ഇസ്ലാമും നരബലിയും : തെറ്റിദ്ധരിച്ചവരും ധരിപ്പിക്കുന്നവരും

ഒരിളം പൈതൽ സ്വന്തം മാതാവിന്റ  കൊലക്കത്തിക്ക് ഇരയായി  എന്ന വാർത്ത ഹൃദയം നുറുങ്ങുന്ന വേദനയോടെയല്ലാതെ ആർക്കും  കേൾക്കുവാനോ  വായിക്കാനോ കഴിയില്ല. അത്രക്ക് ഭീകരമാണത്. ഇത്തരം  ഹീനകൃത്യങ്ങൾ  നടക്കപ്പെടുന്ന വിധം  മലയാളി മനസ്സ് ഭീകരമാം വിധം രോഗാതുരമായോ? 

മക്കളെ എറിഞ്ഞു കൊല്ലുന്ന , കഴുത്തറുത്ത് കൊല്ലുന്ന അമ്മമാർ സമീപകാലത്ത് വാർത്തകളിൽ ഇടം പിടിക്കുന്നു . 

അത്തരം മനോ സമ്മർദ്ദങ്ങൾ  വികൃത മനോ രോഗങ്ങളായി  മാറുന്നത് നാം കാണാതെ പോകരുത്. സ്വബോധത്തോടെ ഒരു മാതാവും ചെയ്യാത്ത കൃത്യങ്ങൾ ആണ് നാം കേൾക്കേണ്ടി വരുന്നത്. സമാന സ്വഭാവമുള്ള വാർത്തകൾ  ഇതിനു മുമ്പും കേട്ടിരുന്നു. അടിസ്ഥാനപരമായ രോഗ ചികിൽസ വേണ്ടി വരുന്നു എന്നതാണ് ചിന്തിക്കേണ്ടത്. ഈ സംഭവങ്ങളിൽ മതത്തെ പ്രശ്നവൽക്കരിക്കുന്നത് , അനാവശ്യമായ  വിവാദങ്ങളിലൂടെ   ഈ വിഷയത്തിന്റെ ഗൗരവം കുറക്കാനുള്ള ഗൂഢാലോചനയാണ്.  വലിയ സാമൂഹിക ഇടപെടലുകളും ശാസ്ത്രീയമായ അന്വേഷണവും അനിവാര്യമായ ഒരു പ്രശ്നമാണിത്  . അത്തരം  ഇടപെടലുകൾ ആൽമാർത്ഥമായി നടത്തേണ്ടത്  സാംസ്കാരിക പ്രബുദ്ധതയുള്ള ഒരു സമൂഹമെന്ന നിലയിൽ  നാം കേരളീയരുടെ   കർത്തവ്യമാണ്.   

ഇസ്‌ലാം ഒരു വിധത്തിലും നരബലിയെ അനുവദിക്കുന്നില്ലെന്നത് ആർക്കും  അറിയാമെന്നിരിക്കെ  അത്തരം ചർച്ചകൾക്ക്   തുടക്കമിട്ട  യുക്തി വാദത്തിന്റെ പേരു പറഞ്ഞു നടക്കുന്ന സംഘപരിവാർ അജണ്ടക്കാരുടെ  ഉദ്ദേശം വ്യക്തമാണ്. 

ശാഹിദയെന്ന ഈ മാതാവിന്റെ  മനോനില എന്താണെന്ന്  പരിശോധിക്കപ്പെടേണ്ടതാണ്.  ചില മനോരോഗ ലക്ഷണങ്ങൾ അവർക്ക് ഉണ്ട് എന്നതാണ്  പത്രത്തിലൂടെ മനസ്സിലാവുന്നത്. ഇനി ഏതെങ്കിലും അന്ധവിശ്വാസങ്ങൾക്ക് അവരെ  ആരെങ്കിലും പ്രേരിപ്പിച്ചതായി കണ്ടെത്തിയാൽ  അയാളെ നിശിതമായി  ശിക്ഷിക്കപ്പെടണം. ജന്മം നൽകിയവളുടെ കൈകളാൽ ആ പൊന്നുമോൻ കൊല്ലപ്പെട്ടത്  ഉൾക്കൊള്ളാൻ  ഇപ്പോഴും കഴിയുന്നില്ല. അല്ലാഹു ആ പൊന്നു മോന് സ്വർഗീയ സന്തോഷം നൽകട്ടെ.

ഓണമ്പിള്ളി മുഹമ്മദ് ഫൈസി