ഭാര്യമാരോട് കളി തമാശ

‎‎‎‎‎
 
       ഭാര്യമാരോടുള്ള കളി തമാശകൾ അവരോടുള്ള നല്ല പെരുമാറ്റത്തിന്റെ ഭാഗമാണ്. മാന്യനായ ഒരു പുരുഷനേ തന്റെ ഭാര്യയോട് അത്തരത്തിൽ കളി തമാശകളിൽ ഏർപ്പെടാനും പെരുമാറാനുമാവൂ...

 നബി തിരുമേനി ﷺ അവിടുത്തെ പ്രിയപത്നിമാരോട് ഇത്തരത്തിൽ പലപ്പോഴും കളി തമാശകളിൽ ഏർപ്പെടാറുണ്ടായിരുന്നു.  

 റസൂൽ ﷺ ആഇശ (റ) യോടൊത്ത് കളിക്കാറുണ്ടായിരുന്നു. ആഇശ (റ) ഉദ്ധരിക്കുന്നു : ഞാനും തിരുമേനിﷺയും ഒരേ പാത്രത്തിൽ നിന്നു വെള്ളം കോരി ഒരുമിച്ചു കുളിക്കാറുണ്ടായിരുന്നു. അങ്ങനെ റസൂൽ ﷺ കളിയായി ധൃതി പിടിച്ചു കുളിക്കും. ഞാൻ അങ്ങോട്ടും കുളിക്കും. ഞങ്ങൾ രണ്ടു പേരും ജനാബത്ത് കുളിക്കുന്നവരായിരുന്നു...
  (മുസ്ലിം 4/1884)

 ആഇശ (റ) നബിﷺയോടൊപ്പം ഒരു യാത്രയിലാണ്. കൂടെയുള്ള ജനത്തോട് അൽപ്പം മുന്നിൽ നടക്കാൻ നബി ﷺ കൽപ്പിച്ചു. നബിﷺയും ആഇശ(റ)യും തനിച്ചായപ്പോൾ നബി ﷺ പറഞ്ഞു: വരൂ ആഇശാ, നമുക്ക് മത്സരിച്ചോടാം.. ആഇശ (റ) അന്ന് മെലിഞ്ഞ ശരീരപ്രകൃതിയിലുള്ള ചെറുപ്പക്കാരിയായിരുന്നു. നബിﷺയോടൊപ്പം ഓടി ആഇശ(റ) മുന്നിൽ കടന്നു. മറ്റൊരു യാത്രയിൽ അപ്രകാരം രണ്ടു പേരും മത്സരിച്ച് ഓടി, അപ്പോഴേക്കും ആഇശ(റ)യുടെ ശരീരം തടിച്ചു കൊഴുത്തിരുന്നു. മത്സരത്തിൽ നബി ﷺ മുന്നിൽക്കടന്നു. ചിരിച്ചു കൊണ്ട് നബി ﷺ പറഞ്ഞു : ഇത് ആദ്യത്തേതിനു പകരം വീട്ടലാണ്...
  (അസ്സീറത്തുൽ ഹലബി 3/313)

  ആഇശ (റ) പറയുന്നു: ഞാനും കൂട്ടുകാരികളും കളിക്കോപ്പുകൾകൊണ്ട് കളിക്കുന്ന വേളയിൽ നബി ﷺ കടന്നു വന്നാൽ കൂട്ടുകാരികൾ ഓടിയൊളിക്കും. നബി ﷺ അവരെ പിടികൂടി ഓരോരുത്തരെ എന്റെ അടുത്തേക്കു കളിക്കാൻ പറഞ്ഞു വിടും. ഒരിക്കൽ ആഇശ(റ)യുടെ അടുത്തേക്ക് വന്ന നബി ﷺ കളിക്കോപ്പുകളിൽ ഒരു കുതിരയെ കണ്ടു ചോദിച്ചു: ഇതെന്താ ആഇശാ..?  അതു സുലൈമാൻ നബി(അ)ന്റെ കുതിരയാണ്. ആഇശ (റ) മറുപടി പറഞ്ഞു. അതുകേട്ട് നബി ﷺ ചിരിച്ചു. 

 റസൂൽ തിരുമേനി ﷺ ജാബിർ (റ) വിനോട് കന്യകയെ കല്യാണം കഴിക്കാൻ പറഞ്ഞു. പരസ്പരം കളിക്കാനും ചിരിക്കാനുമായിരുന്നു അത്...
  (ബുഖാരി)  

 അല്ലാഹുﷻവിനെ ഓർക്കാതെ ചെയ്യുന്ന സകലകാര്യങ്ങളും പാഴ് വേലയും കളിയുമാണ്. നാല് കാര്യങ്ങളിലൊഴികെ, അതിലൊന്ന് ഭാര്യയുമായുള്ള കളി തമാശയാണ് എന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്...
  (നസാഈ :87)