അഹ്‌ലുസ്സുന്നത്തി വൽജമാഅത്ത് ആർ?


"അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത്"  എന്നത് ഇസ്ലാമിന്റെ തനതു അഖീദ ഉൾകൊള്ളുന്നവരെ വികല അഖീദക്കാരിൽ നിന്ന് വേർതിരിക്കുന്ന വിവേചക നാമമാണ്. ''അസ്സുന്നത്" നബിയെയും "അൽജമാഅത്ത്" സ്വഹാബത്തിനെയുമാണ് കുറിക്കുന്നത്. 'നബിയുടെയും സഹാബത്തിന്റെയും അഖീദ അവലംബിക്കുന്നവർ' എന്നാണ് അർത്ഥം. 

ഇതൊരു വിവേചക നാമമായി അഹ്‌ലുൽ ഹഖിന് ഉണ്ടാകുന്നത് ഇമാം അശ്അരി, മാതുരീദീ(റ) എന്നിവരുടെ വരവോടെയാണ്. അതുകൊണ്ടാണ് അശ്അരി, മാതുരീദീ സരണിയാണ് അഹ്‌ലുസ്സുന്നത്തി വൽജമാഅത് എന്ന് ഇമാമുമാർ രേഖപ്പെടുത്തിയത്.

എന്താണു അഖീദ?
*******************
ദീൻ എന്നാൽ അഹ്കാമുകളാണ് - വിധിവിലക്കുകളാണ്. (الدين الأحكام) 
ഇവ കർമ്മപരവും വിശ്വാസപരവുമുണ്ട്. കർമ്മപരമായ നിയമങ്ങൾ ശാഖാപരമാണ്. വിശ്വാസപരമായവ മൗലികങ്ങളും. വിശ്വാസം മാത്രം ലക്ഷ്യമാക്കപ്പെട്ട നിയമങ്ങളാണ് അവ.  ഉദാഹരണം "ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുർറസൂലുല്ലാഹ്" എന്നത് മൗലിക വിശ്വാസമാണ്. ഇതുപോലുള്ള മൗലിക വിശ്വാസ കാര്യങ്ങളാണ് അഖീദകൾ. 

നിസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവ സംബന്ധിച്ചുള്ള നിയമങ്ങൾ ശാഖാപരങ്ങൾ ആണ്. ശരീഅത്തുകളനുസരിച്ചും മദ്ഹബുകളനുസരിച്ചും മറ്റും അവയുടെ വിധികൾ മാറാം. എന്നാൽ അഖീദകൾക്ക്  മാറ്റമില്ല.
MT Darimi