രാമന്തളി ശുഹദാക്കൾ


കണ്ണൂർ ജില്ലയിലെ ഏഴിമലയോട് ചേർന്ന് കിടക്കുന്ന രാമന്തളിയിൽ 1524ൽപോർച്ചുഗീസുകാരുമായി എറ്റുമുട്ടി രക്തസാക്ഷ്യം വരിച്ച പതിനേഴ്‌ പേരെയാണ്  ശുഹദാക്കൾ എന്ന പേരിൽ അറിയപ്പെടുന്നത്. കേരളത്തിലെമ്പാടും മുസ്‌ലിം സമൂഹത്തിന് നേരെ പോർച്ചുഗീസുകാർ അക്രമണമഴിച്ചു വിടുക പതിവായിരുന്നു.

അന്ന് കേരളത്തിലെ തുറമുഖങ്ങളിലൊന്നായ എഴിമലയുടെ വടക്കേ താഴ്വരയിൽ താവളമടിച്ച പോർച്ചുഗീസുകാർ രാമന്തളിയിൽ താമസിച്ചിരുന്ന മുസ്‌ലിങ്ങളുടെ പള്ളികൾ ആക്രമിച്ചു തകർത്തു. മുസ്‌ലിം വിഭാഗത്തിൽ പെട്ട ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവമുണ്ടായി. ഈ പെൺകുട്ടിയെ രക്ഷപ്പെടുത്താൻ പോർച്ചുഗീസുകാരുമായി ഏറ്റുമുട്ടാൻ പോയ യുവാക്കളായിരുന്നു ഈ പതിനെഴുപേർ. എന്നാൽ തോക്കുകളും പീരങ്കികളും കൈവശമുണ്ടായിരുന്ന പോർച്ചുഗീസുകാരുമായുണ്ടായ എറ്റുമുട്ടലിൽ പതിനേഴു പേരും കൊല്ലപ്പെട്ടു. പെൺകുട്ടി രക്ഷപ്പെട്ടു എന്നും കൊല്ലപ്പെട്ടു എന്നും അഭിപ്രായമുണ്ട്. പതിനേഴു പേരുടെയും മൃതശരീരങ്ങൾ പോർഗീസുകാർ ഒരു കിണറ്റിലിട്ടു മൂടി. ചില പറങ്കികളും പോരാട്ടത്തിൽ കൊല്ലപ്പെട്ടതായി അഭിപ്രായമുണ്ട്.

ഇപ്പോഴും ഈ പ്രദേശത്ത് നിന്നും പോരാട്ടത്തിന്റെ അവശേഷിപ്പുകൾ കണ്ടെടുക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

പോരാളികളുടെ ഖബറുകൾ

ഇന്നത്തെ രാമന്തളി ജുമാ മസ്ജിദിനോട് ചേർന്ന് ഈ പതിനേഴുപെരുടെയും ഖബറുകൾ സ്ഥിതിചെയ്യുന്നു. അന്നത്തെ എറ്റുമുട്ടലിനുപയോഗിച്ച ആയുധങ്ങളും പോർച്ചുഗീസുകാരുടെ പീരങ്കി ഷെല്ലുകളും ഈ പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്.

പടനായകനായ ഹസ്രത്ത് പോക്കര്‍ മൂപ്പര്‍, പരി,ഖലന്തര്‍,പരി,കുഞ്ഞിപ്പരി,കമ്പര്‍, അബൂബക്കര്‍,അഹമദ്, ബാക്കിരിഹസന്‍,ചെറിക്കാക്ക(റ) എന്നീ 10 ശുഹദാക്കളുടെ പേരുകള്‍ മാത്രമേ ഇപ്പോള്‍ അറിയപ്പെടുന്നുള്ളൂ.
7 ശുഹദാക്കളുടെ പേരുകള്‍ പില്‍ക്കാലത്ത് വിസ്മൃതിയിലായി. പടത്തലവനായത് കൊണ്ടായിരിക്കാം ഹസ്രത്ത് പോക്കര്‍ക്ക് മൂപ്പര്‍ എന്ന സ്ഥാനപ്പേര് വന്നതെന്ന് കരുതപ്പെടുന്നു. ഈ മഹാന്മാരായ 17 ശുഹദാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന മഖ്ബറയാണ് രാമന്തളി ജുമാ മസ്ജിദിന് മുന്നില്‍ സ്ഥിതിചെയ്യുന്നത്. രാമന്തളിയില്‍ ജനിച്ചുവളര്‍ന്ന ഇവരുടെ കുടുംബ പരമ്പരയില്‍പ്പെട്ടവരാണ് ഇന്നത്തെ രാമന്തളി നിവാസികളില്‍ ഭൂരിഭാഗവും. രാമന്തളിയിലെ മുസ്‌ലിം തറവാടുകളില്‍ ഒന്നാം തറവാട് എന്ന് ഇപ്പോഴും അറിയപ്പെടുന്ന കുട്ട്വന്‍ പീടിക തറവാട്ടിലെ അംഗമായിരുന്നു പടനായകനായ പോക്കര്‍ മൂപ്പര്‍(റ). ശുഹദാക്കളുടെ ഭൗതികശരീരങ്ങള്‍ കണ്ടെത്തിയ കിണറ്റില്‍ നിന്നും പ്രവഹിച്ച പ്രകാശത്തിന്‍റെ വിവരം അറിയിച്ച  ഹിന്ദുസമുദായത്തില്‍പ്പെട്ട ചെത്തുകാരനായ യുവാവിന്‍റെ കുടുംബപരമ്പരയില്‍പ്പെട്ടവര്‍ ഇപ്പോഴും രാമന്തളി വടക്കുമ്പാട് പ്രദേശത്ത് താമസിക്കുന്നുണ്ട്.