ഉള്ഹിയ്യത്ത് സംഘടിതം സങ്കീർണം?
ഒട്ടകം, മാട് എന്നിവയില്‍ ഏഴു പേര്‍ക്കു വരെ ഷെയര്‍ ചേരാവുന്നതാണ്. ഉള്ഹിയ്യത്ത്. അഖീഖത്ത്, ഫിദ്‌യ, വെറും മാംസം എന്നിങ്ങനെ വ്യത്യസ്ത ഉദ്ദേശ്യങ്ങള്‍ വെച്ച് ഒരാള്‍ക്കോ, ഒന്നിലധികം പേര്‍ക്കോ ഒരു മൃഗത്തില്‍ ഇപ്രകാരം ഓഹരി ചേരാവുന്നതാണ്.
അറവിനു ശേഷം താന്താങ്ങളുടെ വിഹിതം വീതിച്ചെടുത്താല്‍ മതി. ഇനി ഭാഗിക്കാതെ വിതരണം ചെയ്താലും വിരോധമൊന്നുമില്ല. ആളെണ്ണമനുസരിച്ച് ധര്‍മം ചെയ്യേണ്ട ചുരുങ്ങിയ അളവ് മാംസം അര്‍ഹര്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു മാത്രം.
ഏഴു പേര്‍ ചേര്‍ന്നറുക്കുന്ന ഉള്ഹിയ്യത്തില്‍ അവരവരുടെ ഓഹരിയില്‍ നിന്നു തന്നെ സ്വദഖ ചെയ്യല്‍ നിര്‍ബന്ധമാണ്. എല്ലാവര്‍ക്കു വേണ്ടിയും ഒരാളുടെ ഓഹരിയില്‍നിന്നു സ്വദഖ ചെയ്താല്‍ മതിയാകുകയില്ല. കാരണം, ഏഴു പേര്‍ ചേര്‍ന്നറുക്കുന്ന മൃഗം ഏഴു ഉള്ഹിയ്യത്തിന്റെ വിധിയിലാണ്. (ശര്‍വാനി 9/349)
ഇതിനര്‍ത്ഥം ഓരോരുത്തരും അവനവനുള്ളത് ഓഹരിവെച്ച് വെവ്വേറെ ധര്‍മ്മം ചെയ്യല്‍ നിര്‍ബന്ധമാണെന്നല്ല. വെവ്വേറെ ഓഹരി വയ്ക്കുന്നത് അനുവദനീയം മാത്രമാണ്. (ഫതാവാ ശാലിയാത്തി, പേ 138).
മറിച്ച് ബാക്കിയുള്ളവര്‍ അവരുടെ ഓഹരികള്‍ മുഴുവനും സ്വന്തമായെടുത്ത് ഒരാള്‍ മാത്രം തന്റെ ഓഹരിയില്‍നിന്ന് എല്ലാവര്‍ക്കും വേണ്ടി സ്വദഖ ചെയ്താല്‍ മതിയാവില്ല എന്നാണ്.
ഉദാഹരണത്തിന്, 70 കിലോ മാംസമുള്ളൊരു മൃഗത്തിന്റെ, പത്തു കിലോ വീതം ആറോഹരിയും (60 കിലോ) മറ്റുള്ളവര്‍ കൈക്കലാക്കി. അവശേഷിക്കുന്ന ആളാണ് തന്റെ കിലോയില്‍നിന്ന് എല്ലാവര്‍ക്കും വേണ്ടി വിതരണം നടത്തിയത്. എന്നാലതു മതിയാകുന്നതല്ല. അതേസമയം, ആകെ 70 കിലോയില്‍നിന്ന് 7 കിലോ ആദ്യം സാധുക്കള്‍ക്ക് വിതരണം ചെയ്തതിന് ശേഷം ബാക്കി 63 കിലോ 9 കിലോ വീതം തുല്യമായി ഓരോരുത്തരും വിഹിതിച്ചെടുത്തു. അന്നേരം ഓരോരുത്തരും അവരവരുടെ ഓഹരികളില്‍നിന് ഓരോ കിലോ സ്വദഖ ചെയ്തുകഴിഞ്ഞതിനാല്‍ ഉള്ഹിയ്യത്തിന്റെ നിര്‍ബന്ധദാനം നിയമപ്രകാരം തന്നെ നടന്നിരിക്കുകയാണ്.
ഈ ഉദാഹരണം മനസ്സിലാക്കിയാല്‍ ഇനി ഇവ്വിഷയത്തില്‍ തെറ്റിദ്ധാരണക്കിടമില്ല
ഒന്നിലധികമാളുകള്‍ കൂടിയറുക്കുമ്പോള്‍, ബാക്കിയുള്ളവരുടെ അനുമതി പ്രകാരം ഒരാളോ, അവര്‍ ഏല്‍പ്പിക്കുന്നതു പ്രകാരം പുറത്തുള്ളവനോ അറവു നടത്തണം. വിതരണവും അപ്രകാരമാകാവുന്നതാണ്. ഷെയറുകാരിലൊരാളുടെ വിഹിതം ഒരു മൃഗത്തിന്റെ ആകെ വിലയുടെ ഏഴിലൊന്നില്‍ കുറയരുത്.
7000 രൂപയുടെ ഒരു മൃഗം ഏഴു പേര്‍ ഒന്നിച്ചറുക്കുമ്പോള്‍ കൃത്യം 1000 രൂപയുടെ ഏഴോഹരി തന്നെയാവേണ്ടതാണ്. താന്‍ ഓഹരിചേര്‍ന്ന മൃഗം ഇന്നതാണെന്ന് ഓരോ ഷെയറുകാരനും വേര്‍തിരിയാതെ ധാരാളം പേരില്‍നിന്നു നിശ്ചിത സംഖ്യം പിരിച്ചു കുറെ മൃഗങ്ങളെ വാങ്ങി ഒന്നിച്ച് അറുത്തുകൊണ്ടുള്ള ‘ബലികര്‍മം’ ചില നാടുകളില്‍ കണ്ടുവരുന്നു. അത് അസാധുവും അസ്വീകാര്യവുമാണ്.
21,000 രൂപക്ക് 21 പേര്‍ ചേര്‍ന്ന് മൂന്നു മൃഗത്തെയറുത്തുവെന്നിരിക്കട്ടെ. എങ്കില്‍ ഓരോ മൃഗത്തിനും ഏഴു പേര്‍ വീതം നിജപ്പെടുത്തി അതാതു മൃഗത്തിന്റെ ഏഴിലൊന്ന് വീതം സംഖ്യയടക്കേണ്ടതാണ്. മൂന്നു മൃഗത്തിനും തുല്യ വിലയാണെങ്കില്‍ ഓരോരുത്തര്‍ക്കും 1000 രൂപയാണു വരിക.
മൂന്നു മൃഗത്തെയും ഒന്നിച്ചറുക്കുകയാണെങ്കില്‍ ഓരോ മൃഗത്തിന്റെയും ഏഴു വിഹിതത്തില്‍നിന്നും സ്വദഖ ചെയ്യേണ്ടുന്ന ചുരുങ്ങിയ അളവ് മാംസമെങ്കിലും ഫുഖറാഇന് എത്തുന്നുണ്ടെന്നുറപ്പ് വരുത്താന്‍ ഷെയറുടമകള്‍ ശ്രദ്ധിക്കേണ്ടതാണ.് അതുറപ്പുള്ളപക്ഷം മൂന്നു മൃഗങ്ങളുടെയും മാംസം ഒരുമിച്ചുകൂട്ടി വിതരണം ചെയ്യുന്നതില്‍ അപാകത വരാനില്ല.
തനിക്കു ഭക്ഷിക്കുവാനും സ്വന്തം നിലക്ക് ഹദ്‌യ നല്‍കുവാനും വേണ്ടി ഷെയറുകാരന്‍ സ്വന്തം മൃഗത്തില്‍നിന്ന് മാറ്റിവെച്ചതിനു ശേഷമാണ് വിതരണത്തിനുള്ളത് ഒന്നിച്ചുകൂട്ടേണ്ടത്.
ചുരുക്കത്തില്‍, ഓരോരുത്തരും നിശ്ചിത മൃഗത്തിന്റെ വിലയുടെ ഏഴിലൊന്നിനെയാണ് ഓഹരിയെടുക്കേണ്ടത്. മൃഗത്തെ നിജപ്പെടുത്താത്ത പക്ഷം മൃഗത്തിന്റെയും 21-ല്‍ ഒന്ന് മാത്രമെ ഓരോരുത്തരും ഷെയറെടുക്കുന്നൂള്ളൂ.
ആടിനെ അറുക്കുകയാണെങ്കിൽ ഒന്ന് ഒരാള്‍ക്ക് മാത്രമേ മതിയാകുകയുള്ളൂ. രണ്ടുപേര്‍ ചേര്‍ന്ന് രണ്ടു ആടുകളെ വിലക്കു വാങ്ങി അറുത്താല്‍ ശരിയാകില്ല. കാരണം, ഓരോ ആടിലും ഇരുവരും കൂറായിരിക്കുകയാണ്. അപ്പോള്‍ ‘ഒരു ആട് ഒരാള്‍ക്ക്’ എന്ന നിയമം നിരാകരിക്കപ്പെടുമെന്ന കുഴപ്പം സംഭവിക്കുന്നു.
Post a Comment