അഹ്‌ലുബൈത്ത് ഹദീസുകളിലൂടെ

അല്ലാഹു ﷻ പറയുന്നു: "നബിയെ..! താങ്കള്‍ പറയുക: ഈ പ്രബോധനത്തിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എന്റെ കുടുംബത്തെ സ്‌നേഹിക്കലല്ലാതെ..." 
(സൂറത്തു ശൂറാ: 23)

ഇബ്‌നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു തിരുനബിﷺ പറഞ്ഞു: നിങ്ങൾ അല്ലാഹുﷻവിനെ സ്‌നേഹിക്കുക. നിങ്ങൾക്കു വേണ്ട എല്ലാ അനുഗ്രഹങ്ങളും നൽകുന്നത് അവനാണ്. അല്ലാഹുﷻവോടുള്ള സ്‌നേഹത്തോടൊപ്പം എന്നെയും സ്‌നേഹിക്കുക. എന്നെ സ്‌നേഹിക്കുന്നുവെങ്കിൽ എന്റെ കുടുംബത്തെയും ഇഷ്ടപ്പെടുക... 
(തുർമുദി)

സെയ്ദുബ്നു അര്‍ഖം(റ)വില്‍നിന്ന് നിവേദനം: തിരുനബി ﷺ ഒരിക്കൽ പ്രസംഗിക്കവെ ഇങ്ങനെ പറഞ്ഞു: "തീർച്ചയായും ഞാൻ മനുഷ്യൻമാത്രമാണ്. എന്റെ റബ്ബിന്റെ ദൂതന്‍ എന്നെ വിളിച്ചാല്‍ ഞാന്‍ അതിന് ഉത്തരം നല്‍കും. എന്നാല്‍ മഹത്തായ രണ്ട് കാര്യം ഞാന്‍ നിങ്ങളിൽ ഉപേക്ഷിക്കുന്നു. ഒന്ന്, സന്മാര്‍ഗ ദീപമായ ഖുര്‍ആന്‍, അതിനെ നിങ്ങള്‍ മുറുകെ പിടിക്കുക. മറ്റൊന്ന്, എന്റെ അഹ്‌ലുബൈത്താണ്. അവരുടെ കാര്യത്തിൽ അല്ലാഹുﷻവിനെ നിങ്ങൾ സൂക്ഷിക്കുക, അവരുടെ കാര്യത്തിൽ അല്ലാഹുﷻവിനെ നിങ്ങൾ സൂക്ഷിക്കുക, അവരുടെ കാര്യത്തിൽ അല്ലാഹുﷻവിനെ നിങ്ങൾ സൂക്ഷിക്കുക. (മൂന്നു തവണ ആവർത്തിച്ചു)
(സ്വഹീഹ് മുസ്‌ലിം : 2308)

ജാബിർ(റ) വഴി തുർമുദി(റ) ഉദ്ധരിക്കുന്നു ഹദീസിൽ ഇപ്രകാരം കാണാം: "രണ്ടു കാര്യം ഞാൻ നിങ്ങൾക്കു നൽകിപോകുന്നു. അതു രണ്ടും നിങ്ങൾ മുറുകെപ്പിടിച്ചാൽ പിഴച്ചു പോവുകയില്ല. ഒന്ന്, അല്ലാഹുﷻവിന്റെ ഗ്രന്ഥം. മറ്റൊന്ന് എന്റെ പരമ്പര (തുർമുദി)

അന്ത്യനാള്‍ വരെ ലോകത്ത് ജീവിക്കാനുള്ള മുഴുവന്‍ വിശ്വാസികള്‍ക്കും രക്ഷാകവചങ്ങളും കാവല്‍ നക്ഷത്രങ്ങളുമായി പ്രവാചകര്‍ ﷺ പരിചയപ്പെടുത്തിയത് ഖുര്‍ആനിനെയും തിരു കുടുംബത്തെയുമാണ്. വേറെ ചില ഹദീസുകളിൽ ഖുർആനിന്റെ കൂടെ "പ്രവാചക ചര്യയും" കാണുന്നുണ്ട്. ഇത് തമ്മിൽ എതിരല്ല. കാരണം ഖുർആനിന്റെ വ്യഖ്യാനമാണല്ലോ പ്രവാചക ചര്യ. അപ്പോൾ അത് രണ്ടും ഒന്നുതന്നെ....