ക്രിക്കറ്റര്‍മാരേ നിങ്ങളും ഇന്ത്യക്കാരല്ലേ....? രാജ്യം നേരിടുന്ന ദുരവസ്ഥ നിങ്ങൾ കാണുന്നില്ലേ..? കമാൽ വരദൂർ എഴുതുന്നു..

തേര്‍ഡ് ഐ
കമാൽ_വരദൂർ

ക്രിക്കറ്റര്‍മാരേ
നിങ്ങളും ഇന്ത്യക്കാരല്ലേ....?

തലയില്‍ വെക്കുന്ന ഹെല്‍മറ്റില്‍ സ്‌പോണ്‍സര്‍മാര്‍.... ധരിക്കുന്ന ജഴ്‌സിയില്‍ സ്‌പോണ്‍സര്‍മാര്‍. പാഡിലും ആം ബാന്‍ഡിലും ഗ്ലൗസിലും ബാറ്റിലുമെല്ലാം സ്‌പോണ്‍സര്‍മാര്‍. ഒരു കളിയില്‍ ഇറങ്ങിയാല്‍ ഒരു ക്രിക്കറ്ററെ തേടിയെത്തുന്നത് ലക്ഷങ്ങളാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം പണമാണ്. ഇന്ത്യയില്‍ ലോട്ടറിയടിക്കുന്നവരേക്കാള്‍ ഭാഗ്യാവാന്മാരാണ് ക്രിക്കറ്റര്‍മാര്‍. ദേശീയ ടീമിലെത്തണമെന്നില്ല. കേരളാ ടീമില്‍ എത്തണമെന്നില്ല, ഏതെങ്കിലും ഐ.പി.എല്‍ ടീമിലെത്തിയാല്‍ തന്നെ ലക്ഷാധിപതിയാവാം. രാജ്യത്തിനും സംസ്ഥാനത്തിനുമായി കളിച്ചെങ്കില്‍ പിന്നെ ആജീവനാന്തം പ്രൊട്ടക്ഷനാണ്. പെന്‍ഷന്‍ ഇനത്തില്‍ മാത്രം ലക്ഷങ്ങള്‍ ഒന്നുമറിയാതെ ലഭിക്കും. കാശിന്റെ കാലിയാവാത്ത പഴ്‌സ് സൂക്ഷിക്കുന്നവരായിട്ടും എന്താ നമ്മുടെ ക്രിക്കറ്റര്‍മാര്‍ രാജ്യത്തിന്റെ യാതനയും വേദനയും കാണാത്തത്...? പാറ്റ് കമിന്‍സ് എന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ കോവിഡില്‍ വലയുന്ന രാജ്യത്തിനായും ഓക്‌സിജന്‍ ലഭിക്കാതെ മരിക്കുന്ന പാവങ്ങള്‍ക്കായും തന്നാലാവുന്ന ചെറിയ സഹായം വാഗദാനം ചെയ്തിട്ടും നമ്മുടെ ക്രിക്കറ്റര്‍മാര്‍ ഒരു നയാ പൈസ പോലും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ, മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കുന്നില്ല. അഭിനവ് ബിന്ദ്രയെന്ന ഇന്ത്യയുടെ ഒരേ ഒരു ഒളിംപിക് വ്യക്തിഗത സ്വര്‍ണ മെഡല്‍ ജേതാവ്. അദ്ദേഹം ധൈര്യസമേയം പറഞ്ഞു-ഞാനായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രസിഡണ്ടെങ്കില്‍ പ്രധാനമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്ക് കോടികള്‍ നല്‍കുമായിരുന്നെന്ന്. ഉത്തരേന്ത്യന്‍ നിരത്തൂകളിലുടെ സൈറണ്‍ മുഴക്കിയോടുന്ന ആംബുലന്‍സുകളുടെ ശബ്ദമെങ്കിലും നമ്മുടെ ക്രിക്കറ്റര്‍മാര്‍ കേള്‍ക്കുന്നില്ലേ എന്ന ബിന്ദ്രയുടെ ചോദ്യവും എത്ര ശക്തമാണ്. നമുക്ക് സച്ചിനുണ്ട്, കോലിയുണ്ട്, ധോണിയുണ്ട്, രോഹിതുണ്ട്- ഇവര്‍ക്ക്് കീഴില്‍ അസംഖ്യം ക്രിക്കറ്റര്‍മാര്‍. പക്ഷേ സമ്പാദ്യമെന്ന അഹന്തക്ക് മുന്നില്‍ കണ്ണ് മഞ്ഞളിച്ചിരിക്കയാണോ ഇവര്‍ക്ക്...? കമിന്‍സ് എന്ന ഓസ്‌ട്രേലിയക്കാരനെയെങ്കിലും നിങ്ങളൊന്ന് നോക്കു.... ഓക്‌സിജന്‍ കിട്ടാതെ ഡല്‍ഹിയിലും ഗുജറാത്തിലുമെല്ലാം മരിക്കുന്നത് നമ്മുടെ സഹോദരന്മാരാണ്..... ഡല്‍ഹി ക്രിക്കറ്റും രാഷ്ട്രിയവും അറിയുന്നവരല്ലേ വിരേന്ദര്‍ സേവാഗും ഗൗതം ഗാംഭീറുമെല്ലാം... ഗാംഭീര്‍ ഇപ്പോള്‍ ബി.ജെ.പി എം.പിയുമാണ്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ സെക്രട്ടറി... സാക്ഷാല്‍ ദാദ സൗരവാണ് പ്രസിഡണ്ട്... പ്ലീസ് ഒന്ന് താഴോട്ട് നോക്കു.... ഒരു ദിവസത്തെ വരുമാനമെങ്കിലും കോവിഡ് ഫണ്ടിലേക്ക് നല്‍കു. നിങ്ങളുടെ കൈയൊപ്പിട്ട ഒരു തൊപ്പി, ഒരു ബാറ്റ്, ഒരു പന്ത്-അതെങ്കിലും നല്‍കു...ഞങ്ങള്‍ ലേലത്തിന് വെക്കാം..... പണം സമാഹരിക്കാം. പത്ത് പേര്‍ക്ക്്് വാക്‌സിന്‍ നല്‍കാനായാല്‍ അതല്ലേ മനുഷ്യത്വം...