പൊതുവിഷയങ്ങളും രാഷ്ട്രീയൈക്യവും
ആദർശപരവും നയപരവുമായ കാരണങ്ങളാലാണ് കേരളത്തിൽ മതസംഘടനകൾ വേറിട്ടു നിൽക്കുന്നതും പ്രവർത്തിക്കുന്നതും. സുന്നികൾ മുശ്‌രിക്കുകളാണെന്നും കാഫിറുകളാണെന്നും വഹ്ഹാബീ സംഘടനകളും, എന്നാൽ ഈ വാദം വഴി, വഹ്ഹാബികളും അനുബന്ധ സംഘടനക്കാരും പുത്തനാശയക്കാരാണെന്ന് സുന്നി സംഘടനകളും പറയുന്നത് ആദർശപരമാണ്. ഇതു പലപ്പോഴും ചില സംഘർഷങ്ങളിൽ കലാശിച്ചിട്ടുണ്ട്. 1920 കളിൽ വഹ്ഹാബിസത്തിന്റെ ആഗമനത്തോടെയാണ് കേരളത്തിൽ ഈ സാഹചര്യം ഉടലെടുത്തത്.
എന്നാൽ പൊതുപ്രശ്നങ്ങളിൽ (ഉദാ:- ഇന്ത്യൻ രാഷ്ട്രീയം, ശരീഅത് സംരക്ഷണം, പൗരത്വ പ്രശ്നം) മതസംഘടനകൾ ഒന്നിക്കുന്നതും ഒറ്റക്കെട്ടാകുന്നതും നാം കാണുന്നു. ഇതു നയപരമാണ്. അല്ലാതെ അവസരവാദമല്ല. വിശിഷ്യാ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയ്ക്ക് സുതാര്യവും സദുദ്ദേശ്യപരവുമായ നയമാണുള്ളത്. അതിൽ ലാഭ നഷ്ടങ്ങൾ നോക്കാറില്ല.
എന്നാൽ, മതസംഘടനകൾ പരസ്പരം കടിച്ചുകീറുന്നു, ഐക്യം തകർക്കുന്നു, നിങ്ങൾ നന്നാകണം, ഒന്നിക്കണം എന്ന ഉപദേശം നടത്തിവരുന്ന വ്യത്യസ്ത രാഷ്ട്രീയക്കാരുണ്ട്. അവരാണെങ്കിലോ നയവീക്ഷണങ്ങളിൽ വൈവിധ്യവും വൈരുധ്യവുമുള്ളവരാണ്. എതിരാളികളുടെ വൈകല്യങ്ങൾ പ്രചരിപ്പിക്കുന്നവരാണ്. ചിലപ്പോൾ, യോജിക്കേണ്ട മേഖലകളിൽ ഒന്നിക്കുന്നവരുമാണ്.
പക്ഷേ പലപ്പോഴും പൊതു രാഷ്ട്രീയ പ്രശ്നങ്ങളിൽ രാഷ്ട്രീയ സംഘടനകൾ അവയുടെ സ്വന്തം താല്പര്യസംരക്ഷണത്തിനല്ലേ പ്രാമുഖ്യം കൊടുക്കുന്നത്? ലാഭവും ഛേദവും അളന്നുനോക്കുന്നില്ലേ? യഥാർത്ഥത്തിൽ, രാഷ്ട്രീയ പ്രശ്നങ്ങളിൽ ഐക്യപ്പെടേണ്ട ബാധ്യത മതസംഘടനകളെക്കാൾ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കല്ലേ കൂടുതലുള്ളത്?
മതസംഘടനകൾ ഒരുമിച്ചിരുന്നതിന് 'നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദി' പറയുന്നവർക്ക് ഇതൊക്കെ ആലോചിക്കാവുന്നതാണ്.
Nb:- മതം ഒരു പ്രശ്‌നമേയല്ല, പൗരത്വമാണ് പ്രധാനം എന്നു പറയുന്ന ചില 'മതേതരന്മാ'രുണ്ട്. അവരോടു പറയാനുള്ളത് ഇതാണ്. മതവും പൗരത്വവും, രണ്ടും പ്രധാനപ്പെട്ടതാണ്. ഒന്ന് ആത്മീയ ശിരസ്സിനും മറ്റേത് ശാരീരിക ശിരസ്സിനും. രണ്ടും രണ്ടു തലകളാണ്. അല്ലാതെ, പൗരത്വം തലയും മതം വാലുമല്ല.
MT Darimi
Post a Comment