പ്രണയം; സാഫല്യ-നൈരാശ്യത്തിന്റെ നൂൽ പാലങ്ങൾ



ഒരു ബദവീ കാമുകന്റെ കഥ

ഖലീഫ മഹ്ദി ഒരിക്കല്‍ ഹജ്ജിന് പോവുന്ന വഴിയില്‍ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമായി ഇറങ്ങിയപ്പോള്‍ ഒരാള്‍ മുമ്പില്‍ വന്ന് ഞാനൊരു കാമുകനാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. അതുകേട്ട ഖലീഫ കാര്യം തിരക്കി. അയാള്‍ പറഞ്ഞു. 'ഞാനെന്റെ അമ്മാവന്റെ മകളെ പ്രണയിക്കുന്നു. പക്ഷെ ഞാനൊരു സങ്കരവര്‍ഗക്കാരനും (ഉപ്പ അറബിയും ഉമ്മ അനറബിയും) ആയതിനാല്‍ അവര്‍ക്കെന്നെ പറ്റിയില്ല'. അപ്പോള്‍ തന്നെ മഹ്ദി ഒരു പരിചാരകനെ വിട്ട് ആ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ചു വരുത്തി കാര്യം തിരക്കി. അപ്പോള്‍ ആ പിതാവ് പറഞ്ഞത് സങ്കര ഇനത്തില്‍ പെട്ടവരെ ന്യൂനതയുള്ളവരായിട്ടാണ് നമ്മള്‍ കണക്കാക്കുന്നത് എന്ന മറുപടിയായിരുന്നു. അപ്പോള്‍ മഹ്ദി അയാളോട് പറഞ്ഞു. 'ഇരുപതിനായിരം ദിര്‍ഹത്തിന് ഇയാളെ താങ്കളുടെ മകള്‍ക്ക് കെട്ടിച്ചുകൊടുക്കുക. അതില്‍ പതിനായിരം ദിര്‍ഹം മഹ്‌റും പതിനായിരം ദിര്‍ഹം ഇയാളുടെ ന്യൂനതക്കുള്ള പരിഹാരവുമാണ്.
             ----------@@@----------

ഒരു പെണ്ണിന്റെ പ്രണയ കാവ്യം

ഒരിക്കല്‍ രാത്രി ഉമര്‍ (റ) വഴിയിലൂടെ നടക്കുമ്പോള്‍ ഒരു വീട്ടില്‍ നിന്നും പ്രണയപാരമ്യതയില്‍ ലയിച്ച് പാട്ടു പാടുന്ന ഒരു സ്ത്രീ ശബ്ദം കേള്‍ക്കാനിടയായി. നസ്വ്‌റുബ്‌നുല്‍ ഹജ്ജാജ് എന്ന സുന്ദരനായ യുവാവിനെ തനിക്ക് ഭര്‍ത്താവായി ലഭിച്ചിരുന്നെങ്കില്‍ എന്ന ആഗ്രഹം കവിതയില്‍ പ്രകടമായിരുന്നു. കോപാകുലനായ ഉമര്‍ പിറ്റേന്ന് ഹജ്ജാജിനോട് വരാന്‍ ആവശ്യപ്പെട്ടു. അയാളുടെ സൗന്ദര്യം കണ്ടപ്പോള്‍ ഉമര്‍ പറഞ്ഞു. 'നിന്നെക്കുറിച്ച് പാടി കാലം കഴിക്കുന്ന സ്ത്രീകള്‍ ഇവിടെയുണ്ടാവാന്‍ പാടില്ല. അതിനാല്‍ ബൈത്തുല്‍മാലില്‍ നിന്നും ഇഷ്ടമുള്ള സംഖ്യയെടുത്ത് ബസ്വറയിലേക്കു പോവണമെന്നാവശ്യപ്പെട്ടു'. സ്വന്തം നാടുവിട്ടു പോവാനാവശ്യപ്പെടുന്നത് എന്നെ കൊല്ലുന്നതിന് സമമാണ് എന്ന് അയാള്‍ പറഞ്ഞു. തന്റെ കാരണത്താല്‍ നസ്വര്‍ നാടുകടത്തപ്പെട്ടു എന്നറിഞ്ഞ ആ പെണ്ണ് ഹൃദയം പൊട്ടി വീണ്ടും പാടി. 'എന്റെ സദാചാര ബോധവും ചാരിത്ര്യ സംരക്ഷണവും ദൈവഭയവുമുള്ളതിനാലാണ് ഞാന്‍ ഈ വേര്‍പാടിനുമുന്നില്‍ പിടിച്ചു നില്‍ക്കുന്നതെന്ന' അവളുടെ വാക്കുകള്‍ ഉമറിന്റെ കണ്ണുകള്‍ സജലങ്ങളായി. 'ദൈവഭക്തിയിലും ചാരിത്ര്യ ബോധത്തിലും സ്‌നേഹത്തെ തളച്ചവര്‍ എത്ര അനുഗ്രഹീതര്‍' എന്നദ്ദേഹം ആത്മഗതം ചെയ്തു.
           ------------@@@-----------

തുഫൈലിന്റെ കാമുകി

തുഫൈല്‍ ബിന്‍ ആമിറിന്റെയും കാമുകിയുടെയും  പ്രണയം എന്തെന്നറിയാത്തവര്‍ പ്രണയം ശരിക്കറിഞ്ഞിട്ടുണ്ടാവില്ല. ഇസ്‌ലാം സ്വീകരിച്ച തുഫൈലിനടുത്തു വന്ന ഭാര്യയെ തടഞ്ഞു കൊണ്ട്  അദ്ദേഹം പറഞ്ഞു. എനിക്കും നിനക്കുമിടയില്‍ പ്രണയം തുടരണമെങ്കില്‍ നീ എന്റെ കൂടെ ഇസ്‌ലാം സ്വീകരിച്ചേ മതിയാവൂ എന്ന നിബന്ധനവച്ചിട്ടാണ്. അദ്ദേഹം ഭാര്യയെ ഇസ്‌ലാമിക ജീവിത രീതിയിലേക്ക് ക്ഷണിച്ചത് അപ്രകാരമായിരുന്നു. എത്ര വിശുദ്ധ പ്രണയം! ദൈവത്തിലേക്കെത്തുന്ന പ്രണയം. സ്വര്‍ഗം വരെ നീളുന്ന അനുരാഗം!
             -------------@@@------------

ഉമ്മുസുലൈമിന്റെ പ്രണയം

ലോകത്ത് ഏറ്റവും മികച്ച മഹ്‌റ് നല്കിയത് ഉമ്മു സുലൈം ആണ്. തന്റെ ഭര്‍ത്താവിന്റെ മരണശേഷം, അബൂത്വല്‍ഹ എന്ന അവിശ്വാസി തനിക്ക് വിവാഹ ആലോചനയുമായി വന്നപ്പോള്‍ പൊന്നും പണവും ഭൗതികസൗകര്യങ്ങളൊന്നും ആവശ്യപ്പെടാതെ അവര്‍ കാംക്ഷിച്ചത് അദ്ദേഹം മുസ് ലിമാവണം എന്ന അതിവിശിഷ്ട മഹ്‌റ് മാത്രമായിരുന്നു. അങ്ങിനെ സ്വന്തം ചുണ്ടുകളില്‍ നിന്നും ചൊല്ലിക്കേട്ട ശഹാദത്ത് കലിമ മഹ്‌റായി സ്വീകരിച്ച ഉമ്മുസുലൈമിന്റെ പ്രണയം. എന്നും ഒളിമങ്ങാതെ ചരിത്രത്താളുകളെ പ്രകാശപൂരിതമാക്കുന്നു ആ സംഭവം.
             -----------@@@@-----------

ശുഐബ് നബിയുടെ പുത്രി

ശുഐബ് നബിയുടെ പുത്രി, മനസില്‍ പതിഞ്ഞ സ്‌നേഹം കാരണം മൂസാനബിയില്‍ ആകൃഷ്ടയായ ചരിത്രം ഖുര്‍ആന്‍ നമുക്ക് പറഞ്ഞു തരുന്നു. ആ സ്‌നേഹത്തിന്റെ പരിണിതിയെന്നോണം അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങളെക്കുറിച്ച് വാചാലയായ തന്റെ മകള്‍ക്ക് മൂസാ നബിയെ വരനായെടുക്കാന്‍ ശുഐബ് നബി തുനിയുന്നു. ജീവിതത്തിലെ പത്ത് വര്‍ഷങ്ങള്‍ അവളുടെ സ്‌നേഹത്തിന്റെ വഴിയില്‍ ചെലവഴിച്ചു മൂസാ പ്രവാചകന്‍. ഏറ്റവും അമൂല്യമായ സമ്പത്ത് പ്രണയമാണെന്ന തിരിച്ചറിവില്ലായിരുന്നെങ്കില്‍ അദ്ദേഹം അവിടെ ദീര്‍ഘ കാലം കഴിയുമായിരുന്നില്ലല്ലോ.
             -----------@@@@----------

ബരീറഃ-മുഗീസ്
പരസ്പരം പ്രണയിച്ചവര്‍ക്കിടയില്‍ വിവാഹമാണ് പരിഹാരം' എന്ന  ശ്രദ്ധേയമായ വചനത്തിലൂടെ, പ്രണയത്തീയണക്കാന്‍ വിവാഹത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. താന്‍ പ്രണയിച്ച ബരീറയില്‍ നിന്നും അവഗണന നേരിട്ടപ്പോള്‍ നബിയുടെയടുത്ത് തീരുമാനത്തിനായെത്തിയ മുഗീസിന് വേണ്ടി നബി ഒരു ശുപാര്‍ശകനായിരുന്നു. ആ സംഭവം ഹദീസില്‍ ഇങ്ങനെ കാണാം. കരഞ്ഞു കലങ്ങിയ കണ്ണുമായി ബരീറക്കു പിന്നാലെ അവളുടെ പ്രിയതമന്‍ മുഗീസ് (അദ്ദേഹം ഒരു അടിമയായിരുന്നു) നടക്കുന്നത് കണ്ട നബി (സ)  ഇബനു അബ്ബാസിനോടു ചോദിച്ചു. 'അല്ലയോ ഇബ്‌നുഅബ്ബാസ്, മുഗീസിന് ബരീറയോടുള്ള സ്‌നേഹവും ബരീറക്ക് മുഗീസിനോടുള്ള ഈര്‍ഷ്യവും താങ്കള്‍ കാണുന്നില്ലെ'? എന്നിട്ട് നബി ബരീറയോടു പറഞ്ഞു. 'ഭവതി അദ്ദേഹത്തെിലേക്ക് ചെന്നിരുന്നെങ്കില്‍ നന്നായിരുന്നു'. അപ്പോള്‍ അവള്‍ നബിയോടു ചോദിച്ചു 'അല്ല പ്രവാചകരേ അങ്ങ് എന്നോട് ആജ്ഞാപിക്കുകയാണോ?' അപ്പോള്‍ നബി പറഞ്ഞു. 'അല്ല ഞാന് ശിപാര്‍ശകനായി എന്ന് മാത്രം'. അപ്പോള്‍ ബരീറ 'പറഞ്ഞു എനിക്കദ്ദേഹത്തെ ഇഷ്ടമല്ല'.