ഞാൻ മഹ്ദിയാണെന്ന് വാദിച്ച കള്ള മഹ്ദിമാർ




കാലഘട്ടത്തിന്റെ അനസ്യുത പ്രവാഹത്തിനിടയിൽ താൻ മഹ്ദി ഇമാമാണെന്നവകാശപ്പെട്ട് നിരവധി പേർ രംഗത്തെത്തിയതായി ചരിത്രം പറയുന്നു ...

ലോകത്ത് നടമാടുന്ന അക്രമങ്ങളും അനീതികളും കാണുമ്പോൾ സ്വയം മഹ്ദി ചമഞ്ഞ് രംഗത്തെത്തിയവരാണവരിൽ ഭൂരിഭാഗവും. അതേ സമയം മഹ്ദി പദവി അടിച്ചേൽപ്പിക്കപ്പെട്ടവരും വെച്ച് കെട്ടപ്പെട്ടവരും കൂട്ടത്തിലുണ്ട്. അവരിൽ പ്രധാനികളെ വിശദീകരിക്കുകയാണിവിടെ...

ആവശ്യമെന്ന് തോന്നുന്ന ചിലരെക്കുറിച്ച് ചെറിയ വിശദീകരണവും ചേർത്തിട്ടുണ്ട്..!

 മുഹമ്മദുബ്നു ഹസനുൽ അസ്കരി :

അഹ്ലുസ്സുന്നത്തിവൽ ജമാഅത്തിന്റെ വിശ്വാസാദർശങ്ങളിൽ നിന്ന് വ്യതിചലിച്ച ശിയാക്കളുടെ വാദമായിരുന്നു ഇദ്ദേഹം മഹ്ദിയാണെന്ന്. അവരുടെ വാദ പ്രകാരം ഹുസൈൻ (റ) വിന്റെ സന്താന പരമ്പരയിൽപ്പെട്ട ഇദ്ദേഹം ഹിജ്റ 260 മുതൽ ആയിരത്തിലധികം വർഷമായി സാമാർറായിലെ തുരങ്കത്തിൽ കഴിഞ്ഞുവരുന്നു. ഇപ്പോൾ അദ്ദേഹം ജനങ്ങൾക്കിടയിൽ ജീവിക്കുന്നുവെങ്കിലും ആർക്കും കാണാൻ കഴിയില്ലെന്നും അവസാന കാലത്ത് ഇമാം മഹ്ദിയായി അദ്ദേഹം വരുമെന്നും അവർ വിശ്വസിക്കുന്നു. ഖുർആനുമായോ ഹദീസുമായോ മറ്റു ഇസ്ലാമിക പ്രമാണങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്ത ഇത്തരം വാദങ്ങളുടെ നിരർത്ഥകത ഇമാം മഹ്ദിയെകുറിച്ച് പഠിക്കുന്ന ഏതൊരാൾക്കും മനസിലാകും...!

ഉബൈദുല്ലാഹിബ്നു മയ്മൂൻ അൽ ഖദ്ദാഹ് :

ഹിജ്റ *_325_* ൽ മരണപ്പെട്ട ഇദ്ദേഹം തന്റെ ജീവിതകാലത്ത് താൻ മഹ്ദിയാണെന്ന് വാദിച്ചെങ്കിലും മുസ്ലിംകൾ ആരും അത് അംഗീകരിച്ചില്ല. നിരവധി മുസ്ലിം നിരപരാധികളെ കൊന്നൊടുക്കുകയും ഹിജ്റ 317ൽ വിശുദ്ധ കഅബാലയത്തിൽ സ്ഥിതി ചെയ്യുന്ന ഹജറുൽഅസ് വദ് മോഷ്ടിക്കാൻ ശ്രമം നടത്തുകയും ചെയ്ത 'ഖറാമിത്വി' കളുടെ നേതാവായിരുന്നു ഇയാൾ. നബി കുടുംബത്തിലെ അംഗമാണെന്ന കള്ളവാദമുന്നയിച്ച ഇയാൾക്ക് മഹ്ദി ഇമാമിന് അറിയപ്പെട്ട ലക്ഷണങ്ങളിലൊന്ന് പോലും ഉണ്ടായിരുന്നില്ല..!

മുഹമ്മദുബ്നു അബ്ദുല്ലാഹിൽ ബർബരീ :

ഹിജ്റ *_514_* ൽ 'ഇബ്നു തോംറത്' എന്ന പേരിൽ പ്രസിദ്ധനായിരുന്ന ഇയാൾ സയ്യിദ് വംശനാണെന്ന് വാദിച്ചു മഹ്ദിയായി അഭിനയിച്ചു. അവിഹിത മാർഗത്തിലൂടെ അധികാരം പിടിച്ചടക്കിയ അയാൾ ജനങ്ങളെ വഞ്ചിക്കാനായി തന്റെ 'കറാമത്തു'കൾ പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിച്ചുവെങ്കിലും അതൊന്നും വിലപ്പോയില്ല. പദ്ധതികൾ പലതും പാളുകയും കുതന്ത്രങ്ങൾ ജനങ്ങൾ പിടികൂടുകയും ചെയ്തു. അതോടെ അയാൾ പരിപാടി നിർത്തി...!

മുഹമ്മദ്ബ്നു അബ്ദുല്ലാ അൽ ഖഹ്ത്വാനീ :

സഊദി അറേബ്യയിലെ റിയാദിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം ഞാൻ തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്ന മഹ്ദിയെന്ന് തനിക്ക് സ്വപ്ന ദർശനം ഉണ്ടായിട്ടുണ്ടെന്ന് വാദിച്ചു. *_1980_* ൽ ഒരു സംഘം ആളുകൾ അദ്ദേഹത്തെ ബൈഅത്ത് ചെയ്യുകയും മസ്ജിദുൽ ഹറാമിൽ അഭയം തേടുകയും ചെയ്തു. എന്നാൽ 'ഹറമിന്റെ ഫിത് ന' എന്നറിയപ്പെട്ട അദ്ദേഹം വധിക്കപ്പെടുകയായിരുന്നു. നിബന്ധനകൾ ഒന്നും അയാളിൽ ദർശിക്കാനായില്ലെന്നതും ശ്രദ്ധേയമാണ് ...

മിർസാ ഗുലാം അഹ്മദ് ഖാദിയാനി :

ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തെ ഖാദിയാനിൽ ജനിച്ച ഇദ്ദേഹം താൻ മഹ്ദിയാണെന്ന് മസീഹാണെന്നും നബിയാണെന്നുമെല്ലാം തരാതരം പോലെ വാദിച്ചു. വാദങ്ങൾ സമർത്ഥിക്കാൻ പല ഞൊണ്ടിനായങ്ങളും പറയുകയും പ്രചരിപ്പിക്കുകയും ചെയ്‌തെങ്കിലും മുസ്‌ലിം ബഹുഭൂരിപക്ഷത്തിന്റെ വിശിഷ്യാ പണ്ഡിതന്മാരുടെ പിന്തുണയൊന്നും അദ്ദേഹത്തിന് ലഭിച്ചില്ല. ഹദീസിൽ പരാമർശിക്കപ്പെട്ട ഇമാം മഹ്ദിയുടെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ലെന്നതിന് പുറമെ ആയാളും അയാളുടെ അനുയായികളായ ഖാദിയാനികളും കാഫിറുകളാണെന്ന് ലോക മുസ്‌ലിം പണ്ഡിതന്മാർ വിധിയെഴുതുകയും ചെയ്തു. നബി (സ്വ)ക്ക് ശേഷം ഒരു നബി വന്നു എന്ന് വിശ്വസിച്ചത് തന്നെ കാരണം...!

സ്വാലിഹ്ബ്നു ത്വാരിഖ് :

ഇയാൾ മഹ്ദിയാണെന്ന് മാത്രമല്ല, നബിയാണെന്നും വാദിച്ചു. കാഫിറാണെന്നതിൽ പണ്ഡിത ലോകത്തിന് ഏകാഭിപ്രായം...!

ബൽയാ അൽബസ്വരി :

ഇറാഖിലെ ബസറയിൽ ജനിച്ച ഇയാൾ ജ്യോതിഷവും മായാജാലവും പഠിച്ചു പല തട്ടിപ്പുകളും നടത്തി. താൻ മഹ്ദി ഇമാമാണെന്ന് വാദിച്ച് നോക്കിയെങ്കിലും ആരും വിശ്വസിക്കുകയോ അംഗീകരിക്കുകയോ ചെയ്തില്ല. അവസാനം കുരിശിൽ തറച്ചു വധിക്കപ്പെട്ടു...!

അഹ്‌മദ്‌ബ്നു അബ്ദുല്ലഹ് :

പ്രമുഖ ശാഫിഈ ഇബ്നു ദകികിൽ ഈദ് (റ)വിൽ നിന്ന് ഫിഖ്ഹ് (കർമശാസ്ത്രം) പഠിക്കുകയും ധരാളം ഹദീസുകൾ മന:പ്പാഠമാകുകയും ചെയ്തിരുന്ന അഹ്‌മദ്‌ വലിയ ഇബാദത്തിന് ഉടമയായിരുന്നു. പക്ഷെ! പിന്നീട് വിചത്രമായ പല വാദങ്ങളും ഉന്നയിക്കുക വഴി സത്യപ്രസ്താവിൽ നിന്ന് വ്യതിചലിച്ചു. അള്ളാഹുവിനെ ഞാൻ നിരവധി തവണ സ്വപ്നം കണ്ടെന്നും എനിക്ക് തിരു നബി (സ്വ)പോലെ ഇസ്‌റാഹ് -മിഹ്റാജ് ഉണ്ടയിടുണ്ടെന്നും, അർശിലേക്ക് ജിബ്‌രീൽ (അ)നോടൊപ്പം ഞാൻ പോയിട്ടുണ്ടെന്നും അള്ളാഹു എന്നോട് താങ്കൾ മഹ്ദിയാണെന്ന് പറഞ്ഞിട്ടുണ്ടെന്നുമെല്ലാം അയാൾ പലപ്പോഴായി വാദിച്ചു. ജനങ്ങൾ വഴി തെറ്റുമെന്ന് ഭയന്ന് ഭരണാധികാരികൾ ആദ്യം തൂക്കിക്കൊല്ലൻ വിധിച്ചുവെങ്കിലും ഭ്രാന്താണെന്ന് കണ്ട് ഇസ്ലാമിക കോടതി പിന്നീട് വെറുതെ വിടുകയായിരുന്നു. ഹിജ്റ 740ൽ മരണപ്പെട്ടു. എൺപതിലധികം പ്രായമുണ്ടായിരുന്നു...

മുഹമ്മദുബ്നു യൂസുഫ് അൽ ഹിന്ദീ :

ഇന്ത്യയിലെ ജോൻപൂർ നിവാസിയായ ഇദ്ദേഹം ഹിജ്റ 905ൽ താൻ മഹ്ദിയാണെന്ന് വാദിച്ചു. വാദം പറഞ്ഞു വന്നതോടെ ഭരണാധികാരികൾ അയാളെ നാട് കടത്തി. പല നാടുകളിലും അലഞ്ഞു തിരിഞ്ഞ് അവസാനം ഹിജ്റ 910ൽ ഖുറാസാനിൽ മരണപ്പെട്ടു. വിവരദോശികളായ കുറെ അനുയായികളെ ഇദ്ദേഹത്തിനും കിട്ടി. "മഹ്ദിയ്യ: " വിഭാഗം എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്...!

മഹ്ദിയാണെന്ന് വാദിച്ച് നോക്കിയെങ്കിലും വലിയ പ്രസിദ്ധിയൊന്നും ലഭിക്കാതെ പോയ മറ്റനേകം പേർ വേറെയും കഴിഞ്ഞു പോയിട്ടുണ്ട്. അവരുടെ എണ്ണം കണക്കാക്കാനാവാത്ത വിധം കൂടുതലാണ്. പരാമർശ യോഗ്യത പോലുമില്ലാത്തത് കൊണ്ട് ചരിത്രം അവരെയൊന്നും പരിഗണിച്ചില്ലെന്ന് മാത്രം. കേവലം അഞ്ച് വയസ്സ് മാത്രം പ്രായമായ കുട്ടിയുടെ പേരിൽ പോലും "മഹ്ദി പദവി" ചാർത്തിക്കൊടുത്തവർ അവർക്കിടയിലുണ്ടായിരുന്നുവെന്നതാണ് ഏറെ രസകരം. മേൽ വിവരിച്ചവരും അല്ലാത്തവരുമായി മഹ്ദി ഇമാമാണെന്നവകാശപ്പെട്ട് രംഗത്തെത്തിയവരിലാർക്കും മഹ്ദി ഇമാമിന്റെതായി ഹദീസിൽ പരാമർശിക്കപ്പെട്ട ലക്ഷണങ്ങളൊന്നും അവരുടെ ജീവിതത്തിൽ കണ്ടില്ല. ദജ്ജാൽ രംഗപ്രവേശം ചെയ്തില്ല, ഈസാ നബി (അ:) ആകാശത്ത് നിന്നിറങ്ങി വന്നില്ല. മുസ്ലിംകൾക്ക് വലിയ വിജയങ്ങൾ ഉണ്ടായില്ല. മറ്റൊന്നും നടന്നില്ല ...

നല്ലവരായ പല മഹാന്മാരുടെയും പേരിൽ സ്വാർത്ഥ താൽപര്യങ്ങൾക്കായി ചില തൽപര കക്ഷികൾ മഹ്ദി പട്ടം കെട്ടിച്ചമച്ചിട്ടുണ്ട്. ഈസാ നബി (അ:) ദൈവമാണെന്ന് ചിലർ വാദിച്ചത് ഈസാ നബിയുടെ കുറ്റമല്ലാത്തത് പോലെ, ഉസൈർ നബി (അ:) അല്ലാഹുവിന്റെ മകനാണെന്ന് ചിലർ പ്രചരിപ്പിച്ചത് അദ്ദേഹത്തിന്റെ തെറ്റല്ലാത്തത് പോലെ, നല്ലവരായ ആ മഹാന്മാർ അതിന് ഉത്തരവാദികൾ അല്ല. ഇത്തരത്തിൽ മഹ്ദിയാണ് എന്ന് കെട്ടിച്ചമക്കപ്പെട്ട മഹാന്മാരാണ് നാലാം ഖലീഫ അലി (റ), മുഹമ്മദു ബ്നുൽ ഹനഫിയ (റ), മൂസബ്നു ത്വല്ഹ (റ), മുഹമ്മദുൽ ബാഖിർ (റ), ജഹ്ഫർ സാദിക്ക് (റ), അബ്ദുല്ലാഹിബ്നു മുഹാവിയ (റ), അഞ്ചാം ഖലീഫ ഉമർബ്നു അബ്ദുൽ അസീസ് (റ), ശാഹ് വലിയുല്ലാഹിദഹ്‌ലവി (റ), അഹ്‌മദ്‌ റസാഖാന് ബറോൽവി (ഖ. സി) തുടങ്ങിയവർ ...

ഇസ്‌ലാമിൽ ആഭ്യന്തരകുഴപ്പങ്ങൾ സൃഷ്ടിക്കാനും മുസ്‌ലിംകളെ തമ്മിൽലടിപ്പിക്കാനുമൊക്കെയായിരുന്നു ചില ജൂത ചാരന്മാരും കപട വിശ്വാസികളും ചേർന്ന് മേൽപ്പറഞ്ഞ നേതാക്കളുടെ പേര് പറഞ്ഞു രംഗത്ത് വന്നത്. അതതു കാലത്തെ പണ്ഡിതൻമാരുടെ സമർത്ഥമായ ഇടപെടൽ മൂലവും അള്ളാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ടും സമൂഹത്തിൽ ചിദ്രതയുണ്ടാക്കാനുള്ള അത്തരം കുണ്ഡിത ശ്രമങ്ങൾ ക്ലച്ച് പിടിക്കാതെ പോവുകയാണുണ്ടായത്. മഹ്ദി പട്ടം കെട്ടിവെക്കപ്പെട്ട മഹാന്മാരാവട്ടെ, അക്കാര്യത്തിൽ നിരപരാധികളുമായിരുന്നു ...!