മുട്ടിച്ചിറ ശുഹദാക്കൾ
മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് മുട്ടിച്ചിറ. മണ്ണൂര്‍, മൂന്നിയൂര്‍, മിട്ടിയറ തുടങ്ങിയ നാമങ്ങളില്‍ ഇത് ചരിത്രത്തില്‍ വിളിക്കപ്പെടുന്നു. 1841 നവംബര്‍ 17 നാണ് ഇവിടെ മുസ് ലിംകളും ജന്മി-ബ്രിട്ടീഷ് കൂട്ടായ്മയും തമ്മില്‍ പോരാട്ടം നടന്നത്. സയ്യിദ് അലവി തങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റെ സ്മരണയെന്നോണം പതിറ്റാണ്ടുകളായി, ഇന്നും ഇവിടെ നേര്‍ച്ച നടന്നു വരുന്നുണ്ട്.
ശവ്വാല്‍ മാസം ആറിനാണ് മുട്ടിച്ചിറ നേര്‍ച്ച നടക്കുന്നത്. പ്രധാനമായും വൈകുന്നേരവും രാത്രിയുമാണ് പരിപാടി. ശുഹദാക്കളുടെ നേര്‍ച്ച എന്ന പേരില്‍ ഇത് അറിയപ്പെടുന്നു.
പത്തിരിവരവാണ് നേര്‍ച്ചയിലെ പ്രധാനയിനം. നാടിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ പത്തിരി തയ്യാറാക്കി പള്ളിയില്‍ കൊണ്ടു വരുന്നു. മുസ് ലിംകളും ഹൈന്ദവ സുഹൃത്തുക്കളും ഇത് ചെയ്യുന്നുണ്ട്. ശുഹദാക്കളുടെ എണ്ണം പരിഗണിച്ച് പതിനൊന്ന് പത്തിരിയാണ് ആദ്യകാലം മുതലേ ഓരോ കുടുംബവും കൊണ്ടുവന്നിരുന്നത്. കൂടെ തേങ്ങ പൂണ്ട് കഷ്ണിച്ചതും ഉണ്ടാകുമായിരുന്നു. പള്ളിയിലെത്തുന്ന പത്തിരി വരുന്നവര്‍ക്കിടയില്‍ തന്നെ വിതരണം ചെയ്യാറാണ് പതിവ്. ചിലര്‍ ചന്ദനത്തിരി, തീപ്പെട്ടി, ബീഡിക്കെട്ട് തുടങ്ങിയവ കൊണ്ടുവരുന്നു. രാത്രി ഇശാഅ#് വരെയാണ് ഇതിന്റെ സമയം. അതുകഴിഞ്ഞാല്‍ മൗലിദ് പാരായണമാണ്.
മമ്പുറം തങ്ങളുടെ നിര്‍ദേശപ്രകാരം നിര്‍മിക്കപ്പെട്ടതാണ് മുട്ടിച്ചിറ പള്ളി. ഒരു വെള്ളിയാഴ്ച പ്രദേശത്തെ വിശ്വാസികള്‍ ജുമുഅക്ക് പോവാനായി അലക്കി ഉണക്കാന്‍ ഇട്ട വസ്ത്രത്തില്‍ ബ്രിട്ടീഷുകാരുടെ പ്രലോഭനത്തിന് വഴങ്ങി ചില സാമൂഹ്യ ദ്രോഹികള്‍ ചവിട്ടി വൃത്തികേടാക്കുകയും മുറുക്കി തുപ്പുകയും ചെയ്തു. ഇത് വിശ്വാസികളെ വേദനിപ്പിച്ചു. ഈ നീച കൃത്യം ചെയ്തവരോട് പ്രതികാരം ചോദിക്കാന്‍ മുസ്ലിംകള്‍ ഒരുങ്ങിയെങ്കിലും മമ്പുറം തങ്ങള്‍ അവരെ ശാന്തരാക്കുകയായിരുന്നു.
എന്നാല്‍ ഈസംഭവത്തിന്റെ പേരില്‍ പാവപ്പെട്ട മുസ്ലിംകളെ ദ്രോഹിക്കാന്‍ സമയം കണ്ടെത്തുകയായിരുന്നു ബ്രിട്ടീഷുകാര്‍. മുസ്ലിംകള്‍ വര്‍ഗീയ സംഘട്ടനത്തില്‍ ഏര്‍പ്പെട്ടുവെന്നും കുഴപ്പങ്ങളുണ്ടാക്കുന്നുവെന്നുമുള്ള കള്ളക്കഥകള്‍ പറഞ്ഞ് ബ്രിട്ടീഷുകാര്‍ മുസ്ലിംകളെ ആക്രമിക്കാന്‍ ഒരുങ്ങിയിട്ടും മുസ്ലിംകള്‍ ആത്മസംയമനം പാലിച്ചു. കലിയടങ്ങാത്ത ബ്രിട്ടീഷുകാര്‍ മലപ്പുറത്ത് നിന്ന് ഷേക്സ്പിയര്‍ എന്ന പട്ടാള മേധാവിയുടെ കീഴില്‍ മുട്ടിച്ചിറ പള്ളിയിലേക്ക് മാര്‍ച്ച് ചെയ്തു. ശവ്വാല്‍ ആറിന് സുന്നത്ത് നോമ്പ് അനുഷ്ഠിച്ച് ആരാധനയില്‍ കഴിയുകയായിരുന്ന ഏതാനും വിശ്വാസികള്‍ മാത്രമായിരുന്നു ഈസമയം പള്ളിയില്‍ ഉണ്ടായിരുന്നത്. ഷൂപോലും അഴിക്കാതെ പട്ടാളക്കാര്‍ പള്ളിയില്‍ കയറി മലിനമാക്കി.
ഈസമയം പള്ളിക്കകത്തുണ്ടായിരുന്ന കൈതകത്ത് മരക്കാരുട്ടി സാഹിബിന്റെ നേതൃത്വത്തില്‍ പതിനൊന്ന് പേരും പട്ടാളക്കാരോട് ഏറ്റുമുട്ടി രക്തസാക്ഷികളായി. പള്ളിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അവരെ മറവ് ചെയ്തു.1841 നവംബര്‍ 13നാണ് ഈ സംഭവമെന്നാണ് ചരിത്രം. ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന യുദ്ധത്തില്‍ വീരമൃത്യു വരിച്ച ശുഹദാക്കളുടെ സ്മരണാര്‍ഥമാണ് നേര്‍ച്ച.
മതസൗഹാര്‍ദത്തിന് പേരുകേട്ടതാണ് മുട്ടിച്ചിറ നേര്‍ച്ച. പ്രസിദ്ധമായ മൂന്നിയൂര്‍ കളിയാട്ട ഉത്സവത്തിനെത്തുന്ന ഹൈന്ദവ വിശ്വാസികള്‍ മുട്ടിച്ചറ പള്ളിയില്‍ കാണിക്ക സമര്‍പ്പിച്ച ശേഷമാണ് കളിയാട്ടക്കാവിലേക്ക് പോകാറുള്ളത്. പത്തിരിയാണ് ഇവിടത്തെ നേര്‍ച്ചവസ്തു. പതിനൊന്ന് പേരടങ്ങുന്ന ശുഹദാക്കളുടേയും മമ്പുറം തങ്ങളുടേയും സ്മരണ അറിയിക്കുന്നതിന് പന്ത്രണ്ട് പത്തിരി ഉള്‍ക്കൊള്ളുന്ന ഒരുപെട്ടി പത്തിരിയാണ് കൊണ്ട് വരിക. ബറക്കത്തിനായി പള്ളിയില്‍ നിന്ന് പത്തരി നല്‍കും. മമ്പുറം മഖാമില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ ദേശീയപാതയില്‍ തലപ്പാറക്ക് സമീപമാണ് മുട്ടിച്ചറി ശുഹദാക്കളുടെ മഖ്ബറയും പള്ളിയും.
ആദ്യകാലങ്ങളില്‍ കേമമായിത്തന്നെ നേര്‍ച്ച പരിപാടികള്‍ നടന്നിരുന്നു. വന്‍ജനാവലിയാണ് അന്ന് പങ്കെടുത്തിരുന്നത്. ജനബാഹുല്യം കാരണം വാഹനത്തിന്റെ സഹായത്താലായിരുന്നുവത്രെ ഭക്ഷണം വിതരണം ചെയ്തിരുന്നത്. ഇന്ന് ഇവയിലെല്ലാം ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്.
കാലങ്ങളായി നേര്‍ച്ചയോടനുബന്ധിച്ച് അരിവിതരണം നടന്നുവരുന്നു. മുട്ടിച്ചിറ മഹല്ലിലെന്ന പോലെ പുറത്തും ഇത് നല്‍കുന്നുണ്ട്. മുസ് ലിംകളെന്ന പോലെ ഹൈന്ദവ സുഹൃത്തുക്കളും ഇത് സ്വീകരിക്കുന്നു. നേര്‍ച്ചയുടെ ദിവസം ലഭിക്കുന്ന പണം വരുന്നവര്‍ക്കിടയില്‍ത്തന്നെ വിതരണം ചെയ്യാറാണ് പതിവ്. ഒരു വിഹിതം നിര്‍ധനരെ സഹായിക്കാനും ഭവനരഹിതര്‍ക്ക് ഭവനങ്ങളുണ്ടാക്കാനും നീക്കിവെക്കാറുണ്ട്. മഖാമിനുമുമ്പിലൂടെ വാഹനത്തില്‍ പോകുന്നവര്‍ മുട്ടിച്ചിറ പള്ളിക്കുമുമ്പില്‍ സ്ഥാപിച്ച ഭണ്ഡാരത്തിലേക്ക് പണമെറിയുന്ന പതിവുണ്ട്. ഇങ്ങനെ ലഭിക്കുന്ന പണം പള്ളിയുടെ നടത്തിപ്പിനും ദര്‍സ് ആവശ്യങ്ങള്‍ക്കുമാണ് വിനിയോഗിക്കുന്നത്. ഏറെ വ്യവസ്ഥാപിതവും വികസിതവുമായ രീതിയിലാണ് ഇന്ന് നേര്‍ച്ച നടക്കുന്നത്. ഇന്ന് ഇരുപത്തഞ്ചോളം പോത്തുകളെ ഇവിടെ വര്‍ഷംപ്രതി അറുക്കുന്നുണ്ട്.
Post a Comment