18 ദിവസം മുമ്പ് മരിച്ച ഭർത്താവിനെ കുറിച്ച് ഭാര്യ എഴുതിയ കുറിപ്പ്

‎‎‎‎‎‎‎‎‎
റിയാദിലുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ
മരണ ശേഷം അദ്ദേഹത്തിന്റെ
ഭാര്യ എഴുതിയ ഒരു കുറിപ്പ്... അല്ലാഹുﷻവിങ്കൽ സൂക്ഷ്മത ആഗ്രഹിക്കുന്നവർക്ക് ഈ ആദർശ സഹോദരിയുടെ വാക്കുകൾ ഉപകാരപ്പെടും തീർച്ച...

       എന്റെ പ്രിയപ്പെട്ട സഹോദരിമാരേ, നിങ്ങളിൽ കുറച്ചുപേരെങ്കിലും ഗൾഫിൽ ഭർത്താവിനും മക്കൾക്കുമൊപ്പം താമസിക്കുന്നവരായിരിക്കും. നിങ്ങളിൽ ആർക്കെങ്കിലും ഉപകാരപ്പെടാൻ വേണ്ടിയാണ് ഇതെഴുതുന്നത്...

 അല്ലാഹു സുബ്ഹാനഹു തആലാ ഭൂമിയിൽ നമുക്ക് നൽകിയ ഏറ്റവും വലിയ സന്തോഷവും അനുഗ്രഹവുമാണ് ദാമ്പത്യ ജീവിതം. അത് നഷ്ടപ്പെട്ടവർക്കാണ് അതിന്റെ യഥാർത്ഥ മൂല്യവും വിലയും അറിയുക.

 പലപ്പോഴും ആ സൗഭാഗ്യത്തിൽ ജീവിക്കുമ്പോൾ എത്രമാത്രം അനുഗ്രഹമാണ് അനുഭവിക്കുന്നതെന്ന് മറന്ന് പോകുന്നു. നിസ്സാര കാര്യങ്ങൾക്ക് ഭർത്താവിനോട് പിണങ്ങി മിണ്ടാതെ നടക്കുന്ന സഹോദരിമാരെ ഗൾഫിലും ഇവിടെയും എനിക്ക് പരിചയമുണ്ട്. കഴിയുന്ന പോലെ ഉപദേശിക്കാറുമുണ്ട്.

 പല ചുറ്റുപാടിൽ ജനിച്ചു വളർന്നവർ ഒരുമിക്കുമ്പോൾ ചില സ്വഭാവങ്ങൾ നമുക്കിഷ്ടപ്പെടാത്തതാവാം. എന്നാൽ നബി ﷺ പറഞ്ഞിട്ടില്ലേ 'ഒരു സത്യവിശ്വാസി തന്റെ ഇണയിൽ ഒരു സ്വഭാവം ഇഷ്ടപ്പെട്ടിട്ടില്ല എങ്കിൽ അവരിലുള്ള മറ്റ് നന്മകളിൽ തൃപ്പതിപ്പെടാൻ..' എല്ലാം തികഞ്ഞവർ ആരും തന്നെയുണ്ടാവില്ല സഹോദരിമാരേ...

 എങ്ങനെ ഭർത്താക്കൻമാരോട് പെരുമാറണമെന്ന് നബി ﷺ നമ്മെ നന്നായി ഉപദേശിച്ചിട്ടുണ്ട്. നമ്മൾ സ്ത്രീകൾ നന്നായി ക്ഷമിക്കുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്താൽ ഒരു വിധം പ്രശ്നമെല്ലാം അവസാനിക്കും. വിട്ടുവീഴ്ച പ്രതാപമല്ലാതെ വർദ്ധിപ്പിക്കുകയില്ല എന്ന ഹദീസും നാം കേട്ടതാണ്.

 നമുക്ക് ഇഹത്തിലും പരത്തിലും വിട്ടുവീഴ്ച കൊണ്ട് നേട്ടമല്ലാതെ ഒരു നഷ്ടവും വരാനില്ല. അല്ലാഹുﷻവിനെയും റസൂലിനെയും (ﷺ) കഴിഞ്ഞാൽ നാം ഏറ്റവും സ്നേഹിക്കേണ്ടതും അനുസരിക്കേണ്ടതും നമ്മുടെ ഭർത്താവിനെയല്ലേ... ഭർത്താവിന്റെ തൃപ്തി കൊണ്ടല്ലാതെ നമുക്ക് സ്വർഗ പ്രവേശനം സാധ്യമല്ലല്ലോ...

 അല്ലാഹുﷻവിന്റെ അനുഗ്രഹം കൊണ്ട് ഒരു രാത്രി പോലും ഞാൻ എന്റെ ഭർത്താവിനോട് പിണങ്ങിക്കഴിഞ്ഞിട്ടില്ല. അൽഹംദുലില്ലാഹ്...

 പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനായിരുന്നു എന്റെ ഭർത്താവ്. എന്നോട് ദേഷ്യപ്പെട്ട ശേഷം അദ്ദേഹത്തിന്റെ ഭാഗത്താണ് തെറ്റ് എന്നറിഞ്ഞിട്ടും ഉറങ്ങുന്നതിന് മുമ്പ് ഞാൻ അടുത്തിരുന്ന് കൈ പിടിച്ച് മാപ്പ് ചോദിക്കുമായിരുന്നു. എന്നോട് പിണങ്ങിയാൽ എനിക്ക് ഉറക്കം വരില്ലെന്നും മലക്കുകൾ എന്നെ ശപിക്കുമെന്നും പറയുന്നതോടെ അദ്ദേഹത്തിന്റെ ദേഷ്യമെല്ലാം മാറും...

 എന്നേക്കാൾ അറിവുള്ളവരാണ് നിങ്ങളിൽ അധികപേരും എന്നറിയാം.
എങ്കിലും ചിലപ്പോൾ ആർക്കെങ്കിലും ഉപകാരപ്പെട്ടേക്കാം എന്ന് കരുതി എഴുതുകയാണ്.. ഇൻ ശാ അല്ലാഹ്...

   ഞാൻ വിവാഹിതയായിട്ട് ഇരുപത്തിമൂന്ന് വർഷമായി. അതിൽ വളരെ കുറച്ച് കാലമേ ഭർത്താവിനെ പിരിഞ്ഞ് നിൽക്കേണ്ടി വന്നിട്ടുള്ളു.. അൽഹംദുലില്ലാഹ്... 

 പതിനാറ് വർഷത്തോളം സൗദി അറേബ്യയിൽ വിവിധ ഭാഗങ്ങളിലായി ഞങ്ങൾ മക്കളൊന്നിച്ച് കഴിഞ്ഞു. റിയാദിൽ നിന്നും എക്സിറ്റിൽ നാട്ടിൽ വന്നിട്ട് ഇപ്പോൾ 8 മാസമായി.
ഇന്നേക്ക് എന്റെ പ്രിയ ഭർത്താവ് മരിച്ചിട്ട് 18 ദിവസമായി. ഈ കടുത്ത മാനസിക വേദനയിലും എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നത് അല്ലാഹുﷻവിന്റെ ഖുർആനും ദിക്റുകളും കൊണ്ട് മാത്രമാണ്. ഞാൻ എന്തെങ്കിലും സൽകർമ്മം ചെയ്യുന്നുവെങ്കിൽ അതിന് അല്ലാഹു ﷻ കാരണമാക്കിയ എന്റെ ഭർത്താവിന്റെ ഖബറിലേക്ക് അത് എത്തിച്ചു കൊടുക്കണേ നാഥാ എന്നെപ്പോഴും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു.. എന്നെയും മക്കളെയും എല്ലാ വിധ സുഖ സൗകര്യങ്ങളും തന്ന് സംരക്ഷിച്ച അദ്ദേഹത്തിന് ജന്നാത്തുൽ ഫിർദൗസ് തന്നെ നൽകണേ റബ്ബേ..,
ആമീൻ യാ റബ്ബുൽ ആലമീൻ

 രണ്ടര വർഷത്തോളമായി എന്റെ ഭർത്താവിന് ശ്വാസകോശത്തിലും ബ്രെയിനിലും cancer കണ്ടു പിടിച്ചിട്ട്. fourth Stage ആണെന്നും ഇനി ഒരു ചികിൽസയും ഇല്ലെന്നും വിദഗ്ദ ഡോക്ടർമാരെല്ലാം അഭിപ്രായപ്പെട്ടു. മൂന്ന് മാസം, കൂടിപ്പോയാൽ ആറ് മാസവും ആയിരുന്നു അവർ ആയുസ്സിന് അവധി പറഞ്ഞത്..!!

 എന്നിട്ടും ഇത്ര കാലമെങ്കിലും അല്ലാഹുﷻവിന്റെ അനുഗ്രഹം കൊണ്ട് എനിക്ക് അദ്ദേഹത്തെ ശുശ്രൂഷിക്കാനുള്ള ഭാഗ്യം ലഭിച്ചു. ഖുർആനും ദിക്റുകളും മാത്രമായിരുന്നു ആശ്വാസം. രോഗാവസ്ഥയിലും വീണ്ടും രണ്ട് തവണ റിയാദിൽ പോകാനും അവിടെ നിന്നും മക്കയിൽ പോയി ഉംറ ചെയ്യാനും അല്ലാഹു ﷻ ഞങ്ങളെ സഹായിച്ചു. അൽഹംദുലില്ലാഹ്...

 വലിയ വിഷമങ്ങൾ വരുമ്പോൾ സൂറത്തുൽ ബഖറയിലെ 214 മത്തെ ആയത്ത്ام حسبتم എന്ന് തുടങ്ങുന്ന ആയത്ത് ഓതിക്കൊടുക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. മുൻഗാമികൾ അനുഭവിച്ചത് പോലെയുള്ള ബുദ്ധിമുട്ടുകൾ ഒന്നും അനുഭവിക്കാതെ സ്വർഗ്ഗം വെറുതെയങ്ങ് കിട്ടണമെന്ന് നിങ്ങൾ വിചാരിക്കുകയാണോ എന്ന് അല്ലാഹു ﷻ നമ്മോട് ചോദിക്കുന്നു. അതുപോലെ ബഖറയിലെ 155 മുതലുള്ള മൂന്ന് ആയത്തുകളും എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. പ്രയാസ ഘട്ടങ്ങളിലൊക്കെ അതോർക്കുമ്പോൾ സമാധാനം കിട്ടാറുണ്ട്. അൽഹംദുലില്ലാഹ്...

 നബി ﷺ വിഷമങ്ങളുണ്ടാകുമ്പോൾ ചൊല്ലാൻ പഠിപ്പിച്ച ദിക്റുകളെല്ലാം വലിയ ശാന്തിയും സമാധാനവും ആണ് നൽകുകയെന്ന് അനുഭവത്തിലൂടെ ഞാൻ മനസ്സിലാക്കി. കാൻസറിന്റെ കഠിന വേദനയിലും pain Killer ഇൻജക്ഷനോ ടാബ്ലറ്റോ ഒന്നും വേണ്ട ദുആ ചൊല്ലി തടവി തന്നാൽ മതി എന്നാണ് എന്റെ ഭർത്താവ് പറഞ്ഞിരുന്നത്. ബിസ്മില്ലാഹ് എന്ന് മൂന്ന് പ്രാവശ്യവും ശേഷം اعوذ بالله وقدرته എന്ന് തുടങ്ങുന്ന ദുആ ഏഴ് പ്രാവശ്യവും ചൊല്ലി ഇടക്കിടെ തടവിക്കൊടുത്താൽ വേദന കുറവുണ്ടെന്ന് പറയും.

 പ്രിയപ്പെട്ടവരേ, ആർക്കാണ് അസുഖം വരികയെന്നും എപ്പോഴാണ് നാം മരണപ്പെടുകയെന്നും നമുക്കറിയില്ലല്ലോ.. കിട്ടുന്ന സമയം വഴക്കുകളും പിണക്കവും ഇല്ലാതെ സ്നേഹിച്ചും വിട്ടുവീഴ്ച ചെയ്തും സന്തോഷത്തോടെ അല്ലാഹുﷻവിനെ സ്തുതിച്ച് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ശ്രമിക്കണമെന്ന് അല്ലാഹുﷻവിനെ സാക്ഷിയാക്കി ഓർമ്മപ്പെടുത്തുന്നു...

 സൗന്ദര്യപ്പിണക്കങ്ങൾ സ്നേഹം വർദ്ധിപ്പിക്കാൻ ഉപകരിക്കും. പക്ഷേ അല്പസമയം മാത്രമേ ആകാവൂ. നമ്മൾ വിചാരിച്ചാൽ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാക്കാൻ കഴിയുമെന്നാണ് ഞാൻ വിചാരിക്കുന്നത്. അതിന് വേണ്ടി എപ്പോഴും അല്ലാഹുﷻവിനോട് പ്രർത്ഥിക്കുക. പിശാച് എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത് പരസ്പരം തെറ്റിക്കുവാൻ വേണ്ടിത്തന്നെയാണ്.

 എന്റെ ഭർത്താവിന്റെ മരണം അടുത്ത സമയത്ത് മക്കൾ മൂന്ന് പേരും കരയുമ്പോൾ കരയാതിരിക്കാനും ഉപ്പാക്ക് വേദന കുറച്ച് കൊടുക്കാനും ജന്നാത്തുൽ ഫിർദൗസ് തന്നെ കൊടുക്കാനും ദുആ ചെയ്യാൻ ഞാൻ പറഞ്ഞു കൊണ്ടിരുന്നു.
അങ്ങനെ ഞാനും മക്കളും മനം നൊന്ത് പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹം മരണപ്പെട്ടു...
ആ ദുആ അല്ലാഹു ﷻ സ്വീകരിച്ചിട്ടുണ്ടാവുമെന്ന വിശ്വാസത്തിലും പ്രതീക്ഷയിലുമാണ് ഞാൻ കഴിയുന്നത്. ഇൻ ശാ അല്ലാഹ്
അദ്ദേഹത്തിന് ജന്നാത്തുൽ ഫിർദൗസ് തന്നെ ലഭിക്കാനും എന്റെ മൂന്ന് മക്കളെയും ഇഹത്തിലും പരത്തിലും ഉപകരിക്കുന്ന സ്വാലിഹായ മക്കളാക്കിത്തരാനും നിങ്ങളെല്ലാവരും ദുആ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

 നമ്മെ എല്ലാവരെയും അല്ലാഹു ﷻ ഇഹപര വിജയം നൽകി അനുഗ്രഹിക്കുകയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ പ്രിയപ്പെട്ടവരോടൊപ്പം ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ... 
ആമീൻ യാ റബ്ബൽ ആലമീൻ