“ത്രിമാന തീർത്ഥം” സൂഫിസത്തെ കുറിച്ച് മുസ്തഫൽ ഫൈസി എഴുതിയ ഗ്രന്ഥം ചർച്ചയാകുന്നു...
സൂഫിസത്തെ കുറിച്ച് മലയാളത്തിൽ നിരവധി രചനകൾ വന്നിട്ടുണ്ടെങ്കിലും ഒട്ടുമിക്കതും 'അഞ്ജനം എന്നത് ഞാനറിയും മഞ്ഞൾ പോലെ വെളുത്തിരിക്കും' അവസ്ഥയായിരുന്നു. അപൂർവ്വം ചിലത് അന്ധൻ കണ്ട ആനയും. ആയതിനാൽ തന്നെ പൊതു സമൂഹത്തിൽ വളരെയധികം തെറ്റായ രൂപത്തിൽ പ്രചാരണം ചെയ്യപ്പെട്ടതും ദുരുപയോഗം ചെയ്യപ്പെട്ടതുമായ ഒന്നാണ് സൂഫിസം.
സൂഫിസത്തെ കുറിച്ച് അതി മനോഹരമായ ഒരു രചനയാണ് കഴിഞ്ഞ ദിവസം മലയാളത്തിൽ പ്രകാശിതമായത്. എം.പി മുസ്തഫൽ ഫൈസിയുടെ "ത്രിമാന തീർത്ഥം". സോഷ്യൽ മീഡിയയിലെ ചില അനാവശ്യ വിവാദങ്ങൾ കുറച്ച് സമയം കളഞ്ഞതൊഴിച്ചാൽ, കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഫൈസിയെ വായിച്ച് കൊണ്ടിരിക്കുകയായിരുന്നു. വായിക്കുക എന്നതിലുപരി പഠിക്കുകയും ആസ്വദിക്കുകയും ചെയ്യുകയായിരുന്നു എന്ന് പറയുന്നതായിരിക്കും ഉചിതം.
മുസ്തഫൽ ഫൈസിയുടെ തൂലികക്ക് അല്ലാഹു അപാരമായ എന്തോ ശക്തി നൽകിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. 'അൽ മുബാറക്ക്' മുതൽ നാം അത് മനസ്സിലാക്കിയിട്ടുമുണ്ടല്ലോ. തസവ്വുഫ് സംബന്ധിയായി മലയാളത്തിൽ വന്ന ഏറ്റവും ഗംഭീരമായ, ബൃഹത്തായ പഠനം തന്നെയാണ് "ത്രിമാന തീർത്ഥം". ഫൈസിയുടെ ചരിത്ര പ്രസിദ്ധമായ 'മുഹ്‌യുദ്ദീൻ മാല വ്യാഖ്യാന'ത്തേക്കാളും ഒരുപടി മികച്ചതാണെന്നാണ് എൻ്റെ പക്ഷം.
വിശ്വാസികളുടെ ഇരുലോക മോക്ഷ സരണികളായ ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത് എന്നിവയിലൂടെയുള്ള ശാരീരിക, മാനസിക തീർഥാടനമാണ് 'ത്രിമാന തീർത്ഥം'. സൂഫിസത്തെ നിർവചിച്ച് കൊണ്ട് ആരംഭിക്കുന്ന പ്രയാണം ഉത്ഭവവും ചരിത്രവും കടന്ന് ശൈഖ്, മുരീദ്, തർബിയത്ത്, മജ്നൂൻ, മജ്ദൂബ്, നഫ്സ്, റൂഹ്, ഇല്മുൽ യഖീൻ, ഐനുൽ യഖീൻ, ഹഖുൽ യഖീൻ, സുഹ്ദ്, ഖൽവത്ത്, മഅ് രിഫത്ത്, വിലായത്ത്, കശ്ഫ് തുടങ്ങിയ സാങ്കേതിക പദങ്ങളിൽ മുങ്ങികുളിച്ചാണ് തുടരുന്നത്.
വളരെ പ്രമാണബദ്ധമായാണ് ഓരോ അധ്യായവും ക്രോഡീകരിച്ചിട്ടുള്ളത്. ചില അഭിനവ ത്വരീഖതുകാരുടെ നിസ്കാരവും സ്വർണ്ണ മോതിരവുമൊന്നും ഗ്രന്ഥ കർത്താവ് വിട്ടുപോയിട്ടില്ല. സംഗീതവും സ്വപ്നവും മുതൽ ഉപനിഷത്തുകൾ വരെ ഈ തീർഥാടനത്തിൽ വിഷയീഭവിക്കുന്നുണ്ട്. തസവ്വുഫിൻ്റെ മാർഗത്തിലേക്ക് പ്രവേശിക്കുന്നവർക്ക് മാർഗം തെറ്റാതിരിക്കാനുള്ള വഴിവിളക്കും 'സൂഫിസം' എന്ന സാങ്കേതികത്വത്തിൻ്റെ മറവിൽ ശരീഅത്തിനെ കശാപ്പ് ചെയ്യുന്ന കശ്മല ശൈഖുമാർക്ക് ശവക്കല്ലറയുമാണ് ഫൈസിയുടെ ഈ മാന്ത്രിക തൂലിക.
ഫൈസി തന്നെ ആമുഖത്തിൽ രസകരമായി പറയുന്നത് "സാലിക്, ഫഖീർ, മുരീദ്, ശൈഖ്, ഖുതുബ്, ഖുത്ബുൽ അഖ്താബ്, ഗൗസ്, ഗൗസുൽ അഅ്ളം എന്നിവരുടെ ആധാർ, ഐഡി കാർഡുകളുടെ കോപ്പി" ഈ പുസ്തകത്തിൽ ലഭ്യമാണെന്നാണ്. സൂഫിസത്തിലെ നെല്ലും പതിരും വേർതിരിച്ചറിയാനുള്ള ലബോട്ടറിയും ആത്മാന്വേഷണ സഞ്ചാരവഴികളിൽ പരിക്ക് പറ്റിയവരെ പരിചരിക്കാനുള്ള ഓപ്പറേഷൻ തിയ്യേറ്ററുമെല്ലാം 'ത്രിമാന തീർത്ഥത്തിൽ' അദ്ദേഹം സജ്ജീകരിച്ചിട്ടുണ്ട്.
പ്രമാണങ്ങളുടെ അകമ്പടി, യുക്തി ഭദ്രത എന്നിവക്ക് പുറമെ മുസ്ഥഫൽ ഫൈസിയൻഭാഷയും ശൈലിയുമാണ് അദ്ദേഹത്തിൻ്റെ മറ്റെല്ലാ രചനകളെയും പോലെ ഇതിനെയും കൂടുതൽ മനോഹരമാക്കുന്നത്. സങ്കീർണ്ണമായ സാങ്കേതിക ചർച്ചകൾ വരെ ഊറി ചിരിപ്പിക്കുന്ന നർമ്മങ്ങൾ കലർത്തി വായനക്കാരനെ ബോറടിപ്പിക്കാതെ സരളമായി അവതരിപ്പിക്കുന്ന ഫൈസിയുടെ മിടുക്ക് അസൂയാവഹം തന്നെ.
പലരും അഭിപ്രായപ്പെട്ടത് പോലെ സൂഫിസത്തെ കുറിച്ച് നിലവിലുള്ള ആയിരം പുസ്തകങ്ങൾ ഒരുമിച്ച് കൂടിയാലും 'ത്രിമാന തീർത്ഥത്തോള'മെത്തില്ല. അത്രയും ആശയ സമ്പന്നവും ആധികാരികവും ആണ്. കുറച്ച് വിയർത്ത് കുളിച്ച് കഷ്ടപ്പെട്ട് നടത്തിയ രചന തന്നെയാണ് എന്ന് വായിച്ചാൽ മനസ്സിലാകും. അറബി, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് ആഗോള തലത്തിൽ ഈ ഗംഭീര രചന പ്രചരിക്കപ്പെടേണ്ടതുണ്ട്.
Jawad Mustafawy
Post a Comment