ഖുതുബി മുഹമ്മദ് മുസ്‌ലിയാർ: കേരളക്കര കണ്ട അത്ഭുത പണ്ഡിത പ്രതിഭ

ഹിജ്‌റ 14-ആം നൂറ്റാണ്ടിലെ മലബാറിലെ ഉലമാക്കളുടെ ചരിത്രത്തിൽ മുൻനിരയിൽ നിൽക്കുന്ന നാമമാണ് ശംസുൽ ഉലമാ, ശംസുൽ ഉലമാഇ വദ്ദീൻ ശൈഖുനൽ മർഹൂം: ഖുതുബി അവർകൾ. ശവ്വാൽ മാസത്തിലാണ് (ശവ്വാൽ 6) മഹാനവർകളുടെ വഫാത്ത്.

ചെറുചാലില്‍ അഹ്‌മദ് എന്നവരുടെ മകനായി ഹിജ്‌റ 1299 -ൽ മലപ്പുറം ജില്ലയിലെ കൊടുവായൂരിൽ (എ.ആര്‍. നഗര്‍) ജനനം. തലക്കടത്തൂർ, തിരൂരങ്ങാടി, പെരിങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ ദർസ് പഠനം നടത്തി. താജുൽ ഉലമാ സ്വദഖത്തുല്ല മൗലവി (ന. മ.) യുടെ പിതാവ് കരിമ്പനക്കൽ പോക്കർ മുസ്‌ലിയാർ (ന. മ.), വലിയ്യായി അറിയപ്പെട്ട കുറ്റൂർ കമ്മുണ്ണി മുസ്‌ലിയാർ (ന. മ.) ചാലിലകത്ത് കുഞ്ഞഹ്മദ്ഹാജി (ന. മ.) തുടങ്ങിയവർ ഉസ്താദുമാരാണ്. വാഴക്കാട് ദാറുൽ ഉലൂം, താനൂർ, നാദാപുരം, പാനൂർ, തുടങ്ങിയ സ്ഥലങ്ങളിൽ ദർസ് നടത്തി. താജുൽ ഉലമാ സ്വദഖത്തുല്ല മൗലവി, ശംസുൽ ഉലമാ കീഴന ഓർ, മൗലാനാ കണ്ണിയത്ത്, മൗലാനാ കൈപ്പറ്റ, നാദാപുരം മേപ്പിലാച്ചേരി മൊയ്‌തീൻ മുസ്‌ലിയാർ, കാങ്ങാട്ട് ഓർ, നാദാപുരം കലന്തൻ മുസ്‌ലിയാർ, കൊല്ലോളി അബ്ദുള്‍ഖാദിര്‍ മുസ്‌ലിയാര്‍ (ന. മ.-ഹും) തുടങ്ങി നിരവധി ശിഷ്യ ഗണങ്ങളുണ്ട്. കേരളത്തിലെ ഇൽമിനെ അഹ്ലുകാരിൽ സിംഹഭാഗവും മഹാന്റെ ശിഷ്യപരമ്പരയിൽ വരുന്നു എന്ന് സാരം.

ഇഹലോകം വെടിഞ്ഞ് അരനൂറ്റാണ്ട് പിന്നിട്ടിട്ടും അദ്ദേഹം ഉപയോഗിച്ച മുക്കാല്‍ നൂറ്റാണ്ടോളം പഴക്കമേറിയ മഞ്ചലും റാന്തല്‍ വിളക്കും അനര്‍ഘങ്ങളായ നൂറിലധികം കിതാബുകളും അനവധി മസ്‌ലഹത്തുകള്‍ക്ക് സാക്ഷ്യംവഹിച്ച കോടതി സമാനമായ ഭവനവും ഇന്നും കഥപറയുകയാണ്. 

ഖുതുബി (ന. മ.) യുടെ കാലത്ത് ദീനീ രംഗത്ത് കേരളത്തിൽ നടന്ന പല പ്രധാന സംഭവങ്ങളിലും കാർമ്മികത്വം വഹിച്ചത് മഹാൻ തന്നെ ആയിരുന്നു. കേരളത്തിലെ ആദ്യ ദീനീ ബിരുദദാന സ്ഥാപനമായ പട്ടിക്കാട് ജാമിഅ നൂരിയ ഉദ്ഘാടനം ചെയ്തത് ഖുതുബി അവർകളാണ്. സമസ്തയിൽ ഔദ്യോഗിക പദവികൾ ഒന്നും വഹിച്ചതായി കാണുന്നില്ല. എങ്കിൽ പോലും സമസ്തയുടെ പല യോഗങ്ങളിലും അദ്ധ്യക്ഷത/ഉദ്ഘാടനം നിർവഹിച്ചത് മഹാനവർകളായിരുന്നു. ഔപചാരികതക്കപ്പുറം അന്നത്തെ ഉലമാക്കൾ ഖുതുബി അവർകൾക്ക് നൽകിയ സ്ഥാനമാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്.
ഗതാഗത വാർത്താവിനിമയ സൗകര്യങ്ങൾ കുറഞ്ഞ കാലത്ത് മദ്ധ്യ-തെക്കൻ കേരളത്തിലെ ഉലമാക്കൾക്ക് പ്രവർത്തിക്കാനുള്ള സൗകര്യാർത്ഥം തിരു-കൊച്ചി ജംഇയ്യത്തുൽ ഉലമാ രൂപീകരിച്ചത് ഖുതുബി അവർകളുടെ അദ്ധ്യക്ഷതയിൽ ആയിരുന്നു. ഐക്യ കേരള രൂപീകരണത്തിന് ശേഷം ഈ സംഘടന ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

ഖുതുബി ഇരിക്കുന്ന സ്ഥലത്ത് അല്ലാഹുവിന്റെ ശാപമിറങ്ങും എന്ന് പറഞ്ഞു കൊണ്ട് മഹാനവർകളെ വഹാബികൾ അവഹേളിക്കാൻ ശ്രമിച്ചപ്പോൾ കേരളത്തിലെ ഉലമാ സമൂഹം ഒന്നിച്ച് അതിനെ അപലപിക്കുകയുണ്ടായി. 

ഖുതുബി എന്ന പേര് യാദൃശ്ചികമായി വന്നതാണ്. ഈ അറബി വാക്കിൽ മൂന്ന് ഖൽഖലത്തിന്റെ ഹർഫുകൾ ആണുള്ളത്. ഗാംഭീര്യത്തോടെ എടുത്ത് മൊഴിയേണ്ട അക്ഷരങ്ങൾ. ഇത് മഹാനവർകൾക്ക് അല്ലാഹു നൽകിയ വലിയ ഹൈബത്തിലേക്കുള്ള സൂചകമാകാം. ആരും ആ സന്നിധിയിൽ ആദരവോടെയല്ലാതെ പെരുമാറുകയില്ല. ഒരു വഴിയിൽ സഞ്ചരിക്കുമ്പോൾ ജാതിമത ഭേദമന്യേ മുഴുവൻ ആളുകളും ആദരിക്കുമായിരുന്നു.
തർക്ക ശാസ്ത്രത്തിലെ ഒരു പ്രസിദ്ധ ഗ്രന്ഥമാണ് ഖുതുബി. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (ന. മ.) അവർകളുടെ അടുത്ത് ഓതുമ്പോൾ ഖുതുബി എന്ന കിതാബിൽ കാണിച്ച അവഗാഹം കാരണമാണ് ആ പേര് വന്നതെന്ന് കേട്ടിട്ടുണ്ട്. പെരിങ്ങാടിയിൽ വച്ച് ഓതുമ്പോൾ ഖുതുബി അവർകളെ തന്റെ മകളുടെ ഭർത്താവാക്കാൻ ആഗ്രഹിച്ച ആൾ "ആ ഖുതുബി ഓതുന്ന മുസ്‌ലിയാർ" എന്ന് പ്രയോഗിച്ചതാണ് പേരിനു പിന്നിലുള്ള കാരണം എന്നും പറയപ്പെട്ടിട്ടുണ്ട്.

പുത്തൻ വാദികളുടെ ഫിത്നയും ഫസാദുമൊക്കെ അദ്ധേഹത്തിനു മുന്നിൽ നിഷ്പ്രഭമായി. മഴകാലത്ത് നിൽക്കുന്ന വേഴാമ്പലുകളെ പോലെ അക്കാലത്ത് ഖുത്ബി ഉസ്താദിന്റെ വാക്കുകൾക്ക് ജനം കാതുകൂർപ്പിച്ച് നിന്നു.സ്വഭാവ മഹിമയിൽ ഭരണാധികാരിക്ക് വരെ അദ്ദേഹത്തോട് മതിപ്പായിരുന്നു .

 ഒരിക്കൽ ചൊക്ലിയിൽ ഒരു വയൽ വരമ്പിലൂടെ നടന്നു നീങ്ങവെ എതിർ ദിശയിൽ കൂടി വരുന്ന നമ്പൂതിരി അയിത്തം പ്രകടിപ്പിച്ച് പുറം തിരിഞ്ഞുനിന്നു .ഖുതുബി ഉസ്താദ് ഒന്നുമറിയാത്ത മട്ടിൽ വരമ്പ് കടന്ന് പോയി . അതേ സമയം പുറം തിരിഞ്ഞ് നിന്ന നമ്പൂതിരി ഇതിനിടെ കാൽ വഴുതി വയലിൽ
 പതിച്ചു . 
അഭിമാനക്ഷതം വന്ന നമ്പൂതിരി ഖുത്ബി ഉസ്താദിനെതിരെ കേസ് കൊടുത്തു . 
എന്നാൽ ആ സാത്വിക പണ്ഡിതന്റെ സാമൂഹികാംഗീകാരം അറിയാവുന്ന അധികാരി ഖുതുബി ഉസ്താദിനെതിരെ കേസെടുക്കാൻ തയ്യാറാവാതെ നമ്പൂതിരിയെ ശകാരിച്ച് വിട്ടു. 

ഖുതുബി അവർകൾ ക്രോഡീകരിച്ച അസ്മാഉൽ ഹുസ്നാ റാത്തീബ് പ്രസിദ്ധമാണ്. ഇമാം സുഹൈലി (റ) യുടെ പ്രസിദ്ധ തവസ്സുൽ ആയ "യാ മൻ യറാ മാ ഫിള്ളമീരി വ യസ്മഊ..." എന്ന ബൈത്തും ഇതിൽ ഉണ്ട്. ഈ റാത്തീബിന്റെ ഇജാസത്ത് ഖുതുബി (ന. മ.) യുടെ മകൻ അബ്ദുല്ല മുസ്‌ലിയാർ (ന. മ.) നല്കാറുണ്ടായിരുന്നു. ഇപ്പോൾ മഖാമിൽ ഈ റാത്തീബ് ലഭ്യമാണ്. അത് മുജർറബ് (അഥവാ വിപത്സന്ധികളിൽ അത് കൊണ്ട് തവസ്സുൽ ചെയ്താൽ ഫലപ്രദമെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ മനസിലായത്) ആണെന്ന് മഹാനായ മൗലാനൽ മർഹൂം: കൈപറ്റ ബീരാൻ കുട്ടി മുസ്‌ലിയാർ (ന. മ.) എഴുതിയിട്ടുണ്ട്. ബഹു: കൈപറ്റ ഖുതുബി അവർകളെ ഏറെ ആദരിച്ച ശിഷ്യനായിരുന്നു. അദ്ദേഹം ഖുതുബിയുടെ സവിധത്തിൽ കാണിച്ച ആദരവിനെ പറ്റി ഉലമാക്കൾ എടുത്ത് പറയാറുണ്ട്.

ഹദ്ദാദ് റാത്തീബിന്റെ യഥാർത്ഥ ഫലം അനുഭവിച്ചറിഞ്ഞവരാണ് ഖുതുബി ഉസ്താദ്.
 ഒരിക്കൽ ശിഷ്യഗണങ്ങളുമായി നടന്ന് പോകവെ ഖുതുബി ഉസ്താദ് ഗാംഭീര്യത്തോടെ പറഞ്ഞു -എന്നെയൊരു പാമ്പ് കടിച്ചെടാ...ഞാനതിനൊരു തട്ട്
കൊടുത്തിട്ടുണ്ട് ചെന്ന് നോക്ക് ചത്തിട്ടുണ്ടാവും... പാമ്പ് അദ്ദേഹത്തിന്റെ
 ഹദ്ദാദിന്റെ വിഷമേറ്റാണ് ചത്തുപോയത്.

വിശ്വാസികൾ അവരുടെ വിവാഹ മംഗളങ്ങൾ, ഗൃഹ പ്രവേശനം തുടങ്ങിയവയ്ക്ക് ഖുതുബിയുടെ സാന്നിധ്യം ആഗ്രഹിച്ചു. അത്തരം സന്ദർഭങ്ങളിൽ ആളുകളെ മടുപ്പിക്കാതെ പൊതുവേ ചുരുങ്ങിയ ദുആ കൊണ്ട് മഹാൻ മതിയാക്കുമായിരുന്നു. ഇത് കണ്ട ഒരാൾ പറഞ്ഞുവത്രേ "വലിയ ആലിമാണെന്ന് പറയുന്നു. പക്ഷെ, ദുആ പിടുത്തമില്ല".
ശാഫിഈ മദ്ഹബിന്റെ വെളിച്ചത്തിൽ ദീനിൽ സ്ഥിരപ്പെട്ട കാര്യങ്ങൾക്ക് പ്രാമുഖ്യം നൽകുകയും കേവലം സമ്പ്രദായങ്ങൾ എന്ന നിലയിൽ മാത്രം ചെയ്തു വരുന്നതോ, ആപേക്ഷികമായി പ്രാമുഖ്യം കുറഞ്ഞതോ ആയ കാര്യങ്ങളെ ആ നിലയിൽ തന്നെ കാണാനും മഹാൻ ഉപദേശിക്കുമായിരുന്നു.
ചാലിലകത്തിന്റെ മക്കളായ എം. സി. സി. സഹോദരന്മാരും ജാമാതാവ് കെ. എം. മൗലവിയും ഖുതുബിയുടെ സഹപാഠികൾ ആയിരുന്നു. എന്നാൽ അവരെ മതപരിഷ്കരണ ചിന്തകൾ സ്വാധീനിക്കുകയുണ്ടായി. അതേസമയം, ഖുതുബി അവർകൾ പാരമ്പര്യ സുന്നീ സരണിക്ക് വേണ്ടി ശക്തമായി നിലകൊണ്ടു. സ്വൂഫീ ശ്രേഷ്ഠനായിരുന്ന ദെഞ്ചിപ്പാടി സുലൈമാൻ മുസ്‌ലിയാരും (ന. മ.) ഖുതുബിയുടെ സഹപാഠിയാണ്. "സുലൈമാൻ മുസ്ലിയാരുടെ സോപ്പ് വാങ്ങിയവരും ഖേദിച്ചു, വാങ്ങാത്തവരും ഖേദിച്ചു" എന്ന പ്രസിദ്ധമായ പ്രയോഗം മഹാനവർകളുടെ ഒരു കറാമത്തുമായി ബന്ധപ്പെട്ട് പ്രചരിച്ചതാണ്. വിലായത്ത് കൊണ്ട് അറിയപ്പെട്ട, സവിശേഷ വ്യക്തിത്വമായിരുന്ന ആ മഹാൻ കോഴിക്കോട് പുതിയറയിൽ അന്ത്യവിശ്രമം കൊള്ളുന്നു.

വഹാബീ മൗദൂദികൾക്കെതിരെ തീരുമാനമെടുത്ത പെരിന്തൽമണ്ണയിൽ ചേർന്ന അഷ്ഠഉലമാ ശിരോമണി കോൺഫ്രൻസിലെ പ്രധാന സാന്നിധ്യങ്ങളിൽ ഒന്ന് മഹാനായിരുന്നു. പ്രത്യക്ഷത്തിൽ നല്ല നവീകരണങ്ങൾ എന്ന് തോന്നുന്ന ദർസ് ഏകീകരണം പോലുള്ള പരിഷ്‌കരണങ്ങളെ മഹാൻ എതിർത്തു. സ്വാതന്ത്ര്യ സമരത്തിന് മതപരമായ നിറം നൽകുന്നതിനെതിരെയും ശക്തമായി ശബ്ദിക്കുകയുണ്ടായി. 

യമനിലെ സാദാത്തുക്കളിൽ നിന്നും കേരളത്തിലെ മുസ്ലിംകൾക്ക് ലഭിച്ച മഹത്തായ ഒരു സമ്മാനമാണ് ഹദ്ദാദ് റാത്തീബ്. ഖുതുബുൽ ഇർഷാദ് സയ്യിദ് അബ്ദുല്ലാഹിൽ ഹദ്ദാദ് (റ) ഹദീസുകളിൽ നിന്നും ക്രോഡീകരിച്ച ഈ റാത്തീബ് വളരെ ചിട്ടയോടെ മുറുകെപ്പിടിച്ച മഹാനായിരുന്നു ഖുതുബി അവർകൾ. ബാഅലവി സാദാത്തുക്കളിൽ പെട്ട മഹാനായ വളപട്ടണം സയ്യിദ് അലവി ഇമ്പിച്ചിക്കോയ തങ്ങളാണ് (ന. മ.) ഖുതുബി അവർകൾക്ക് ഹദ്ദാദിന്റെ ഇജാസത്ത് നൽകിയത്. ഇമ്പിച്ചിക്കോയ തങ്ങൾക്ക് തന്റെ പിതാവിൽ നിന്നും അവർക്ക് ഖുതുബുസ്സമാൻ മമ്പുറം സയ്യിദ് അലവി (റ) തങ്ങളിൽ നിന്നുമാണ് ഹദ്ദാദിന്റെ ഇജാസത്ത് ലഭിച്ചത്.

നല്ല ആകാര സൗഷ്ഠവം, ചിട്ടയുള്ള ജീവിതം, അലക്കിത്തേച്ച വസ്ത്രവിധാനം, ഇസ്തിരി തൊപ്പി, ചോദ്യമോ പ്രതികരണമോ ആയി സ്വതസിദ്ധമായ മൂളക്കം, ഇങ്ങനെ ഖുതുബിയുടേതായി പറഞ്ഞു കേട്ട വ്യക്തിത്വ വിശേഷങ്ങൾ പലതുമുണ്ട്.
ചൊക്ലി കാട്ടില്‍ പീടികയില്‍ അഹ്'മദ് മുസ്‌ലിയാരുടെ (ന. മ.) മകളെ വിവാഹം കഴിച്ചു. അതിൽ മർഹൂം: അബ്ദുല്ല മുസ്‌ലിയാർ (ന. മ.) അടക്കം 3 ആണ്മക്കളും 5 പെണ്മക്കളുമുണ്ട്. പരപ്പനങ്ങാടിയിൽ നിന്നും മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട്. ഇബ്നു ഖുതുബി എന്ന് അറിയപ്പെട്ട അബ്‌ദുർറഹ്‌മാൻ മുസ്‌ലിയാർ അതിലുള്ള മകനാണ്.

ചൊക്ലി കവിയൂര്‍ റോഡില്‍ ഖുതുബി മഖാമിലും അദ്ദേഹം നിര്‍മിച്ച മങ്ങാട് ജുമാ മസ്ജിദ്, താമസിച്ചിരുന്ന വീട് തുടങ്ങിയവ സന്ദര്‍ശിക്കുന്നതിന് ഇന്നും നിരവധിയാളുകള്‍ എത്തുന്നുണ്ട്. സമസ്തയുടെ 12, 22, 23 വാര്‍ഷിക മഹാ സമ്മേളനങ്ങളുടെ ഉദ്ഘാടനവും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചത് ഖുതുബി മുഹമ്മദ് മുസ്‌ലിയാരായിരുന്നു. ചൊക്ലിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന അദ്ദേഹത്തിന്റെ ആണ്ടുനേര്‍ച്ചയുടെ നിറവിലാണ് പ്രദേശം. ഹിജ്‌റ 14ാം നൂറ്റാണ്ടില്‍ മലബാറിലെ ഉലമാക്കളുടെ ചരിത്രത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന നാമമായിരുന്നു ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍. മലപ്പുറം കൊടുവായൂര്‍ എ.ആര്‍ നഗറില്‍ ചെറുചാലില്‍ അഹ്മദ് മുസ്‌ലിയാരുടെ മകനായി ജനിച്ച മുഹമ്മദ് മുസ്‌ലിയാര്‍ ചൊക്ലി പെരിങ്ങാടി ജുമാ മസ്ജിദില്‍ മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ച് ദര്‍സ് പഠനം നടത്തവെയാണ് ചൊക്ലിയിലെ പണ്ഡിത തറവാട്ടില്‍നിന്ന് വിവാഹം കഴിച്ചതും പിന്നീട് വരക്കല്‍ മുല്ലക്കോയ തങ്ങളുടെ നിര്‍ദേശപ്രകാരം താമസമാക്കിയതും. വാഴക്കാട് ദാറുല്‍ ഉലൂം, തൃശൂര്‍ വെന്‍മേനാട്, വാണിയന്നൂര്‍, താനൂര്‍,നാദാപുരം, പാറക്കടവ്, പാനൂര്‍, പെരിങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ ശിഷ്യന്മാരില്‍ കേരളം കണ്ട പ്രഗത്ഭരായ അനേകം മുദരിസുമാരും വാഗ്മികളും മറ്റ് ഖാദിമുകളുമുണ്ട്. ദീര്‍ഘകാലം സമസ്ത കേരള ജംയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായിരുന്ന റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, താജുല്‍ ഉലമ കെ.കെ സദഖത്തുല്ല മുസ്‌ലിയാര്‍, കൈപ്പറ്റ ബീരാന്‍കുട്ടി മുസ്‌ലിയാര്‍, കൂട്ടായി ബാവ മുസ്‌ലിയാര്‍, കായംകുളം ഹസന്‍ മുസ്‌ലിയാര്‍, കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, കാങ്ങാട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങി പേരക്കുട്ടി സമസ്ത കേന്ദ്ര മുശാവറ അംഗവും സമസ്ത കണ്ണൂര്‍ ജില്ലാ ഉപാധ്യക്ഷനുമായ ടി.എസ് ഇബ്‌റാഹിം കുട്ടി മുസ്‌ലിയാര്‍ വരെ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ പ്രമുഖരാണ്. ഖുതുബിയുടെ കാലത്ത് ദീനി രംഗത്ത് കേരളത്തില്‍ നടന്ന പല പ്രധാന സംഭവങ്ങള്‍ക്കും കാര്‍മികത്വം വഹിച്ചത് അദ്ദേഹമായായിരുന്നു. കോടതികളില്‍ പോലും വിധി കല്‍പിക്കാനാവാത്ത കുടുംബ പ്രശ്‌നങ്ങള്‍, മതപരമായ തര്‍ക്കങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ എളുപ്പത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിലും ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ ചൊക്ലി കാട്ടില്‍പീടിക ഭവനം സാക്ഷിയായി. മരണശേഷം മക്കളും മറ്റും നടത്തിവന്നിരുന്ന ആണ്ട് നേര്‍ച്ചയും അനുസ്മരണവും ഖുതുബി മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ എല്ലാ വര്‍ഷവും നടത്തിവരുന്നുണ്ട്. അനുസ്മരണത്തില്‍ പ്രഗത്ഭരായ ഖുതുബിയുടെ ശിഷ്യന്മാരും പങ്കെടുക്കാറുണ്ടെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം ടി.എസ് ഇബ്‌റാഹിം കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു

1992 ൽ വഫാത്തായ സമസ്ത കേന്ദ്ര മുശാവറ അംഗം ഇബ്നു ഖുതുബി എന്ന പേരിൽ അറിയപ്പെട്ട സി എച്ച് അബ്ദുറഹിമാൻ മുസ്ലിയാർ ഖുതീബി മുഹമ്മദ് മുസ്ലിയാരുടെ മകനാണ്.

1966 ജനുവരി 28 ന് (1385 ശവ്വാല്‍ 6) ആണ് മഹാൻ വഫാത്തായത്. അന്ന് കേരളത്തിൽ ബന്ദ് ആയിരുന്നു. ചൊക്ലി മാഹി റോഡിൽ (സ്പിന്നിങ് മിൽ റോഡ്, പോണ്ടിച്ചേരി സ്റ്റേറ്റ്) വീടിനടുത്ത് സ്വന്തമായി നിര്‍മ്മിച്ച പള്ളിയുടെ (ഇപ്പോൾ മസ്ജിദുൽ ഖുതുബിയ്യ) സമീപത്താണ് മഹാൻ അന്ത്യവിശ്രമം കൊള്ളുന്നത്.

അല്ലാഹു മഹാനവർകളുടെയും നമ്മുടെ ഗുരുപരമ്പരയിലുള്ള മറ്റ് മഹാന്മാരുടെയും ഹഖ് കൊണ്ട് നമ്മെ ഇഹപര വിജയികളിൽ പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ.