പുത്തനങ്ങാടി ശുഹദാക്കൾ



മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് പുത്തനങ്ങാടിയിലെ പുരാതന മസ്ജിദും ശുഹദാക്കന്‍മാരുടെ മഖ്ബറയും നിരവധി വിശ്വാസികളെ ആകര്‍ഷിക്കുന്നു. ഹിജ്‌റ 448ല്‍ അന്നത്തെനാടുവാഴിയുടെ സൈന്യവുമായുളള സംഘട്ടനത്തില്‍ കൊല്ലപ്പെട്ട 21 ശുഹദാക്കന്‍മാരാണ മഖ്ബറയില്‍ അന്ത്യവിശ്രമം കൊളളുന്നത്. പളളി ഇമാമിനെ നാടുവാഴിയുടെ സൈന്യം കൊലപ്പെടുത്തിയത് സംഘട്ടനത്തിന് കാരണമായി.
പൗരാണിക മുസ് ലിം പ്രദേശമാണ് പുത്തനങ്ങാടി. ചെറിയ പളളിയാണ് പുത്തനങ്ങാടിയില്‍ ആദ്യമുണ്ടായിരുന്നത്. മുസ് ലിംകള്‍ വര്‍ധിച്ചപ്പോള്‍ പളളി വിപുലീകരിക്കാനും ജുമുഅ തുടങ്ങാനും നാടുവാഴിയുടെ അനുവാദം തേടി. നാടുവാഴി അനുമതി നല്‍കിയില്ല. ഇപ്പോള്‍ ഉളള പളളി തന്നെ ചുട്ടെരിക്കുമെന്നും നിങ്ങളുടെ ബാങ്ക് വിളിയും മറ്റും എനിക്ക് അസഹ്യമാണെന്നും പറഞ്ഞു.

അഹങ്കാരിയായ നാടുവാഴിയുടെ ഈ പറച്ചില്‍ അതു വരെ നിലനിന്നിരുന്ന മതമൈത്രിക്ക് മങ്ങലേല്‍പ്പിച്ചു. നാടുവാഴി സൈന്യത്തെ വിട്ടു പളളിയിലെ ഇമാമിനെ കൊന്നു. ഇത് സംഘര്‍ഷത്തിനു വഴിയൊരുക്കി. മൂന്ന് തവണ സംഘട്ടനം നടന്നു. മുസ് ലിംകളും ഹിന്ദുക്കളുമായ നിരവധി പേര്‍ കൊല്ലപ്പെട്ടു. മുസ് ലിംകള്‍ 21 പേരാണ് കൊല്ലപ്പെട്ടത്. 14 മുസ് ലിംകളുടെ മയ്യിത്തുകള്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് കണ്ടുകിട്ടിയത്. ഒരു കെട്ടിടത്തിനുളളിലാണ് ഈ മയ്യത്തുകള്‍ മറചെയ്തത്. ആറു മാസങ്ങള്‍ക്കു ശേഷം ഒരു കേടും സംഭവിക്കാത്ത 6 മയ്യത്തുകള്‍ ഒരു കിണറ്റില്‍ നിന്നും കണ്ടുകിട്ടി. അതെടുത്ത് തൊട്ടടുത്ത കെട്ടിടത്തില്‍ മറവ് ചെയ്തു. അതിനിടെ നാടുവാഴി പളളി ചുട്ടെരിച്ചിരുന്നു. ദിവസങ്ങള്‍ക്കിടയില്‍ മുസ് ലിം നേതാവ് പോക്കര്‍ മൂപ്പന്‍ നാടുവാഴിയുടെ കഥ കഴിച്ചു. തലവെട്ടിയെടുത്ത് ഒരു കല്ലില്‍ പ്രതിഷ്ഠിച്ചു. ആ കല്ലും പിന്നീടെടുത്ത വലിയ രണ്ട്പളളികളും ഇന്നും നിലനില്‍ക്കുന്നു.