മാണിക്യാ മലരിന്റെ പ്രണയം



അതിര് വിട്ട ആഭാസങ്ങളും ചേഷ്ടകളുമാണ് ഇന്ന് പ്രണയമെന്ന പേരിൽ അറിയപ്പെടുന്നത്.
അത്തരം ഒരു തരത്തിലേക്ക് പവിത്രമായ ചരിത്ര പശ്ചാത്തലങ്ങളെ അനാവരണം ചെയ്യുന്നത് നിന്ദ തന്നെയാണ്.

അനുയോജ്യമാകാത്ത സംയോജനങ്ങൾ ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണ്.
ഇന്ന് പ്രണയത്തിന്റെ ക്ലൈമാക്സ് വിവാഹമാണ്. അത് കഴിഞ്ഞാൽ എല്ലാം തീർന്നു.
പ്രവാചകന്റെയും പ്രിയ പത്നി ഖദീജയുടേയും പ്രണയം അതിര് വിട്ട ആഭാസമായിരുന്നില്ല.
അവർ നേരിട്ട് പ്രണയം പങ്ക് വെച്ചല്ല വിവാഹിതരായത്.
അതിന്റെ ക്ലൈമാക്സ് വിവാഹവുമായിരുന്നില്ല. വിവാഹാനന്തരവും  ആ പ്രണയം പന്തലിച്ചു നിന്നു.

നബിയോട് ഖദീജ ബീവിക്ക് തോന്നിയ ഇഷ്ടം അവർ മാന്യമായ രീതിയിലൂടെ അറിയിച്ച്. ജാഹിലിയ്യത്തിലും ഏറ്റവും നല്ല സംസ്കാരത്തിലൂടെയാണ് ഒന്നിച്ചത്.

ചരിത്രരത്തി ലെ  ഖദീജ ചെയ്തത് എന്താണെന്നെങ്കിലും പഠിക്കണമായിരുന്നു.
പട്ടിണിയുടെ കഷ്‌ടകാലത്തിലേക്ക്‌ എത്തിപ്പെടുമെന്ന്‌ ഉറച്ചുകൊണ്ടു തന്നെ അല്‍അമീനായ മുഹമ്മദിന്റെ ജീവിതസഖിയായി. പ്രവാചകത്വത്തിന്റെ വിഹ്വലതകളില്‍ ആശ്വാസത്തിന്റെ മടിത്തട്ടായി. പ്രതിസന്ധികളുടെ വേനലില്‍ സമാധാനത്തിന്റെ പുതുമഴയായി.
കഷ്‌ടപ്പാടിന്റെ കണ്ണീരില്‍ ഒറ്റപ്പുഞ്ചിരി കൊണ്ട്‌ കുളിരായി.

 ശിഅബു അബീത്വാലിബ്‌ എന്ന കുന്നിന്‍ ചെരിവില്‍ ഒറ്റപ്പെട്ടു കഴിഞ്ഞപ്പോള്‍ തിരുനബിക്കും കൂടെയുള്ളവര്‍ക്കും പച്ചിലയും വെള്ളവും മാത്രമായിരുന്നു ഭക്ഷണം. അപ്പോഴും മക്കയിലെ ആ പഴയ രാജകുമാരി പ്രിയതമനൊപ്പമുണ്ടായിരുന്നു. തിരുനബിയുടെ കൈപിടിച്ച്‌ ഖദീജയുടെ സ്‌നേഹമുണ്ടായിരുന്നു.

ഹിറാഗുഹയില്‍ ധ്യാനത്തിലിരുന്നപ്പോളും നേരത്തിനു ഭക്ഷണവുമായി പ്രിയതമനരികില്‍ ആ സ്‌നേഹമെത്തി. അന്‍പത്തിയഞ്ച്‌ വയസ്സുള്ള സ്‌ത്രീ. വീടിന്റെയും മക്കളുടെയും കാര്യങ്ങളെല്ലാം അവര്‍ നോക്കണം. അതിന്നിടയില്‍, കല്ലും മുള്ളും കാട്ടുമൃഗങ്ങളും നിറഞ്ഞ മലയിലേക്ക്‌ കയറിച്ചെല്ലുന്നത്‌ ഒന്നോര്‍ത്തുനോക്കൂ...


ഹിറാ ഗഹ്വരത്തിൽ നിന്നുത്ഭവിച്ച വിഹ്വലതയിൽ, കുളിര് നൽകി സമാശ്വസിപ്പിച്ച ഖദീജ(റ)യുടെ പക്വതയാർന്ന സാന്ത്വന വാക്കുകൾ, ഉത്തമ ഭാര്യയെ കിട്ടിയ സന്തോഷത്തിൽ നല്ല ഭർത്താവായ തിരുനബിക്ക് ഏറെ ആശ്വാസപ്രദമായിരുന്നു. അത്രമേൽ മധുരമായിരുന്നു ആ വചസ്സുകൾ. ‘പടച്ചോൻ അങ്ങയെ ഒരിക്കലും നൊമ്പരപ്പെടുത്തില്ല; അല്ലാഹുവാണെ, അങ്ങ് കുടുംബ ബന്ധം ചേർക്കുന്നു, സത്യം സംസാരിക്കുന്നു, പ്രയാസങ്ങൾ ഏറ്റെടുക്കുന്നു, ഇല്ലാത്തവർക്ക് വേണ്ടി കഷ്ടപ്പെടുന്നു, അതിഥികളെ സൽകരിക്കുന്നു, സത്യകാര്യങ്ങൾക്ക് സഹായമേകുന്നു’ ഉറക്കിലും ഉണർവിലും കുളിരേകിയ പ്രിയ പത്‌നിയാണ് ഖദീജ(റ).

നബി(സ്വ), തന്റെ ആദ്യപത്‌നിയായ ഖദീജ(റ)യെ ഇണയാക്കുമ്പോൾ പ്രായം ഇരുപത്തഞ്ച്. ഖദീജ(റ)ക്ക് നാൽപത്. മനസ്സറിഞ്ഞുള്ള ഈ സ്‌നേഹക്കൂട്ടിൽ പ്രായം രണ്ടുപേർക്കും ഒരു തടസ്സമായില്ല. ഖദീജ(റ) നബി(സ്വ)യുടെ അരികിലെത്തുന്നതിനു മുമ്പ് രണ്ടു വിവാഹം കഴിച്ചിരുന്നു. രണ്ടു വിവാഹത്തിലും മക്കളുമുണ്ടായിരുന്നു. മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളും. വിധവയായി ഒറ്റക്കു താമസിക്കാൻ കൊതിച്ച് കഴിഞ്ഞ സമ്പന്നയായ, കുലീനയായ, ഖുറൈശീ സ്ത്രീകളുടെ നേതാവായിരുന്ന ഖദീജയുടെ ജീവിതത്തിലേക്ക് വിശ്വസ്തനും സുമുഖനുമായ നബി(സ്വ) നിയോഗം പോലെ കടന്നുവന്നു. ഖദീജാബീവി(റ)യുടെ ബിസിനസ്സിൽ കാണിച്ച സമ്പൂർണ സത്യസന്ധത, ഒന്നിച്ചുള്ള കുടുംബ വിതത്തിലും

പുലർത്തി. ഖദീജ(റ)യുടെ വിജ്ഞാനവും ദീർഘദൃഷ്ടിയുമാണ് ഭാവി പ്രവാചകനെ സ്വന്തമാക്കാൻ കാരണമായത്. ഹിറായിലേക്ക് പോയ ഭർത്താവിനെ നബിയായിട്ടാണ് ഖദീജ(റ)ക്ക് തിരിച്ചുകിട്ടിയത്. പിന്നെ, ചിന്തിക്കേണ്ടി വന്നില്ല; ആ

നിമിഷം മുതൽ ഭർത്താവിന്റെ ഇസ്‌ലാം മതത്തിൽ ആദ്യവിശ്വാസിനിയായി ഖദീജ(റ) പ്രവേശിച്ചു. വളരെ സന്തോഷം നിറഞ്ഞ ദാമ്പത്യവല്ലരിയിൽ, പക്വമതിയായ ഖദീജ(റ) നബിതിരുമേനിക്ക് ആറു മക്കളെ നൽകി. ഖാസിം, സൈനബ്, റുഖിയ്യ, ഫാത്വിമ, ഉമ്മു കുൽസൂം, അബ്ദുല്ലാഹ് എന്നിവർ. ഏഴാമത്തെ സന്താനം ഇബ്രാഹീം മഹതി മാരിയത്തുൽ ഖിബ്തിയ്യയിലാണുണ്ടായത്.

ഓരോ ചലന-നിശ്ചലനത്തിലും നബി(സ്വ) ‘അൽഅമീൻ’ (സത്യസന്ധൻ) ആയിരുന്നുവല്ലോ. ഖദീജ(റ) സത്യസന്ധയും പരിശുദ്ധയുമായ മഹതിയായിരുന്നു. ജാഹിലിയ്യ കാലത്തു തന്നെ ഖദീജ(റ) ത്വാഹിറ (പരിശുദ്ധ) എന്ന ഓമനപ്പേരിലറിയപ്പെട്ടു. ഒരിക്കൽ പോലും ഖദീജ(റ)യിൽ നിന്ന്, മനസ്സു മടുപ്പിക്കുന്ന ഒന്നും നബി(സ്വ)ക്ക് കേൾക്കാനിടവന്നില്ല. പ്രബോധനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ശത്രു സമൂഹം അഴിച്ചുവിട്ട പീഡനങ്ങളിൽ മനം തളരാതിരിക്കാൻ, സ്‌നേഹമസൃണമായ പെരുമാറ്റവും സന്തോഷദായകമായ സാമീപ്യവും കൊണ്ട് കുരുത്തു നൽകി. ‘ഖദീജ(റ)യേക്കാൾ ഉത്തമമായ മറ്റൊന്നും അല്ലാഹു എനിക്ക് പകരം നൽകിയിട്ടില്ല; ജനങ്ങൾ എന്നെ അവിശ്വസിച്ചപ്പോൾ അവൾ എന്നെ വിശ്വസിച്ചു. ജനങ്ങൾ എന്നെ കളവാക്കിയപ്പോൾ അവൾ എന്നെ സത്യമാക്കി, ജനങ്ങൾ എനിക്ക് തടഞ്ഞുവെച്ചപ്പോൾ അവൾ എന്നെ സമ്പത്തു നൽകി സമാശ്വസിപ്പിച്ചു. എനിക്ക് മറ്റു ഭാര്യമാരിൽ മക്കളെ തരാതിരുന്ന അല്ലാഹു അവരിലൂടെ മക്കളെ നൽകി’ (അഹ്മദ്, മജ്മഉസ്സവാഇദ് 9/224).

ഖദീജ(റ)യും നബി(സ്വ)യും ഇരുപത്തഞ്ച് വർഷം ഒരുമിച്ചു ജീവിച്ചു. പതിനഞ്ച് വർഷം നുബുവ്വത്തിന്റെ മുമ്പും പത്തു വർഷം നുബുവ്വത്തിന്റെ ശേഷവും. ഇക്കാലയളവിൽ നബി(സ്വ) മറ്റാരെയും ഭാര്യയായി സ്വീകരിച്ചില്ല. ദാമ്പത്യത്തിന്റെ മധുര പ്രായത്തിൽ, യുവത്വത്തിന്റെ പ്രസരിപ്പിൽ അമ്പതു വരെ ഏക പത്‌നീവ്രതമനുഷ്ഠിച്ചു നബി തിരുമേനി(സ്വ). ബഹുഭാര്യത്വം കൊണ്ട് സ്ത്രീ ശരീരമായിരുന്നു നബി(സ്വ)യുടെ ലക്ഷ്യമെങ്കിൽ, ഇത് വേണ്ടിയിരുന്നത് ഊർജ്ജസ്വലമായ യുവത്വ വേളയിലായിരുന്നു. മാത്രമല്ല, നാൽപതു കഴിഞ്ഞ വിധവയായ ഖദീജാ ബീവി(റ)യെ തീരെ അവിവാഹിതനായ ഇരുപത്തഞ്ച്

പ്രായമുള്ള മുത്ത് നബി(സ്വ) കുടുംബ ജീവിതത്തിലേക്ക് കൈപിടിച്ച്, കൂട്ടിപ്പിടിച്ച് കൊണ്ടുവരുന്നത് സ്ത്രീ ലമ്പടനായതു കൊണ്ടാണോ? ആരോപകർ കണ്ണു തുറക്കണം.

സ്വർഗീയ സ്ത്രീകളിൽ ഉത്തമ വനിതയായി ഖദീജ(റ)യെ നബി(സ്വ) പുകഴ്ത്തിപ്പറഞ്ഞു. സ്വർഗീയ സ്ത്രീകളിൽ ഉത്തമർ ഖുവൈലിദിന്റെ മകൾ ഖദീജ, മുഹമ്മദിന്റെ മകൾ ഫാത്വിമ, ഇംറാൻ മകൾ മർയം, മുസാഹിമിന്റെ മകൾ ആസിയ എന്നിവരാണ് (അഹ്മദ്, മജ്മഉസ്സവാഇദ് 9/223).

പിൽക്കാലത്ത് ഖദീജ(റ)യെ നബി(സ്വ) വല്ലാതെ ഓർത്തിരുന്നു. അവരുടെ മാഹാത്മ്യങ്ങളും പുണ്യകർമങ്ങളും എടുത്തുപറയും. ഖദീജ(റ)വിന്റെ പേരിൽ ദാനധർമങ്ങൾ ചെയ്യുമായിരുന്നു. ആടിനെ അറുത്ത് ഖദീജ(റ)വിന്റെ കൂട്ടുകാരികൾക്ക് കൊടുത്തുവിട്ടു. അനസ്(റ) പറയുന്നു: ‘നബി(സ്വ)ക്ക് വല്ലതും കൊണ്ടുകൊടുത്താൽ അവിടുന്ന് പറയും: ഇത് ഇന്നാലിന്നവൾക്ക് എത്തിക്കൂ. അവൾ ഖദീജ(റ)യുടെ കൂട്ടുകാരിയാണ്. ഇത് ഇന്ന പെണ്ണിന് കൊടുക്കൂ. അവൾ ഖദീജയെ ഇഷ്ടപ്പെടുന്നവളാണ്’ (ഹാകിം). ഭാര്യയെ ഇഷ്ടപ്പെടുന്നവർക്ക് ഭാര്യയുടെ കൂട്ടുകാരികൾക്ക്, സമ്മാനങ്ങൾ കൊടുത്തയക്കുന്ന ഉത്തമനായ ഭർത്താവായിരുന്നു മുത്തുനബി(സ്വ). ഓരോ ഭർത്താവും ചിന്തിക്കുക – കുടുംബത്തെ എത്ര മഹത്തരമായാണ് നബി തിരുമേനി കണ്ടത്. ഇണകൾ തമ്മിൽ അവിശ്വാസം വളരുന്ന ആധുനിക കാലത്ത്, ഒരാളും ഒരാൾക്കു കീഴിലും നിൽക്കാൻ തയ്യാറാവാത്ത ദശാ സന്ധിയിൽ തരം കിട്ടുമ്പോൾ ഭർത്താവിനെ ഭാര്യയും, ഭാര്യയെ ഭർത്താവും പാര വെക്കാനും കുത്തിനോവിക്കാനും മെനക്കെടുമ്പോൾ, ഒരിക്കലും വെറുപ്പുണ്ടാവാതിരുന്ന, സ്‌നേഹം വിരിഞ്ഞ, സുഗന്ധം പരത്തിയ ഈ വിശുദ്ധ ദാമ്പത്യത്തിലെ പാഠങ്ങൾ അടുത്തറിയാൻ നാം തയ്യാറാവണം.