ഭർത്താവാണ് എല്ലാം
സ്ത്രീയെ സംബന്ധിച്ച് അവളുടെ എല്ലാമെല്ലാം ഭർത്താവാണ്. അവനെക്കഴിച്ചേ അവൾക്കു മറ്റെന്തുമുള്ളൂ...
അന്യനായിരുന്ന ഒരു പുരുഷൻ അംഗീകൃതമായ രീതിയിൽ തന്റെ ജീവിതത്തിലേക്കു കടന്നു വന്ന നിമിഷം നിക്കാഹിന്റെ വചനം ഉരുവിട്ടതിലൂടെ സത്യത്തിൽ മരണം വരെയുള്ള തന്റെ ഉത്തരവാദിത്തങ്ങൾ അവൻ സ്വയം ഏറ്റെടുക്കുകയായിരുന്നു. ഇനി അവൻ പറയുന്നതാണ് അവൾ അനുവർത്തിക്കേണ്ടത്. അവന്റെ കൈയിലാണ് അവളുടെ ജീവിതത്തിന്റെ നീക്കുപോക്കുകൾ. അവന്റെ കൽപ്പനകൾക്ക് അവൾ കാതോർത്തിരിക്കണം.
ഭർത്താവിനു സേവനം ചെയ്യുന്നതിൽ ഒരുപേക്ഷയും അവൾ കാണിച്ചു കൂടാ.. അവന്റെ അതൃപ്തിക്കു പാത്രമാവുന്ന ഒരു പ്രവർത്തനവും അവളിൽ നിന്നുണ്ടായിക്കൂടാ.. പ്രിയതമന് സ്നേഹം പകർന്ന് സൗരഭ്യം പരത്തി അവനെ സന്തോഷിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ അവൾ ഏർപ്പെടണം. ഇതിന് കടകവിരുദ്ധമായ ചെയ്തികൾ ഉണ്ടാവുന്നത് അവന്റെ അതൃപ്തി സമ്പാദിക്കുന്നതിലും തന്മൂലം ഇരുലോക പരാജയത്തിലുമായിരിക്കും കലാശിക്കുക.
നബി ﷺ പറയുന്നു: ഭർത്താവ് തന്റെ ഇണയുമായി പൊരുത്തത്തിലും തൃപ്തിയിലും ജീവിച്ചു കൊണ്ടിരിക്കെ അവൾ മരണപ്പെട്ടാൽ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്...
(തുർമുദി)
ഭർത്താവിനോട് ഭാര്യയ്ക്കുള്ള കടമകൾ തീർത്താൽ തീരാത്തതാണ്. അവ പരമാവധി അവൾ നിറവേറ്റണം. എത്രത്തോളമെന്നാൽ ഭർത്താവിന്റെ മൂർദ്ധാവ് മുതൽ പാദം വരെ ചീഞ്ഞളിഞ്ഞ് ചലം വരികയും അതിനെ അവൾ ഊമ്പിക്കുടിക്കുകയും ചെയ്താൽ പോലും ഭർത്താവിനോടുള്ള ബാധ്യത അവൾ നിർവഹിച്ചവളാവില്ല എന്ന് ഹദീസിൽ വന്നിരിക്കുന്നു.
ആഇശ (റ) പറയുന്നു: സ്ത്രീ സമൂഹമേ ഭർത്താക്കന്മാരോടുള്ള കടമകളെക്കുറിച്ച് അറിവുള്ളവരാണ് നിങ്ങളെങ്കിൽ അവന്റെ കാലിനടിയിലെ പൊടി നിങ്ങളുടെ മുഖം കൊണ്ട് നിങ്ങൾ തുടച്ചു കൊടുക്കുമായിരുന്നേനെ... ഒരു സ്ത്രീക്ക് ഏറ്റവും കൂടുതൽ കടമ നിർവഹിക്കാനുള്ളത് തന്റെ ഭർത്താവിനോടു തന്നെയാണ്.
ആഇശ (റ) ഒരിക്കൽ നബിﷺയോട് ചോദിച്ചു: ഒരു സ്ത്രീ ഏറ്റവുമധികം ബാധ്യതപ്പെട്ടത് ആരോടാണ്..? നബി ﷺ പറഞ്ഞു: അവളുടെ ഭർത്താവിനോട്. മഹതി ചോദിച്ചു: ഒരു പുരുഷൻ ജനത്തിൽ ഏറ്റവുമധികം ബാധ്യതപ്പെട്ടത് ആരോടാണ്..? തിരമേനി ﷺ പറഞ്ഞു: അവന്റെ ഉമ്മയോട്...
(ഹാക്കിം)
ഭർത്താവ് മരണപ്പെട്ടാൽ ഭാര്യ ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കണമെന്ന ക്രൂര നിയമമൊന്നും ഇസ്ലാമിലില്ല. പരസ്പരബന്ധവും സ്നേഹവും അച്ചടക്കവും നിലനിൽക്കാൻ വേണ്ടി മാത്രമാണ് ഇസ്ലാം ഭാര്യയോട് ഭർത്താവിനെ എല്ലാ നിലയ്ക്കും അനുസരിക്കണമെന്നു പറയുന്നത്. അതല്ലാതെ അവളെ അടിമകളെപ്പോലെ പണിയെടിപ്പിക്കാനോ വരച്ച വരയിൽ നിർത്താനോ ഒന്നിനും വേണ്ടിയല്ല.
ഭർത്താവിനോടുള്ള കടമകൾ പറയുമ്പോൾ ആധുനികതയുടെ മാറാപ്പുകൾ പേറി നടക്കുന്ന വനിതകൾക്കു വേണ്ടത്ര ഉൾക്കൊള്ളാൻ സാധിച്ചു കൊള്ളണമെന്നില്ല. മോഡേൺ സംസ്കാരങ്ങൾ മാത്രം കണ്ടും കേട്ടും പഠിച്ചും നടക്കുന്നവർക്ക് അതെങ്ങനെ ദഹിക്കാനാണ്..?! മോഡേണിസത്തിന്റെ ഭാര്യയ്ക്കാണല്ലോ സ്ഥാനം. അവളാണ് എല്ലാം തീരുമാനിക്കുന്നതും നടപ്പാക്കുന്നതും. മതഗ്രന്ഥങ്ങളിൽ വായിക്കാവുന്ന പഴനഞ്ചനല്ല ആധുനികതയുടെ കാഴ്ചപ്പാടിൽ ഭർത്താവ്. ഫെമിനിസം വിഭാവനം ചെയ്യുന്നതിതാണ്.
മോഡേണിസ്റ്റുകൾക്കും അതിനെ അതിരറ്റു സ്നേഹിക്കുന്നവർക്കും സ്ത്രീപക്ഷ വാദികൾക്കും ഭർത്താവ് അത്ര കാര്യമല്ല. തനിക്കു വേണ്ടി ചെലവിടുമ്പോഴേ സ്ത്രീ അവനെ അനുസരിക്കേണ്ടതുള്ളൂ.. ഉദ്യോഗവും അത്യാവശ്യ വരുമാനവും പഠിപ്പും പത്രാസുമുള്ള ആധുനിക വനിത എന്തിനു ചെലവിന് ഭർത്താവിനെ ആശ്രയിക്കണം..? ഇരുകാലിൽ നിൽക്കാനുള്ള സാമ്പത്തികസ്രോതസ്സും തന്റേടവുമൊക്കെയുള്ളവരാണല്ലോ ആധുനികർ. മാത്രമല്ല ഭർത്താവു തന്നെ വേണ്ട എന്നതിലേക്കു വരെ കാര്യങ്ങൾ എത്തിപ്പെട്ടു. അംഗീകൃതവിവാഹത്തിനും ഭർത്താവിനും പകരം ബോയ്ഫ്രണ്ട് സംസ്കാരം പ്രോത്സാഹിപ്പിക്കപ്പെട്ടു. എപ്പോഴും കെട്ടിയും അഴിച്ചും മാറ്റിയും കൊണ്ടു നടക്കാവുന്ന ഒരു തരം ഉപകരണം.
ജീവിതത്തിൽ സമാധാനവും സ്നേഹവും കളിയാടണം. വിവാഹത്തിന്റെ ഒരു ലക്ഷ്യം അതാണ്. പരസ്പരബാധ്യതകൾ നിറവേറ്റുമ്പോഴേ ഈ തരത്തിലുള്ള സന്തോഷം നിലനിൽക്കൂ.. വിശുദ്ധ ഖുർആൻ പറയുന്നു:
നിങ്ങൾക്ക് സമാധാനപൂർവം ഒത്തുചേരേണ്ടതിനായി നിങ്ങളിൽ നിന്നു തന്നെ ഇണകളെ സൃഷ്ടിക്കുകയും പരസ്പരം സ്നേഹവും കാരുണ്യവും ഉണ്ടവുകയും ചെയ്തത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ, തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനത്തിന് ദൃഷ്ടാന്തമുണ്ട്
(30:21)
ഒരിക്കൽ പ്രവാചകസന്നിധിയിൽ ഒരു സ്ത്രീ വന്നു പറഞ്ഞു ജിഹാദ് അല്ലാഹു ﷻ പുരുഷന്മാർക്കാണ് നിശ്ചയിച്ചിട്ടുള്ളത്. അവർക്കതിന് പ്രതിഫലം ലഭിക്കുന്നു. ഞങ്ങൾ സ്ത്രീകളാണെങ്കിൽ ആ ജിഹിദിന് സൗകര്യം ചെയ്തു കൊടുക്കുന്നു. ഞങ്ങൾക്കും അതിൽ വല്ലതും ലഭിക്കുമോ..?
നബി ﷺ പറഞ്ഞു : നീ കണ്ടുമുട്ടുന്ന എല്ലാ സ്ത്രീകളോടും പറയുക; ഭർത്താവിനോടുള്ള അനുസരണയും ബാധ്യത നിർവഹണവും ജിഹാദിനു തുല്യ പ്രതിഫലാർഹമാണെന്ന്.. പക്ഷേ നിങ്ങളിൽ അധികപേരും അങ്ങനെയല്ല...
നബി ﷺ പറഞ്ഞു: ഞാൻ ഒരാളോട് മറ്റൊരാളുടെ മുന്നിൽ സുജൂദ് ചെയ്യാൻ കൽപ്പിക്കുമായിരുന്നെങ്കിൽ, സ്ത്രീയോട് അവളുടെ സ്വന്തം ഭർത്താവിനു മുന്നിൽ സുജൂദ് ചെയ്യാൻ കൽപ്പിക്കുമായിരുന്നു...
(തുർമുദി)
സ്ത്രീക്ക് അവളുടെ ഭർത്താവിനോടുള്ള ബാധ്യതയുടെ ആഴം ഇത് മനസ്സിലാക്കിത്തരുന്നുണ്ട്. ഭാര്യയ്ക്ക് ഭർത്താവിനോട് എന്തെല്ലാം കടമകൾ നിർവഹാക്കാനുണ്ടെന്ന് അടുത്ത ഭാഗങ്ങളിൽ വിവരിക്കുന്നതാണ്... ഇൻ ശാ അല്ലാഹ്...
Post a Comment