ഇമാം മഹ്ദി (റ)യുടെ സ്വഭാവം
വളരെ നല്ല സ്വഭാവത്തിനുടമയായിരിക്കും ഇമാം മഹ്ദി (റ) വെന്ന് നബി (ﷺ) തങ്ങൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു നേതാവിനുണ്ടായിരിക്കേണ്ട സവിശേഷ സിദ്ധികൾക്ക് പുറമേ, അല്ലാഹുവിന്റെ ഇഷ്ട ദാസന്മാർക്കുണ്ടാകുന്ന എല്ലാ ഉത്‌കൃഷ്ട ഗുണങ്ങളും മേളിച്ച വ്യക്തിയായിരിക്കും ഇമാം മഹ്ദി (റ) .
മഹ്ദി ഇമാമിന്റെ സ്വഭാവത്തെ തിരുനബി (ﷺ) തങ്ങളുടെ സ്വഭാവത്തോടുപമിക്കാവുന്നതാണ്.
നബി (ﷺ) തങ്ങൾ പറയുന്നതായി ഹുദൈഫ (റ) ഉദ്ധരിക്കുന്നു: ഇഹലോകം അവസാനിക്കാനിരിക്കെ എന്റെ കുടുബത്തിൽനിന്നൊരാളെ ഈ സമുദായത്തിന്റെ നന്മയ്ക്കുവേണ്ടി അള്ളാഹു നിയോഗിക്കും. അദേഹത്തിന്റെ പേര് എന്റെ പേര് തന്നെയായിരിക്കും. പക്ഷെ, എന്റെ ശരീര പ്രകൃതി അദ്ധേഹത്തിനുണ്ടാവില്ല" (ബൈഹഖി)
സൽസ്വഭാവത്തിനുടമയായത് കൊണ്ട് തന്നെ ആകാശ ഭുമികളിലുള്ളവരെല്ലം ഇമാം മഹ്ദിയെ ഇഷ്ടപ്പെടുന്നതാണ്. അബു സഈദിൽഖുദരി (റ) നിവേദനം: നബി (ﷺ) തങ്ങൾ പറഞ്ഞു: "ജനങ്ങൾ ശക്തമായ പരീക്ഷങ്ങൾക്ക് വിധേയരാകുമ്പോൾ അവരുടെ രക്ഷകനും വിമോചകനുമായി എന്റെ കുടുബത്തിൽനിന്നൊരാൾ ഭരണമേറ്റെടുക്കും. ഭൂമി മുഴുവൻ അദ്ദേഹം നീതി നിറക്കും. ആകാശ ഭുമിയിൽ വസിക്കുന്നവരെല്ലാം അദ്ദേഹത്തെ പ്രിയം വെക്കും" (സുനനുബ്നുസഈദ്).
മലക്കുകളും മനുഷ്യരും മാത്രമല്ല, വാനലോകത്ത് പാറിപ്പറക്കുന്ന പക്ഷിപറവകൾപോലും മഹ്ദി ഇമാമിനെ പ്രിയം വെക്കുമെന്ന് മറ്റൊരു ഹദീസിൽ കാണാം. ഇമാം ത്വബ്‌റാനി ഉദ്ധരിക്കുന്ന പ്രസ്‌തുത ഹദീസിൽ ആകാശ ഭൂമിയിലെ വാസികൾക്ക് പുറമെ അന്തരീക്ഷത്തിലെ പക്ഷി പറവകൾ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടും എന്നൊരു വചനം കൂടിയുണ്ട്...
ഭക്തിയോടെ ജീവിതം നയിക്കുന്നതിൽ ബദ്ധശ്രദ്ധരായിരിക്കും ഇമാം മഹ്ദി (റ). ഏത് ശക്തിയെയും കിഴടക്കുന്ന ഭക്തിയായിരിക്കും അദ്ദേഹത്തിന്റെ മുഖമുദ്ര. സ്വഹാബീവര്യനായ കഹബുൽഅഹബ്ബാർ (റ) പറയുന്നു: 'പരുന്ത് തന്റെ ചിറക് താഴ്ത്തുന്നത്പോലെ അല്ലാഹുവിന്റെ മുമ്പിൽ താഴ്മ രേഖപ്പെടുത്തുന്ന മഹാനാണ് ഇമാം മഹ്ദി (റ)...
ഇമാം മഹ്ദിയുടെ എടുത്തുപറയേണ്ട മറ്റൊരു ഗുണമാണ് ധർമ്മശീലം. ആർക്കും എന്തും വാരി കോരി സ്വദഖ ചെയ്യുന്ന മഹനാണ് ഇമാം മഹ്ദിയെന്നതിന് നിരവധി ഹദീസുകൾ സാക്ഷിയാണ് ...
അബുസഈദിൽഖുദരി (റ) നിവേദനം: നബി (ﷺ) തങ്ങൾ പറയുന്നു: അവസാന കാലത്ത് നിങ്ങൾക്കൊരു ഭരണാധികാരി വരാനിരിക്കുന്നു. ജനങ്ങൾക്കെല്ലാം അദ്ദേഹം സമ്പത്ത് വാരിക്കോരി നൽകും. എണ്ണുക പോലുമില്ല... (മുസ്‌ലിം)
മഹ്ദി ഇമാമാണ് ഈ ഹദീസിൽ പറഞ്ഞ ഭരണാധികരിയെന്നു ഇമാം നവവി (റ) അടക്കമുള്ള എല്ലാ ഹദീസ് പണ്ഡിതൻമാരും വിശദീകരിച്ചിട്ടുണ്ട് ...
ഇമാം മഹ്ദിയുടെ ധാനശീലത്തേയും ഔദാര്യത്തേയും സൂചിപ്പിക്കുന്ന ഒരു ഹദീസ് അബു സഈദിൽ ഖുദ്‌രി (റ)ഉദ്ധരിക്കുന്നു: "ഇമാം മഹ്ദിയുടെ ഭരണകാലത്ത് മുസ്ലിങ്ങൾക്ക് സാമ്പത്തികമായി നല്ല പുരോഗതിയുണ്ടാകും. ഇമാം മഹ്ദിയുടെ നിർദ്ദേശപ്രകാരം ഒരാൾ വിളിച്ചു പറയും : നിങ്ങളിലാർക്കെങ്കിലും സമ്പത്ത് അവശ്യമുള്ളവരുണ്ടോ ? ഉണ്ടെങ്കിൽ പറയുക ...!"
അപ്പോൾ ഒരാളൊഴികെ ആരും എഴുന്നേൽക്കില്ല. എഴുന്നേറ്റയാൾ പറയും :
" എനിക്കാവശ്യമുണ്ട് ...!"
" എനിക്കാവശ്യമുണ്ട് ...!"
ഉടനെ അദ്ദേഹത്തോട് ഇമാം മഹ്ദി പറയും: "ഖജനാവ് സുക്ഷിപ്പുകാരന്റെടുത്ത് ചെന്ന് വേണ്ടത് വാങ്ങിക്കൊള്ളൂ ... ഇമാം മഹ്ദി വേണ്ടത് തരാൻ കല്പിച്ചിരിക്കുന്നുവെന്ന് പറഞ്ഞാൽ മതി..."
അയാൾ ഖജനാവ് സൂക്ഷിപ്പുകാരന്റെ അടുത്തെത്തിയാൽ സൂക്ഷിപ്പുകാരൻ പറയും : " വേണ്ടത് വരിയെടുത്തോളൂ..."
അയാൾ സമ്പത്ത് വാരിയെടുത്ത് മടയിൽ നിറക്കും. പക്ഷെ മടിയിൽ സമ്പത്ത് നിറയുമ്പോൾ അയാൾക്ക് മനംമാറ്റമുണ്ടാകും... അയാൾ സ്വയം പറയും: "മുഹമ്മദ് നബി (ﷺ) തങ്ങളുടെ ഉമ്മത്തുകളായ മുസ്‍ലിം സമൂഹത്തിൽ എന്നെക്കാളും വലിയ അത്യാർത്തിക്കാരനുണ്ടാകില്ല. എല്ലാവരുടേയും പക്കലുള്ളതെല്ലാം എന്റെയടുത്തുമുണ്ടല്ലോ... പിന്നെന്തിന് എനിക്കീ സമ്പത്ത് ?"
ഇങ്ങനെ ചിന്തിച്ചു കൊണ്ടയാൾ താൻ സ്വീകരിച്ച സമ്പത്തെല്ലാം തിരിച്ചു കൊടുക്കാനൊരുങ്ങും. അപ്പോൾ മഹ്ദി ഇമാം അത് സ്വീകരിക്കാൻ തയ്യാറാവുകയില്ല. മഹ്ദി ഇമാം പറയും: "ഞങ്ങൾ അങ്ങോട്ട് കൊടുക്കാറെയുള്ളൂ... ഇങ്ങോട്ട് വാങ്ങാറില്ല... ദാനം ചെയ്‌ത ഒരു വസ്തു തിരിച്ചു വാങ്ങുന്ന ഒരു സ്വഭാവവും ഞങ്ങൾക്കില്ല. അതു കൊണ്ട് അതെല്ലാം താങ്കൾ തന്നെ കൊണ്ടുപൊയ്ക്കൊള്ളൂ ..."
തിരുനബി (ﷺ) തങ്ങളുടെ മഹനീയ മാതൃക പിൻപറ്റി കൊണ്ട് തന്നെ പവങ്ങളോട് വല്ലാതെ കാരുണ്യം ചൊരിയുന്ന നേതാവു കൂടിയായിരിക്കും ഇമാം മഹ്ദി (റ). അതേ സമയം തന്റെ ഭരണത്തിന് കീഴിലെ ഗവർണ്ണർമാരോടും ഉദ്യോഗസ്ഥരോടും ഇമാം മഹ്ദി കർക്കശ നിലപാട് സ്വീകരിക്കും. അവരിൽ നിന്ന് സൽഭരണത്തിന് വികാതമാകുന്ന യാതൊരു വിധ നിയമ നടപടികളും ഉണ്ടാവാതിരിക്കാനാണത് ...
അല്ലാമാ ത്വാഉസ് (റ)പറയുന്നു : "കീഴുദ്യോഗസ്ഥരോട് കർക്കശ നിലപാട് കൈക്കൊള്ളുക. സമ്പത്ത് വല്ലാതെ ധർമ്മം ചെയ്യുക. പാവങ്ങളോട് കൂടുതൽ കരുണകാണിക്കുക. ഇതെല്ലാം വരാൻ പോകുന്ന മഹ്ദി ഇമാമിന്റെ ലക്ഷണങ്ങളാകുന്നു ..."
വാക്കുകൾ പാലിക്കുന്നതിലും മഹ്ദി ഇമാം മലോകർക്ക് മാതൃകയായിരിക്കും. എന്ത് ത്യാഗം സഹിച്ചും മഹാൻ വാക്ക് പാലിക്കും ...
ഒരിക്കൽ നബി (ﷺ) തങ്ങൾ എന്നോട് പറഞ്ഞു: "ഹുദൈഫാ! അവസാനകാലത്ത് എന്റെ കുടുംബത്തിൽപ്പെട്ട ഒരാൾ സമുദായ നേതൃത്യം കയ്യാളും. അദ്ദേഹം കാരണത്താൽ മുസ്ലിങ്ങൾക്ക് അന്തസുണ്ടാകും. അദ്ദേഹം ഒരിക്കൽ പോലും വാക്ക് പാലിക്കാതിരിക്കുകയില്ല...(അബുനുഐം)
സമരാർജിത സ്വത്തും മറ്റുമായി നിരവധി സമ്പത്ത് ഇമാം മഹ്ദിയുടെ കൈയിലെത്തും. പക്ഷെ അതിലൊന്നും താൽപ്പര്യം കാണിക്കാതെ അതെല്ലാം ദാനം ചെയ്ത് തീർക്കുന്നതിലായിരിക്കും മഹാന്റെ ശ്രദ്ധ. അത്രയും ഭൗതിക പരിത്യാഗി (സാഹിദ്) യായിരിക്കും ഇമാം മഹ്ദി (റ)...
അതുപോലെ ഇമാം മഹ്ദിയുടെ എടുത്തു പറയേണ്ട മറ്റൊരു ഗുണമാണ് ദാനം ചെയ്യുന്നതിലോ നീതി നടപ്പാക്കുന്നതിലോ യാതൊരു വിധ പക്ഷപാതിത്വവും തന്നിൽ നിന്നുണ്ടാവില്ലെന്നത്. എല്ലാവർക്കും അവരർഹിക്കുന്നത് തന്നെ നൽകുന്നതിൽ ബദ്ധശ്രദ്ധനായിരിക്കും ഇമാം മഹ്ദി (റ)...
നബി (ﷺ) തങ്ങൾ ഒരിക്കൽ സ്വഹാബികളോട് പറഞ്ഞു: "അദ്ദേഹം (ഇമാം മഹ്ദി) സമ്പത്ത് ശരിയായ നിലയിൽ ഓഹരി ചെയ്യുന്നതാണ് ...
അപ്പോൾ ഒരാൾ സംശയം ചോദിച്ചു: "ശരിയായ നിലയിൽ എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നതെന്താണ് ...?"
നബി (ﷺ) തങ്ങൾ മറുപടി പറഞ്ഞു : ജങ്ങൾക്കിടയിൽ തുല്യമായി, യാതൊരു പക്ഷപാതിത്വവുമില്ലാതെ, നീതിയുക്തമായി ഇമാം മഹ്ദി (റ) സമ്പത്ത് വീതിച്ചു കൊടുക്കുമെന്ന് തന്നെ..."
ഇമാം മഹ്ദിയുടെ നിതിബോധത്തിലെ കാണിശത സൂചിപ്പിച്ചു കൊണ്ട് ജഹ്ഫറബിന് യാസരിശ്ശാമി (റ)പറയുന്നു : അക്രമമായി ആരെല്ലാം എന്തെല്ലാം കൈയടക്കി വച്ചിടുണ്ടോ അതെല്ലാം എത്ര രഹസ്യമായി വെച്ചിരുന്നാലും ഇമാം മഹ്ദി തിരിച്ചുപിടിക്കും. ഒരാളുടെ അണപ്പല്ലിനുതാഴെ അന്യായമായത് വെച്ചിരുന്നാൽ പോലും ഇമാം മഹ്ദി അത് പിടിച്ചെടുത്ത് യദാർത്ഥ അവകാശിക്ക് തിരിച്ചേൽപ്പിക്കുന്നതാണ്.(തകിമിലത്തുൽ ഫിതൻ)
പ്രമുഖ സ്വാഹബീവര്യനും മുൻകാല വേദ പരിജ്ഞാനിയുമായ കഅബൂൽ അഹബർ (റ) ഇമാം മഹ്ദിയെയും തന്റെ ഭരണത്തെയും വിലയിരുത്തുന്നതിങ്ങനെയാണ്: "തീർച്ചയായും ഞാൻ മഹ്ദി ഇമാമിനെ കാണുന്നത് പ്രവചകന്മാരെപോലെയാണ്. അദേഹത്തിന്റെ ഭരണത്തിൽ അക്രമമോ അനീതിയോ വിഷമമോ ഒട്ടുമുണ്ടാവില്ല...!"
അനീതിയും അഴിമതിയും അരാജകത്വവും കൊടികുത്തിവാഴുന്ന ഈ ആധുനിക ലോകത്ത്, നബി (ﷺ) തങ്ങൾ ദീർഘദർശനം ചെയ്ത മഹ്ദി ഇമാമിന്റെ പ്രസക്തി അനുദിനം വർദ്ധിച്ചുവരികയാണ്. ആധുനികതയുടെ അതിപ്രസരത്തിൽ ഭരണ രംഗത്തെ മൊത്തമായും ആഴത്തിൽ ഗ്രസിച്ച അധർമത്തെയും അനീതിയേയുമെല്ലാം തുടച്ചുനീക്കി നീതിയുക്തമായ ഒരു നല്ല ഭരണം കാഴ്ച വെക്കാൻ ഇനി മഹ്ദി ഇമാം തന്നെ വരേണ്ടി വരുമെന്നാണ് ഈ ഹദീസുകളെല്ലാം സൂചിപ്പിക്കുന്നത്...
Post a Comment