വിധിയില്‍ ക്ഷമിക്കുക, ഭര്‍ത്താവിനെ സമാധാനിപ്പിക്കുക

‎‎‎‎‎‎‎‎‎‎‎‎‎‎‎‎            
     ജീവിതത്തിന്‍റെ പ്രാരാബ്ധങ്ങള്‍ക്കിടയിലും ഹൃദയ സാഫല്യം തേടിയാണ് ഓരോ ഭര്‍ത്താവും വീടണയാറുള്ളത്. പ്രിയതമയായ ഭാര്യയില്‍ നിന്ന്, മക്കളില്‍ നിന്ന് സന്തോഷം നിറഞ്ഞ സ്വീകരണമായിരിക്കും അവര്‍ ആശിക്കുക. 

 പക്ഷേ, ഭര്‍ത്താവ് വീട്ടിലേക്ക് കയറി വരുമ്പോള്‍ പ്രയാസങ്ങളും പ്രതിസന്ധികളും പറഞ്ഞ് അവരുടെ മനസ്സിനെ വീണ്ടും വിഷാദരാക്കുന്ന ഭാര്യമാരുണ്ട്. അവരുടെ പരാതിപ്പെട്ടി അടക്കാറില്ല.

 അമ്മായിമ്മയുടെയും നാത്തൂന്മാരുടെയും കുറ്റവും കുറവും കേള്‍ക്കാത്ത ദിനങ്ങളുണ്ടാകാറില്ല. ഭര്‍ത്താവ് വാങ്ങി കൊണ്ട് വന്ന സാധനത്തിന് സൈസ് ഒക്കാറില്ല, കളര്‍ മേച്ചാകാറില്ല.. ഇങ്ങനെ തുടങ്ങി ‘മുട്ട് സൂചി വളഞ്ഞതിന്’ വരെ പരാതി ബോധിപ്പിക്കുന്നവരുണ്ട്. 

 എല്ലാ വേദനകളും കടിച്ച് പിടിച്ച് ഒന്നും പറയാതിരിക്കണം എന്നല്ല ഇതിനര്‍ത്ഥം. ഭാര്യമാരുടെ എല്ലാ പരാതികളും സമര്‍പ്പിക്കേണ്ട കോടതി ഭര്‍ത്താവ് തന്നെയാണ്. പരാതി സമര്‍പ്പണങ്ങള്‍ക്ക് അതിന്‍റേതായ രീതിയിലാകണം എന്നേ ഉള്ളൂ...

 ഒരു ചരിത്രം പറയാം, അനസ്(റ)വില്‍ നിന്ന് നിവേദനം:

 അനസ്(റ)വിന്റെ ഉമ്മയായ ഉമ്മുസുലൈമ(റ)ക്ക് അബൂത്വല്‍ഹ (റ) എന്നവരില്‍ നിന്നുണ്ടായ മകന്‍ രോഗിയായി മരണപ്പെട്ടു. ആ സമയം അബൂത്വല്‍ഹ (റ) അവിടെയുണ്ടായിരുന്നില്ല. മഹതി  വീട്ടുകാരോട് ഇക്കാര്യം തന്‍റെ ഭര്‍ത്താവിനെ അറിയിക്കരുതെന്നും ഞാന്‍ അറിയിച്ചു കൊള്ളാം എന്നും നിര്‍ദ്ദേശിച്ചു...

 അങ്ങനെ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഉമ്മുസുലൈം (റ) അദ്ദേഹത്തിനുള്ള രാത്രി ഭക്ഷണം വിളമ്പി. അദ്ദേഹം സന്തോഷത്തോടെ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്തു. ശേഷം മഹതി സാധാരണയില്‍ വിപരീതമായി ഭര്‍ത്താവിനു വേണ്ടി ചമഞ്ഞൊരുങ്ങി. ഭര്‍ത്താവുമായുള്ള ശാരീരിക ബന്ധത്തിനു ശേഷം അദ്ദേഹത്തിന്‍റെ മനസ് ശാന്തമായെന്ന്  ബോധ്യപ്പെട്ടപ്പോള്‍ മഹതി ചോദിച്ചു: ‘കുറച്ച് ആളുകള്‍ അവരുടെ സ്വത്തുക്കള്‍ മറ്റു ചിലര്‍ക്ക് വായ്പ്പ കൊടുത്തു. ആ വായ്പ്പ തിരിച്ചു ചോദിക്കുമ്പോള്‍ അത് തടയാന്‍ വല്ല അവകാശവുമുണ്ടോ..?’

 അബൂത്വല്‍ഹ (റ) പറഞ്ഞു: ‘ഇല്ല.’

 അപ്പോള്‍ ഭാര്യ പറഞ്ഞു: ‘എന്നാല്‍ നിങ്ങളുടെ മകന്‍റെ കൂലി ആവശ്യപ്പെട്ടോളൂ. നിങ്ങളുടെ മകന്‍ മരണപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് ആ കുട്ടിയെ വായ്പ്പ നല്‍കിയതായിരുന്നു. അത് തിരിച്ചു ചോദിച്ചു.’ 

 ഇതു കേട്ടപ്പോള്‍ അബൂത്വല്‍ഹ(റ)വിന് ദേഷ്യം വന്നു. മഹാനവര്‍കള്‍ പറഞ്ഞു: ‘ഞാന്‍ അശുദ്ധിക്കാരനാകുന്നത് വരെ നീ മകനെ കുറിച്ച് പറഞ്ഞില്ലല്ലോ?’ 

 പിറ്റേന്ന് രാവിലെ അബൂത്വല്‍ഹ(റ) റസൂലുല്ലാഹിﷺയുടെ അടുത്ത് ചെന്ന് പരാതി ബോധിപ്പിച്ചു. റസൂല്‍ ﷺ പറഞ്ഞു: ‘നിങ്ങളുടെ ഈ രാത്രിയില്‍ രണ്ട് പേര്‍ക്കും ബറകത്ത് ചെയ്യട്ടേ.’ 

 അങ്ങനെ മഹതി ഗര്‍ഭിണിയായി. പിന്നീടൊരിക്കല്‍ നബിﷺയോട് കൂടെ മദീനയിലേക്കുള്ള ഒരു യാത്രയില്‍ മഹതിയും അബൂത്വല്‍ഹയും കൂടെയുണ്ടായിരുന്നു (ഉമ്മു സുലൈം നബിﷺയുടെ മാതൃസഹോദരിയാണ്). മദീനയുടെ അടുത്തെത്താറായപ്പോള്‍ മഹതിക്ക് പ്രസവ വേദനയുണ്ടായി. അബൂ ത്വല്‍ഹ(റ)വിനോട് അവിടെ നില്‍ക്കാനാവശ്യപ്പെട്ട് നബിﷺയും സംഘവും വീണ്ടും യാത്രയായി. 

 അബൂത്വല്‍ഹ(റ)വിന് സങ്കടം തോന്നി. അദ്ദേഹം മനസ്സുരുകി റബ്ബിനോട് പ്രാര്‍ത്ഥിച്ചു: ‘പടച്ചവനേ നിനക്ക് എന്നെ കുറിച്ച് അറിയാമല്ലോ, റസൂല്‍ ﷺ എവിടേക്ക് പോകുമ്പോഴും ഞാന്‍ പോകാറുണ്ട്. അവിടുന്ന് മദീനയില്‍ പ്രവേശിക്കുമ്പോള്‍ കൂടെ പ്രവേശിക്കാനാണെനിക്ക് ആഗ്രഹം. നീ ഇപ്പോള്‍ എന്‍റെ അവസ്ഥ കാണുന്നില്ലേ.’ അല്ലാഹു ﷻ ആ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കി. മഹതിക്ക് മുമ്പുണ്ടായിരുന്ന പ്രസവേദന കുറഞ്ഞില്ലാതെയായി. 

 അങ്ങനെ അവര്‍ വീണ്ടും നബിﷺയുടെ സംഘത്തില്‍ അണി ചേര്‍ന്നു. മദീനയണഞ്ഞപ്പോള്‍ മഹതി പ്രസവിച്ചു. ഉമ്മയുടെ നിര്‍ദ്ദേശ പ്രകാരം അനസ്(റ) കുട്ടിയുമായി നബിﷺയുടെ അരികില്‍ ചെന്നു. നബി ﷺ കുട്ടിയെ മടിയില്‍ കിടത്തി അജ് വ ഈത്തപ്പഴം കൊണ്ടു വരാന്‍ കല്‍പ്പിച്ചു. അങ്ങനെ നബി ﷺ അത് വായിലിട്ട് നേര്‍പ്പിച്ച് കുട്ടിയുടെ വായില്‍ വെച്ച് കൊടുത്തു. അതിന്‍റെ മധുരം കുട്ടി നുണയാന്‍ തുടങ്ങിയപ്പോള്‍ റസൂല്‍ ﷺ പറഞ്ഞു: ‘കണ്ടോ നിങ്ങള്‍, അന്‍സ്വാരികള്‍ക്ക് ഈത്തപ്പഴത്തോടുള്ള പ്രേമം..’ അങ്ങനെ നബി ﷺ കുട്ടിയുടെ മുഖമൊന്നു തടവി. അബ്ദുല്ലാ എന്ന പേരിട്ടു.
  (ബുഖാരി, മുസ്ലിം, ഹദീസ്: 2144)

*ആ മഹതിയുടെ അങ്ങേ അറ്റത്തെ ക്ഷമ ഓരോ സ്ത്രീകള്‍ക്കും പാഠമാണ്. അല്ലാഹുﷻവിന്‍റെ വിധിയില്‍ തൃപ്തിയടഞ്ഞ്, ഭര്‍ത്താവിന്‍റെ വിഷമത്തിന് ആക്കം കൂട്ടാതെ, വളരെ ബുദ്ധി പരമായി കുട്ടിയുടെ മരണ വാര്‍ത്ത അറിയിച്ച ആ മഹതിക്ക് പിന്നീട് ലഭിച്ചത് പറഞ്ഞറിയിക്കാനാവാത്ത സൗഭാഗ്യങ്ങളായിരുന്നു.*

 പിന്നീട് അബ്ദുല്ലാ എന്ന മകനില്‍ നിന്ന് ഒരു പണ്ഡിത ശ്രേണി തന്നെ ഉണ്ടായെന്ന് ചരിത്രത്തില്‍ കാണാം. 

 ഇമാം നവവി(റ) തന്‍റെ തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത് എന്ന ഗ്രന്ഥത്തില്‍ സ്വഹീഹുല്‍ ബുഖാരിയില്‍നിന്ന് ഉദ്ധരിക്കുന്നത് ഇങ്ങനെ  കാണാം. അന്‍സ്വാരികളില്‍പെട്ട ഒരാള്‍ പറയുന്നു: അബ്ദുല്ലാഹ് (റ)വിന് ഒമ്പത് മക്കളുണ്ടായിരുന്നു. എല്ലാവരും ഖുര്‍ആന്‍ അറിയുന്നവരായിരുന്നു. ചുരുക്കത്തില്‍, ഭര്‍ത്താവിനെ വിഷമിപ്പിക്കാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഭാര്യമാര്‍ക്ക് അല്ലാഹുവിന്‍റെ ഉന്നതമായ അനുഗ്രഹങ്ങള്‍ വര്‍ഷിപ്പിക്കപ്പെടും.