യോഗ്യതയില്ലാത്തവർ ആയത്തു - ഹദീസുകളിൽ നിന്ന് നേരിട്ട് മതവിധി കണ്ടുപിടിക്കരുത്
നീ മനസിലാക്കുക. മുജ്തഹിദല്ലാത്തവർ ആയത്തു - ഹദീസുകൾ കൊണ്ട് തെളിവ് പറയൽ അനുവദനീയമല്ല. കാരണം, അല്ലാഹു പറഞ്ഞു.
وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَىٰ أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنْبِطُونَهُ مِنْهُمْ
അവരിൽ നിന്ന് "ആഴത്തിൽ പരിശ്രമിച്ചു കണ്ടെത്തുന്നവർ"ക്കേ മതവിധി അറിയുകയുള്ളൂ എന്ന് ഖുർആൻ തന്നെ പഠിപ്പിക്കുന്നു. അവർ മുജ്തഹിദുകൾ മാത്രമാണ്. ജംഉൽജവാമി പോലുള്ള ഗ്രന്ഥങ്ങളിൽ വിവരിച്ച ഇജ്തിഹാദിന്റെ വ്യവസ്ഥകളിൽ നിന്ന് അക്കാര്യം വ്യക്തമാകും.
ആയതുകൊണ്ട് നാലു മദ്ഹബുകാരായ ഉലമാക്കൾ വ്യക്തമാക്കിയ രേഖകളല്ലാതെ തെളിവുദ്ധരിക്കരുത്. എന്തുകൊണ്ടെന്നാൽ അവരുടെ മദ്ഹബുകൾ സംശോധിതവും നിദാനങ്ങൾ സംശുദ്ധവുമാണ്. കാലങ്ങളായി അവയ്ക്കുമേൽ ഉലമാക്കളുടെ ദൃഷ്ടികൾ പതിഞ്ഞിരിക്കുന്നു.
അതിനാൽ അവരല്ലാത്ത മറ്റുള്ളവരെ തഖ്ലീദ് ചെയ്യാൻ പാടില്ല. അത് സഹാബി - സലഫിലെ ഉന്നതരാണെങ്കിൽ പോലും. അവർ വിശ്വസ്തരും മുജ്തഹിദുകളുമാകാം. പക്ഷേ അവരുടെയൊന്നും മദ്ഹബുകൾ ക്രോഡീകരിക്കപ്പെടുകയോ നിദാനങ്ങൾ അറിയപ്പെടുകയോ ചെയ്തിട്ടില്ല. മാത്രവുമല്ല അവരുടെ അഭിപ്രായങ്ങൾ 'ഏകാംഗ' റിപ്പോർട്ടിലൂടെ മാത്രമാണ് ലഭിച്ചത്.
എന്നാൽ നാലു ഇമാമുകൾ സഹാബത്തിന്റെ എല്ലാ അഭിപ്രായങ്ങളും സമൂലം പഠിച്ചു. കൂടാതെ അവരുടെ വീക്ഷണങ്ങളും തത്വങ്ങളും ക്രോഡീകരിക്കപ്പെട്ടു. അനുചരന്മാർ അവ പരിരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്തു. അതിനാൽ നാലു മദ്ഹബുകാർ പൊതുവിലോ വിശേഷിച്ചോ പ്രതിപാദിക്കാത്ത ഒരു നിയമവും നിലവിലില്ല.
അതേസമയം മറ്റു മുജ്തഹിദുകളുടെ മദ്ഹബുകൾ അങ്ങനെയല്ല. അനുഗാമികൾ അവ സംശോധന ചെയ്യാത്തതിനാൽ കാലങ്ങൾക്കു മുമ്പേ അവ വിനഷ്ടമായി. നിയമങ്ങൾ കണ്ടെത്തുന്ന അവയുടെ നിദാനങ്ങൾ എന്തെന്ന് നിശ്ചയമില്ല. ആയതിനാൽ അവരുടെ അഭിപ്രായങ്ങൾ തഖ്ലീദ് ചെയ്യാവതല്ല. കാരണം അവയ്ക്ക് മറ്റു നിബന്ധനകൾ ഉണ്ടാകാനിടയുണ്ട്. അത് നേർക്ക് പറയാതെ പൊതു തത്വങ്ങളിൽ നിന്ന് ഗ്രഹിച്ചുകൊള്ളുമെന്ന് കണ്ട് അവർ ഒഴിവാക്കിയിട്ടുണ്ടാകാം.
ഇതുകൊണ്ടാണ് ഇമാം ശാഫിഈ (റ) പറഞ്ഞത്. "ലൈസ് (റ) മാലിക് (റ) വിനേക്കാൾ വലിയ പണ്ഡിതനാണ്. പക്ഷേ അദ്ദേഹത്തിന്റെ അനുചരന്മാർ അത് പാഴാക്കി." അതായത് അദ്ദേഹത്തിന്റെ മദ്ഹബ് അവർ ക്രോഡീകരിക്കുകയും വിശദാംശങ്ങളും നിദാന നിയമങ്ങളും കൃത്യപ്പെടുത്തുകയും ചെയ്തില്ല.
(തർശീഹ് പേ. 5)
MT darimi
Post a Comment