ഈദ്ഗാഹ്:വഹാബികളുടെ അഞ്ചാം മദ്ഹബ്.


എന്താണ് ഈദ് ഗാഹ്.?
ഒരു ഉറുദു പദമാണ്‌ ഗാഹ്. സ്ഥലം, സമയം എന്നൊക്കെയാണ് അർത്ഥം.
ഈദ് ഗാഹെന്നാൽ പെരുന്നാൾ നിസ്കാര സ്ഥലം.
ഹദീസുകളിൽ മുസ്വല്ല എന്ന് പരിചയപ്പെടുത്തിയത് കാണാം.
ഇത്തരം മൈതാനങ്ങൾക്ക് ഇന്ത്യയിൽ ഈദ്‌ ഗാഹ് എന്നും അറബി നാടുകളിൽ മൈദാനുസ്സ്വലാത്ത് എന്നും പറയുന്നു.

ശാഫിഈ മദ്ഹബ്.
പെരുന്നാൾ നിസ്കാരം നിർവഹിക്കാൻ പള്ളിയാണോ മൈതാനമാണോ ഏറ്റം പുണ്യകരം എന്നാ വിഷയത്തിൽ വീക്ഷണാന്തരമുണ്ട്. എല്ലാവരെയും ഉൾകൊള്ളാൻ മാത്രം പള്ളി വിശാലമാണെങ്കിൽ പള്ളിയിൽ വെച്ച്  നിർവഹിക്കുന്നതാണ് ഉത്തമമെന്ന വീക്ഷണമാണ് ശാഫിഈ മദ്ഹബിൽ പ്രബലം. എല്ലാ വിശേഷ ഗുണങ്ങളും വിശുധിയുമുള്ള മരുഭൂമിയുന്ടെങ്കിലും പള്ളിയില്‍ നമസ്കരിക്കലാണ്‌ ഉത്തമം എന്ന് ഷാഫി'ഈ മദ'ഹബിലെ എല്ലാ പ്രാമാണിക ഗ്രന്ഥങ്ങളും സവിസ്തരം പ്രഖ്യാപിക്കുന്നുണ്ട്.
 (ശറഹുല്‍ മുഹദ്ദാബ്, തു'ഹഫ,ശര്‍വാനി,മുതലായവ നോക്കുക)

ഇബ്നുഹജർ ഹയ്തമി (റ) എഴുതുന്നു:


പള്ളിയുടെ ശ്രേഷ്ടത കണക്കിലെടുത്ത്  പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമം. ഇത്തിബാഅ പരിഗണിച്ച് മൈതാനിയിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമമെന്നും അഭിപ്രായമുണ്ട്. എന്നാൽ എല്ലാവരെയും ഉൾകൊള്ളാൻ മാത്രം നബി(സ) യുടെ പള്ളി വിശാലമല്ലാത്തതാണ് നബി(സ) മൈതാനിയുലേക്ക് പുറപ്പെടാൻ കാരണമെന്ന് പറഞ്ഞു ആ അഭിപ്രായത്തിന് ഖണ്ഡനം വന്നിട്ടുണ്ട്. മസ്ജിദുൽ ഹറാമല്ലാത്ത പള്ളികളുടെ കാര്യത്തിൽ മാത്രമാണ് പ്രസ്തുത രണ്ട് അഭിപ്രായങ്ങൾ  നില നിൽക്കുന്നത്. മസ്ജിദുൽ ഹറാമിന്റെ പുണ്യവും കഅബയെ നോക്കിക്കാണുന്നതും പരിഗണിച്ച് അവിടെ വെച്ച് പെരുന്നാൾ നിസ്കരിക്കുന്നതാണ് ഉത്തമമെന്നതിൽ പക്ഷാന്തരമില്ല. എന്നാൽ വല്ല പ്രതിബന്ധവുമുണ്ടായാൽ  മുകളിൽ വിവരിച്ച നിയമത്തിനു മാറ്റം സംഭവിക്കും. അഥവാ ആദ്യവീക്ഷണമനുസരിച്ച് പള്ളി കുടുസ്സായാൽ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നത് കറാഹത്താണ്. രണ്ടാം വീക്ഷണ പ്രകാരം മഴപോലുള്ള പ്രതിബന്ധങ്ങൾ ഉണ്ടായാൽ മൈതാനിയിൽ വെച്ച് നിസ്കരിക്കുന്നതും കറാഹത്താണ്. പള്ളി കുടുസ്സാവുകയും മഴപോലുള്ള പ്രതിബന്ധങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ പള്ളിയിൽ ഉൾകൊള്ളാവുന്നവരെയും കൂട്ടി ഇമാം പള്ളിയിൽ വെച്ച് നിസ്കരിക്കുകയും ശേഷിക്കുന്നവർക്ക്  മറ്റൊരിടത്ത് വെച്ച് നിസ്കരിക്കാൻ ഒരാളെ ഇമാം പ്രതിനിധിയാക്കുകയും വേണം. (തുഹ്ഫത്തുൽ മുഹ്താജ് : 3/31)


ഹനഫീ മദ്ഹബ്
 ഹനഫീ മദ്ഹബുകാര്‍ക്ക് നിബന്ധനകള്‍ ഒത്ത ഈദ് ഗാഹുകള്‍ ഉണ്ടെങ്കില്‍ അതാണ്‌ അഫ്ളല്‍ എങ്കിലും അത്തരം നിബന്ധനകള്‍ ഒത്ത മരുഭൂമികള്‍ നമുക്കിവിടെ സുലഭമല്ല. ഈദ് ഗാഹുകള്‍ വൃത്തിയും പവിത്രതയും ഉള്ള സംരക്ഷിത പൊതു സ്ഥലത്ത് ആയിരിക്കണം.
ഈദ് ഗാഹ് ആയി ഉപയോഗിക്കപ്പെടുമ്പോള്‍ തന്നെ അതിനു വേണ്ടി വഖഫ് ആയി മാറും. വില്‍ക്കപെടാന്‍ പാടില്ല. അങ്ങനെ പല കാര്യത്തിനും പള്ളിയുടെ ഹുകും ആണിതിന്. അനാവശ്യ വിനോദങ്ങളും തെറ്റായ കൂത്തുകളും ഇവിടെ നടക്കരുത്. ജനവാസമുള്ള നഗരാതിര്തിക്ക് പുറത്തായിരിക്കണം. നഗരം വികസിച്ചു ഒരു ഈദ് ഗാഹ് ജനവാസ പ്രദേശത്തിന് ഉള്ളില്‍  വന്നാല്‍ അതിനു ഈദ് ഗാഹിന്റെ വിധി നഷ്ടപ്പെടും. എന്ന് തുടങ്ങിയ ഹനഫീ മദ'ഹബിന്റെ പ്രാമാണിക ഗ്രന്ഥങ്ങളിലും  ദയൂബാന്ത് ദാറുല്‍ ഉളൂമിലെ ഫത്വാകളിലും സുതരാം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
 (രദ്ദുല്‍ മുഖ്താര്‍ , ദുറുല്‍ മുഖ്താര്‍, സിഫ്രു സ്സ'ആദ, ഫതവ മഹ്മൂടിയ്യ,ഫതാവ ദാറുല്‍ ഉലൂം.)

നബിതങ്ങളുടെ ഈദ് ഗാഹ്.?

ഇനി നബി(സ) മദീനയില്‍ പെരുന്നാള്‍ നിസ്കരിച്ചത് ഈദ് ഗാഹില്‍ ആണെന്ന് ഹദീസ് ഉണ്ടല്ലോ എന്നാ ചോദ്യം പ്രസക്തമാണ്. ഒന്നല്ല ഒരുപാട് രിവായതുകള്‍ കൊണ്ട് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള ചരിത്ര സംഭവം ആണത് ഇന്ന് ലഭ്യമായ ഹദീസ് ഗ്രന്ഥങ്ങളിലും ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഹിജ്ര രണ്ടാം കൊല്ലം മുതലാണ്‌ ഈദ് നിലവില്‍ വന്നത്. അന്ന് മുതല്‍ മിക്ക വര്‍ഷങ്ങളിലും അപ്രകാരം തന്നെ തുടരുന്നു. അങ്ങനെ ഈദ് ഗാഹുണ്ടെങ്കില്‍ മനുഷ്യരെല്ലാം പൊതു പറമ്പ് അന്യേഷിക്കെണ്ടതുണ്ടോ എന്നതാണിവിടെ ചോദ്യം. ഇമാമുന ഷാഫി (ര) തന്നെ അതിനു മറുപടി പറയുന്നുണ്ട് :

"നബി(സ) മദീനയില്‍ രണ്ടു പെരുന്നാളിലും മുസ്സല്ലയിലെക് പുറപ്പെടുമായിരുന്നെനും നബിക്ക് (സ) ശേഷമുള്ളവരും മക്കയോഴിച്ചുള്ള മറുനാട്ടുകാരും അങ്ങനെ തന്നെ ആയിരുന്നെന്നും നമുക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്". എന്ന് വ്യക്തമാക്കിയതിനു ശേഷം ഇമാമാവര്കള്‍ കിതാബുല്‍ ഉമ്മില്‍ ഇങ്ങനെ വിവരിക്കുന്നു : "മക്കത്ത് പള്ളിയിലും മദീനയിലെ മുസ്സല്ലയിലും നമസ്കരിചിരുന്നതിന്റെ കാരണം മദീന പള്ളിയുടെ ഇടുക്കവും മക്കാതെ പള്ളിയുടെ വിശാലതയുമാണ്.  അപ്പോള്‍ ഒരു നാട് പരിഷ്കരിക്കപ്പെടുകയും അവിടുത്തുകാരെ മുഴുവന്‍ ഉള്‍ക്കൊള്ളാവുന്ന വിധം പള്ളി വിശാലമാവുകയും ചെയ്‌താല്‍ അവര്‍ ആ പള്ളി വിട്ടു (മുസ്സല്ലയിലെക്) പുരപ്പെടുന്നതില്‍ എനിക്ക് അഭിപ്രായമില്ല" (ഫത്ഹുല്‍ ബാരി )

മാത്രമല്ല.
  "നബി(സ) ചെറിയ പെരുന്നാൾ ദിവസവും ബലിപെരുന്നാൾ ദിവസവും മുസ്വല്ലയിലേക്ക് പുറപ്പെട്ടിരുന്നു" എന്നാ ഹദീസിനെ അധികരിച്ച് ഇമാം നവവി(റ) എഴുതുന്നു:


പെരുന്നാൾ നിസ്കാരത്തിനു മുസ്വല്ലയിലേക്ക് പുറപ്പെടൽ സുന്നത്താണെന്നും പള്ളിയിൽ വച്ച് നിസ്കരിക്കുന്നതിനേക്കാൾ അതാണുത്തമമെന്നും പറഞ്ഞവർക്ക് ഈ ഹദീസ് രേഖയാണ്. അധിക പട്ടണങ്ങളിലും ഇതനുസരിച്ചാണ് പ്രവർത്തനം. എന്നാൽ മക്കക്കാർ ആദ്യകാലം മുതൽക്കുതന്നെ പള്ളിയിൽ വെച്ച് മാത്രമാണ് പെരുന്നാൾ നിസ്കരിക്കാറ്. നമ്മുടെ അസ്വഹാബിനു ഈ വിഷയത്തിൽ രണ്ടഭിപ്രായമുണ്ട്. മൈതാനമാണ് പള്ളിയെക്കാൾ ഉത്തമമെന്നാണ് അതിലൊന്ന്. ഈ ഹദീസാണ് അതിനു രേഖ. എല്ലാവരെയും ഉൾകൊള്ളാൻ മാത്രം പള്ളിവിശാലമാണെങ്കിൽ മൈതാനിയെക്കാൾ പള്ളിയാണ് ഉത്തമമെന്നതാണ് രണ്ടാം വീക്ഷണം. അസ്വഹാബിൽ അധികപേരും പ്രബലമായി കാണുന്ന വീക്ഷണം ഇതാണ്. അവർ പറയുന്ന ന്യായമിതാണ്: മക്കക്കാർ പള്ളിയിൽവച്ച് നിർവഹിച്ചത് പള്ളി വിശാലതയുള്ളത് കൊണ്ടും നബി(സ) മൈതാനിയിലേക്ക് പുറപ്പെട്ടത് പള്ളി കുടുസായത് കൊണ്ടുമാണ്. അതിനാല പള്ളി വിശാല മാണെങ്കിൽ അതുതന്നെയാണ് ഉത്തമമെന്ന് അതറിയിക്കുന്നു. (ശർഹു മുസ്ലിം :4/208)      



വഹാബികളുടെ
അഞ്ചാം മദ്ഹബ്.
ഒരു ഹദീസോ ഒരു തുണ്ടം ആയത്തോ കണ്ടാൽ ചാടി വീണ് സ്വയം ഗവേഷണം നടത്തുന്ന വഹാബികൾ ഇവിടെ ഈദ് ഗാഹിന്റെ വിഷയത്തിലും കൈകൊണ്ട നിലപാട് അതാണ്.

ഇമാം ശാഫിഈ(റ) തന്റെ ഉമ്മിൽ വഹാബികൾ പിടിച്ച ഹദീസ് വെച്ച് കൊണ്ടാണ് ചർച്ച ചെയ്തത്.
ഹദീസ് കിട്ടാത്തത് കൊണ്ടാണെന്ന വഹാബി പതിവ് പല്ലവി ഇവിടെ വിലപ്പോവില്ല.
എന്നാൽ മറ്റ് മദ്ഹബുകളുടെ പിന്തുണയോ അതുമില്ല ഇവരുടെ ഈദ് സമ്മേളനത്തിന്.
സത്യത്തിൽ ഒരു മദ്ഹബിനോടും യോചിക്കുന്നതല്ല ഇവരുടെ ഈദ്ഗാഹ്.
ഇതരമദ്ഹബുകളിലുല്ള ഈദ്ഗാഹും വഹാബികളുടെ ഗാഹും ഒലക്കയും പാന്തും തമ്മിലുല്ള അന്തരമുണ്ട്. അതിനാൽ അതിലേക്ക് വിരൽ ചൂമ്ടേമ്ടതില്ല.

ആടും പോത്തും മേഞ്ഞ് നടക്കുന്ന അവിശുദ്ധമായ സ്ഥലങ്ങളിൽ പവിത്രമായ ആരാധനകളെ കളങ്കപ്പെടുത്തുന്ന വഹാബികൾ കടുത്ത അപരാധികളാണ്.

പള്ളി അസൗകര്യപ്പെടുന്ന സമയത്ത്   മുസ്വല്ലയിൽ ശാഫിഈ മദ്ഹബിലും, മുസ്വല്ല അസൗകര്യപ്പെടുന്ന സമയത്ത് പള്ളിയിൽ ഹനീഫീ മദ്ഹബിലും ഈദ് നിസ്കരിക്കാം.
പ്രാഥമികമായ ഈ ശർത്ത് പോലും വഹാബിക്കില്ല.
ഇതിനാണ് സ്വയം നിർമിത അഞ്ചാം മദ്ഹബ് എന്ന് പറയുക.