സകാത്ത് പിരിക്കാൻ നിലവിലെ ഖാസിമാർക്കോ കമ്മിറ്റിക്കാർക്കോ അധികാരമില്ല

സകാത്ത് വിതരണവും ഖാസിയും 
 ✒️എം.ടി അബൂബക്ർ ദാരിമി  

നിലവിൽ നമ്മുടെ നാട്ടിൽ, ജനങ്ങളാൽ അഥവാ അവരിലെ അഹ്‌ലുൽ ഹല്ലി വൽഅഖ്‌ദു(കാര്യം തീരുമാനിക്കാനും പ്രശ്നം പരിഹരിക്കാനും പ്രാപ്തിയുള്ളവർ)കാരാൽ നിയമിക്കപ്പെട്ട ഖാസിമാരാണുള്ളത്. സുൽത്താൻ അഥവാ ഭരണാധികാരി നിയമിച്ച ഖാസിമാരില്ല. ഇമാമിന്റെ പകരക്കാരനായ ഖാസിയുടെ അധികാരങ്ങളെല്ലാം ജനങ്ങളാൽ നിയമിക്കപ്പെട്ട ഖാസിക്ക് ഉണ്ടാകില്ല. അതിൽപെട്ടതാണ് സകാത്തിന്റെ ശേഖരണ-വിതരണാധികാരം. നമ്മുടെ നാട്ടിലെ ഖാസിമാർ സകാത്തിന്റെ അധികാരമുള്ളയാളോ അയാളുടെ കീഴിലെ ഉദ്യോഗസ്ഥർ (ഉദാ: കമ്മിറ്റിക്കാർ)സകാത്തിന് അവകാശമുള്ള ആമിലീങ്ങളോ (സകാത്തുദ്യോഗസ്ഥർ) ആകുന്നില്ല. 

ആദ്യം, ഇവ്വിഷയകമായി ഒരു പുസ്തകത്തിൽ ഇതു സംബന്ധിച്ച തെറ്റായ പരാമർശം കാണുക:-

".....എന്നാൽ സംഘടിതമായി സക്കാത്തു വിതരണം നടത്തുവാൻ അംഗീകൃതമായ ചില രീതികളുണ്ട്. ഒരു പ്രദേശത്തെ നിയമപ്രകാരമുള്ള ഖാളി, സക്കാത്തിന്റെ കാര്യത്തിൽകൂടി പ്രത്യേകം അധികാരം നൽകിയോ അഥവാ അതുകൂടി ഉൾക്കൊള്ളുന്ന പൊതു അധികാരം നൽകിയോ നിയമിക്കപ്പെട്ടാൽ ആ ഖാളിക്ക് ഇമാമിനെപ്പോലെ സക്കാത്തുമുതൽ ഏൽപ്പിച്ച് ഉടമകൾക്ക് ഉത്തരവാദിത്തമൊഴിയാം. ഖാളി ആ പ്രദേശത്തെ അവകാശികൾക്കെല്ലാം നേരിട്ടോ ഉദ്യോഗസ്ഥന്മാരെ വച്ചോ വിതരണം നടത്തുകയുമാവാം."(സകാത്തു പദ്ധതി by: നജീബ് മൗലവി)

ഈ പറഞ്ഞതിലെ അബദ്ധം മനസ്സിലാക്കുവാൻ ആദ്യം, സകാത്തു വിതരണത്തിന്റെ രീതികൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. 

ഇമാം നവവി റൗളയിൽ പറയുന്നു:-

أما الفعل فثلاثة أضرب أحدها أن يفرق المالك بنفسه وهو جائز ..... الضرب الثاني أن يصرف إلى الإمام وهو جائز الثالث : أن يوكل في الصرف إلى الإمام ، أو التفرقة على الأصناف حيث تجوز التفرقة بنفسه ، وهو جائز

"സകാത്തിന്റെ വിതരണ നിർവ്വഹണം മൂന്നു രീതിയിൽ മാത്രമാണ്. 
1- ഉടമസ്ഥൻ സ്വയം വിതരണം ചെയ്യുക. അത്‌ ജാഇസാണ്. 
2- ഇമാം അഥവാ ഭരണാധികാരിയിലേക്ക് തിരിക്കുക. അത്‌ ജാഇസാണ്....
 3- ഇമാമിലേക്ക് എത്തിക്കുവാനോ, അവകാശികൾക്ക് വിതരണം ചെയ്യുവാനോ മറ്റൊരാളെ വകീലാക്കുക. അത് ജാഇസാണ്"(റൗളത്തു ത്ത്വാലിബീൻ 2/205)

ഈ മൂന്നു മാർഗങ്ങൾ മാത്രമാണ് സകാത്തു വിതരണത്തിനുള്ളത്. ഏതോ ബോഡി രൂപീകരിച്ച സംഘടനകളോ കമ്മിറ്റിയോ ഇതിൽ ഉൾപ്പെടുന്നില്ല. കാരണം സംഘടനകളും കമ്മിറ്റികളും സകാത്തു മുതലിന്റെ ഉടമസ്ഥൻ അല്ല.  ഉടമസ്ഥൻ നിയമിക്കുന്നതും അയാൾക്ക് പിരിച്ചുവിടാവുന്നതുമാണ് വകീല്. എങ്കിൽ കമ്മിറ്റി വകീലുമല്ല. ഇമാം അഥവാ ഭരണാധികാരി തീരെയും അല്ല. 

നാട്ടുകാരാൽ നിയമിക്കപ്പെടുന്ന ഖാസി പരമാധികാരിയായ ഇമാമല്ല. ഇമാമിന്റെ നാഇബുമല്ല. അതിനാൽ അവകാശികളുടെ പ്രതിപുരുഷനായ (نائب المستحقين) ഇമാമിൽ നിക്ഷിപ്തമായ സകാത്തു സ്വീകരണ-വിതരണാധികാരം അയാൾക്കില്ല. ജനങ്ങൾ നിയമനത്തിൽ അധികാരം ഉൾപ്പെടുത്തിയിട്ടും കാര്യമില്ല. 

ഇബ്നു ഹജർ(റ)വിന്റെ ഇബാറത്ത് ചിലർ തെറ്റിദ്ധരിച്ചുവെന്ന് തോന്നുന്നു. 

ويستفيد بتولية القضاء العام سائر الولايات وأمور الناس حتى نحو زكاة وحسبة لم يفوضا لغيره (تحفة المحتاج ١٠ /١٢٠)
"വ്യാപക ഖളാഇന്റെ നിയമനം മുഖേന ജനങ്ങളുടെ കാര്യങ്ങളും അധികാരങ്ങളുമെല്ലാം ഖാസിക്ക് ലഭിക്കുന്നതാണ്. ഖാസിയല്ലാത്ത മറ്റൊരാൾക്ക്‌ ഏല്പിച്ചിട്ടില്ലെങ്കിൽ സകാത്ത്, ഹിസ്‌ബത്ത് എന്നിവയുടെ അധികാരമടക്കം ഖാസിക്ക് ലഭിക്കുന്നതാണ്." (തുഹ്ഫ 10/120)

ഇതു ഇമാം നിയമിക്കുന്ന ഖാസിയുടെ അധികാരമാണെന്ന് ഈ ഇബാറത്തിൽ നിന്ന് തന്നെ വ്യക്തമാണ്. മറ്റൊരാളെ ഏല്പിച്ചിട്ടില്ലെങ്കിൽ ഖാസിക്ക് സകാത്തിന്റെ അധികാരമുണ്ടെന്നാണല്ലോ ഇതിൽ പറഞ്ഞത്. അപ്പോൾ ഖാസിയല്ലാത്ത മറ്റൊരാളെ സകാത്ത് പിരിക്കാനും വിതരണം ചെയ്യാനും ഏൽപ്പിച്ചാൽ ഖാസിക്ക് സകാത്തിന്റെ അധികാരമില്ല.  ഖാസിയല്ലാത്ത മറ്റൊരാളെ സകാത്തിന്റെ സംഭരണ-വിതരണാധികാരം ഏൽപ്പിക്കാൻ ജനങ്ങൾക്ക് പറ്റുമോ? സകാത്തു വിതരണത്തിന്റെ മൂന്നു രീതികളിൽ അങ്ങനെ ഒരു മാർഗ്ഗം ഇല്ലല്ലോ. അപ്പോൾ പിന്നെ ഇതു ഇമാമിന്റെ നാഇബ് എന്ന നിലയിൽ സകാത്തിന്റെ അധികാരം ഖാസിക്കോ മറ്റൊരാൾക്കോ ഇമാം നൽകുന്നതിനെ സംബന്ധിച്ചാണ് എന്ന് വളരെ വ്യക്തമാണ്. 

നോക്കൂ, തുഹ്ഫ പറയുന്നു :- 

من طلب زكاة.... وعلم الإمام أو غيره ممن له ولاية الدفع.... استحقاقه لها أو عدمه عمل بعلمه (تحفة المحتاج ٧/١٦٢)

"ഒരാൾ സകാത്ത് ആവശ്യപ്പെട്ടു. ഇമാമോ വിതരണാധികാരമുള്ള മറ്റുള്ളവരോ അയാൾ സകാത്തിന് അർഹനാണെന്നോ അല്ലെന്നോ മനസ്സിലാക്കി. എന്നാൽ തദനുസരിച്ചു അയാൾ പ്രവർത്തിക്കാവുന്നതാണ്." (തുഹ്ഫ 7/162)

'ഇമാമല്ലാത്ത സകാത്ത് വിതരണാധികാരികൾ' എന്ന തുഹ്ഫയുടെ വാക്യത്തെ ഇമാം ശർവാനി മുഗ്‌നിയിൽ നിന്നുദ്ധരിച്ച് വിവരിക്കുന്നു:-

(قوله ممن له ولاية الدفع) أي من منصوب الإمام لتفرقتها ومن المالك المفرق بنفسه ووكيله في التفريق اھ مغني (الشرواني ٧/١٦٢)

"സകാത്തു വിതരണത്തിനു വേണ്ടി ഇമാം നിയമിച്ചയാൾ, സ്വയം വിതരണം ചെയ്യുന്ന ഉടമസ്ഥൻ, വിതരണത്തിന് ഏൽപ്പിച്ച ഉടമസ്ഥന്റെ വക്കീൽ എന്നിവർ മാത്രമാണ് വിതരണാധികാരമുള്ളവർ." (ശർവാനി 7/172)

ജനങ്ങളാൽ നിയമിക്കുന്ന ഖാസിക്ക് സകാത്തിന്റെ അധികാരമില്ലെന്ന് ഈ ഹസ്റ് (ക്ലിപ്തത) വ്യക്തമാക്കുന്നു. 

തുഹ്ഫ തന്നെ മറ്റൊരു സ്ഥലത്ത് പറയുന്നത് കാണുക:- 

وقضية المتن دخول قبض الزكاة وصرفها في عموم ولاية القاضي وهو كذلك كما نقله الرافعي عن الهروي وأقره إلا أن ينصب لها متكلما خاصا (تحفة المحتاج ٧/١٥٥) 

"സകാത്തിന് അവകാശമുള്ള സകാത്തുദ്യോഗസ്ഥരിൽ (عامل) ഇമാമിന്റെ കീഴിലുള്ള ഖാസി, പ്രവിശ്യാ ഗവർണ്ണർ എന്നിവർ പെടില്ലെന്ന മിൻഹാജിന്റെ വാക്യത്തിന്റെ തേട്ടം ഖാസിയുടെ അധികാര വ്യാപ്‌തിയിൽ സകാത്തു ശേഖരണ-വിതരണാധികാരവും പ്രവേശിച്ചുവെന്നാണ്. അതങ്ങനെത്തന്നെയാണ്. ഇമാം റാഫിഈ (റ) ഹർവിയിൽ നിന്നുദ്ധരിച്ചംഗീകരിച്ചതുപോലെ. എന്നാൽ ഇമാം പ്രത്യേകം മറ്റൊരാളെ നിയമിച്ചാൽ ഖാസിക്ക് അധികാരമില്ല. (തുഹ്ഫ 7-155)

കണ്ടില്ലേ, സകാത്തിൽ ഇമാമിന്റെ പ്രതിനിധിയായ സകാത്തുദ്യോഗസ്ഥനിൽ മറ്റൊരു പ്രതിനിധിയായ ഖാസിയുടെ സ്ഥിതിയാണ് തുഹ്ഫ പറയുന്നത്. അല്ലാതെ ജനങ്ങൾ ള്വറൂറത്തിനു വേണ്ടി നിയോഗിക്കുന്ന ഖാസിയെ കുറിച്ചല്ല. 

സകാത്തുദ്യോഗസ്ഥരിൽ പെട്ടവനാണ് സകാത്ത് പിരിക്കുന്നവൻ അഥവാ ശേഖരിക്കുന്നവൻ(الساعي). (തുഹ്ഫ 7-155) ഈ 'സാഇ'യിൽ പെട്ടയാളാണ് നിബന്ധനയൊത്ത ഖാസി എന്ന് തുഹ്ഫ (3-367)പറയുന്നു.

 أوالساعي ومنه القاضي بشرطه السابق

അപ്പോൾ സകാത്തുദ്യോഗസ്ഥനാണ് (عامل)  ഖാസി.  ഇമാമോ ഇമാമിന്റെ പകരക്കാരനോ വിതരണം ചെയ്യുമ്പോൾ മാത്രമാണ്  'ആമിൽ' എന്ന് തുഹ്ഫ രേഖപ്പെടുത്തുന്നു:-

والعامل المستحق للزكاة بأن فرق الإمام أو نائبه (تحفة المحتاج ٧/١٥٥)
ഖാസിക്ക് സകാത്തിന്റെ അധികാരമുണ്ടാവാനുള്ള ശർത്വ് എന്താണെന്ന് തുഹ്ഫ തന്നെ പറയട്ടെ:-

.... أن للقاضي أي إن لم تفوض هي لغيره وإلا لم يكن له نظر فيها إخراجها..... (تحفة المحتاج ٣-٣٥٢)
لأن له نقلها وتفرقتها أي ما لم يفوض قبضها لغيره (تحفة المحتاج ٣-٣١٨)
(قوله ما لم يفوض الخ) بأن فوضه الإمام لغيره اھ سم (الشرواني) 
(قوله إن لم تفوض هي) أي الزكاة وأمرها من طرف الإمام (الشرواني) 

"ഇമാം മറ്റൊരാളെ സകാത്തിന്റെ കാര്യം ഏൽപ്പിക്കാതിരിക്കണമെന്നതാണ് ഖാസിക്ക് സകാത്തിന്റെ അധികാരമുണ്ടാവാനുള്ള ശർത്വ്." (തുഹ്ഫ, ശർവാനി സഹിതം) 

ചുരുക്കത്തിൽ, ഇമാമിന്റെ കീഴിൽ വരുന്ന, ഇമാം നിയമിച്ച ഖാസിക്ക്, ഇമാം മറ്റൊരാളെ ഏൽപ്പിച്ചില്ലെങ്കിൽ ലഭിക്കുന്ന അധികാരമാണ് സകാത്തിന്റെ ശേഖരണ-വിതരണാധികാരം. 

നാട്ടുകാർ ള്വറൂറത്തിനു വേണ്ടി നിയോഗിക്കുന്ന ഖാസിയുടെ അധികാര വ്യാപ്തിയിൽ പ്രസ്തുത പവർ ഇല്ല. സകാത്തിന്റെ അധികാരം കൂടി നിയമനത്തിൽ നാട്ടുകാർ ഉൾപ്പെടുത്തിയാലും ശരി.  

07/05/2021