ചെമ്പരിക്ക ഖാസിയുടെ ഓർമകളിലൂടെ... മംഗലാപുരം ഖാസി ത്വാഖാ അഹ്മദ് മൗലവി എഴുതുന്നു..
മറക്കാതീരിക്കാൻ ഇത് ഇടയ്ക്കിടെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കും
പ്രകാശം പരത്തുന്ന സി.എം ഉസ്താദ് ഓര്‍മ്മകൾ
കാപാലികര്‍ ആ കരാളരാത്രിയില്‍ സി.എം ഉസ്താദിനെ അര ജീവനാക്കി കൊന്നതിന്റെ വാര്‍ഷികദിനം ഈ ഫെബ്രുവരി 15 ന് വീണ്ടും കടന്ന് പോയി. സി.എം ഉസ്താദിന്റെ ശാദ്വലമാം സ്വപ്‌നതീരം-ദാറുന്നൂറിലിരുന്ന് ഈ കുറിപ്പെഴുതുമ്പോള്‍ ഓര്‍മ്മകള്‍ക്ക് കനം കൂടുന്നു.
അദ്ദേഹം മരണത്തോട് മല്ലിടുന്ന നേരത്ത്-ഒരു ബറാഅത്ത് രാവില്‍ ഈയുള്ളവനെ മംഗലാപുരത്തെ ഹോസ്പിറ്റലിലേക്ക് വിളിപ്പിച്ച് തത്സമയം പരിക്ഷീണിതനായ എന്നോട് കണ്ണ്‌നീര്‍ വാര്‍ത്ത് കൊണ്ട് പറഞ്ഞു: "നിന്നെ എന്റെ മംഗലാപുരത്തെ നാഇബാക്കിയിരിക്കുന്നു". ഗദ്ഗദത്തോടെ, ശങ്കയോടെ അത് സ്വീകരിച്ചുവെന്ന് ഞാന്‍ പറഞ്ഞതും പിന്നീട് രോഗത്തില്‍ നിന്ന് മുക്തനായപ്പോള്‍ മക്കളോട് ആമുഞ്ഞി (ഈയുള്ളവന്‍) യെ മംഗലാപുരത്തെ എന്റെ നാഇബാക്കിയത് ഞാനെന്റെ ജീവിതത്തില്‍ ചെയ്ത ഒരു നല്ല കാര്യമാണെന്ന് സി.എം ഉസ്താദ് പറഞ്ഞതും ദാറുന്നൂറിന്റെ ഉണ്മയില്‍ സത്യസാക്ഷാത്കാരത്തിന്റെ ദൃഷ്ടാന്തമായി പരിലസിക്കുന്നു. അതിലേക്ക് ഈ രാജ്യത്തിന്റെ സ്റ്റേറ്റ്-കേന്ദ്ര ഭരണകൂടങ്ങള്‍ താങ്ങായി വര്‍ത്തിക്കുന്നതില്‍ നന്ദിയുണ്ട്.
ദാറുന്നൂര്‍ കര്‍ണാടകയിലെ ഉന്നത ജ്ഞാനനഗരിയായി ഉയരും. സി.എം ഉസതാദിന്റെ സ്വപ്‌നം പൂവണിഞ്ഞു പൂത്തുലയും (ഇ.അ). ഇവിടെ ശാസ്ത്രത്തില്‍ പുതിയ പുതിയ കണ്ടെത്തലുകളും കണ്ടുപിടിത്തങ്ങളും നടത്താന്‍ കെല്‍പ്പുള്ള ശാസ്ത്രജ്ഞന്മാരെ വാര്‍ത്തെടുക്കുന്ന ശാസ്ത്രഗവേഷണ കേന്ദ്രം ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു. അത് ഇത് വരെ ഉണ്ടാകാതിരുന്നത് ഒരു ന്യൂനതയാണ്.
ഈയിടെ ഒരു ദിവസം മിത്തബയിലില്‍ ഒരു വീട്ടിലേക്ക് ചെന്നപ്പോള്‍ അവിടെ സി.എം ഉസ്താദിന്റെ ശിഷ്യന്‍ ജബ്ബാര്‍ ഉസ്താദിന്റെ മകന്‍ മുഹമ്മദലി അര്‍ഷദി ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജബ്ബാര്‍ ഉസ്താദിന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന എ.സി യും ഫാനും എനിക്ക് കാണാന്‍ കഴിഞ്ഞു. ഞാന്‍ ആശ്ചര്യഭരിതനായി. അതിലേക്ക് ചൂണ്ടി ജബ്ബാര്‍ ഉസ്താദ് പറഞ്ഞു ഇതു ഈയാളിന്റെ പണിയാണ്- മകന്‍ മുഹമ്മദലിയുടെ. ഇപ്പോള്‍ എനിക്കറിയാന്‍ കഴിഞ്ഞു മുഹമ്മദലി ഡീസലിലും പെട്രോളിലും ഓടുന്ന ഒരു സ്‌കൂട്ടര്‍ നിര്‍മ്മിച്ച് ഓടിച്ചു കൊണ്ടിരുന്നുവെന്ന വസ്തുത.
ഇത്തരം പ്രതിഭകളെ സമൂഹം അഗണ്യകോടിയില്‍ തള്ളുന്നത് നാം ചെയ്യുന്ന തെറ്റാണ്. അവര്‍ക്ക് അവരുടെ ഗവേഷണങ്ങളുമായി ഉയര്‍ന്ന് വരാനുള്ള ഒത്താശകള്‍ ചെയ്യേണ്ടത് നമ്മുടെ ബാധ്യതയാണ്. ഇന്‍ഷാ അല്ലാഹ് സി.എം ഉസ്താദ് ഫൗണ്ടേഷന്‍ അത് യാതാര്‍ഥ്യമാക്കും-അത് മുസ്ലിംകള്‍ക്ക് മാത്രമായിരിക്കില്ല അമുസ്ലിം പ്രതിഭകളെയും അതില്‍ ചേര്‍ത്തിരിക്കും.
ഈ വര്‍ഷം ഭാരതഗവണ്‍മെന്റ് പത്മഭൂഷണ്‍ നല്‍കി ആദരിച്ച മണിക്ഫാന്‍ ദ്വീപുനിവാസിയായ ഒരു ശാസ്ത്രജ്ഞനാണ്-അദ്ദേഹത്തിന്റെ ഹിജ്‌റ കലണ്ടറിനോടും ഇസ്ലാമില്‍ പുലര്‍ത്തുന്ന ചില വീക്ഷണങ്ങളോടും എനിക്ക് വിയോജിപ്പാണെങ്കിലും അദ്ദേഹത്തിലെ ശാസ്ത്രജ്ഞനെ ആദരിക്കുന്നു-അദ്ദേഹത്തെ ആദരിച്ച ഗവണ്‍മെന്റിനെ അഭിനന്ദിക്കുകയും ചെയ്യുന്നു. എന്നാല്‍ ഗവേഷണങ്ങളില്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന സി.എം ഉസ്താദ് ഫൗണ്ടേഷന്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സി.എം ഉസ്താദ് ശാസ്ത്രഗവേഷണ കേന്ദ്രം പോലെ ഒന്ന് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം എവിടെ നിന്ന് എവിടെ എത്തിയിരിക്കുമായിരുന്നു.
✒️ത്വാഖാ അഹ്മദ് അല്‍ അസ്ഹരി
( ഇത് ദാറുന്നൂര്‍ വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കുന്ന 'നവവൈഭവ' കര്‍ണാടക മാസികയില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനം .)
Post a Comment