സലഫികൾക്ക് ഐ.എസ്സുമായി എന്താണ് ബന്ധം..?


ഇസ്ലാമികപ്രബോധനത്തെ പ്രതിസന്ധിയിലാക്കുകയും മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത് കുപ്രസിദ്ധി നേടിയ പ്രസ്ഥാനമാണ് ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാക് ആന്‍ഡ് സിറിയ (ഐ.എസ്.ഐ.എസ്).

അദ്ദൗല അല്‍ ഇസ്്‌ലാമിയ്യ ഫില്‍ ഇറാഖി വശ്ശാം (ദാഇശ്) എന്ന് അറബിയിലും ഐ.എസ് എന്ന ചുരുക്കപ്പേരില്‍ ഇംഗ്ലീഷിലും അറിയപ്പെടുന്ന ഈ സംഘവുമായി ഇസ്ലാമിന് യാതൊരു ബന്ധവുമില്ലെന്ന് മുസ്ലിം സംഘടനകളും ഇസ്്‌ലാമിക രാജ്യങ്ങളും അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടും ചില കുബുദ്ധികള്‍ ഇതിനെ ഇസ്ലാമിന്റെ തനിപ്പകര്‍പ്പായി ചിത്രീകരിച്ച് സമാധാനത്തിന്റെ മതത്തെ ഭീകരതയാക്കി ചിത്രീകരിക്കുകയാണ്.

ജിഹാദിയന്‍ സങ്കല്‍പ്പങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് സമൂഹത്തില്‍ പ്രചരിപ്പിക്കുമ്പോള്‍ ഇസ്ലാമിന്റെ യഥാര്‍ഥമുഖം അറിഞ്ഞോ അറിയാതെയോ വികലമാക്കുന്ന കാഴ്ച ഖേദകരവും അപകടകരവുമാണ്. ഇന്നത്തെ മുസ്ലിം ഭരണാധികാരികള്‍ ഖലീഫമാരല്ലാത്തതിനാല്‍ യഥാര്‍ഥ ഖലീഫ അനിവാര്യമാണെന്നും അത് താനാണെന്നും പ്രഖ്യാപിച്ച് രംഗത്തുവന്ന അബൂബക്കര്‍ ബഗ്ദാദിയാണ് ഐ.എസിന്റെ തലവന്‍. ഇയാള്‍ക്ക് സ്വയം ഖിലാഫത്ത് ഏറ്റെടുക്കാന്‍ ആരാണ് അധികാരം നല്‍കിയത്? ഇയാളുടെ ചരിത്രമെന്ത്? ഇതൊന്നും ചിന്തിക്കാതെ ഒരു അക്രമസംഘത്തെ പടച്ചുണ്ടാക്കി സ്‌ഫോടനവും ഭീകരതയും നടത്തുന്നവര്‍ ഒരിക്കലും ഇസ്ലാം മതസ്‌നേഹികളോ മതത്തിന്റെ രക്ഷകരോ അല്ല.

ഇന്നേവരെ ഐ.എസ് നടത്തിയ ചാവേര്‍ ആക്രമണങ്ങളില അവര്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഇസ്‌റാഈല്‍ മുദ്രപതിച്ചതും ചിലതെല്ലാം അമേരിക്കന്‍ നിര്‍മിതവുമാണെന്ന കണ്ടെത്തല്‍ ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നു. രാഷ്ട്രവും സേനയും ആള്‍ബലവും ഉണ്ടായിരുന്നിട്ടും സദ്ദാം ഹുസൈനെയും കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയെയും കൊന്നൊടുക്കിയ അമേരിക്കയ്ക്ക് ഇതൊന്നുമില്ലാത്ത അബൂബക്കര്‍ ബഗ്ദാദിയെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നതും സംശയത്തിന് ആക്കംകൂട്ടുന്നു.

മുന്‍ യു.എസ് ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് സ്‌റ്റോസന്‍ പറഞ്ഞത് ശരിയാണെങ്കില്‍ മൊസാദിന്റെ പരിശീലനം ലഭിച്ച, അമേരിക്കയും ഇസ്രാഈലും സംയുക്തമായി അവതരിപ്പിച്ച മുസ്ലിം നാമധാരിയാണ് അബൂബക്കര്‍ ബഗ്ദാദി. ഇസ്്‌ലാമിനെ സ്‌നേഹിക്കുന്നവര്‍ വിശുദ്ധ മദീന നഗരിയില്‍ സ്‌ഫോടനത്തിന് വഴിയൊരുക്കുമെന്ന് ഒരു വിശ്വാസിക്ക് ചിന്തിക്കാന്‍ പോലുമാകില്ല. ഇത്തരം സംഘടനകളുടെയെല്ലാം താത്വിക പശ്ചാത്തലം പരതിയാല്‍ ഇവയില്‍ ആകൃഷ്ടരാകുന്നത് തീവ്രസലഫിസം ബാധിച്ച യുവതയാണെന്നു കാണാം. പ്രമാണങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് പൂര്‍വവ്യാഖ്യാനങ്ങള്‍ തള്ളിക്കളഞ്ഞ് ഖുര്‍ആനും ഹദീസും കൈകാര്യം ചെയ്തതിന്റെ ദുരന്തഫലമാണ് ഇത്തരം യുവതയുടെ രംഗപ്രവേശം.

സലഫികളുടെ വിവിധ വകഭേദങ്ങള്‍ ഇന്ന് കേരളത്തില്‍ പ്രവൃത്തിക്കുന്നുണ്ട്. പ്രവാചകന്‍ ആട് വളര്‍ത്തിയും കൃഷി ചെയ്തുമാണ് ജീവിച്ചതെങ്കില്‍ നമ്മളും അങ്ങനെ തന്നെ ജീവിക്കണമെന്ന് വാദിക്കുന്നവര്‍ മുതല്‍ യഥാര്‍ത്ഥ വിശ്വാസികളാകണമെങ്കില്‍ യമനിലെ മരുഭൂമിയില്‍ ജീവിക്കണമെന്ന് പറയുന്നവര്‍ വരെ. ദേശീയഗാനം ചൊല്ലാതിരിക്കുന്നവര്‍ മുതല്‍, എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്ന് പ്രതിജ്ഞ ചെയ്യാന്‍ മടികാട്ടുന്നവര്‍ വരെ ആ കൂട്ടത്തിലുണ്ട്. ഇവരുടെ ഒരു സംഘം നിലമ്പൂരില്‍ ആട് വളര്‍ത്തി ഇപ്പോഴും ‘മരുഭൂമി ജീവിതം ആസ്വദിക്കുന്നുണ്ട്’.

ഇവരെ ദമ്മാജ് സലഫികള്‍ എന്നാണത്രെ അറിയപ്പെടുന്നത്. ഇവരുടെ ആസ്ഥാനം യമന്റെ തലസ്ഥാനമായ സന്‍ആഇലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശ്രീലങ്കയിലും അഫ്ഗാനിലും യമനിലും ഇത്തരം സലഫി വിഭാഗങ്ങളുണ്ട്. കഴിഞ്ഞ യമന്‍ യുദ്ധകാലത്ത് ഇത്തരത്തില്‍ അവിടെയെത്തിയ ഒരു മലയാളിയെ അവിടത്തെ ഹൂതി വിമതര്‍ തടവിലാക്കുകയും വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് നാട്ടില് തിരിച്ചെത്തുകയുമായിരുന്നു.

യമന്റെ വടക്കന്‍ താഴ്‌വരയായ ദമ്മാജിലേക്ക് യഥാര്‍ഥ വിശ്വാസം തേടി പുറപ്പെട്ടവര്‍ ശൈഖ് മുഖ്ബില്‍ ബിന്‍ ഹാദി അല്‍വാദി സ്ഥാപിച്ച ദാറുല്‍ ഹദീസിലാണ് ചെന്നെത്തുന്നത്. 1979 ല്‍ മസ്ജിദുല്‍ ഹറാം ആക്രമണത്തില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാളാണ് ശൈഖ് മുഖ്‌സില്‍. ഇസ്്‌ലാമിക ധര്‍മസമരത്തെ തെറ്റായി ചിത്രീകരിക്കുന്ന ചിന്താധാര യുവതയില്‍ സന്നിവേശിപ്പിക്കുന്നത് ഈ മതത്തിന്റെ അന്ത:സത്ത തകര്‍ക്കും. അതാണ് ഇന്ന് ഐ.എസിലൂടെ നാം കാണുന്നത്.

വീടും കുടുംബവും വിട്ട് ആടുമേച്ച് പ്രവാചകപാത പ്രാവര്‍ത്തികമാക്കാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ ഇസ്ലാമിനെ കൊച്ചാക്കാനും അപമാനിക്കാനുമാണ് പുറപ്പാട് നടത്തുന്നത്. ഖുര്‍ആന്‍ വചനങ്ങളുടെ അവതരണ പശ്ചാത്തലവും യഥാര്‍ഥ ആശയവിശദീകരണവും മനസിലാക്കാതെ കേവല മൊഴിമാറ്റം മാത്രം മാനദണ്ഡമാക്കി ഖുര്‍ആന്‍ ശത്രുത പരത്തുന്നു എന്ന ചിത്രീകരണം ബോധവല്‍ക്കരണത്തിലൂടെ തിരുത്തപ്പെടേണ്ടതുണ്ട്. ഇവിടെയാണ് പൂര്‍വകാല മഹാത്മാക്കളുടെ പാത മുറുകെ പിടിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രസക്തി വര്‍ധിക്കുന്നത്.

നാടും വീടും വെടിഞ്ഞ് ദമ്മാജ് സലഫി ജീവിത രീതി തെരഞ്ഞെടുക്കാന്‍ അവരെ പ്രേരിപ്പിച്ച ഘടകങ്ങള്‍ വേറെയുമുണ്ട്. തങ്ങളുടെ ആദര്‍ശ പഠനത്തില്‍നിന്നും അവര്‍ക്കു ലഭിച്ച വികലമായ ചിന്താഗതികളായിരുന്നു അതില്‍ പ്രധാനം. തീവ്ര സലഫി പ്രത്യയശാസ്ത്രമാവാം ഇതിനു വഴിയൊരുക്കിയത്. ഒരു ബഹുസ്വര പശ്ചാത്തലത്തില്‍ ഒരു മുസ്്‌ലിമിന് ജീവിക്കാന്‍ സാധ്യമല്ലായെന്ന ഒരു ചിന്ത പലരെയും വേട്ടയാടി. സഊദി വഹാബിസം, ദമ്മാജ് സലഫിസം പോലെയുള്ള ബഹ്യ ഘടകങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട്. സംഘടന ഇസ്്‌ലാമിക വിരുദ്ധമാണെന്നും തെരഞ്ഞെടുപ്പും വോട്ടിങും നിഷിദ്ധമാണെന്നും അവര്‍ പിന്നീട് വാദിച്ചുതുടങ്ങുകയായിരുന്നു. സയ്യിദ് ഖുതുബിന്റെ ചിന്തകള്‍ ദ്യോതിപ്പിച്ചിരുന്നപോലെ നിലവിലെ സാഹചര്യങ്ങളെല്ലാം ദീന്‍ വിരുദ്ധമാണെന്നും അതിനാല്‍ അവിടെ ജീവിക്കല്‍ പ്രയാസമാണെന്നുമുള്ള ഒരു നിഗമനത്തിലേക്കു അവര്‍ വളര്‍ന്നു. അങ്ങനെയാണ് ‘ശരിയായ ജീവിതം’ നയിക്കുകയെന്ന ലക്ഷ്യത്തോടെ ദമ്മാജ് സലഫിസം അവര്‍ക്ക് അവലംബിക്കേണ്ടി വരുന്നത്.
തീവ്രസലഫിസത്തിന്റെ പ്രച്ഛന്ന വേഷങ്ങളാണ് ഇതെല്ലാം. ഒരു നൂറ്റാണ്ട് കാലം അത് പ്രചരിപ്പിച്ച വികല ‘തൗഹീദ്’ കാഴ്ചപ്പാടിന്റെ അനന്തര ഫലങ്ങള്‍.