‘മലയാളത്തിൽ ഖുതുബ ഓതാത്തവർ അപരാധികൾ’; ചന്ദ്രിക റിപ്പോർട്ട് മണ്ടത്തരം- എം.ടി അബൂബക്കര് ദാരിമി
പള്ളി മിമ്പറുകളുടെ ദൗത്യവും ചന്ദ്രിക റിപ്പോർട്ടും
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
എം ടി അബൂബക്കർ ദാരിമി
മുസ്‌ലിം സമുദായം വിവിധ മേഖലകളിൽ ഇന്നനുഭവിക്കുന്ന ദുരന്തത്തിന്റെയും ജീർണ്ണതയുടെയും പിന്നാക്കത്തിന്റെയും കാരണം വെള്ളിയാഴ്ച ജുമുഅഖുത്ബ കേവല ചടങ്ങാക്കിയതാണെന്നും, മലയാളത്തിൽ ഖുത്ബ നടത്താത്ത മത പണ്ഡിതന്മാരും സമുദായ നേതൃത്വവും കടുത്ത അപരാധികളാണെന്നും കെഎൻഎം മുജാഹിദ് കൗൺസിൽ സമ്മേളനം അഭിപ്രായപ്പെട്ടുവെന്ന് ഇന്നത്തെ ചന്ദ്രിക (15/03/2021 പേജ്. 9) റിപ്പോർട്ട് ചെയ്തിരിക്കുകയാണ്!
യുക്തി, മതം, അനുഭവം, ചരിത്രബോധം എന്നിവയൊന്നുമില്ലാത്ത തനി മണ്ടന്മാർക്കു മാത്രമേ ഇങ്ങനെയൊരു പ്രസ്താവന നടത്താൻ സാധിക്കുകയുള്ളൂ. കാരണം:-
1- അറബിയിലുള്ള ജുമുഅഖുത്ബ കേവലം ഒരു ചടങ്ങല്ല. മറിച്ചു, ജുമുഅ നിസ്കാരം സാധുവാകാനുള്ള നിശ്ചിത ശർത്വുകളും ഫർളുകളുമുള്ള ഒരു ഇബാദത്താണ്. (ആരാധനാ ചടങ്ങാണ്.) ഇബാദത്തിന്റെ മാനദണ്ഡം ഇത്തിബാആണ്. (അനുഗമനമാണ്.) അതിൽ യുക്തിനിരൂപണത്തിലൂടെ മാറ്റം വരുത്താൻ നിർവ്വാഹമില്ല എന്നതാണ് മതശാസന.
2- അറബു നാടുകളിൽ അറബീ ഭാഷയിലാണല്ലോ ഖുത്ബ. എന്നിട്ടും അവിടെ നമ്മുടെ നാട്ടിനു സമാനമായതോ അതേക്കാൾ വർദ്ധിതമായതോ ആയ ദുരന്തങ്ങളും ജീർണ്ണതയും പിന്നാക്കാവസ്ഥയും കാണുന്നു. എന്താണത്? നമ്മുടെ നാട്ടിൽ സമ്പൂർണ്ണ മുജാഹിദ് മഹല്ലുകൾ ഉണ്ടല്ലോ. എന്തെല്ലാം അരാജകത്വങ്ങൾ അവിടെ അരങ്ങേറുന്നു. കൊലവിളിയും ശിർക്കാരോപണവും മറ്റനേകം ജീർണ്ണതകളും അരങ്ങുവാഴുന്നു. എന്തേയത്? അപ്പോൾ അറബീ ഖുത്ബയാണ് 'സമുദായ ജീർണ്ണതയുടെയും ദുരന്ത-പിന്നാക്ക'ത്തിന്റെയും കാരണമെന്നത് അനുഭവബോധ്യത്തിന് വിരുദ്ധമാണ്.
3 - നബി(സ)യും ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള ആയിരക്കണക്കിനു പള്ളികളിൽ ലക്ഷക്കണക്കിന് ഖുത്ബകൾ നിർവ്വഹിച്ച സഹാബികൾ, താബിഉകൾ, സലഫുസ്സാലിഹുകൾ എന്നിവരൊക്കെ അറബിയിൽ മാത്രമേ ഖുത്ബ നടത്തിയിട്ടുള്ളൂ എന്നതാണ് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ചരിത്ര പാശ്ചാത്തലം. തദ്ദേശീയ ഭാഷയിൽ സംവദിക്കാൻ ഏറ്റവും അനിവാര്യതയുണ്ടായിരുന്ന സാഹചര്യത്തിലായിരുന്നു അതെന്നോർക്കണം. ഇതു വഹ്ഹാബി ആചാര്യൻ കെഎം മൗലവി തന്നെ തന്റെ "ജുമുഅ ഖുത്ബ" എന്ന കൃതിയിൽ പേജ് 23ൽ രേഖപ്പെടുത്തിയതാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ തുർക്കിയിലെ കമാൽ അറ്റാതുർക്ക് എന്ന ഇസ്‌ലാം വിരുദ്ധ ഭരണാധികാരിയാണ് ഇതിനെതിരിൽ ആദ്യമായി രംഗത്തുവന്നത്. അതേത്തുടർന്ന് വഹ്ഹാബികളും രംഗത്തുവരികയാണുണ്ടായത്. ശുദ്ധമായ ഈ ചരിത്ര യാഥാർഥ്യത്തെ നിരാകരിക്കുന്നതാണ് കെഎൻഎം പ്രസ്താവന. നബിയെയും സഹാബത്തിനെയും സലഫുസ്സാലിഹുകളെയും അപരാധികളാക്കുന്ന നീച പ്രസ്താവനയാണത്.
4 - ജുമുഅഖുത്ബ എന്ന ഇബാദത്തിന്റെ മലയാളം, പദാനുപദം അറിയാത്തതിനാൽ അതു മലയാളത്തിലാക്കണം എന്ന യുക്തി വെച്ചാണ് പ്രസ്താവന നടത്തിയതെങ്കിൽ, ജുമുഅ നിസ്കാരവും മറ്റു നിസ്കാരങ്ങളുമൊക്കെ മലയാളത്തിലാക്കിക്കൂടെ? കാരണം നിസ്കാരമെന്നത് മനുഷ്യൻ നന്നാകാനാണ്. താനെന്താണ് നിസ്കാരത്തിൽ ചൊല്ലുന്നത് എന്ന്, വിവർത്തനമറിയാത്തവൻ നിസ്കരിച്ചിട്ട് എന്താ കാര്യം എന്ന് മത യുക്തിവാദിയായ വഹ്ഹാബിക്ക് ചോദിക്കാമല്ലോ? ഖുർആൻ പാരായണം, വാങ്ക് പോലുള്ളതും മലയാളത്തിലാക്കണം എന്ന് പ്രമേയം പാസ്സാക്കാമല്ലോ? ബുദ്ധിശൂന്യമായ യുക്തിവാദമാണിതൊക്കെ. അതൊക്കെ അതേപടി റിപ്പോർട്ട് ചെയ്യാൻ പത്രവുമുണ്ടല്ലോ!!
പത്രക്കാരോട് പറയാനുള്ളത് ഇതാണ്:-
"ശബരിമലയിൽ ഞങ്ങൾ വിശ്വാസികളോടൊപ്പം" എന്ന നിലപാട് മാത്രം പോരാ. മസ്‌ജിദുകളിലും (ഉദാ:- സ്ത്രീ ജുമുഅ ജമാഅത്ത് വിഷയം, ജുമുഅ ഖുത്ബയുടെ ഭാഷ) ഞങ്ങൾ വിശ്വാസികളോടൊപ്പം എന്ന നിലപാട് വേണം. കോടതിവിധിയോടൊപ്പമോ യുക്തിവാദികളോടൊപ്പമോ അല്ലെന്ന് പറയാൻ ചങ്കൂറ്റം കാണിക്കണം.
Post a Comment