വിവാഹപ്രായ വിഷയത്തിൽ തെറ്റുപറ്റി, തിരുത്തുന്നു - ടി.പി അഷ്റഫലി

നേരത്തെ വിവാഹപ്രായ വിഷയത്തിൽ ഞാൻ എടുത്ത നിലപാടുകൾ തെറ്റിദ്ധാരണ പരത്തിയെന്നും എനിക്ക് ചില വിഷയങ്ങളിൽ ധാരണ പിശക് സംഭവിച്ചെന്നും തുറന്നു സമ്മതിച്ച് ടി.പി അഷ്റഫലി.
തിരുത്തുന്നു. ശരീഅത്ത് വിഷയങ്ങളിൽ ഇനി എൻറെ നിലപാടുകൾ പണ്ഡിതന്മാരുടേതാണെന്നും അഷ്റഫലി തുറന്നെഴുതി.
തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സമസ്ത കീഴ്ഘടകങ്ങളുടെ നേതാക്കളെ വിളിച്ചു ചേർത്ത് മുൻ വിവാദങ്ങളിൽ ധാരണ ഉണ്ടാക്കിയ ശേഷമാണ് ടിപി തന്റെ ഖേദ കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.

എന്നാൽ ഇത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കാക്ക തൗബയാണെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പരക്കെ വിമർശനം ഉയരുന്നുണ്ട്.
ടി.പി അഷ്റഫലിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ...

ഇന്ത്യാ രാജ്യത്ത് വലിയ രീതിയിൽ ഉന്മൂലനാശത്തിനുള്ള ഭരണകൂട ഗൂഡാലോചനക്ക് വിധേയപ്പെട്ടുകൊണ്ടിരിക്കുകയാണ് മുസ്ലിം ന്യൂനപക്ഷം. മോഡി ഭരണകൂടം
നടപ്പാക്കുന്ന നിയമങ്ങൾ പൂർണമായും
ഈ വിധത്തിലാണ്. പൗരത്വ ഭേദഗതി നിയമം വഴി ഇന്ത്യാ രാജ്യത്ത് നിന്ന് മുസ്ലിങ്ങളെ അപരവത്കരിക്കാനുള്ള നിയമം വരെ നടപ്പാക്കുന്നു.
വിവാഹ പ്രായ നിയമം 21 വയസ്സാക്കുന്നതിന് വേണ്ടിയുള്ള നിയമം അണിയറയിൽ ഒരുങ്ങുന്നു. ഭരണകൂടങ്ങൾ നിർമിക്കുന്ന ഇത്തരം നിയമങ്ങൾ വിവിധ ജാതി, മത, സംസ്കാരങ്ങൾ നിലനിൽക്കുന്ന ഇന്ത്യയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.രാജ്യത്തിന്റെ വൈവിദ്ധ്യങ്ങളെ നിലനിർത്തുന്ന രീതിയിൽ ആയിരിക്കണം നിയമങ്ങൾ. അല്ലാതെ വരുമ്പോൾ അതിനെ എതിർക്കുന്നതിന് നാം ഒറ്റകെട്ടായി നീങ്ങണം. അങ്ങിനെ നീങ്ങേണ്ട സാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളത്. പണ്ഡിതരും രാഷ്ട്രീയ നേതൃത്വവും ഒന്നിച്ചാണ് ഇത്തരം പ്രതിസന്ധിയുള്ള കഴിഞ്ഞ കാലത്ത് ഒന്നിച്ചു നിന്നത്. അത് തുടരണം. 
നേരത്തെ വിവാഹ പ്രായം സംബന്ധമായി വിവാദം ഉയർന്നപ്പോൾ എന്റെ നിലപാട് വലിയ ചർച്ചയായിരുന്നു. ദൗർഭാഗ്യവശാൽ അത് തെറ്റിദ്ധാരണക്ക് ഇടയാക്കുകയും ചെയ്‌തിരുന്നു. ഇതുൾപ്പടെയുള്ള ചില വിഷങ്ങളിലെ ധാരണപിശകുകൾ ഉണ്ടായിരുന്നു. അവ തിരുത്തി മുന്നോട്ട് പോകാൻ ധാരണയായി. വിവാഹ പ്രായവും, ശരീഅത്തും സംബന്ധിച്ച എന്റെ നിലപാട് ഇസ്ലാമിക പണ്ഡിത നേതൃത്വത്തിന്റെതാണ്. ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ പരസ്പര ധാരണയിൽ മുന്നോട്ട് പോകാനും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. യോഗത്തിൽ SYS നേതാക്കളായ ബഹു. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായി, ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി, SKSSF ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ, മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി PK ഫിറോസ്, ഷൗക്കത്തലി കരുവാരകുണ്ട് എന്നിവർ പങ്കെടുത്തു.