റമളാൻ വിരുന്നെത്തും മുന്നെ..!!



ശഅ്ബാന്‍ റമളാനിലേക്കുള്ള വാതിലാണ്. റമളാന്‍ സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കുന്ന മാസവുമാണ്.
നബി(സ്വ) പറയുന്നു. റമളാന്‍ ആഗതമായാല്‍ സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ചങ്ങലക്കിടപ്പെടുകയും ചെയ്യും. (ബുഖാരി, മുസ്ലിം)

റമളാൻ കടന്ന് വരുമ്പോൾ തൗബ, ഇസ്തിഗ്ഫാര്‍, ഭക്തി, വ്രതം, നിസ്കാരം, നിശാനിസ്കാരം എന്നിവകൊണ്ട് സ്വര്‍ഗ കവാടങ്ങള്‍ മുട്ടാനും അല്ലാഹുവിന്‍റെ കാരുണ്യത്തിനുവേണ്ടി കേണപേക്ഷിക്കാനും വിശ്വസികള്‍ ശ്രദ്ധിക്കണം.
അബുദ്ദര്‍ദാഅ്(റ) ഇപ്രകാരം പറയാറുണ്ടായിരുന്നു: ദുആ നിങ്ങള്‍ വര്‍ധിപ്പിക്കുക, നിശ്ചയം വാതിലില്‍ കൂടുതല്‍ മുട്ടുന്നവര്‍ക്ക് വേണ്ടി അതു തുറക്കപ്പെടും (മുസ്വന്നഫുബ്നു അബീശൈബ).

റമളാൻ വിരുന്നെത്തും മുമ്പ് നമുക്ക് മാനസികമായി തയ്യാറെടുക്കാനാവണം.
വിശുദ്ധ ശഅ്ബാന്‍ വിശ്വാസികള്‍ക്കുള്ള പരിശീലനത്തിന്‍റെ മാസം കൂടിയാണ്. വിശുദ്ധ റമളാനിനെ സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങളും വിശുദ്ധ മാസത്തിലെ ആരാധനാകര്‍മങ്ങളുടെ സമയക്രമവും തയ്യാറാക്കി ജീവിതത്തിനൊരു പുതുമുഖം നല്‍കാന്‍ വിശ്വാസികള്‍ തയ്യാറാവണം. സംശുദ്ധമായ തൗബ ചെയ്ത് ഈമാനികമായ തയ്യാറെടുപ്പ് നടത്തുന്നതോടൊപ്പം വൈജ്ഞാനികമായ മുന്നേറ്റവും ശഅ്ബാനില്‍ സാധ്യമാകണം. കര്‍മശാസ്ത്രഗ്രന്ഥങ്ങള്‍ വായിച്ചും പഠിച്ചും നോമ്പിനെ സമ്പന്നമാക്കണം. വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ വേണ്ടി കുടുംബത്തെ പ്രേരിപ്പിക്കുകയും എല്ലാവരും ഭാഗഭാക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുപ്പുകള്‍ നടത്തുകയും വേണം. പള്ളികളും മറ്റും അലംകൃതമാക്കിയും വീടുകളില്‍ ‘നനച്ചുകുളി’ നടത്തിയും വൃത്തി കാത്തുസൂക്ഷിക്കണം. മനസ്സില്‍ നിന്ന് അസൂയ, പക, വിദ്വേഷം തുടങ്ങിയ തിന്മകളെ നിഷ്കാസനം ചെയ്യുകയും ആത്മസമരം നടത്തി ഹൃദയശുദ്ധി വരുത്തുകയും വേണം.