മുസ്ലിങ്ങൾ കരുത്താർജ്ജിക്കൂ.. രാജ്യത്ത് മുസ്ലിംകൾക്ക് മാത്രമായി ഒരു പ്രശ്നവുമില്ല. 100 പേർ 100 രൂപക്ക് പെട്രോൾ അടിച്ചാൽ അതിൽ 14 കാക്കമാർ മാത്രം

സിക്ക്, പാഴ്സി മതക്കാരെ പോലെ മുസ്ലീങ്ങൾ കരുത്താർജ്ജിക്കണം. രാജ്യത്ത് മുസ്ലിംകൾക്ക് മാത്രമായി ഒരു പ്രശ്നവുമില്ല.
ഒരു ദുരന്തത്തെ തെരഞ്ഞെടുത്തതിന്റെ പാപഭാരം എല്ലാവർക്കും ഒന്നിച്ച് അനുഭവിക്കാനുള്ളതാണ്...
അൻവർ സ്വാദിഖ് ഫൈസി എഴുതുന്നു..
#ഇന്നത്തെ_പെട്രോൾ_വില
അങ്ങനെ പെട്രോൾ വില സെഞ്ചറി അടിച്ചിരിക്കുന്നു. മൂന്ന് അക്കങ്ങൾ തെളിയാത്ത മെഷീനുകൾ മാറ്റാൻ പമ്പുടമകൾ നെട്ടോട്ടമോടുകയാണ്. നോട്ടു നിരോധനം ഉൾപ്പടെ രാജ്യത്തു നടന്ന ജന വിരുദ്ധ നടപടികളെല്ലാം കാക്കാമാർക്ക് മോദി പണി കൊടുത്തതാണെന്ന് വിശ്വസിക്കുന്ന സംഘ മിത്രങ്ങൾ ഇപ്പോഴും ഉണ്ട്. അവർക്കും ജിഹാദികളെ പോലെ 100 രൂപക്ക് 1 ലിറ്റർ പെട്രോൾ വാങ്ങേണ്ട അവസ്ഥയിലാണ് ഇന്ത്യ.

സത്യത്തിൽ മുസ്ലിംകൾക്ക് മാത്രമായി ഇന്ത്യയിൽ ഒരു പ്രശ്നമില്ല. ഉള്ളത് രാജ്യത്തിൻ്റെ പ്രശ്നങ്ങൾ മാത്രമാണ്. CAA നിയമപ്രകാരം പാകിസ്ഥാനിൽ നിന്നു വന്ന ഹിന്ദുക്കൾ ഞങ്ങൾക്ക് പൗരത്വം വേണ്ടെന്നു പറഞ്ഞു തിരിച്ചു പോയത് ഉദാഹരണം. വിവാഹപ്രായം ഉയർത്തിയാൽ, ബീഫ് നിരോധിച്ചാൽ, ഏക സിവിൽ കോഡ് നടപ്പാക്കിയാൽ... മുസ്ലിംകൾ ഒലിച്ചുപോകുമെന്നാണ് പലരുടെയും വിശ്വാസം. ഇതിൽ ഒന്നു പോലും മുസ്‌ലിംകളുടെ പ്രശ്നമല്ല. ദലിതരും ആദിവാസികളും ഉൾപ്പടെ മറ്റു പലരുടെയും പ്രശ്നമാണ്. പക്ഷേ, അതിനെ ഒരു മുസ്‌ലിം പ്രശ്നംമാത്രമാക്കി മാറ്റുന്നതിൽ വർഗീയ വാദികൾ വിജയിക്കുന്നു. 

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും പെട്രോൾ വില വർദ്ധന പോലുള്ള ദുരന്തങ്ങളും നേരിടുമ്പോൾ, ജനം തെരുവിലിറങ്ങാത്തതിൻ്റെ ഒരു കാരണം ഈ വർഗീയ പ്രചരണമാണ്. സർക്കാറിനെതിരെ ഞങ്ങൾ പ്രതിഷേധിച്ചാൽ കാക്കാമാർ വിജയിക്കുമെന്ന ഭൂരിപക്ഷത്തിൻ്റെ ഭയം. അതു കൊണ്ട് ഞങ്ങൾ കഷ്ടപ്പെട്ടാലും വേണ്ടില്ല, കാക്കാമാർ കണ്ണീരു കുടിച്ചാൽ മതിയെന്ന് അവരിൽ പലരും ചിന്തിക്കുന്നു.
അതു കൊണ്ട് പൊന്നു കാക്കാമാരേ... നിങ്ങൾ നാഴികക്ക് നാൽപതു വട്ടം ഫാഷിസം, ഹിന്ദുത്വം, പ്രതിരോധം എന്നൊക്കെ പറഞ്ഞു സങ്കടപ്പെട്ടിരിക്കുന്നതിനു പകരം, സ്വയം കരുത്താർജിക്കാനുള്ള വഴികളന്വേഷിക്കൂ... ഏതെങ്കിലും നിർമാണത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടൂ. സിക്ക്- പാഴ്സി മത വിഭാഗങ്ങളെ  പോലെ കരുത്തും കാതലുമുള്ള ജനതയാവൂ... ബാക്കിയെല്ലാം രാജ്യത്തിൻ്റെ പൊതു പ്രശ്നങ്ങളാണ്. മുസ്ലിംകളുടെ മാത്രമല്ല. ഒരു ദുരന്തത്തെ തെരഞ്ഞെടുത്തതിൻ്റെ പാപഭാരം  എല്ലാവർക്കും ഒന്നിച്ച് അനുഭവിക്കാം. ഒരു കൂട്ടർ മാത്രം സങ്കടപ്പെടേണ്ട. 100 രൂപക്ക് 100 പേർ 1 ലിറ്റർ പെട്രോൾ അടിക്കുമ്പോൾ 14 പേർ മാത്രമേ കാക്കാമാർ ഉള്ളൂ എന്ന സന്തോഷത്തിൽ നിങ്ങൾ നിങ്ങളുടെ വിജയ വഴികളിലേക്ക് വണ്ടി തിരിച്ചുവിടൂ. തീർച്ചയായും ലക്ഷ്യം കാണും. 
Anwar Sadiq faizy Tanur