി ' ലും കഴിവുള്ളയാളാണ്.
അദ്ദേഹത്തെ പരിചയപ്പെടേണ്ടതില്ലല്ലൊ. എന്നോട് അദ്ദേഹത്തിന് ഇഷ്ടമാണുതാനും.റബീഉൽ അവ്വലിൽ ഞാൻ മംഗലം ദർസിൽ ചേർന്നു.ശഅബാനിൽ പരീക്ഷ നടന്നു. ദർസിൽ ഒന്നാം റാങ്ക് അബദ്ധത്തിൽ എനിക്കായിരുന്നു. പ്രസംഗമത്സരത്തിലും തഥൈവ.
ആദരണീയനായ കരുവാരക്കുണ്ട് ഉസ്താദ് അന്ന് പൊന്നാനി കോളജിൽ പ്രിൻസിപ്പളായിരുന്നു. 67ൽ ഫൈസി ബിരുദമെടുത്ത മാത്തൂരി ഉസ്താദ് തൻ്റെ ശിഷ്യനാണ്.പൊന്നാനിയിൽ നിന്നാണ് ഉസ്താദ് ജാമിഅ: യിലെത്തിയത്. സമ്മാനദാനത്തിനു കരുവാരക്കുണ്ട് ഉസ്താദിനെയാണ് ക്ഷണിച്ചിരുന്നത്.
രണ്ട് വിഷയത്തിലും റാങ്ക് ജേതാവായ എന്നെ അദ്ദേഹം അനുഗ്രഹിച്ചു, പ്രാർത്ഥിച്ചു.
രണ്ട് ഉസ്താദുമാരുടെയും നിർദ്ദേശപ്രകാരം
റമളാനു ശേഷം ഞാൻ പൊട്ടച്ചിറ അൻവരിയ്യ: കോളജിൽ ചേർന്നു.പ്രിൻസിപ്പൾ ബഹു. കെ.കെ. ഹസ്രത്തുമായുള്ള ഉസ്താദുമാരുടെ ബന്ധമാണ് കാരണം. എന്നെ പൊട്ടിച്ചിറക്ക് യാത്രയാക്കിയ ഉടനെ ഉസ്താദ് മുഹമ്മദാജി വഫാത്തായി. അടുത്ത വർഷം ഹസ്രത്ത് കായൽ പട്ടണം പ്രിൻസിപ്പളായി പോയപ്പോൾ
തൻ്റെ നിർദ്ദേശപ്രകാരം ഞാൻ പട്ടിക്കാട് ജാമിഅ: യിൽ ചേർന്നു.
ഇവിടങ്ങളിൽ പഠിക്കുമ്പോഴും ഫൈസിയായ ശേഷം ദർസ്, ക്ലാസ്, എഴുത്ത്, പ്രസംഗം, സംഘടനാ പ്രവർത്തനങ്ങൾ നടത്തുമ്പോഴുമെല്ലാം മാത്തൂരീ ഉസ്താദിൻ്റെ തിരു നോട്ടം എന്നിലുണ്ടായിരുന്നു.പലപ്പോഴും എൻ്റെ പ്രസംഗവും മറ്റും ശ്രദ്ധിക്കാൻ വേദിയിൽ ഇടം പിടിച്ചു. സ്വന്തം സ്ഥാപനത്തിലേക്ക് ക്ഷണിച്ചു.
എൻ്റെ പാകപ്പിഴകൾ തത്സമയം സസ്നേഹം തിരുത്തി കാണിച്ചിരുന്നു.
പലപ്പോഴും പ്രസംഗ ശേഷം ഞാൻ ഉസ്താ ദോട് ' വല്ല അബദ്ധവും സംഭവിച്ചോ?' എന്നു ചോദിക്കും. എൻ്റെ പുറത്ത് കൊട്ടി 'ഉഷാർ, ഉഷാർ ' എന്നു പ്രോത്സാഹിപ്പിക്കും.
എൻ്റെ കുറേ 'സഫാഹത്തു'കൾ വകവച്ചു തന്നാലേ ഞാൻ വളരൂ എന്നു ഉസ്താദിനറിയാം.
അവിടന്നു ഒന്നാം തരം ' ട്രെയ്നിംഗ് സെൻറർ' തന്നെ.
ഉസ്താദ് പുതിയ ഗ്രന്ഥമെഴുതിയാൽ എനിക്ക് കോപ്പി തരും. ചിലത് എഴുതിത്തീരും മുമ്പേ കാണിക്കും. നല്ലൊരു ഭാഷാ പണ്ഡിതൻ കൂടിയായിരുന്നു.പദ്യ,ഗദ്യങ്ങളായി അനവധി രചനകൾ അറബിയിലുണ്ട്.
സർവ്വം സാഹിത്യ സമൃദ്ധം.
ഇതൊന്നും ആരുടേയും പ്രേരണയാലായിരുന്നില്ല; ദൈവനിശ്ചയം മാത്രമായിരുന്നു.
തൻ്റെ പല ഗ്രന്ഥങ്ങ ളിലും
' ലാ ആലാഅ ഇല്ലാ ആലാഅല്ലാഹി' (അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളല്ലാതെ അനുഗ്രഹങ്ങളില്ല)
എന്നു ആദ്യം ചേർക്കാറുണ്ട്.
ഒരിക്കൽ ഞാൻ ചോദിച്ചു
' ലാ ഇലാ ഇല്ലാ ആലാഅല്ലാഹി' എന്നല്ലേ നല്ലത്! ' ലാ ഇലാഹ ഇല്ലല്ലാഹു' പോലെ.
'ഇലാ' ആലാഇൻ്റെ ഏകവചനമെന്ന നിലയിൽ.
ശരിയായ ഭാഷയിൽ 'ഇലാ' ആലാഇൻ്റെ ബഹുവചനമല്ല. എന്നു വേണ്ട, അതിനു ബഹു വചനമില്ല. അൽഖിയാമ: അദ്ധ്യായത്തിലെ
' ഇലാ റബ്ബിഹാ നാള്വിറ: ' ഞാൻ സംശയമായി എടുത്തിട്ടു. അവിടെ 'ഇലാ' ജർറിൻ്റെ അക്ഷരമാണ് ; പ്രബലമായ അഭിപ്രായത്തിൽ അവിടെ ' അനുഗ്രഹം' എന്ന അർഥത്തിലല്ല
എന്നു ഉസ്താദ് മറുപടി പറഞ്ഞു.
' വിശ്വാസികൾ പരലോകത്ത് അല്ലാഹുവിലേക്ക് നോക്കും'
എന്നാണ് ' ഇലാ റബ്ബിഹാ നാള്വിറ: ' യുടെ ശരിയായ അർഥം. എന്നാൽ അല്ലാഹുവിലേക്കുള്ള ഈ നോട്ടം മുഅതസില: അംഗീകരിക്കുന്നില്ല.
' അല്ലാഹുവിൻ്റെ അനുഗ്രഹത്തിലേക്ക് നോക്കാനേ സാധിക്കൂ അല്ലാഹുവെ നോക്കാനാകില്ല' എന്നാണവരുടെ വാദം.
അതിനു 'ഇലാ ' ക്ക് അനുഗ്രഹം എന്ന അർഥം അവർ കൽപ്പിച്ചു.
ഈ വഞ്ചന അടിസ്ഥാനപരമായി തകർക്കുന്നതായിരുന്നു ഉസ്താദിൻ്റെ മറുപടി.
ഉസ്താദുമായി എപ്പോൾ ബന്ധപ്പെട്ടാലും 'ഇൽമി' യ്യായ പുതിയ അനുഭവങ്ങളുണ്ടാകും. എൻ്റെ കൃതികളെക്കുറിച്ചെല്ലാം നല്ല അഭിപ്രായമായിരുന്നു.
ഒന്നാം കോവിഡിനു മുമ്പ് വിശുദ്ധ ഖുർആൻ വ്യാഖ്യാനം അവസാനവാള്യം (ഭാഗം- 12 ) ഞാൻ വീട്ടിലെത്തിച്ചു കൊടുത്തു.
വാങ്ങി, പ്രത്യേക പ്രാർത്ഥന നടത്തി, ചായ സൽക്കരിച്ചു.
ഒന്നും രണ്ടും കോവിഡുകൾക്കിടയിൽ 'ത്രിമാന തീർത്ഥം - സ്വൂഫിസം' എന്ന ഗ്രന്ഥവുമായി വീണ്ടും സമീപിച്ചു.
ആദ്യ കോപ്പി ഉസ്താദിനു തന്നെ നൽകി.
'എനിക്കു വായിക്കാൻ കണ്ണു കാണുന്നില്ല, ഞാൻ കുട്ടികളെക്കൊണ്ട് വായിപ്പിച്ചു കേൾക്കാം ' ; ശേഷം പ്രാർത്ഥിച്ചു.
ഇന്നലെ ( 25-5-2021) വഫാത്ത് അറിയിച്ചത് പുറങ്ങ് മൊയ്തീൻ മുസ്ല്യാരാണ്.
മംഗലം മുതൽക്കുള്ള ബന്ധമാണ് ഞങ്ങൾ തമ്മിൽ.ഞാൻ പറഞ്ഞു 'ഇന്നു വരാൻ കഴിയില്ല, എൻ്റെ ചുറ്റുഭാഗങ്ങളെല്ലാം പൊലീസ് അടച്ചു പൂട്ടിയിട്ടുണ്ട്.' ഉസ്താദിൻ്റെ വീട്ടിലെ വിവരങ്ങളെല്ലാം അന്വേഷിച്ചു.
' താമസിയാതെ ഞാൻ സിയാറത്തിനെത്തും'
എന്നു പറഞ്ഞു, 'വരുമ്പോൾ അറിയിക്കണ'മെന്നു അദ്ദേഹവും.
പിന്നെ, ഒരു സമാധാനം; പണ്ടേ ഫാതിഹ:, യാസീൻ, മയ്യിത്ത് നിസ്ക്കാരം 'ഓൺലൈനി' ൽ ചെയ്യുന്നവരാണ് നാം.
'ഇലാ ഹള്റത്തി.... ' ബട്ടണമർത്തിയാൽ
എവിടെയും ആർക്കും എത്തിക്കൊള്ളും.
ആകാശത്തല്ലേ 'അസ്സലാമു അലൈ നാ.... '
എന്നു ഭൂമിയെ ലക്ഷ്യമാക്കി നബി /സ/ ഓൺലൈനായി പ്രാർത്ഥിച്ചത്.
അല്ലായിരുന്നെങ്കിൽ ഇത്തരം സന്ദർഭങ്ങളിൽ
നമ്മുടെ ഖേദം തീർത്താൽ തീരുമോ.
അല്ലാഹു പരലോകത്ത് ഉസ്താദിൻ്റെ 'ദറജ ' ഉയർത്തട്ടേ.... അവരേയും നമ്മേയും അവൻ അനുഗ്രഹിക്കുകയും ചെയ്യട്ടേ.... ആമീൻ.
Post a Comment