മനുഷ്യ മക്കളുടെ ചോര ഇങ്ങനെ ചിന്തിയാൽ ചെങ്കൊടിക്ക് ചുവപ്പു കൂടുമോ? - അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്


തീരാത്ത ചോരക്കൊതി

അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

കണ്ണൂർ കൂത്തുപറമ്പിൽ മൻസൂർ എന്ന സഹോദരനെ ഒരു കൂട്ടം ആളുകൾ സംഘംചേർന്ന് വന്ന് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടിക്കൊലപ്പെടുത്തി യിരിക്കുന്നു. തെരെഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ  നേരിയ കശപിശ അതോടെ തീരേണ്ടതായിരുന്നു.
പക്ഷേ തീർന്നില്ല എന്നുമാത്രമല്ല കൊലനടത്തുമെന്ന് സൂചിപ്പിച്ചുകൊണ്ട് വാട്സപ്പ് സ്റ്റാറ്റസ് നേരത്തെ ഇട്ട് രാത്രി വന്ന് സ്വന്തം പിതാവിന്റെയും കുടുംബത്തിന്റെയും  മുമ്പിൽ വച്ച് പച്ചയായി വെട്ടി കൊല്ലുക.! എന്തൊരു ക്രൂരത!
ദാരുണമായ ഈ കൊലപാതകം നടത്താൻ വന്നവർ സിപിഎം പ്രവർത്തകരാണെന്ന് കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്സിൻ പറയുന്നു.കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവർത്തകനെ ഇതെഴുതുമ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നു.

കണ്ണിൽ ചോരയില്ലാത്തവരാണോ ഈ സിപിഎമ്മുകാരും ബിജെപിക്കാരും? എത്ര കൊലകളാണിവർ നടത്തിയത് ?കൊലയാളികളെ ഇവർ ശിക്ഷിക്കുന്നില്ലന്ന് മാത്രമല്ല രക്ഷിക്കുകയും ചെയ്യുന്നു.
കുപ്രസിദ്ധമായ പാർട്ടി ഗ്രാമങ്ങളിൽ നടക്കുന്ന കാര്യങ്ങൾ പരിസര പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുകയാണോ?മനുഷ്യ മക്കളുടെ ചോര ഇങ്ങനെ ചിന്തിയാൽ ഇവരുടെ ചെങ്കൊടിക്ക് ചുവപ്പു കൂടുമോ? ഭരിക്കുന്ന പാർട്ടിയുടെ പ്രവർത്തകർക്ക് ഒരു മര്യാദ വേണ്ടേ? 
നേരും നെറിയും നോക്കാതെ പാർട്ടി കോടതികൾ വിധിക്കുന്ന എന്തും നടപ്പാക്കുന്ന ഈ കാടത്തത്തിന് അറുതി വരുത്തുക തന്നെ വേണം. ജനാധിപത്യ വിശ്വാസികൾ 
ഈ അനീതിക്കെതിരെ ഒന്നിക്കുക. മൻസൂറിന് രക്തസാക്ഷിത്വത്തിന്റെ പ്രതിഫലം അല്ലാഹു നൽകട്ടെ. കുടുംബത്തിന് നാഥൻ ആശ്വാസവും സമാധാനവും നൽകട്ടെ ആമീൻ.



അമ്പലക്കടവ് 
07.04.2021