വർഗീയത പാണക്കാടല്ല, ആ വൈറസ് പരത്തുന്നത് ശ്രീ വിജയരാഘവൻ തന്നെ - നാസർ ഫൈസി കൂടത്തായി

നാസർ ഫൈസി കൂടത്തായി എഴുതുന്നു..

ശ്രീ വിജയരാഘവൻ പരത്തുന്നതാണ് വർഗ്ഗീയ വൈറസ്സ്

കോൺഗ്രസ്സ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം.ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ തന്നെയാവാം മത നേതാക്കളെ സന്ദർശിച്ചിട്ടുണ്ടാവുക. 
എന്നാൽ വെള്ളാപ്പള്ളി നടേശനേയും കൃസ്ത്യൻ മതനേതാക്കളേയും സന്ദർശിച്ചതിൽ വർഗ്ഗീയത കാണാതെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചതിൽ മാത്രം വർഗ്ഗീയത കാണുന്ന ഇടതു മുന്നണി കൺവീനർ എ.വിജയരാഘവൻ അതിര് വല്ലാതെ വിടുന്നുണ്ട്. കോൺഗ്രസിന്റെ മുന്നണിയിലെ രണ്ടാം പാർട്ടിയാണ് മുസ്ലിം ലീഗ്. അതിന്റെ പ്രസിഡൻറിനെ കുഞ്ഞാലിക്കുട്ടിക്കും കെ.പി.എ.മജീദിനുമൊപ്പം കോൺഗ്രസ് നേതാക്കൾ കാണുന്നത് തികച്ചും രാഷ്ട്രീയം.

ജലദോശപ്പനി പോലും വർഗ്ഗീയതയോടെ ചിത്രീകരിച്ച് ഭൂരിപക്ഷ വർഗ്ഗീയതയെ ഇളക്കിവിടാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് സ്പഷ്ടം.
തെരഞ്ഞെടുപ്പിനെ മത നിരപേക്ഷതയോടെ നേരിടുന്നതിന് പകരം  വർഗ്ഗീയ കൊറോണ വൈറസ് വ്യാപിപ്പിക്കുന്നത്  ന്യൂനപക്ഷ സമുദായത്തെ വേദനിപ്പിക്കുന്നുണ്ട്‌.എല്ലാം മരവിപ്പോടെ സഹിക്കുമെന്ന് കരുതരുത്.
എളുപ്പം ചെലവാക്കുന്ന വർഗ്ഗീയതയെ തരാതരം മാർക്കറ്റ് ചെയ്യുകയാണ് സി.പി.എം.
ഇ.എം.എസ് പോലും സർക്കാറും മുന്നണിയും ഉണ്ടാക്കാൻ ബാഫഖി തങ്ങളുടെ പടിവാതിൽ കയറി ഇറങ്ങിയതിൽ കാണാത്ത വർഗ്ഗീയത വർത്തമാനകാലത്ത് സൃഷ്ടിച്ച് ഉണ്ടാക്കുന്നത് അപകടകരമാണ്. കേരളത്തിൽ ഗതകാല പാരമ്പര്യത്തിൽ
മത സൗഹാർദ്ദത്തിന്റെ പരിസരത്ത് രൂപപ്പെടുത്തിയ മലയാള നവോത്ഥാനത്തെ പൊളിച്ചടക്കി സംഘ്പരിവാറിന് അവസരം സൃഷ്ടിക്കുന്നത് ശരിയല്ല. താൽക്കാലിക ഭരണം നേടുന്നതിന് വർഗ്ഗീയത പ്രചരിപ്പിക്കുമ്പോൾ കേരളീയത നേടിത മാനവീകത അകന്നുപോയിരിക്കും തിരിച്ചുവിളിക്കാനാവത്ത വിധം.

നാസർ ഫൈസി കൂടത്തായി
(28/01/2021)