സൂറത്തുല്‍ ബഖറ: ബറക്കത്തിന്റെ കവാടം
വിശുദ്ധ ഖുര്‍ആനിലെ രണ്ടാമത്തെ സൂറത്താണ് അല്‍ബഖറ. അല്‍ബഖറയില്‍ 286 ആയത്തുകളുണ്ട്. നബി(സ്വ) ഈ സൂറത്തിന്റെ മഹത്വങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചതായി നിരവധി ഹദീസുകളില്‍ കാണാന്‍ സാധിക്കും. ഭൗതികവും പാരത്രികവുമായ നിരവധി നേട്ടങ്ങള്‍ ഈ സൂറത്ത് പാരായണ ചെയ്യുന്നവര്‍ക്കു ലഭിക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. ഈ സൂറത്തില്‍ വിവരിച്ചിട്ടുള്ള ആജ്ഞകളും വിധിവിലക്കുകളും സംഭവ വികാസങ്ങളും ആയിരം വീതം ഉള്‍കൊള്ളുന്നുവെന്നത് ഇതിന്റെ ഒരു സവിശേഷതയാണ് എന്ന് ഇബ്‌നുല്‍ അറബി എടുത്തു ഉദ്ധരിച്ചിട്ടുണ്ട്. (തഫ്‌സീറുസ്വാവി: 1-5).
സവിശേഷതകളില്‍ മുഖ്യസ്ഥാനത്തുള്ള സൂറത്താണിത്. മറ്റു സൂറത്തുകള്‍ക്കുള്ള മഹത്വങ്ങള്‍ക്കു പുറമേ ഈ സൂറത്തിനു മാത്രമുള്ള ചില സവിശേഷതകള്‍ തുടര്‍ന്നുള്ള വിവരണത്തില്‍ നിന്നു മനസ്സിലാക്കാം. (ഈ സൂറത്തിലുള്ള ചില ആയത്തുകള്‍ക്കുള്ള പ്രത്യേകമായ മഹത്വം ആയത്തുകളുടെ മഹത്വങ്ങള്‍ വിവരിക്കുന്ന സ്ഥലത്ത് പരാമര്‍ശിക്കുന്നുണ്ട്).
നബി(സ്വ) പറഞ്ഞു: നിങ്ങള്‍ സൂറത്തുല്‍ ബഖറ: പാരായണം ചെയ്യുക. നിശ്ചയം അത് പതിവാക്കുന്നതില്‍ ബറകത്തുണ്ട്. ഒഴിവാക്കുന്നത് വന്‍ നഷ്ടവുമാണ്. കപടന്മാര്‍ക്കും അലസന്മാര്‍ക്കും ഇത് പതിവാക്കാന്‍ കഴിയുകയില്ല. (മുസ്‌ലിം, മിശ്കാത്ത്)
ആയത്തുൽ കുർസി ഉൾപ്പെട്ട സൂറത്താണ് അൽബഖറ;
റസൂല് (സ) പറഞ്ഞു : ആരെങ്കിലും എല്ലാ നമസ്കാരങ്ങളുടെ ശേഷവും ആയത്തുല് കുര്സിയ്യ് ഓതിയാല് മരണമല്ലാതെ അയാളുടെ സ്വര്ഗ്ഗ പ്രവേശ നത്തിന് തടസ്സമായി ഒന്നുമില്ല.
മുഹമ്മദ് നബി (സ) യുടെ അനുയായി ആയിരുന്ന ഉബയ്യുബ്നു കഅബില് നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീഥില് “അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഏറ്റവും മഹത്തായ സൂക്തം“ എന്ന് റസൂല് (സ) ഈ ആയത്തിനെ വിശേഷിപ്പിച്ചിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.
ഉറങ്ങാന് പോകുന്നതിനു മുന്പും ഈ ആയത്ത് ഓതല് സുന്നത്താണ്
Post a Comment