മലയാള ഖുഥ്ബ പറയാത്തതാണ് മുസ്ലിം സമുദായത്തിലെ ജീർണതകൾക്ക് കാരണം : പുതിയ കണ്ടെത്തലുമായി മുജാഹിദുകൾ - പ്രസ്താവന കൊടുത്ത ചന്ദ്രികക്കെതിരെ സുന്നി നേതാക്കൾ
മുസ്‌ലിം സമുദായം വിവിധ മേഖലകളിൽ ഇന്നനുഭവിക്കുന്ന ദുരന്തത്തിന്റെയും ജീർണ്ണതയുടെയും പിന്നാക്കത്തിന്റെയും കാരണം വെള്ളിയാഴ്ച ജുമുഅഖുത്ബ കേവല ചടങ്ങാക്കിയതാണെന്നും, മലയാളത്തിൽ ഖുത്ബ നടത്താത്ത മത പണ്ഡിതന്മാരും സമുദായ നേതൃത്വവും കടുത്ത അപരാധികളാണെന്നും കെഎൻഎം മുജാഹിദ് കൗൺസിൽ സമ്മേളനം അഭിപ്രായപ്പെട്ടുവെന്ന് ഇന്നത്തെ ചന്ദ്രിക (15/03/2021 പേജ്. 9) റിപ്പോർട്ട് ചെയ്തു.
ഇതിനെ തുടർന്നാണ് സുന്നി പണ്ഡിതന്മാർ അവരുടെ അഭിപ്രായം ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തിയത്.
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് എഴുതുന്നു...
മലയാള ഖുഥ്ബയും ചന്ദ്രികയും
മുജാഹിദ് പ്രസ്ഥാനം മുസ്‌ലിങ്ങൾക്കിടയിലെ ഒരു ന്യൂനപക്ഷമാണ്. അവർ എട്ടിലധികം ഗ്രൂപ്പുകളാണെന്നാണ് അറിവ്.
അതിലെ ഒരു ചെറിയ ഗ്രൂപ്പാണ് മടവൂർ ഉൾപ്പെടെയുള്ള പ്രമുഖർ ഔദ്യോഗിക ഗ്രൂപ്പിൽ ലയിച്ച ശേഷം ലയന നാടകം പൊളിച്ച് വീണ്ടും സംഘടിച്ച കെ.എൻ.എം മർകസുദ്ദഅ്‌വ എന്ന ഗ്രൂപ്പ്.
അവരുടെ ഒരു വാർത്ത ഇന്ന് ചന്ദ്രിക ദിനപത്രം വലിയ പ്രാധാന്യത്തോടെ അഞ്ച് കോളങ്ങളിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. മുസ്ലിം സമുദായം ഇന്ന് അനുഭവിക്കുന്ന പിന്നോക്കാവസ്ഥക്കും ജീർണതക്കും കാരണം ജുമുഅ ഖുഥ്ബ മലയാളത്തിലാക്കാത്തതാണെന്നാണ് വാർത്തയുടെ രത്നച്ചുരുക്കം.
ജുമുഅ ഖുതുബ, നിസ്കാരം, ബാങ്ക് തുടങ്ങിയ പ്രധാന ആരാധനകളുടെ ഭാഷ ഏതായിരിക്കണമെന്ന് ഇവിടെ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല.
പക്ഷേ ചില സംശയങ്ങൾ ചോദിച്ചോട്ടെ..?
1, പതിറ്റാണ്ടുകളായി മലയാളത്തിൽ മാത്രം ഖുഥ്ബ നടത്തുന്ന എടവണ്ണ, ഒതായി എടത്തനാട്ടുകര, പുളിക്കൽ തുടങ്ങിയ ചില മഹല്ലുകൾ കേരളത്തിലുണ്ട്. ഈ മഹല്ലുകളും അറബിയിൽ മാത്രം ഖുഥ്ബ നടത്തി വരുന്ന സുന്നി മഹല്ലുകളും താരതമ്യം ചെയ്യാം. എന്തെങ്കിലും ജീർണതകളിൽ വല്ല കുറവും മുജാഹിദ് മഹല്ലുകളിലുണ്ടോ? ഇല്ലെന്നു മാത്രമല്ല ആത്മീയത അപേക്ഷികമായി കുറവും ജീർണ്ണതയും അന്ധവിശ്വാസങ്ങളും കൂടുതലും മുജാഹിദ് മഹല്ലുകളിലാണ് കാണപ്പെടുന്നത്. ഇത് നിഷേധിക്കാനാവുമോ?
2, മഞ്ചേരിയിൽ രോഗിയായ ഒരു മുജാഹിദ് സഹോദരനെ ഹോസ്പിറ്റലിൽ പോകാൻ അനുവദിക്കാതെ ഒരു റൂമിലിട്ട് മന്ത്രവാദം നടത്തി മരിക്കാൻ ഇടയാക്കിയത് മലയാള ഖുതുബയുടെ അഭാവം കൊണ്ടായിരുന്നോ.?
ജിന്നും പിശാചും റൂമിലേക്ക് പ്രവേശിക്കാതിരിക്കാൻ റൂമിന്റെ എല്ലാ സുഷിരങ്ങളും അടച്ചിട്ടത് അന്ധവിശ്വാസമല്ലെങ്കിൽ പിന്നെന്താണ്?
3, പരസ്പരം മുശ്‌രിക്കുകളും കാഫിറുകളുമാക്കി മുദ്രകുത്തി പോരടിക്കുന്ന മുജാഹിദ് പണ്ഡിതന്മാർ മലയാള ഖുതുബ പറയുന്നവരും കേൾക്കുന്നവരുമല്ലേ എന്തേ ഇവരുടെ ജീവിതത്തിൽ മാറ്റം വരാത്തത്.?
4, മുസ്ലിംകളുടെ പിന്നോക്കാവസ്ഥക്ക് ചരിത്രപരമായ പല കാരണങ്ങളും ഗവേഷകന്മാർ കണ്ടെത്തിയിട്ടുണ്ട്. പുതിയ കാരണം കണ്ടെത്തിയ മുജാഹിദ് വിഭാഗത്തിന് അർഹിക്കുന്ന അംഗീകാരം ലഭിക്കേണ്ടതില്ലേ.?
5, പ്രമുഖ എഴുത്തുകാരനും മുസ്ലിംലീഗ് സൈദ്ധാന്തികവുമായ എം.ഐ തങ്ങൾ പറഞ്ഞ വാക്കുകൾ ഇവിടെ ചേർക്കട്ടെ.!?
‘ഹമീദ് ഫൈസി, ഖുതുബ മലയാളത്തിൽ പറഞ്ഞിട്ട് മനുഷ്യൻ നന്നാവുകയാണെങ്കിൽ എന്റെ നാട്ടിലെ ................ കാക്ക നന്നാകുമായിരുന്നു. മൂപ്പർ കഴിഞ്ഞ
35 വർഷമായി ഒന്നാം സ്വഫ്ഫിൽ ഇരുന്ന് മലയാള ഖുതുബ കേൾക്കുന്നു.
ഇതെല്ലാമാണ് വസ്തുത എങ്കിൽ ഇത്തരം അബദ്ധങ്ങൾ ആരെങ്കിലും എഴുതി തന്നാൽ പോലും അത് എഡിറ്റ് ചെയ്യാതെ അങ്ങനെയങ്ങ് പ്രസിദ്ധീകരിക്കാമോ?
15-03-2021
അമ്പലക്കടവ്
Post a Comment