അഹ്ലുബൈത്ത് നമ്മുടെ രക്ഷാ കവചമാണ്.




അബൂ ബക്കർ സിദ്ധീഖ്(റ) പറഞ്ഞു:
അഹ്‌ലുബൈത്തിന്റെ കാര്യത്തിൽ മുഹമ്മദ് നബി(സ)യോടുള്ള ബാധ്യത നിങ്ങൾ ഓർക്കുവിൻ. (ബുഖാരി)


അഹ്‌ലുബൈത്തിനെ നബിതങ്ങള്‍ ഒരിക്കല്‍ ഉപമിച്ചത് നൂഹ് നബിയുടെ കപ്പലിനോടാണ്. കപ്പലില്‍ അഭയം തേടിയവര്‍ സുരക്ഷിതരായത് പോലെ അവരെ പിന്തുടരുന്നവര്‍ ശാശ്വത വിജയത്തിനവകാശികളാണ് എന്നതാണ് ഇതിന്റെ അന്തരാര്‍ഥം.

അഹ്‌ലുബൈത്തിനെ ആദരിക്കലും സ്‌നേഹിക്കലും നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്.
വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും ഒട്ടനേകം സ്ഥലങ്ങളില്‍ ഈ യാഥാര്‍ഥ്യം വിശദീകരിച്ചിട്ടുണ്ട്.

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: 'നബിയെ, താങ്കള്‍ അവരോട് പറയുക, അതിന്റെ (പ്രബോധനം) പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല, എന്റെ കുടുംബത്തെ സ്‌നേഹിക്കണമെന്നതല്ലാതെ' (ശൂറാ-23).

നബി കുടുംബത്തിന് ഗുണം ചെയ്യുക വഴി നിങ്ങള്‍ എന്നെ സ്‌നേഹിക്കുക എന്നാണ് മഹാനായ സഈദുബ്‌നു ജുബൈര്‍(റ)ഈ ആയത്തിന് നല്‍കിയിട്ടുള്ള വിശദീകരണം.

കുടുംബം എന്നത് കൊണ്ട് ഇവിടെ മുഖ്യമായും വിവക്ഷിക്കപ്പെടുന്നത് അഹ്‌ലുബൈത്താണ്. കാരണം ഇമാം റാസി തങ്ങള്‍ വിശദീകരിക്കുന്നു: 'നബി കുടുംബമെന്നാല്‍ അവിടത്തോട് ബന്ധമുള്ളവരെല്ലാവരുമാണെങ്കിലും നബിയും ഫാത്തിമ,അലി, ഹസന്‍, ഹുസൈന്‍ (റ) എന്നിവരും തമ്മിലുള്ള ശക്തമായബന്ധം അവിതര്‍ക്കിതമാംവിധം സ്ഥിരപ്പെട്ടതാണ്. അത്‌കൊണ്ട് തന്നെ അവരെ സ്‌നേഹിക്കല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണെന്ന് ഈ ആയത്ത് തീര്‍ച്ചപ്പെടുത്തുന്നു.'

ഇമാം സമഖ്ശരിയുടെ വിശദീകരണവും ഈ ആശയത്തിന് ശക്തി പകരുന്നുണ്ട്. അഥവാ, ഈ ആയത്ത് അവതരിച്ചപ്പോള്‍ നബിയോട് ചോദിക്കപ്പെട്ടു, ഞങ്ങള്‍ സ്‌നേഹിക്കേണ്ട അങ്ങയുടെ ബന്ധുക്കള്‍ ആരാണ്? അന്നേരം നബി പറഞ്ഞു: 'അലി,ഫാത്തിമ, അവരുടെ രണ്ട് സന്താനങ്ങള്‍. 'കര്‍ബലയുടെ ദിനത്തില്‍ അലിയ്യുബ്‌നുല്‍ ഹുസൈന്‍ (റ) യെ ബന്ധിയായിപ്പിടിച്ച് ഡമസ്‌കസിലേക്ക് കൊണ്ടുവന്നപ്പോള്‍ ഉമവീ വിഭാഗത്തില്‍ പെട്ട ഒരാള്‍ ഇങ്ങനെ വിളിച്ച് പറയുന്നുണ്ടായിരുന്നു. 'നിങ്ങളെ വധിച്ച് കളയുകയും ഉന്മൂലനം വരുത്തുകയും ചെയത റബ്ബിന് സര്‍വ സ്തുതിയും.' ഇത് കേള്‍ക്കേണ്ട താമസം അലിയ്യുബ്‌നു ഹുസൈന്‍ അദ്ദേഹത്തേടായി ചോദിച്ചു നീ ഖുര്‍ആന്‍ ഓതാറില്ലേ? ഉണെ്ടന്ന് അയാള്‍ മറുപടി നല്‍കി. നീ ആലു ഹാമീം ഓതിയിട്ടുണേ്ടാ? അലി വീണ്ടും ചോദിച്ചു. ഇല്ലെന്ന് അയാള്‍ മറുപടി നല്‍കി. 'പ്രബോധനത്തിന്റെ പേരില്‍ കുടുംബത്തെ സ്‌നേഹിക്കണമെന്നതല്ലാതെ മറ്റൊന്നും ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല' എന്നര്‍ഥം വരുന്ന സൂക്തം നീ ഓതിയിട്ടില്ലെ ? അന്നേരം അയാള്‍ ചോദിച്ചു. ഈ ആയത്തില്‍ പറഞ്ഞ വിഭാഗം നിങ്ങളാണോ? അലി പറഞ്ഞു:'അതെ,ഞങ്ങള്‍തന്നെ.'(തഫ്‌സീറുല്‍കബീര്‍).

ചുരുക്കത്തില്‍ അഹ്‌ലുബൈത്തിനെ സ്‌നേഹിക്കല്‍ വിശ്വാസിക്ക് ഒഴിച്ച് കൂടാനാവാത്ത ബാധ്യതയാണെന്ന് ഈ വിശുദ്ധ സൂക്തം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. ഇതേ ആശയം കുറിക്കുന്ന അനേകം ഹദീസുകളും നമുക്കു മുന്നിലുണ്ട്.'ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണ്, അവരെ ആര് സ്‌നേഹിച്ചുവോ, അവര്‍ എന്നേയും സ്‌നേഹിച്ചു. ആര് ധിക്കരിച്ചുവോ അവരെന്നെയും ധിക്കരിച്ചു.' മറ്റൊരു ഹദീസില്‍കാണാം. 'ഞാന്‍ ഹസന്‍, ഹുസൈന്‍ (റ) യെ സ്‌നേഹിക്കുന്നു. അത്‌കൊണ്ട് നിങ്ങളും അവരെ സ്‌നേഹിക്കുക.' ഈ രണ്ട് ഹദീസുകളും ചേര്‍ത്ത് വായിച്ചാല്‍ അഹ്‌ലുബൈത്തിനെ സ്‌നേഹിക്കുന്നതിന്റെ ആവശ്യകത എളുപ്പത്തില്‍ മനസ്സിലാകും.

ഖുർആനിന്റെ നിർദ്ധേശം മറക്കാതിരിക്കുക.
”(പ്രവാചകന്റെ) വീട്ടുകാരേ! നിങ്ങളിൽ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്ര മാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. ” (33/33)
”വല്ലവനും അല്ലാഹുവിന്റെ മതചിഹ്‌നങ്ങളെ ആദരിക്കുന്ന പക്ഷം തീർച്ചയായും അത് ഹൃദയങ്ങളിലെ ധർമ്മനിഷ്ഠയിൽ നിന്നുണ്ടാകുന്നതത്രെ. (22/32)