ആരാണ് യഥാർത്ഥ പണ്ഡിതൻ?
പണ്ഡിതരിൽ ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ച് മഹാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം അബുൽ ഹസനിൽ മാവർദി(റ), ഇമാം ബദ്‌റുദ്ദീനുബ്‌നു ജമാഅ(റ), ഇമാം ആജുർറി(റ), ഖതീബുൽ ബഗ്ദാദി(റ), ഇമാം ഗസ്സാലി(റ) തുടങ്ങിയവർ ഇതുസംബന്ധമായി സ്വന്തം ഗ്രന്ഥം രചിച്ചവരോ വിവിധ ഗ്രന്ഥങ്ങളിൽ പ്രാധാന്യത്തോടെ വിശദീകരിച്ചവരോ ആണ്.
ബദ്‌റുദ്ദീനുബ്‌നു ജമാഅ അൽ കിനാനി(റ) ആലിമിന്റെയും മുഅല്ലിമിന്റെയും വ്യക്തിജീവിതത്തിൽ ഉണ്ടാകേണ്ടതും ഉണ്ടാക്കേണ്ടതുമായ മര്യാദകൾ ആറ് ഇനങ്ങളിലായി വിവരിച്ചിട്ടുണ്ട്. അവ ഹ്രസ്വമായി നമുക്കിവിടെ ചർച്ച ചെയ്യാം.., ഇൻ ശാ അല്ലാഹ്...
ഒന്ന്: താൻ അല്ലാഹുﷻവിന്റെ നിരീക്ഷണത്തിന് പുറത്തല്ലെന്ന വിചാരം സദാ ഉണ്ടായിരിക്കുക...
അല്ലാഹുﷻവിനെ ഭയന്നുകൊണ്ടായിരിക്കണം ജീവിതത്തിലെ ചലന നിശ്ചലനങ്ങൾ. അല്ലാഹു ﷻ തന്നിൽ നിക്ഷേപിച്ച അമാനത്താണ് ഇൽമ്. അത് സംരക്ഷിക്കാനുള്ള ബാധ്യത തനിക്കുണ്ട്. അല്ലാഹുﷻവിന്റെ ഔദാര്യമായ സംവേദന ഗ്രഹണശേഷികളും തന്റെ ഉത്തരവാദിത്തത്തിൽ സുരക്ഷിതമായിരിക്കണം.
അല്ലാഹു ﷻ പറയുന്നു: ‘വിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെയും അവന്റെ റസൂലിനെയും വഞ്ചിക്കരുത്. അവൻ നിങ്ങളെ ഏൽപിച്ച അമാനത്തുകളിൽ നിങ്ങൾ അറിഞ്ഞുകൊണ്ട് വഞ്ചന ചെയ്യരുത് ’...
(അൽ അൻഫാൽ 27)
‘അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ സംരക്ഷണം ഏൽപിക്കപ്പെട്ടുവെന്ന കാരണത്താൽ അതിനെ സംരക്ഷിച്ചവരായിരുന്നു അവർ (പണ്ഡിതർ). അവരതിന് സത്യസാക്ഷികളുമായിരുന്നു. അതിനാൽ തന്നെ നിങ്ങൾ ജനങ്ങളെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക’
(അൽ മാഇദ 44)
കാരണമുണ്ടായാലും ഇല്ലെങ്കിലും പണ്ഡിതർ ദൗത്യത്തിൽ വീഴ്ച വരുത്തിക്കൂടാ എന്ന് ഈ സൂക്തത്തിൽനിന്ന് ഗ്രഹിക്കാം.
ഇമാം ശാഫിഈ(റ) പറഞ്ഞു: ഇൽമ് എന്നാൽ മനഃപാഠമാക്കിയതല്ല, ഉപകാരപ്പെടുന്നതാണ്. അല്ലാഹുﷻവിന്റെ നിരീക്ഷണത്തെ ഒരു പണ്ഡിതൻ വിവരമില്ലാത്തവരേക്കാൾ പരിഗണിക്കാൻ ബാധ്യസ്ഥനായിരിക്കും. രഹസ്യപരസ്യങ്ങളുടെ മറയും തുറയും നമുക്ക് മാത്രമാണ്, അല്ലാഹുﷻവിനെ സംബന്ധിച്ചിടത്തോളം അതില്ലല്ലോ.
ശാന്തതയും ഗാംഭീര്യവും ഭക്തിയും വിനയവും കീഴ്‌പ്പെടലുമെല്ലാം ഈ വിശേഷണത്തിന്റെ ഭാഗമാണ്. അല്ലാഹുﷻവിന്റെ നിരീക്ഷണത്തിൽ നിന്നും ഒഴിവാകുന്ന ഒരു രംഗമില്ല എന്ന വിചാരം അവനിഷ്ടപ്പെടും വിധത്തിൽ മാത്രം ജീവിക്കാൻ വിശ്വാസിയെ പാകപ്പെടുത്തും. പണ്ഡിതനിൽ അത് മുന്തിയ രൂപത്തിൽ ഉണ്ടാവണമെന്ന് പറയേണ്ടതില്ല.
ഇമാം മാലിക് (റ) ഖലീഫ ഹാറൂൻ റശീദിന് ഇങ്ങനെ കത്തെഴുതുകയുണ്ടായി: നിങ്ങൾ വല്ല ജ്ഞാനവും നേടിയാൽ അതിന്റെ അടയാളം നിങ്ങളിൽ കാണണം. അതിന്റെ ഗാംഭീര്യവും ശാന്തതയും സമാധാനവും പ്രതിഫലനവും ഉണ്ടായിരിക്കണം.
നബി ﷺ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: പണ്ഡിതർ അമ്പിയാക്കളുടെ അനന്തരാവകാശികളാണ്.
ഉമർ (റ) പറഞ്ഞു: നിങ്ങൾ ഇൽമ് പഠിക്കുക. ഗാംഭീര്യത്തെയും ശാന്തതയെയും അതിന്റെ അടയാളമാക്കുക. രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുﷻവിനോട് വിനയം കാണിക്കലും സ്വന്തത്തിൽ അരുതായ്മകൾ സൂക്ഷിക്കലും തനിക്ക് അവ്യക്തമായതിലും സംശയമുള്ളതിലും അഭിപ്രായ പ്രകടനം നടത്താതിരിക്കലും പണ്ഡിതരുടെ ബാധ്യതയാണെന്ന് പൂർവ പണ്ഡിതർ പറഞ്ഞിട്ടുണ്ട്.
രണ്ട്: പൂർവികർ ഇൽമിനെ സംരക്ഷിച്ചതുപോലെ ഇൽമിനെ സംരക്ഷിക്കൽ...*
അല്ലാഹു ﷻ ഇൽമിന് നൽകിയിട്ടുള്ള ശ്രേഷ്ഠതയും പ്രതാപവും പരിഗണിച്ച് അതിനെ സമീപിക്കണം. അവശ്യഘട്ടങ്ങളിലും അതുമായി ബന്ധപ്പെട്ട ആവശ്യത്തിനുമല്ലാതെ പണ്ഡിതർ ഭൗതികതയുടെ ആളുകളുടെ അടുത്തേക്ക് പോയി ഇൽമിനെ നിസ്സാരപ്പെടുത്തരുത്. അതുപോലെ അവരിൽനിന്ന് അറിയേണ്ട വല്ല കാര്യത്തിനുമല്ലാതെയും അവരുടെ അടുത്ത് പോകരുത്.
ഭൗതികരുടെ മുമ്പിൽ ആലിം പോകുന്നതിന് തക്കതായ കാരണം വേണം. അത് അത്യാവശ്യങ്ങൾ നിറവേറ്റലാവാം. കാര്യങ്ങൽ ധരിപ്പിക്കലാവാം. വല്ലതും ഇങ്ങോട്ട് അറിയലുമാവാം. ഇൽമിനും ആലിമിനും അർഹിക്കുന്ന പരിഗണന ലഭ്യമാവാത്തിടത്ത് പോകരുതെന്നർത്ഥം.
വിദ്യാർത്ഥിയുടെ വീട്ടിൽചെന്ന് പഠിപ്പിക്കുന്നത് തന്നെ നിന്ദ്യതയാണെന്ന് ഇമാം സുഹ്‌രി (റ) പറഞ്ഞിട്ടുണ്ട്. പൂർവികരിൽനിന്ന് ഇതുസംബന്ധമായി ധാരാളം പ്രസ്താവനകൾ ഉദ്ധരിക്കപ്പെട്ടത് കാണാം.
ഖാളീ അബൂ ശുജാഇൽ ജൂർജാനി(റ)വിന്റെ ഒരു കവിതയുടെ ആശയം ഇങ്ങനെ: 'കണ്ടവർക്കൊക്കെ ഖിദ്മത്ത് ചെയ്യാനല്ല ഞാൻ കഷ്ടപ്പെട്ട് ഇൽമ് നേടിയത്. മറിച്ച് ഞാൻ സേവിക്കപ്പെടുന്നതിനാണ്. തന്റെ അടുത്തുള്ള ഇൽമിന് തന്നെ സമീപിക്കണം. ഞാൻ ചെറുപ്പത്തിൽ കഷ്ടപ്പെട്ട് ഇൽമ് സമ്പാദിച്ചിട്ട് ഇപ്പോൾ നിന്ദ്യതയാണോ ഫലമായി ലഭിക്കുന്നത്. അങ്ങനെയെങ്കിൽ അജ്ഞതയെ പിന്തുടരലാണ് ഏറ്റവും മെച്ചം. കഷ്ടപ്പെട്ട് നേടിയ വിജ്ഞാനം കൊണ്ട് പ്രതാപം നഷ്ടപ്പെടുത്തി നിന്ദ്യത സ്വീകരിക്കുന്നതിലും ഭേദം അജ്ഞതതന്നെയാണ്. ഇൽമുള്ളവർ അതിനെ സംരക്ഷിക്കുന്നുവെങ്കിൽ ഇൽമ് അവരെയും സംരക്ഷിക്കും. ഇൽമിന്റെ മഹത്ത്വം അവരംഗീകരിച്ചാൽ അവർക്കും മഹത്ത്വം ലഭിക്കും. അർഹിക്കുന്ന ആദരവും സംരക്ഷണവും അതിന് നൽകുന്നവർക്ക് ഇൽമ് തിരിച്ചും സംരക്ഷണവും ആദരവും നൽകും’.
ഇമാം ജുർജാനി(റ) ഹിജ്‌റ നാലാം നൂറ്റാണ്ടിൽ വഫാത്തായ കർമശാസ്ത്ര പണ്ഡിതനും കവിയും സാഹിത്യകാരനുമാണ്. ഇൽമിന്റെ മഹത്ത്വം വിവരിക്കുന്ന തന്റെ യഖൂലൂന ഫീകൻഖിബാളുൻ എന്ന കവിതയിൽ നിന്നുള്ളതാണിത്. തന്റെ നിലാപടുകളെ വിമർശിച്ചവർക്കുള്ള മറുപടി കൂടിയാണിത്. ഈ കവിതയിൽ ഇൽമിന്റെയും ആലിമിന്റെയും മഹത്ത്വവും അത് പരിരക്ഷിക്കുന്നതിനുള്ള രീതികളും കൃത്യമായി വിവരിക്കുന്നുണ്ട്...
Post a Comment