ആലി മുസ്‌ലിയാർ എന്ന ഇതിഹാസം


1922 ഫെബ്രുവരി 17 ന് ആലി മുസ്‌ലിയാര്‍ എന്ന ധീരദേശാഭിമാനി ബ്രിട്ടീഷ് തൂക്കുകയറിനെ പോലും തോല്‍പിച്ച് അല്ലാഹുവിലേക്കു യാത്രയായി. കൊളോണിയലിസത്തിനെതിരെ ഒരു ജനതയുടെ പോരാട്ട വീര്യമാണ് 99 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ആ ഓര്‍മ സമ്മാനിക്കുന്നത്. 1921 ലെ മലബാര്‍ സമരത്തിന്റെ ബൗദ്ധിക കേന്ദ്രമായിരുന്നു ആലി മുസ്‌ലിയാര്‍. മക്കത്ത് പോയി ഫിഖ്ഹും തസ്വവ്വുഫും പഠിച്ച്, ദ്വീപില്‍ ഉള്‍പ്പെടെ ദര്‍സ് ജീവിതവുമായി കഴിഞ്ഞിരുന്ന ആ സാത്വിക പണ്ഡിതന്‍ തന്റെ ജീവിതത്തിന്റെ സായാഹ്നത്തില്‍ കുറഞ്ഞ മാസങ്ങള്‍ മാത്രമാണ് സമരമുഖത്തുണ്ടാകുന്നത്. സമരജീവിതത്തിലപ്പുറം പതിറ്റാണ്ടുകള്‍ നീണ്ട അദ്ദേഹത്തിന്റെ വൈജ്ഞാനികയും ആത്മീയവുമായ ജീവിതത്തെ സമഗ്രമായി വായിക്കുമ്പോള്‍ മാത്രമേ ആലി മുസ്‌ലിയാര്‍ എന്ന ധീര പണ്ഡിതനെ യഥായോഗ്യം അടയാളപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ആ ഓര്‍മകള്‍ക്ക് ഇന്നും ഏറെ പ്രസക്തിയുണ്ട്.



ഫെബ്രുവരി 17ആലി മുസ്ലിയാർ രക്തസാക്ഷിത്വ ദിനം.

ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ സ്വാതന്ത്രസമരസേനാനി,ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് ധീരമായി നേതൃത്വം വഹിച്ച പ്രമുഖപണ്ഡിതനൂമായിരുന്നു ആലി മുസ്ലിയാർ.

ഏറനാട് താലൂക്കിൽ ഇപ്പോഴത്തെ മഞ്ചേരി മുനിസിപാലിറ്റിയുടെ കിഴക്കേ അതിർത്തി ഗ്രാമമായ നെല്ലിക്കുത്ത് എരിക്കുന്നൻ പാലത്തും മൂലയിൽ ആലി മുസ്ലിയാർ 1864 ൽ ജനിച്ചു. പിതാവ്:ഏലിക്കുന്നൻ പാലത്ത് മൂലയിൽ കുഞ്ഞിമൊയ്തീൻ. മാതാവ്:പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിലെ കോടക്കൽ ആമിന.നെല്ലികെത്തെ ഓത്ത് പള്ളിയിൽ അറബി പഠനവും ശേഷം അക്കാലത്തെ പ്രമുഖ മത വിദ്യാഭ്യാസ കേന്ദ്രമായിരുന്ന പൊന്നാനിയിൽ പത്തുകൊല്ലക്കാലം അദ്ദേഹം പഠിച്ചു.തുടർന്ന് ഉപരിപഠനാർഥം മക്കയിലേക്ക് പോവുകയും അവിടെ ഹറം ശരീഫിൽ താമസിച്ച് ഹദീസ്, ഖുർ ആൻ എന്നിവയിൽ അഗാധപാണ്ഡിത്യം നേടുകയും ചെയ്തു.തുടർന്ന് അദ്ദേഹം കവരത്തി ദ്വീപിലെത്തുകയും അവിടത്തെ ഇസ്ലാമിക പ്രവർത്തനങ്ങൾക്ക് നേത്രുത്വം നൽകുകയുമുണ്ടായി.

ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളാൽ പ്രക്ഷുബ്ധമായിരുന്ന മലബാറിൽ നിന്ന് 1894 ൽ തൻറെ ജേഷഠൻ രക്തസാക്ഷിയായ വിവരം മറ്റൊരു സഹോദരനായ മമ്മിക്കുട്ടി മുസ്ലിയാർ മുഖേന അറിഞ്ഞാണ് ആലി മുസ്ലിയാർ കേരളത്തിലെത്തുന്നത്. സഹോദരൻ മമ്മിക്കുട്ടിയെ തൻറെ ചുമതല ഏൽപ്പിച്ചാണ് അദ്ദേഹം കവരത്തിയിൽ നിന്ന് പുറപ്പെട്ടത്. മലബാറിലെത്തിയ ആലി മുസ്ലിയാർ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഖിലാഫത്ത് പ്രസ്ഥാനത്തിൽ ചേരുകയും ബ്രിട്ടീഷ്കാർക്കെതിരിലുള്ളസമാധാനപരമായ സമരപ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും ചെയ്തു.ഖിലാഫത്ത് പ്രസ്ഥാനത്തിലേക്കുള്ള അദ്ദേഹത്തിൻറെ പ്രവേശത്തെ പ്രചോദിച്ചത് കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാർ,എം.പി.നാരായണമേനോൻ എന്നിവരായിരുന്നു.പിന്നീട് നിസ്സഹകരണ പ്രസ്ഥാനത്തിലും അദ്ദേഹം ഭാഗഭാക്കായി. അദ്ദേഹം പള്ളികളിൽ വെച്ച് നടത്തിയിരുന്ന പഠനക്ലാസുകൾ ബ്രിട്ടീഷ് വിരുദ്ധ ജനകീയ പ്രക്ഷോഭങ്ങൾക്ക് ജനങ്ങളെ സജ്ജരാക്കുന്നതായിരുന്നു.തികച്ചും സമാധാനപരമായി സംഘടിപ്പിക്കപെട്ടിരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തെ പ്രക്ഷുബ്ധതയിലേക്കും സംഘർഷ പൂർണമായ രക്തോത്സവങ്ങളിലേക്കും നയിച്ചത് ബ്രിട്ടീഷ്കാർ തന്നെയായിരുന്നു. ഏതാനും ആഴ്ചകളാണങ്കിലും കേരള മുസ്ലിംകളുടെ ഖലീഫയായി അദ്ദേഹം നിലകൊണ്ടു.അദ്ദേഹത്തിനു രണ്ടര ലക്ഷത്തോളം അനുയായികൾ അനുസരണ പ്രതിജ്ഞ ചെയ്തതായും അറുപതിനായിരത്തോളം കേഡർ വളണ്ടിയർ മാർ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.അദ്ദേഹത്തിൻറെ പ്രക്ഷോഭസമരങ്ങളിൽ അസ്വസ്ഥമായ ഭരണകൂടം നിരവധി ക്രൂരമായ അടിച്ചമർത്തൽ നടപടികൾ സ്വീകരിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഭരണകൂടത്തിൻറെ നിരന്തരമായ പീഡനങ്ങൾക്ക് ഇരയാക്കപ്പെട്ടുകൊണ്ടിരുന്ന അദ്ദേഹം മുസ്ലിം ജനസാമാന്യത്തിൻറെ പതിതോവസ്ഥകൾ പരിഗണിച്ച് കീഴടങ്ങുകയാണുണ്ടായത്.

1922 ഫിബ്രുവരി 17 ന് കോയമ്പത്തൂർ ജയിലിൽവെച്ച് അദ്ദേഹത്തെ തൂക്കിലേറ്റിയതായാണ് ജയിൽ രേഖകൾ.