ശൈഖുനാ എം.ടി അബ്ദുള്ള മുസ്ലിയാർക്ക് പ്രഥമ മഖ്ദൂമി അവാർഡ്
വിഖ്യാത പണ്ഡിതൻ ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ മഖ്ദൂമി അവാർഡിന് പ്രശസ്ത കർമശാസ്ത്ര പണ്ഡിതൻ എം.ടി അബ്ദുള്ള മുസ്ലിയാരെ തെരഞ്ഞെടുത്തു. കുഞ്ഞിപ്പള്ളിയിൽ അന്ത്യവിശ്രമംകൊള്ളുന്ന മഖ്ദൂം രണ്ടാമന്റെ സ്മരണാർത്ഥം കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റിയാണ് അവാർഡ് പ്രഖ്യാപിച്ചത്. ലോക പ്രശസ്ത പണ്ഡിതനും ഫത്ഹുൽ മുഈൻ, തുഹ്ഫത്തുൽ മുജാഹിദീൻ തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ. കർമശാസ്ത്ര പാണ്ഡിത്യ മേഖലയിലെ സേവനം മുൻനിർത്തിയാണ് എം.ടി അബ്ദുള്ള മുസ്ലിയാരെ അവാർഡിന് തിരഞ്ഞെടുത്തത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി, സമസ്ത ഫത്‌വ കമ്മിറ്റി കൺവീനർ, സമസ്ത മലപ്പുറം ജില്ലാ പ്രസിഡണ്ട് തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിക്കുന്നു.
മലപ്പുറം പനങ്ങാങ്ങര സ്വദേശിയായ എം ടി അബ്ദുള്ള മുസ്‌ലിയാർ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്നും ഫൈസി ബിരുദം നേടി. കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ, ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, കുമരംപുത്തൂർ അബ്ദുറഹ്മാൻ മുസ്‌ലിയാർ തുടങ്ങിയവർ ജാമിഅഃ നൂരിയ്യയിലെ പ്രധാന ഗുരുനാഥൻമാരാണ്. ജാമിഅഃ നൂരിയ്യ, നന്ദി ദാറുസ്സലാം, ജാമിഅ യമാനിയ്യ കുറ്റിക്കാട്ടൂർ എന്നിവിടങ്ങളിൽ സേവനം ചെയ്ത അദ്ദേഹം നിലവിൽ കടമേരി റഹ്മാനിയ്യ പ്രിൻസിപ്പലാണ്.
കാൽലക്ഷം രൂപയും പ്രശസ്തിപത്രവും, മൊമന്റോയും ഉൾക്കൊള്ളുന്ന അവാർഡ് കുഞ്ഞിപ്പള്ളി മഖാം ഉറൂസ് ഭാഗമായി ഞായറാഴ്ച വൈകിട്ട് നാലിന് മഖ്ദൂമിയ്യ നഗറിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
Post a Comment