സൂറത്തുകളുടെ സവിശേഷതകള്‍


വിശുദ്ധ ഖുര്‍ആനില്‍ 114 സൂറത്തുകളുണ്ട്. എന്നാല്‍ എല്ലാ സൂറത്തുകളും ശ്രേഷ്ടതയില്‍ തുല്യവിതാനത്തിലല്ല. ചില സൂറത്തുകള്‍ക്ക് വലിയ ശ്രേഷ്ടതയും പാരായണം ചെയ്യുന്നതിന് വലിയ പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്. 

ഉദാഹരണം; യാസീന്‍ സൂറത്ത് ഒരു തവണ പാരായണം ചെയ്യുന്നതിന് പത്ത് തവണ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനുള്ള പ്രതിഫലമുണ്ടെന്ന് തിരുനബി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്. (തഫ്‌സീര്‍ സ്വാവി).
ഇമാം ഗസ്സാലി (റ), അബ്ദുല്ലാഹിബ്‌നു യാഫിഈ(റ) തുടങ്ങിയ മഹാന്മാര്‍ വിശുദ്ധ ഖുര്‍ആനിലെ സിശേഷതയുള്ള സൂറത്തുകളെ അധികരിച്ചുമാത്രം ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. ഇമാം ഗസ്സാലി(റ) തന്റെ ജവാഹിറുല്‍ ഖുര്‍ആനില്‍ വിവരിക്കുന്നത് കാണുക: ”പരിശുദ്ധ ഖുര്‍ആനിലെ ചില ആയത്തുകള്‍ക്ക് മറ്റുള്ള ആയത്തുകളേക്കാള്‍ മഹത്വമുണ്ട്, പ്രാധാന്യമുണ്ട്. എല്ലാ ആയത്തുകളും അല്ലാഹുവിന്റെ കലാമാണല്ലോ. അപ്പോള്‍ ഏത് മാനദണ്ഡം വെച്ചാണ് താങ്കള്‍ ചില സൂറത്തുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയത് എന്ന് ഒരുപക്ഷേ നിവാരണം തേടിയേക്കാം. ചില യാഥാര്‍ഥ്യങ്ങള്‍ നീ അറിയുക. കടമിടപാടിനെക്കുറിച്ച് വിവരിക്കുന്ന ആയത്തും അല്ലാഹുവിന്റെ ഉജ്ജ്വല ഗുണവിശേഷങ്ങള്‍ പ്രതിപാദിക്കുന്ന ആയത്തുല്‍ കുര്‍സിയ്യും തമ്മിലുള്ള വൈജാത്യവും അല്ലാഹുവിന്റെ ഏകത്വം മനസ്സിലാക്കിത്തരുന്ന സൂറത്തുല്‍ ഇഖ്‌ലാസും അബൂലഹബിനെ ശപിക്കുന്ന തബ്ബത്ത് സൂറത്തും തമ്മിലുള്ള വ്യത്യാസവും ഉള്‍കണ്ണിന്റെ പ്രഭയില്‍ നിനക്കു വായിച്ചെടുക്കാന്‍ പ്രാപ്തിയില്ലെങ്കില്‍ ഖുര്‍ആന്‍ ആരിലേക്കാണോ ഇറങ്ങിയത്, ആ പ്രവാചകര്‍ പറയുന്നത് സ്വീകരിക്കുക. 

നബി(സ്വ) പറയുന്നത് കാണുക: ”യാസീന്‍ ഖുര്‍ആനിന്റെ ഹൃദയ ഭാഗമാണ്. സൂറത്തുല്‍ ഫാതിഹ ഖുര്‍ആനിലെ സൂറത്തുകളില്‍ ഏറ്റവും ശ്രേഷ്ഠമാണ്. ആയത്തുല്‍ കുര്‍സിയ്യ് ആയത്തുകളുടെ നേതാവാണ്. സൂറത്തുല്‍ ഇഖ്‌ലാസ് ഖുര്‍ആനിന്റെ മൂന്നിലൊന്നിന്റെ സ്ഥാനത്തു നില്‍ക്കുന്നതാണ്.” (മിര്‍ഖാത്ത് 4/332).
പ്രഗത്ഭ ഖുര്‍ആന്‍ പണ്ഡിതന്‍ ഇമാം അല്ലൂസി (റ) പറയുന്നത് കാണുക: ലളിതമായ ചില സല്‍കര്‍മ്മങ്ങള്‍ക്ക് അതേ പദവിയില്‍ പെട്ടതും അതിനേക്കാള്‍ പ്രയാസം നിറഞ്ഞതുമായ ഇബാദത്തുകള്‍ക്കു നല്‍കുന്ന പ്രതിഫലത്തേക്കാള്‍ അനേകമടങ്ങ് പ്രതിഫലം പ്രത്യേകമായി നല്‍കുന്നതിന് അല്ലാഹു തടസ്സം പറയുന്നില്ല. അതിരുകളില്ലാതെ ഔദാര്യം ചെയ്യുന്ന അല്ലാഹുവിന്റെ ദാനത്തിന് ഒരു തടസ്സവുമില്ല.

അപ്പോള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വ്യക്തിക്ക് ഓരോ അക്ഷരത്തിനും പത്തു നന്മയും അതിനേക്കാള്‍ എത്രയോ മടങ്ങു പ്രതിഫലവുമായി ഇഖ്‌ലാസ് സൂറത്ത് ഓതുന്നവനു ലഭ്യമാകുന്നു. ഈ സൂറത്ത് ഖുര്‍ആനിന്റെ മൂന്നില്‍ ഒന്നിനു സമാനമാകും വിധം അനേകം ഇരട്ടി പ്രതിഫലം കൊടുക്കുന്നതില്‍ യാതൊരു വിലങ്ങുമില്ല. അതിന്റെ യുക്തി തേടിപ്പോകേണ്ടതില്ല. അത് അല്ലാഹുവിലേക്ക് വിടുക. തത്വുല്യമായ മറ്റു സല്‍കര്‍മ്മങ്ങള്‍ക്കും ഇതേ നയം തന്നെ സ്വീകരിക്കുകയാണ് വേണ്ടത്. (റൂഹുല്‍ മആനി 15/506).