കെ. എം.സി .സി യുടെയും സുന്നി സെൻ്ററിൻ്റെയും ഇടയിലെ പാലമായിരുന്നു കോയമ്മ തങ്ങൾ..- അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
സയ്യിദ് കോയമ്മ തങ്ങളും യാത്രയായി.
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
27 - 4 - 21 ന് വിശുദ്ധ റമസാൻ 15 ന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ യാത്രയായി. സുന്നി യുവ ജന സംഘം സംസ്ഥാന ട്രഷറർ പിണണ്ടോട് അബൂബക്ർ സാഹിബ് വേർപിരിഞ്ഞ ദു:ഖം നില നിൽക്കെയാണ് എൻ്റെ സ്വന്തം വാപ്പയുടെ വേദനാജനകമായ വേർപ്പാടുണ്ടായത്. ആ ദു:ഖത്തിൽ നിന്ന് മുക്തമാകുന്നതിന് മുമ്പാണ് വന്ദ്യരായ കോയമ്മ തങ്ങളുടെ മരണ വിവരം ലഭിക്കുന്നത്.
എല്ലാവരും മരിക്കുമെന്ന സത്യം അറിയാമെങ്കിലും ചില മരണങ്ങൾ നമ്മെ പിടിച്ചുലക്കും. 1989 ൽ എസ് - കെ - എസ് - എസ് - എഫ് രൂപീകരിച്ച് രണ്ട് വർഷം പിന്നിട്ടപ്പോഴാണ് ഈ വിനീതൻ ആദ്യമായി യു.എ.ഇ യിലെത്തുന്നത്. തങ്ങളുമായി അന്ന് സ്ഥാപിച്ച വ്യക്തി ബന്ധം അവസാനം വരെ തുടർന്നു. ഓരോ ഗൾഫ് യാത്രയിലും ആ ബന്ധം പുതുക്കുമായിരുന്നു.
യു.എ.ഇയിലെ പ്രധാന സ്റ്റേറ്റാണ് ദുബൈ. ദുബൈ സുന്നി സെൻ്ററിൻ്റെ ദീർഘകാലത്തെ അധ്യക്ഷനും ദുബൈ മലയാളി മുസ്ലിംകളുടെ അനിഷേധ്യ നായകനുമായിരുന്നു തങ്ങൾ . മുസ്ലിം ലീഗിൻ്റെ പോഷക ഘടകമായ കെ. എം.സി .സി യുടെയും സുന്നി സെൻ്ററിൻ്റെയും ഇടയിലെ പാലമായിരുന്നു വന്ദ്യരായ തങ്ങൾ.
സമസ്തയുടെ വിദ്യാർത്ഥി സംഘടനയോട് ഏറെ സഹകരിച്ച തങ്ങൾ കോഴിക്കോട് ഇസ്‌ലാമിക് സെൻ്റർ നിർമ്മാണത്തിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. സെൻ്റർ നിർമ്മാണത്തിന് കോഴിക്കോട് വാങ്ങിയ ഭൂമിയുടെ കാഷ് UAE യിലെ വിവിധ സ്റ്റേറ്റുകൾ ഏറ്റെടുത്തു.ദുബൈയുടെ വിഹിതം നാല് സെൻ്റായിരുന്നു. ആദരീണയരായ തങ്ങളുടെ നേതൃത്വത്തിൽ ദുബൈ സുന്നി സെൻ്റർ വളരെ വേഗമാണ് തങ്ങളുടെ വിഹിതം പൂർത്തിയാക്കിയത്.
സുന്നി സംഘടനാ ചരിത്രം കൃത്യമായി അറിയുന്ന തങ്ങൾ കിട്ടുന്ന അവസരങ്ങളിൽ അത് പങ്ക് വെക്കാറുണ്ടായിരുന്നു. അത് രേഖപ്പെടുത്താതെ പോയത് വലിയ നഷ്ടമായി.
തങ്ങൾക്കും എൻ്റെ പിതാവിനും പിണങ്ങോടിനും ദയാനിധിയായ നാഥൻ മഗ്ഫിറത്ത് നൽകട്ടെ. ആ വിടവുകൾ നികത്താൻ അല്ലാഹു സഹായിക്കട്ടെ. ആമീൻ..
അമ്പലക്കടവ്
1 - 5 - 21
Post a Comment