ഇമാം മഹ്ദിയും ഈസാനബിയും: ബഹുമാനത്തിൽ കുതിർന്ന സ്‌നേഹ സംഗമം


രണ്ട് മലക്കുകളുടെ ചിറകിൽ കൈവെച്ചുകൊണ്ട് ഈസാ നബി (അ) ഭൂമിയിലിറങ്ങുന്നത് ഡമസ്കസിലെ വെള്ള മിനാരത്തിലാണ്...

ഇംഗ്ലീഷിൽ "ജീസസ് മിനാരറ്റ് " എന്നറിയപ്പെടുന്ന ഈ മിനാരം ഡമസ്കസിൽ നിർമിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഈസാ നബി (അ) കാറ്റു വേഗതയിലാണ് സഞ്ചരിക്കുക. നബിയുടെ വാസന ശ്വസിക്കുന്ന എല്ലാം അവിശ്വാസികളും മരണപ്പെടും. അങ്ങനെ ഈസാ നബി (അ) ബൈതുൽ മുഖദ്ദസിലേക്ക് നീങ്ങും...

ഒരു വെള്ളിയാഴ്ച ദിവസം സുബ്ഹി നിസ്കാരത്തിന് ബാങ്ക് വിളി കഴിഞ്ഞു ഇക്കാമത്തും കൊടുത്ത് ഇമാം മഹ്ദി (റ) മിഹറാബിൽ കയറി നിന്ന ശേഷമായിരിക്കും ഈസാ നബി (അ) ബൈത്തുൽ മുഖദ്ദസിലെത്തുക. രണ്ട് പരുത്തി വസ്ത്രങ്ങളാണ് ധരിച്ചിട്ടുണ്ടാകുക. തലമുടിയിൽ നിന്ന് മുത്തു മണികൾ പോലെ സുഗന്ധമാർന്ന വിയർപ്പു തുള്ളികൾ ഉറ്റി വീണു കൊണ്ടിരിക്കും ...

فإذا صلوا صلاة الصبح خر جوا إليه قل:فحين يراه الكذاب ينماث كما ينماث الملح في الماءْ

ഇതിനിടെ എന്തോ ശബ്ദം കേട്ട് ഇമാം മഹ്ദി പിറകിലോട്ട് തിരിഞ്ഞു നോക്കും. ഈസാ നബിയെ കാണുമ്പോൾ മഹ്ദി ഇമാം (റ) ബഹുമാന പുരസ്സരം മിഹ്റാബിൽ നിന്ന് താഴോട്ടിറങ്ങി നിൽക്കും. തുടർന്ന് ഇൗസാ നബിയോട് (അ) അപേക്ഷിക്കും...
അല്ലാഹുവിന്റെ പ്രവാചകരേ! താങ്കൾ ഇമാം നിൽക്കൂ ...!

അപ്പോൾ ഈസ നബി (അ) മഹദി ഇമാമിന്റെ (റ) തോളിൽ കൈവെച്ചു കൊണ്ട് പറയും: ഫാത്തിമ ബീവിയുടെ പുത്രാ താങ്കൾക്ക് വേണ്ടിയാണ് ഇഖാമത് കൊടുക്കപ്പെട്ടിട്ടുള്ളത് അതുകൊണ്ട് നിങ്ങൾ തന്നെ (ഇമാമായി) നമസ്കരിക്കുക. അങ്ങനെ ഇമാം മഹ്ദി (റ) തന്നെ ആ നിസ്കാരത്തിന്‌ നേതൃത്വം നൽകും. നിസ്കാരം കഴിഞ്ഞ ശേഷം ഇമാം മഹ്ദിയെ ഇൗസാ നബി (അ) ബൈഅത്ത്‌ ചെയ്യും. പിന്നീടുള്ള നിസ്കാരങ്ങൾക്കെല്ലാം ഇൗസാ നബിയാണ് (അ) നേതൃത്വം നൽകുക ...

നിസ്കാരം കഴിഞ്ഞ് ഈസാ നബി (അ) ദജ്ജാലിനെ തേടി പുറപ്പെടും. ഈസാ നബിയെ (അ) കാണുമ്പോഴേക്ക് ദജ്ജാൽ വെള്ളത്തിലിട്ട പൂ പോലെ, അല്ലെങ്കിൽ തീചൂടേറ്റ ഈയം പോലെ ഉരുകിയൊലിക്കാൻ തുടങ്ങും. അങ്ങനെ ബാബുലുദ്ധിൽ വച്ച് ഈസാ നബി (അ) ദജ്ജാലിനെ വധിക്കും .(മുസ്ലിം, ഇബ്നുമാജ, ഹാകിം)

നബി (സ്വ) തങ്ങൾ പറയുന്നു : "എന്റെ സന്താന പരമ്പരയിൽപ്പെട്ട ഒരാളുടെ പിറകിൽ ഈസ നബി (അ) നിസ്കരിക്കും" (ത്വബ്റാനി)

ഈ ഹദീസിൽ പറഞ്ഞ വ്യക്തി ഇമാം മഹ്ദിയാണെന്ന് ഇമാം അബൂ നുഐം (റ) ഉദ്ധരിച്ച മറ്റൊരു ഹദീസ് വ്യക്തമാക്കുന്നു . ഹിശാമുബ്നൂ മുഹമ്മദ് (റ) പറയുന്നു : ഇമാം മഹ്ദി ഈ സമുദായത്തിൽ നിന്നാണ് വരിക. അദ്ദേഹം തന്നെയാണ് ഈസ നബി (അ) ന്‌ ഇമാമായി നിന്ന് നിസ്കരിക്കുക...

ചുരുക്കത്തിൽ ഈസാ നബിയുടെ ഇമാമാവാനുള്ള ഭാഗ്യം ലഭിക്കുന്ന ചരിത്രത്തിലെ ഏക വ്യക്തിയാണ് ഇമാം മഹദി (റ), അതാവട്ടെ വലിയൊരു സ്ഥാനമാണ് താനും...
മഹ്ദി ഇമാമിന്റെ (റ) വലിയ മഹത്വത്തെയാണിതെല്ലാം സൂചിപ്പിക്കുന്നത് ...