മുടി കറുപ്പിക്കല്‍ കടുത്ത ഹറാം


പുരുഷന്മാർ  മുടി കറുപ്പിക്കല്‍ കടുത്ത ഹറാമാണ്.
യുദ്ധാവശ്യത്തിനുവേണ്ടിയല്ലാതെ തലമുടി, താടി രോമം എന്നിവ കറുപ്പിക്കല്‍ നിഷിദ്ധമാണെന്നതാണ്
ഇസ്ലാമിക വിധി.

 ഇബ്‌നു അബ്ബാസ് (റ) വില്‍നിന്ന് നിവേദനം: പ്രവാചകന്‍ പറഞ്ഞു: തലമുടിക്കും താടി രോമത്തിനും കറുപ്പ് ചായം പിടിപ്പിക്കുന്ന ഒരു വിഭാഗം അവസാന കാലം ഉണ്ടാകും. അവര്‍ക്ക് സ്വര്‍ഗത്തിന്റെ പരിമണം പോലും ലഭിക്കുകയില്ല (അബൂ ദാവൂദ്, ഹാകിം).

വെള്ളം ചേരുന്നതിനെ തടയുന്ന- ചായം എന്നോ അല്ലാത്തതെന്നോ ഇവിടെ വിത്യാസമില്ല- ഏതു വിധത്തിലുള്ള വസ്തുകൊണ്ട് കറുപ്പിക്കലും ഹറാമാണ്.

വെള്ളം ചേരുന്നതിനെ തടയുന്ന രീതിയിലുള്ള ചായംകൊണ്ട് തലമുടിയോ മീശയോ താടിരോമമോ കറുപ്പിച്ചാല്‍ (ഇന്ന് വിപണിയിലുള്ളത് അത്തരത്തിലുള്ളതാണെന്ന് പറയപ്പെടുന്നു) നിഷിദ്ധമായ ഒരു കാര്യം ചെയ്തു എന്നതിലുപരി ഒട്ടേറെ അപകടങ്ങള്‍ അതുമൂലം സംഭവിക്കുന്നു.
അങ്ങനെ അനവധി നിഷിദ്ധകാര്യങ്ങള്‍ വന്നുചേരുന്നു. അവന്റെ വുളൂ, കുളി തുടങ്ങിയവയൊന്നും സാധുവാകുകയില്ല. കുളി നിര്‍ബന്ധമായവന്റെ ശുചീകരണം ശരിയാവാതെ വരുമ്പോള്‍ വലിയ അശുദ്ധി നിലനില്‍ക്കുന്നു.
അതിനാല്‍, പള്ളിയില്‍ പ്രവേശിക്കല്‍ നിഷിദ്ധമാകുന്നു. പള്ളിയില്‍ ചെലവഴിച്ച അത്രയും സമയം നിഷിദ്ധം ചെയ്ത കുറ്റം ലഭിക്കുന്നു. ജുമുഅയോ ജമാഅത്തോ നിസ്‌കാരംപോലുമോ ലഭിക്കുന്നില്ല.

വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവിന്റെ സമ്മതത്തോടുകൂടി കറുപ്പിക്കാവുന്നതാണ്. അവള്‍ അഴകും സൗന്ദര്യവും ഭര്‍ത്താവിന്റെ മുമ്പില്‍ പ്രകടമാക്കല്‍ അവന്റെ ആവശ്യമാണല്ലോ.
 ഇമാം ശിഹാബുദ്ധീന്‍ റംലി (റ) വും ഈ കാര്യം പ്രസ്താവിച്ചിട്ടുണ്ട്.
 (ശര്‍വാനി: 9/375, ഇആനത്ത്: 2/331).

വെള്ളം ചേരുന്നതിനെ തടയുന്ന രീതിയിലുള്ളതുകൊണ്ടാണവള്‍ മുടി കറുപ്പിച്ചതെങ്കില്‍ ശുചീകരണവേളയില്‍ അത് നീക്കം ചെയ്യല്‍ നിര്‍ബന്ധമാണ്.

ചുകപ്പിക്കൽ സുന്നത്ത്
നരച്ച താടിരോമത്തിനും തലമുടിക്കും ചുകപ്പു വര്‍ണത്തിലുള്ള ചായംകൊടുക്കല്‍ സുന്നത്താണ്.  നരച്ച താടി രോമത്തിന് പലരും മൈലാഞ്ചിയണിയുന്നത് ഈ അടിസ്ഥാനത്തിലാണ്.
ചുകപ്പിക്കുന്നത് മൈലാൃ്ചി കൊണ്ട് തന്നെ ആവണമെന്നില്ല. പക്ഷെ ശുദ്ധീകരണങ്ങളുടെ വെള്ളങ്ങൾ ചേരുന്നതിനെ തടയാത്തത് ആവണം.
അതിന് മൈലാഞ്ചിയാണ് ഏറ്റവും ഉത്തമമെന്ന് മാത്രം.