പരാജയപ്പെട്ടവനെ കുറ്റപ്പെടുത്താൻ ആളുകൾ ഉണ്ടാകും. പക്ഷേ, അപകടം വരുന്ന മുമ്പ് ഗുണദോഷിക്കുന്നവരെ ഒറ്റുകാരനെന്നും വിഘടനവാദികളെന്നും വിളിക്കും, വെട്ടുകിളികളെ വിട്ട് ആക്രമിക്കും - അൻവർ സ്വാദിഖ് ഫൈസി താനൂർ എഴുതുന്നു..

സാദിഖ് ഫൈസി താനൂർ എഴുതുന്നു
കുറ്റപ്പെടുത്തലുകൾക്കപ്പുറം.

പരാജയപ്പെട്ടവനെ കുറ്റപ്പെടുത്താനും ഉപദേശങ്ങൾ കൊണ്ട് പൊതിയാനും ആളുകൾ എമ്പാടുമുണ്ടാവും. അതൊരു നാട്ടു പതിവാണ്. എന്നാൽ പരീക്ഷ അടുത്തിട്ടും പഠിക്കാതെ വികൃതി കാട്ടി നടക്കുന്ന കുട്ടിയെ സൗമ്യമായി ഗുണദോശിക്കുന്ന ചിലരുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും കുഞ്ഞുട്ട്യേ... എന്ന് ഉണർത്തുന്നവരാണവർ.

പക്ഷേ, അവരെ ഉൾക്കൊള്ളാൻ ആവേശം മൂത്തു തുള്ളിച്ചാടുന്നവർക്കും, അവരുടെ തേരിലേറി ആനന്ദം കൊള്ളുന്നവർക്കും സാധിക്കില്ല. ഗുണകാംക്ഷികളെ വിഘടനവാദികൾ, വിരുദ്ധർ, കുലംകുത്തികൾ, ഒറ്റുകാർ, വിശുദ്ധ ബന്ധങ്ങൾക്ക് വിള്ളൽ വീഴ്ത്തുന്നവർ എന്നൊക്കെ ആക്ഷേപിക്കാനായിരിക്കും അവർക്ക് താൽപര്യം. വെട്ടുകിളികളെ അയച്ചു ആക്രമണം നടത്താനും ശ്രമിക്കും. എതിരാളി ഓങ്ങുമ്പോഴല്ല, അടിക്കിട്ടിക്കഴിഞ്ഞാലാണ് അവർ കണ്ണു തുറക്കുക. (ചിലർ അടിയോടൊപ്പം നാലു തെറിയും കിട്ടിയാലേ ഉണരൂ) അപ്പോഴേക്കും പലതും നഷ്ടപ്പെട്ടിട്ടുണ്ടാകും.

മനുഷ്യൻ നന്നാകാനുള്ള വിവിധ വഴികൾ പറഞ്ഞയിടത്ത് ഇമാം ഗസ്സാലി(റ) കൂടുതൽ വാചാലമാകുന്നുണ്ട്. എതിരാളികൾ നിങ്ങൾക്കെതിരെ ഉയർത്തുന്ന വിമർശങ്ങൾക്കു പോലും കാതു കൊടുക്കുന്നതും അതിൽ നിന്ന് പാഠമുൾകൊണ്ട് സ്വയം തിരുത്തേണ്ടത് തിരുത്തുന്നതും മനുഷ്യൻ നന്നാകാനുള്ള ഏറ്റവും വലിയ വഴികളിലൊന്നാണെന്ന് ഉദാഹരണ സഹിതം അദ്ദേഹം വിശദീകരിക്കുന്നു. ഇവിടെയാണ് എതിരാളിയുടെ വിമർശങ്ങളെ പോയിട്ട്, സ്വന്തക്കാരുടെ ഗുണകാംക്ഷപരമായ ഇടപെടലുകളെ പോലും ഉൾകൊള്ളാത്തവർ ഉണ്ടാകുന്നത്.

2006 ൽ ഒരു കുഴിയിൽ വീണതിൻ്റെ പരിക്കു മാറ്റാൻ, കോട്ടക്കൽ വെച്ചൊരു ഉഴിച്ചിൽ നടത്തിയപ്പോൾ, മർഹൂം മുട്ടാണിശ്ശേരിയിൽ കോയക്കുട്ടി മൗലവി സമുദായ നേതാക്കളോട് മൊത്തത്തിൽ പറഞ്ഞ ഒരു വാചകമുണ്ട്. അതിവിടെ ആവർത്തിക്കുന്നു; നിങ്ങൾ ഗസ്സാലിയെയും ഇബ്നു ഖൽദൂനെയും ഒറ്റക്കിരുന്നൊന്ന് വായിച്ചു പഠിക്ക്. നാലു തലമുറയെങ്കിലും തിരിഞ്ഞു നോക്കാതെ മുന്നേറാനുള്ള ഊർജം അതിൽ നിന്ന് കിട്ടും.
Anwar Sadiq faizy Tanur