ഇമാം മഹ്ദിയും ദജ്ജാലും നേർക്കുനേർ വരുമ്പോൾ
മഹ്ദി ഇമാമിന്റെ (റ) നേതൃത്വത്തിൽ നിരവധി വിജയങ്ങളും ഗനീമത്ത് സ്വത്തുക്കളുമെല്ലാം കരഗതമാക്കി മുസ്ലീങ്ങൾ ഐശ്വര്യത്തിലും സന്തോഷത്തിലും ഐക്യത്തിലും ജീവിച്ചുവരുമ്പോഴാണ് കുഴപ്പക്കാരനായ ദജ്ജാലിന്റെ പുറപ്പാട് ...
അന്ത്യനാൾ വരെ ലോകത്ത് വരാനിരിക്കുന്ന ഫിത്നകളിൽ ഏറ്റവും വലിയ ഫിത്നയാണ് ദജ്ജാലിന്റെ ഫിത്ന എന്ന് നബി (സ്വ) തങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. ഓരോ വിശ്വാസിയും എല്ലാം ഫർള് നിസ്കാരത്തിന്റെ അവസാനഭാഗത്തു ദജ്ജാലിന്റെ ഫിത്നയിൽ നിന്ന് അള്ളാഹുവിനോട് കാവൽ ചോദിക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട് എന്നത് തന്നെ ആ ഫിത്നനയുടെ ഗൗരവം നമ്മെ ബോധ്യപ്പെടുത്തുന്നു ..
ദജ്ജാലിനെക്കുറിച്ച് നബി (സ്വ) തങ്ങൾ വിശദീകരണം നൽകുന്ന ഒരു ഹദീസ് സ്വഹാബിവര്യൻ അസ്രത് അബു ഉമാമ (റ) വിവരിക്കുന്നതിങ്ങനെയാണ്...
നബി (സ്വ) തങ്ങൾ പറയുന്നു: "അള്ളാഹു ആദം നബിയെ സൃഷ്ടിച്ചതുമുതൽ ദജ്ജാലിന്റെ ഫിത്നയെക്കാളും വലിയൊരു ഫിത്ന ഭൂമിൽ സംഭവിക്കാനില്ല. ദജ്ജാലിനെക്കുറിച്ച് (തന്റെ സമൂഹത്തിന്) മുന്നറിയിപ്പ് നൽകാതെ ഒരൊറ്റ നബിയും മുമ്പ് കഴിഞ്ഞുപോയിട്ടില്ല. ഞാൻ അവസാനത്തെ നബിയാണ്. നിങ്ങൾ അവസാനത്തെ സമുദായവും. അതുകൊണ്ട് തന്നെ നിങ്ങളിലാണ് ദജ്ജാൽ പ്രത്യക്ഷപ്പെടുക... യാതൊരു സംശയവും വേണ്ട...''
'' ഞാൻ നിങ്ങൾക്കിടയിലുണ്ടായിരിക്കെ അവൻ പ്രത്യേക്ഷപ്പെടുകയാണെങ്കിൽ ഞാനവനെ പ്രതിരോധിച്ചു കൊള്ളാം. എന്റെ കാല ശേഷമാണ് വരുന്നതെങ്കിൽ ഓരോ മുസ്ലിമും സ്വയം പ്രതിരോധിച്ചേ പറ്റൂ...''
ശാമിന്റെയും ഇറാഖിന്റെയും ഇടയിൽ സ്ഥിതിചെയ്യുന്ന ഇസ്ബഹാൻ എന്ന പ്രദേശത്തെ ജൂതന്മാർക്കിടയിൽ നിന്നാണവൻ വരിക. വലത്തോട്ടും ഇടത്തോട്ടും അവൻ മാറി മാറി സഞ്ചരിക്കും. അല്ലാഹുവിന്റെ അടിമകളായ നിങ്ങൾ അന്ന് ഉറച്ചുനിൽക്കണം...
''അവന്റെ ലക്ഷണങ്ങൾ, എനിക്ക് മുമ്പ് കഴിഞ്ഞുപോയ ഒരു നബിയും വിവരിച്ചിട്ടില്ലാത്ത വിവരങ്ങൾ ഞാൻ പറഞ്ഞുതരാം. ഒറ്റക്കണ്ണനാണ്. ഉള്ള കണ്ണ് തന്നെ കോങ്കണ്ണുമായിരിക്കും. മുന്തിരി കുലയിൽ നിന്ന് തെറിച്ചു നിൽക്കുന്ന ഒറ്റ മുന്തിരിയെപ്പോലെ അവന്റെ കണ്ണ് പുറത്തേക്ക് തള്ളി നിൽക്കും. അവൻ റബ്ബാണെന്ന് വാദിക്കും അവന്റ രണ്ട് കണ്ണിന്റെയും സ്ഥാനങ്ങൾക്കിടയിൽ *കാഫിർ* എന്ന് രേഖപെടുത്തിയിടുണ്ടാകും. എഴുത്തും വായനയും അറിയുന്നവരും അറിയാത്തവരുമായ എല്ലാ വിശ്വാസികൾക്കും അത് വായിക്കാൻ പറ്റും...''
''അവന്റെ കൂടെ സ്വർഗ്ഗവും നരകവും ഉണ്ടാകും. പക്ഷെ അവന്റെ നരകം യഥാർത്ഥത്തിൽ സ്വർഗ്ഗവും. അവന്റെ സ്വർഗ്ഗം യഥാർത്ഥത്തിൽ നരകവും ആയിരിക്കും. അവൻ ആരെയെങ്കിലും നരകത്തിലേക്ക് എറിഞ്ഞാൽ അവൻ *സൂറത്തുൽ കഹ്ഫിലെ ആദ്യത്തെ പത്ത് ആയത്തുകൾ* ഓതിക്കൊള്ളട്ടെ. എന്നാൽ ഇബ്രാഹിം നബി (അ)ന് അഗ്നി തണുപ്പും രക്ഷയും ആയതുപോലെ അവനുമത് തണുപ്പും രക്ഷയുമായി ഭവിക്കും ... !''
അവ പാരായണം ചെയ്താൽ ദജ്ജാലിൻെ ഫിത്നയിൽ നിന്ന് രക്ഷ ലഭിക്കുമെന്ന് നബി (സ്വ) തങ്ങൾ പറഞ്ഞതായി നിരവധി ഹദീസ് ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്
ജനങ്ങളുടെ വിശ്വാസം തകർക്കാനും ഈമാൻ നശിപ്പിക്കാനും ദജ്ജാൽ ഭഗീരഥശ്രമം തന്നെ നടത്തും. ഗ്രാമീണനായ ഒരറബിയെ അവൻ സമീപിക്കും. എന്നിട്ട് പറയും: "നിന്റെ മരണപ്പെട്ട മാതാപിതാക്കളെ ഞാൻ ജീവിപ്പിച്ചു തന്നാൽ ഞാൻ റബ്ബാണെന്ന് നീ അംഗീകരിക്കുമോ ...?"
അഹ്‌റാബി പറയും: "അതെ!"
അപ്പോൾ വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു മണ്മറഞ്ഞു പോയ അഹ്‌റാബിയുടെ മാതാവിന്റെയും പിതാവിന്റെയും രൂപത്തിൽ രണ്ട് പിശാചുക്കൾ പറയും: "മോനെ! നീ അദ്ദേഹത്തെ (ദജ്ജാലിനെ) പിൻപറ്റുക. കാരണം അദ്ദേഹം നിന്റെ റബ്ബാണ്.
അത് പോലെ ദജ്ജാൽ ആകാശത്തോട് മഴ വർഷിപ്പിക്കാൻ പറയും. അപ്പോൾ ആകാശം മഴ വർഷിപ്പിക്കും. ഭൂമിയോട് മുളപ്പിക്കാൻ പറയും. അപ്പോൾ ഭൂമി മുളപ്പിക്കും. അപ്പോൾ വിശ്വാസത്തിന് ശക്തിയില്ലാത്തവരെല്ലാം അവൻ തന്നെയാണ് റബ്ബെന്ന് അംഗീകരിക്കും. നല്ല വിശ്വാസമുള്ളവർക്കേ അന്ന് പിടിച്ചുനിൽക്കാനാവൂ ...
ഇതു പോലെ ദജ്ജാൽ നിരവധി അത്ഭുതങ്ങൾ കാണിക്കും. ധാരാളം പേർ ഇതെല്ലാം കണ്ടും കേട്ടും അവന്റെ വലയിൽ വീഴുകയും ചെയ്യും. ദിവസവും നിർവഹിക്കപ്പെടുന്ന അഞ്ച് വക്ത് നിസ്കാരങ്ങളിലും അത്തഹിയാത്തിന് ശേഷമുള്ള പ്രാർത്ഥനയിൽ ദജ്ജാലിന്റെ ഫിത്നയിൽ നിന്ന് അല്ലാഹുവിനോട് കാവൽ ചോദിക്കാൻ മുസ്ലിങ്ങൾ കല്പിക്കപ്പെട്ടത് അതുകൊണ്ട് തന്നെയാണ്...
ഇസ്വബ്ഹാനിലെ 70,000ത്തോളം വരുന്ന ജൂതന്മാരായിരിക്കും ദജ്ജാലിന്റെ അനുയായികൾ. അവരുടെ കണ്ണുകൾ പരിച പോലെ പരന്നതായിരിക്കും. നാൽപ്പത് ദിവസമാണ് ദജ്ജാൽ ഭൂമിയിൽ കുഴപ്പങ്ങൾ വിതച്ച് സ്വൈര്യ വിഹാരം നടത്തുക. അതിൽ ആദ്യ ദിവസം ഒരു വർഷം പോലെയും, രണ്ടാം ദിവസം ഒരു മാസം പോലെയും, മൂന്നാം ദിവസം ഒരാഴ്ച പോലെയും ദൈർഘ്യമുള്ളതായിരിക്കും. ബാക്കി ദിവസങ്ങൾ സാധാരണ ദിവസങ്ങൾ പോലെതന്നെയായിരിക്കും...
ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മക്കയും മദീനയുമല്ലാത്ത ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും ദജ്ജാൽ സഞ്ചരിക്കും. എന്നാൽ മക്കയിലും മദീനയിലും ഒരിക്കലും അവന് പ്രവേശിക്കാനാവില്ല. ആ പുണ്യ നാടുകളുടെ കവാടങ്ങളിൽ മലക്കുകൾ കാവൽ നിൽകുന്നതാണ് കാരണം...
ദജ്ജാൽ പുറപ്പെടുമ്പോൾ മുസ്ലിങ്ങളുടെ നേതാവായ ഇമാം മഹ്ദി (റ), ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്ന ദജ്ജാലിനെതിരെ യുദ്ധത്തിനിറങ്ങുമെന്നും തിരുനബി (സ്വ) തങ്ങളുടെ തലപ്പാവണിഞ്ഞാണ് ഇമാം മഹ്ദി (റ) ദജ്ജാലിനോട് ഏറ്റു മുട്ടുകയെന്നും ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ദജ്ജാലിന്റെ ഫിത്ന ഭയന്ന് ഇമാം മഹ്ദിയും അനുയായികളും ബൈത്തുൽ മുഖദ്ദസിൽ അഭയം പ്രാപിക്കുന്നതാണ്...
കഹ്ബുൽഅഹ്ബാർ (റ) പറയുന്നു: "ദജ്ജാൽ ബൈത്തുൽ മുഖദ്ദസ് വളയും. മഹ്ദി ഇമാമും മുസ്ലിങ്ങളും അതിനുള്ളിൽ ഉപരോധിക്കപ്പെടും. അവർക്ക് ശക്തമായ വിശപ്പ് അനുഭവപ്പെടും. വിശപ്പിന്റെ കാഠിന്യത്താൽ അവർ വില്ലിൽ ബന്ധിച്ച കയർ പോലും ഭക്ഷിക്കും. അങ്ങനെയിരിക്കെ ഒരു പ്രഭാത സമയത്തു സുബ്ഹി നിസ്കാരത്തിനൊരുങ്ങവേ അവരൊരു ശബ്ദം കേൾക്കും. അതു കേട്ടവർ ചുറ്റും നോക്കും. അപ്പോഴതാ അവർക്ക് മുമ്പിൽ ഈസാ നബി (അ) നിൽക്കുന്നു. അവർക്ക് സന്തോഷമാകും..."
അബൂ ഉമാമ (റ) നിവേദനം: ഒരു ദിവസം നബി(സ്വ) തങ്ങൾ ദജ്ജാലിനെക്കുറിച്ച് ഞങ്ങളോട് പ്രസംഗിച്ചു. പ്രസംഗമദ്ധ്യേ അവിടുന്ന് പറഞ്ഞു: "തീർച്ചയായും മദീന അഴുക്കിനെ അകറ്റിക്കളയും. ഉല ഇരുമ്പിലെ അഴുക്കിനെ നീക്കുന്നത് പോലെ"
അപ്പോൾ ഉമ്മു ശരീക് (റ) ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരെ! അന്ന് അറബികൾ എവിടെയായിരിക്കും..?"
അവിടുന്ന് പറഞ്ഞു: "അന്നവർ കുറവായിരിക്കും. മുസ്ലിങ്ങൾ ഭൂരിഭാഗവും അന്ന് ബൈത്തുൽ മുഖദ്ദസിലായിരിക്കും. അവരുടെ ഇമാം, ഇമാം മഹ്ദി എന്ന് പേരുള്ള സദ് വൃത്തനായ ഒരു പുരുഷനായിരിക്കും ..."
(ഇബ്നുമാജ)
(ഇബ്നുമാജ)
Post a Comment