മതേതര ഇന്ത്യയിൽ മുസ്ലിമിന്റെ കർമശാസ്ത്രം
വിവിധ മതസമൂഹങ്ങളും നാസ്തികരും അധിവസിക്കുന്ന രാജ്യമാണ് നമ്മുടേത്. ബഹുസ്വരതയാണ് ഇന്ത്യയുടെ പ്രധാന സവിശേഷത. ജാതി മത വൈവിധ്യങ്ങളും സാംസ്‌കാരിക വൈജാത്യങ്ങളും ഭാഷാ ബഹുത്വവും മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയെ വ്യതിരിക്തമാക്കുന്നു. മതസമൂഹങ്ങൾ തമ്മിലുള്ള സ്‌നേഹവും സൗഹൃദവും സഹകരണവുമാണ് ബഹുസ്വരതയുടെ കാതൽ. പരസ്പരം ഉൾകൊള്ളാനും അടുത്തറിയാനും സാധിക്കുമ്പോൾ മാത്രമേ അത് പ്രായോഗികമാകൂ. മനുഷ്യജീവിതത്തിന്റെ അർത്ഥതലങ്ങൾ ഒന്നൊഴിയാതെ കാത്തുസൂക്ഷിച്ച ആദർശ വ്യവസ്ഥിതി എന്ന നിലയിൽ ഇസ്‌ലാം മതവിശ്വാസികൾ മതേതര സമൂഹത്തിലെ ജീവിതത്തെ കുറിച്ചും മതസൗഹാർദത്തെ സംബന്ധിച്ചും ജ്ഞാനമുള്ളവരായിരിക്കണം. വസ്തുനിഷ്ഠമായ അറിവിന്റെ അഭാവത്തിലാണ് അബദ്ധ ധാരണകൾ ആധിപത്യം ഉറപ്പിക്കുക. അത് വിപത്തുകളിൽ അകപ്പെടാനും മതം തെറ്റിദ്ധരിക്കപ്പെടാനും കാരണമാകും.
സമഗ്രമായൊരു ജീവിത വ്യവസ്ഥിതിയാണ് ഇസ്‌ലാം. സഹജീവി സ്‌നേഹവും പരസ്പര സഹകരണവും വിശ്വാസികളുടെ ഗുണവിശേഷമായാണ് ഇസ്‌ലാം പരിഗണിക്കുന്നത്. സമസൃഷ്ടികളെന്ന നിലയിൽ മുഴുവൻ മനുഷ്യരെയും സ്‌നേഹിക്കാനും അവരുടെ ഗുണത്തിനും രക്ഷക്കും വേണ്ടി പ്രവർത്തിക്കാനും സത്യവിശ്വാസി ബാധ്യസ്ഥനാണ്. കാരുണ്യം, പരസ്പര സഹകരണം തുടങ്ങിയ കാര്യങ്ങളിൽ മുസ്‌ലിം-അമുസ്‌ലിം ഭേദമില്ല. മനുഷ്യൻ എന്ന നിലയിൽ അതൊക്കെ കണക്കാക്കണമെന്നാണ് മതത്തിന്റെ നിലപാട്.
നന്മ പ്രവർത്തിക്കുന്നതിലും തിന്മയെ പ്രതിരോധിക്കുന്നതിലും വിശ്വാസ വൈവിധ്യങ്ങൾക്കതീതമായി പരസ്പരം സഹകരിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അല്ലാഹു പറയുന്നു: ‘നന്മയിലും ഭക്തിയിലും നിങ്ങൾ പരസ്പരം സഹായിക്കുക. പാപങ്ങളിലും അക്രമങ്ങളിലും പരസ്പരം സഹകരിക്കരുത്.’
മതപരമായ വൈജാത്യങ്ങൾ അന്യോന്യമുള്ള സഹകണത്തിനും സഹായത്തിനും തടസ്സമാകരുത്. എല്ലാ വിഭാഗങ്ങളോടും സ്‌നേഹത്തിൽ പെരുമാറണം. സൗഹൃദത്തിൽ ജീവിക്കണം. കാരുണ്യം കാണിക്കണം. ഒരാളെയും വേദനിപ്പിക്കരുത്. അക്രമിക്കരുത്. നബി(സ്വ) പറയുന്നു: ‘കരുണ ചെയ്യുന്നവരെ പരമകാരുണികനായ അല്ലാഹു അനുഗ്രഹിക്കും. ഭൂമിയിലുള്ള സർവതിനോടും നിങ്ങൾ കരുണ കാണിക്കുക. എന്നാൽ ആകാശത്തിന്റെ അധിപൻ നിങ്ങളോട് കരുണ കാണിക്കും.’
വീട് നിർമാണം, രോഗ ചികിത്സ, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ മാനുഷിക ആവശ്യങ്ങളിൽ അമുസ്‌ലിംകളെ സാമ്പത്തികമായി സഹായിക്കാവുന്നതാണ്. അവർക്ക് വീട് നിർമിച്ച് നൽകാം. വിദ്യാഭ്യാസത്തിനും വിവാഹത്തിനും സഹായം നൽകാം. സൗജന്യമായി ചികിത്സ നൽകാം. അതിനൊന്നും വിരോധമില്ല. മാത്രമല്ല പ്രതിഫലം ലഭിക്കുകയും ചെയ്യും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മത വ്യത്യാസം തടസ്സമായി ഇസ്‌ലാം കാണുന്നില്ല. അബീഹുറൈറ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം: ‘എല്ലാ ജീവുള്ളതിനെ സഹായിക്കുന്നതിലും പുണ്യമുണ്ട്.’
ഇബ്‌നു ഹജറുൽ ഹൈതമി(റ) ഉദ്ധരിക്കുന്നു: അമുസ്‌ലിമിന് സാമ്പത്തികമായ സഹായങ്ങൾ നൽകാം. അത് മുസ്‌ലിംകളുമായി കരാറിൽ ഏർപ്പെട്ടിട്ടില്ലാത്ത അവിശ്വാസിയാണെങ്കിൽ പോലും സഹായിക്കാം. വസ്ത്രം, വീട് നിർമാണം, ചികിത്സ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് സഹായിക്കണമെന്ന് മാത്രമല്ല, ചില അനിവാര്യ ഘട്ടങ്ങളിൽ മുസ്‌ലിം സമ്പന്നർക്ക് അത് നിർബന്ധമാവുകയും ചെയ്യും. അവർ അർഹരും ആവശ്യക്കാരുമാണെന്നറിഞ്ഞിട്ടും ഇത്തരം ആവശ്യങ്ങൾക്ക് സഹായം ചെയ്തില്ലെങ്കിൽ അവൻ കുറ്റക്കാരനാണ്. അല്ലാഹുവിന്റെ അരികിൽ ശിക്ഷിക്കപ്പെടും.
അമുസ്‌ലിമിന് കടം നൽകാം. അവനുമായി സാമ്പത്തിക ക്രയവിക്രയങ്ങളും ഇടപാടുകളും നടത്താം. ബിസിനസിൽ പങ്കാളികളാക്കാം. വാങ്ങുകയും വിൽക്കുകയും ചെയ്യാം.
തിരുനബി(സ്വ) അമുസ്‌ലിംകളുമായി ഇടപാടുകൾ നടത്തിയ ധാരാളം സംഭവങ്ങൾ ഹദീസുകളിൽ കാണാം. അബ്ദുറഹ്മാനു ബ്‌നു ഔഫ്(റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ ഞങ്ങൾ നബി(സ്വ)യുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു ബഹുദൈവ വിശ്വാസി ഒരാടുമായി വരുന്നത് കണ്ടു. പ്രവാചകർ(സ്വ) ചോദിച്ചു: ഇത് വിൽപനക്കുള്ളതോ അതോ ദാനം ചെയ്യാനുള്ളതോ? അയാൾ പറഞ്ഞു: വിൽപനക്കുള്ളതാണ്. അപ്പോൾ നബി(സ്വ) അയാളിൽ നിന്നും ആ ആടിനെ വിലയ്ക്കു വാങ്ങി (ബുഖാരി).
ആഇശ ബീവി(റ) പറയുന്നു: റസൂൽ(സ്വ) ഒരു ജൂതനിൽ നിന്ന് അവധി നിശ്ചയിച്ച് ഭക്ഷ്യ വസ്തുക്കൾ കടമായി വാങ്ങുകയും അവിടുത്തെ പടയങ്കി പണയമായി നൽകുകയും ചെയ്തിരുന്നു. മുസ്‌ലിമേതരരുമായി ഇടപാടുകൾ നടത്താമെന്നാണ് ഈ സംഭവങ്ങളെല്ലാം കാണിക്കുന്നത്.
ഇസ്‌ലാം പലിശ രഹിത സമ്പദ് വ്യവസ്ഥിതിയാണ് വിഭാവനം ചെയ്യുന്നത്. പലിശാധിഷ്ഠിത വ്യവസ്ഥിതി ചൂഷണാത്മകമായിരിക്കും. അതിനാൽ പലിശ വാങ്ങലും നൽകലുമെല്ലാം നിഷിദ്ധമാണ്. അത് മുസ്‌ലിമിൽ നിന്നാണെങ്കിലും അമുസ്‌ലിമിൽ നിന്നാണെങ്കിലും അനുവദനീയമല്ല.
അല്ലാഹു പറയുന്നു: ‘പലിശ തിന്നുന്നവൻ പിശാച്ബാധ നിമിത്തം മറിഞ്ഞ് വീഴുന്നവൻ എഴുന്നേൽക്കുന്നത് പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവർ പറഞ്ഞതിന്റെ ഫലമത്രെ അത്. എന്നാൽ കച്ചവടം അല്ലാഹു അനുവദനീയമാക്കുകയും പലിശയെ അവൻ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു’ (ഖുർആൻ).
വിശ്വാസിയുടെ അളവും തൂക്കവും സുതാര്യമായിരിക്കണം. ഒരാളെയും വഞ്ചിക്കരുത്. ഇബ്‌നു ഹജർ(റ) പറയുന്നു: അളവ് തൂക്കങ്ങളിൽ അമുസ്‌ലിമിനെയാണെങ്കിലും വഞ്ചിക്കാൻ പാടില്ല (ഫതാവൽ കുബ്‌റ 2/238).
അമുസ്‌ലിം രോഗികളെ ചികിത്സിക്കാം. മരുന്നും സൗജന്യ സേവനങ്ങളും ചെയ്തുകൊടുക്കാം. രോഗാവസ്ഥയിൽ അവരെ സന്ദർശിക്കാം. ഇബ്‌നു ഹജർ(റ) പറയുന്നത് കാണുക: മുസ്‌ലിം ഡോക്ടർക്ക് അമുസ്‌ലിമായ രോഗിയെ ചികിത്സിക്കൽ അനുവദനീയമാണ്. ഹർബി(മുസ്‌ലിം വിരോധി)യ്യായ അവിശ്വാസിയാണെങ്കിലും ചികിത്സിക്കുന്നതിൽ തെറ്റില്ല. അമുസ്‌ലിമിന് സ്വദഖ നൽകൽ അനുവദനീയമായത് പോലെ ചികിത്സയും അനുവദനീയമാണ് (ഫതാവൽ കുബ്‌റ 4/104).
Post a Comment