നിസ്കാരത്തിന് 5 പേർ മാത്രം? “പള്ളികൾക്ക് നേരെ തിട്ടൂരം ഇറക്കുന്നത് കഷ്ടമാണ്” കളക്ടറോട് ചൂടായി നാസർ ഫൈസി കൂടത്തായി

നാസർ ഫൈസി കൂടത്തായി എഴുതുന്നു..

കൊറോണ കാലത്തെ റമളാനും പ്രാർത്ഥനയും
ജില്ലാ കലക്ടർ മുസ്ലിം സംഘടനകളുടെ യോഗം റമളാൻ ഒന്നിന് വിളിച്ചു ചേർക്കുന്നു. കൊറോണ വ്യാപകമായതിനാൽ റമളാൻ കാലത്ത് പ്രാർത്ഥനക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് യോഗം.കോവിഡ് വ്യാപനം ഭീതി പരത്തുന്നതായാണ് കലക്ടർ അവതരിപ്പിച്ചത്.ചർച്ചക്കിടയിൽ ഈ കുറിപ്പുകാരൻ എഴുന്നേറ്റു നിന്ന് ചില കാര്യങ്ങൾ പറഞ്ഞു. "മുസ്ലിം പള്ളികളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നത് പോലെ ലോകത്ത് എവിടെയെങ്കിലും പാലിക്കുന്നുണ്ടോ?.
സർക്കാർ നിർദേശിച്ച പ്രോട്ടോകോളും പ്രാദേശികവും മതപരവുമായ നിയന്ത്രണങ്ങളും കൃത്യമായി ബോഡെഴുതി പള്ളിയുടെ ഗൈറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഗൈറ്റിൽ സാനിറ്റൈസർ ഉപയോഗിക്കാനും പേരും നമ്പറും എഴുതാനുമുള്ള കൗണ്ടർ, സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുകാനുള്ള സൗകര്യം, ടാപ്പിലെ വെള്ളമുകയോഗിച്ച് മുഖവും കൈ മുട്ടുൾപ്പെടെയും കാലുകൾ നെരിയാണി ഉൾപ്പെടെയും വെള്ളം കൃത്യമായ് ചേർന്നൊഴുക്കി കഴുകുന്നു. മാസ്കും മുസല്ലയും ഉപയോഗിക്കുന്നു. അകലം പാലിച്ച് നിൽക്കാൻ അടയാളപ്പെടുത്തിയിരിക്കുന്നു, അവിടെ നിൽക്കുന്നു. കുറഞ്ഞ സമയത്തിൽ പ്രാർത്ഥന നിർവ്വഹിക്കുന്നു. കൊറോണയെ തടയാൻ അപ്പപ്പോഴുള്ള നിർദ്ദേശങ്ങൾ ഇമാം ജനങ്ങൾക്ക് നൽകുന്നു. ഇത് ദിനേന അഞ്ചു നേരവുമാണ്.ഇപ്രകാരം പ്രോട്ടോകോൾ പാലിക്കുന്ന മറ്റൊരിടവുമില്ല.എന്നിട്ടും തിട്ടൂര മിറക്കുന്നത് പളളിക്ക് നേരെയാണ് എന്നത് കഷ്ടമാണ്. താങ്കൾ പള്ളികളെ മാതൃകയാക്കാനാണ് ഒരു വേള പറയേണ്ടത് ''.
ഞാൻ പുതിയതായ് ഒരു നിയന്ത്രണവും പറഞ്ഞിട്ടില്ലെന്ന് കലക്ടറുടെ ഭാഷ്യം." ഈ നിയന്ത്രണവും നിയമവും തെരഞ്ഞെടുപ്പ് സമയത്തുമുണ്ടായിരുന്നല്ലോ, എന്നിട്ടും കൂട്ടി കുഴമ്പലും റോഡ് ഷോയും നടന്നപ്പോൾ മൗനം പാലിച്ചതാണല്ലോ കണ്ടത്.... ചർച്ച കൊഴുത്തു.
ഒടുക്കം പള്ളിയുടെ വൈപുല്യം പരിഗണിച്ച് നിസ്കാരത്തിന് അനുമതിയായി.മാളുകളിൽ, തിയേറ്ററുകളിൽ, ട്രൈനിൽ, വിമാനത്തിൽ, ബസ്സിൽ... ഒന്നും ഇത് പാലിക്കപ്പെടുന്നില്ലെന്നോർക്കണം.
ഇഫ്താർ ഒഴിവാക്കാനായി പിന്നെ കലക്ടറേറ്റിലെ ചർച്ച.ഒരു ഈന്തപ്പഴം കഴിച്ചെങ്കിലും പള്ളിയിൽ നോമ്പ് തുറന്ന് നിസ്കരിക്കനനുവദിക്കണമെന്ന് പറഞ്ഞു. എന്നാൽ ഇഫ്താർ എന്നാൽ പള്ളിയിൽ വിഭവങ്ങൾ നിരത്തി കൂട്ടായ് ഭുജിച്ചാലേ ഇഫ്താറാകുമെന്ന ധാരണ ചർച്ചയിൽ തിരുത്തപ്പെട്ടു.ഒടുക്കം ചെറിയ തോതിൽ നോമ്പ് തുറക്കാമെന്നും 'കേമ 'മായ ഇഫ്താർ സംഗമങ്ങൾ വേണ്ടെന്നും തീരുമാനമായി.
തുറന്ന ചർച്ചകൾ നടത്താതെ
ആരെങ്കിലും തെറ്റുദ്ധരിപ്പിക്കുന്നതിനനുസരിച്ച് പള്ളികളോട് തിട്ടൂരമിറക്കുന്ന അധികാരികളുടെ നിലപാടാണ് തിരുത്തപ്പെടേണ്ടത്.കഴിഞ്ഞ ബലിപെരുന്നാളിൽ ഇതിൻ്റെ തിക്തഫലം അനുഭവിച്ചതാണ്.
രാജാവിനേക്കാൾ വലിയ രാജഭക്തി പ്രകടിപ്പിക്കുന്ന ചില കേന്ദ്രങ്ങളുണ്ട്. ഈ കുറിപ്പെഴുതുമ്പോൾ ഒരു കോൾ വന്നു. ഇവിടെ ഹെൽത്ത് സെൻ്ററിൽ നിന്ന് ഉദ്യോഗസ്ഥൻമാർ വന്നു പറയുന്നു "നാളെ മുതൽ 5 പേരേ നിസ്കരിക്കാൻ അനുവദിക്കാവൂ". സ്ഥലം കണ്ടൈൻ മെൻ്റ് സോനിലല്ല താനും എന്നിട്ടും....
ലോക്കൽ പോലീസ് പള്ളിക്കമ്മറ്റികളേയും ഇമാമിനേയും ഇല്ലാത്ത നിയമം പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നു.
ഇവിടെങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അജണ്ടക്ക് നേരെ അവഗണിക്കാനേ തരമുള്ളൂ. നിയന്ത്രണങ്ങളെ കൊണ്ട് വീർപ്പുമുട്ടിക്കാൻ താല്പര്യപ്പെട്ട് നാട്ടിലും ജമാഅത്ത് കമ്മറ്റിയിലും ചിലരുണ്ടാവും. വലിഞ്ഞു മുറുക്കി ആരാധനയെ വെട്ടിക്കുറക്കും. നിസ്കാര ശേഷമെങ്ങാൻ രണ്ട് മിനിറ്റ് ഇമാം നസ്വീഹത്ത് നടത്തിയാൽ പരാതിയുടെ പെരുമ്പൂരം. കൊറോണയെന്താ പള്ളി വാതിലിൽ അവസരം കാത്ത് ഒളിഞ്ഞിരിക്കുകയോ എന്ന് തോന്നും ഇത്തരം ഇടപെടലുകൾ.
ജാഗ്രത വേണം, ഭീതിയും വിഭ്രാന്തിയും വേണ്ട. നിയന്ത്രണം വേണം നിയമക്കുരുക്ക് വേണ്ട.
പ്രോട്ടോകോൾ പാലിച്ചു തന്നെ എല്ലാ കർമ്മങ്ങളും നിർവ്വഹിക്കപ്പെടാം.പ്രതിരോധത്തിൻ്റെയുംപ്രതിവിധിയുടേയും പരിഹാരത്തിൻ്റേയും പരമ്യത പ്രാർത്ഥനയിലാണ്. അതിനാൽ ധന്യമാവാം ഒപ്പം നിയമങ്ങളെ തികച്ചും ഉൾകൊണ്ടും പാലിച്ചും.
നാസർ ഫൈസി കൂടത്തായി

Click here ⤵️