സബ്അൻ സബ്അൻ
അൽ ഫാതിഹഃ സബ്അൻ സബ്അാ.....!!
ജുമുഅഃ നിസ്കാരത്തിൽ നിന്ന് സലാം വീട്ടിയാൽ ഉടനെ ചില പള്ളികളിൽ ഖതീബോ മുഅദ്ദിനോ വിളിച്ചുപറയുന്ന വാചകമാണിത് . പല പള്ളികളിൽനിന്നും നാമിത് കേൾക്കാറുണ്ട്. പ്രമാണം എന്താണെന്ന് നോക്കാം
ജുമുഅ: നിസ്‌കാരത്തില്‍ നിന്നു സലാം വീട്ടിയ ഉടനെ ഏഴു തവണ വീതം സൂറത്തുല്‍ ഫാതിഹയും ഇഖ്‌ലാസും മുഅവ്വിദതൈനിയും ഓതല്‍ ഇമാമിനും മഅ്മൂമുകള്‍ക്കും സുന്നത്തുണ്ട്.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) പറയുന്നു: ”ജുമുഅ:യില്‍ നിന്ന് സലാം വീട്ടിയ ഉടനെ കാല്‍ തിരിക്കുന്നതിന് മുമ്പ്, മറ്റൊരു റിപ്പോര്‍ട്ടില്‍ സംസാരിക്കുന്നതിന് മുമ്പ് ഫാതിഹ, ഇഖ്‌ലാസ്, മുഅവ്വിദതൈനി എന്നിവ ഏഴ് തവണ വീതം ഓതല്‍ സുന്നത്താണ്.
ഇത് പാരായണം ചെയ്താല്‍ മുന്തിയതും പിന്തിയതുമായ അവന്റെ കുറ്റങ്ങള്‍ പൊറുക്കപ്പെടുമെന്നും അല്ലാഹുവിലും റസൂലിലും വിശ്വസിച്ചവരുടെ എണ്ണത്തോളം അവന് പ്രതിഫലം നല്‍കപ്പെടുമെന്നും ഹദീസില്‍ വന്നതുകൊണ്ടാണിത്”.
(ഫത്ഹുല്‍ മുഈന്‍ പേജ് 148)
ഇപ്രകാരം തുഹ്ഫ(2/464) യിലും പ്രസ്താവിച്ചിട്ടുണ്ട്.
പ്രസ്തുത സൂറത്തുകള്‍ ഓതിയാല്‍ അവന്റെ ദീനും ദുനിയാവും ഭാര്യ-സന്തതികളും സംരക്ഷിക്കപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്. (തുഹ്ഫ 2/464)
ഇവിടെ കാലുകൾ അനക്കുന്നതിന് മുമ്പ് എന്ന് പറഞ്ഞത് കൊണ്ട് ഉദ്ധേശം സലാം വീട്ടുമ്പോൾ ഇരുന്നിരുന്ന അതേ ഇരുത്തത്തിൽ നിന്ന് മാറാതെ തുടരുക എന്നാണ്.(ശർവാനി)
സംസാരിക്കുന്നതിന് മുമ്പ് ഓതണം എന്ന് ഹദീസില്‍ വന്നതിനാല്‍ മറ്റ് ദിക്‌റുകള്‍ക്ക് മുമ്പ് ഓതണം എന്നു വന്നു.
എന്നാല്‍ മുഅദ്ദിന്‍ ‘അല്‍ഫാതിഹ’ എന്ന് പറയുന്നതുകൊണ്ട് അവന്റെ പ്രതിഫലം നഷ്ടപ്പെടുന്നില്ല. എന്തുകൊണ്ടെന്നാല്‍, സംസാരം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ആവശ്യമല്ലാത്തതും അനാവശ്യവുമായ സംസാരമാണെന്ന് ഹാശിയത്തുന്നിഹായ(1/550)യില്‍ പ്രസ്താവിച്ചിട്ടുണ്ട്.
മുഅദ്ദിന്‍ ‘അല്‍ഫാതിഹ’ എന്ന് പറയുന്നത് മറ്റുള്ളവര്‍ ഓതാന്‍ പ്രചോദനവും പ്രേരണയുമാണല്ലോ. ഇത് ആവശ്യമുള്ളതാണ്; അന്യമല്ലാത്തതും.
അത് പോലെ മറ്റൊരാൾ സലാം പറഞ്ഞാൽ അത് മടക്കൽ ആ സമയത്തും നിർബന്ധം തന്നെയാണ്. അത് കൊണ്ട് തുടർച്ച മുറിയുകയില്ല.
(തഖ്രീറു ഫത്ഹുൽ മുഈൻ)
സലാം വീട്ടിയ ഉടനെ തന്നെയാണ് പ്രസ്തുത സൂറത്തുകള്‍ കൊണ്ടുവരേണ്ടത്. അതിനു ശേഷമാണ് മറ്റു ദിക്‌റുകള്‍ ചൊല്ലേണ്ടത്. തെറ്റുകള്‍ പൊറുക്കപ്പെടുമെന്നതില്‍ ചെറുദോഷങ്ങളാണ് ഉള്‍പ്പെടുക, വന്‍ദോഷങ്ങളല്ല. അതിനുതൗബ അനിവാര്യമാണ്.
അറഫ ദിവസം സുബ്ഹ് മുതല്‍ അയ്യാമുത്തശ്‌രീഖിന്റെ അവസാനത്തെ അസ്വര്‍ വരെ നിസ്‌കാരത്തിന്റെ ഉടനെ ചൊല്ലേണ്ട തക്ബീര്‍ വെള്ളിയാഴ്ചയും സലാം വീട്ടിയ ഉടനെ ചൊല്ലണം. അതിനു ശേഷമാണ് ഫാതിഹയും മുമ്പ് വിവരിച്ച സൂറത്തുകളും ഓതേണ്ടത്.
Post a Comment