വയനാട്ടിൽ ഇസ്‌ലാം പ്രചരിപ്പിച്ച സൂഫി പ്രബോധകന്മാര്‍


നാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വയനാട്ടിലേക്ക് മുസ്ലിംകള്‍ സംഘടിതമായി കുടിയേറിയതിന് രേഖകള്‍ ഇല്ലെങ്കിലും, മത പ്രബോധകന്മാരായ സൂഫികള്‍ ഈ പ്രദേശത്ത് എത്തിയിരുന്നു എന്നതിന് തെളിവുകള്‍ ഒട്ടേറെയുണ്ട്. ഔലിയാക്കന്മാര്‍ എകാന്ത വിജനമായ പ്രദേശങ്ങള്‍ ആരാധനക്കായി തെരഞ്ഞെടുക്കുന്ന പതിവ് ലോകത്തിലെങ്ങുമുള്ളതാണ്. അത്തരം പ്രദേശങ്ങളിലെ ജനതയില്‍ മഹാന്മാരായ സൂഫികളുടെ സ്വാധീനം ഉണ്ടാവുക സ്വാഭാവികമാണ്. സൂഫികള്‍ മതപ്രബോധനകന്മാര്‍ കൂടിയായിരുന്നു എന്ന വസ്തുത ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. വയനാട്ടിലെ അസംഖ്യം മഖ്ബറകളില്‍ കുടികൊള്ളുന്ന ഔലിയാക്കന്മാരില്‍ പകുതിയില്‍ ഏറെ പേരും ഇത്തരത്തില്‍ പ്രബോധകന്മാരായി എത്തിയവരാണ്. അവരെ കുറിച്ച് എഴുതപ്പെട്ട അപദാനങ്ങളില്‍ അതിന് തെളിവുണ്ട്. കല്ല്യാണത്തു പള്ളിയില്‍ അന്ത്യവിശ്രമം കൊളളുന്ന ശാഹുല്‍ മുര്‍തള അത്തരമൊരു പ്രബോധകനായിരുന്നു. 'മലമ്പാമ്പും മലമ്പനിയുമുള്ള' വയനാടന്‍ പ്രദേശത്തേക്ക് പ്രബോധകനായി എത്തിയതിനെകുറിച്ച് അദ്ദേഹത്തെകുറുച്ചുള്ള മൗലിദില്‍ (അപദാന കീര്‍ത്തനം) പറയുന്നുണ്ട്. അവരുടെ വ്യക്തി പ്രഭാവത്തില്‍ ആകൃഷ്ടരായി ഇസ്ലാം മതം സ്വീകരിച്ചവര്‍ തീര്‍ച്ചയായും ഉണ്ടാവണം.

കല്ല്യാണത്തുപള്ളിക്കല്‍ (ശാഹുല്‍ മുര്‍തള) കോറോം (സയ്യിദ് ശിഹാബുദ്ദീന്‍) വാരാമ്പറ്റ (സയ്യിദ് അലി അക്ബര്‍ ദില്ലിക്കോയ) ബാവലി (ബാവ അലി) കാട്ടിച്ചിറക്കല്‍ (സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി) പക്രന്തളം (ഫഖ്‌റുദ്ദീന്‍ വലിയ്യ്) കലപ്പറ്റ (അബ്ദുല്‍ ഹനീഫു സ്സിജിസ്താനി) ഒണ്ടയങ്ങാടി (അബ്ദുല്ലാ ഖൈര്‍ ബലുചിസ്താനി) തവിഞ്ഞാല്‍ (വലിയ്യ് മക്കോലശൈഖ്) ഉള്ളിശ്ശേരി (അഹ്മദുല്‍ മഅ്ബരി) ഉള്ളിശ്ശേരി (വലിയ്യ് മുഹമ്മദ് ഔലിയ മസ്താന്‍) എന്നിടങ്ങളില്‍ മറമാടപ്പെട്ട ഔലിയാക്കന്മാര്‍ ഇബാദത്തിനും പ്രബോധനത്തിനും വേണ്ടി എത്തിപ്പെട്ടവരാണ്. ഇവരില്‍ പലരും മലയാളികളല്ല. ഇന്ത്യക്കാര്‍ പോലുമല്ല. വിദൂര ദേശങ്ങളില്‍ നിന്ന് നിരവധി നാടുകളും കാടുകളും താണ്ടിയെത്തിയവരാണ്. സ്വജീവിതത്തെ മാതൃകയാക്കി പ്രബോധനം നടത്തിയവരാണ്. അതിനാല്‍ വയനാട്ടിലേക്ക് ഇസ്ലാം എത്തിയതിന്റെ ഒരുവഴി, സൂഫികളിലൂടെയാണെന്ന് നിസ്സംശയം പറയാം. ജാതി, മതഭേദമന്യേ അവര്‍ തദ്ദേശവാസികള്‍ക്ക് സ്വീകാര്യരായിരുന്നു. ഇന്നും അവരുടെ മഖ്ബരങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ എല്ലാ ജാതി മതസ്ഥരം ഉള്‍പ്പെടും