ബേങ്ക് പലിശ എന്തുചെയ്യണം?




സംശയം: എന്റെ ബേങ്ക് അക്കൗണ്ടിൽ പലിശയുണ്ട്. അത് എന്ത് ചെയ്യണം? വാങ്ങിയില്ലെങ്കിൽ നമ്മുടെ പണം ബേങ്ക് തെറ്റായ വഴികളിൽ ഉപയോഗപ്പെടുത്തുമല്ലോ. നമ്മുടെ പണംകൊണ്ട് അവർ ഹറാം ചെയ്യുന്നതിലേറെ നല്ലത് ആ പണം വാങ്ങി നല്ല വഴിയിൽ ചെലവഴിക്കലല്ലേ? ആ പണം എടുത്ത് പാവങ്ങൾക്ക് നൽകാമോ? കക്കൂസ് നിർമാണം പോലെയുള്ളതിന് ഉപയോഗിച്ചുകൂടേ? ബേങ്ക് അക്കൗണ്ട് ഇന്നത്തെ സാഹചര്യത്തിൽ നിർബന്ധമായതിനാൽ പലിശ വരാതെ കഴിയില്ലല്ലോ.?

നിവാരണം: ആധുനിക ബേങ്കുകൾ പലിശ ഇടപാടുകളുടെ കേന്ദ്രങ്ങളായതിനാൽ പരമാവധി ബേങ്ക് ഇടപാടുകൾ ഒഴിവാക്കുകയാണ് വേണ്ടത്. അത്യാവശ്യ ഘട്ടങ്ങളിൽ ബേങ്ക് ഇടപാട് നടത്തേണ്ടിവരുമ്പോൾ ഇസ്‌ലാം കർശനമായി നിരോധിച്ച പലിശ ഇടപാട് അല്ലാത്ത വിധത്തിലാണ് ഇടപാടുകൾ നടത്തേണ്ടത്. നൽകിയതിലേറെ തിരിച്ചുകിട്ടണമെന്ന വ്യവസ്ഥയോടെ പണം നൽകുന്ന ഇടപാട് പലിശ ഇടപാടാണ്. ഈ വ്യവസ്ഥയോടെ ബേങ്കിന് പണം നൽകുന്നതു തന്നെ മഹാപാപമാണ്. അഥവാ വ്യവസ്ഥ പ്രകാരമുള്ള വർദ്ധനവ്-പലിശ-വാങ്ങിയില്ലെങ്കിൽപോലും പ്രസ്തുത ഇടപാട് കുറ്റകരമാണ്. വർദ്ധനവായി ലഭിക്കുന്ന സംഖ്യ മാത്രമാണ് തെറ്റ് എന്ന ധാരണ ശരിയല്ല. നൽകിയതിലേറെ തിരിച്ചു ലഭിക്കണമെന്ന നിബന്ധനയോടെ നടത്തുന്ന കടമിടപാടാണ് കടപ്പലിശ. ഈ ഇടപാട് നടത്തുന്നതും അതനുസരിച്ചുള്ള വർദ്ധനവ് വാങ്ങുന്നതും ഹറാമാണ്.നിർബന്ധ സാഹചര്യങ്ങളിൽ ബേങ്കുമായി ഇടപാട് നടത്തേണ്ടിവരുമ്പോഴും ബേങ്കിലേക്ക് പണം നൽകുമ്പോഴും പലിശ ഇടപാട് അല്ലാത്ത വിധത്തിൽ ചെയ്യേണ്ടതാണ്. നൽകിയതിലേറെ ലഭിക്കേണ്ടതില്ല, ഞാൻ നൽകിയ പണം മാത്രമേ എനിക്ക് തിരിച്ചു ലഭിക്കേണ്ടതുള്ളൂ എന്ന വ്യവസ്ഥയിൽ പണം നൽകുകയാണെങ്കിൽ പ്രസ്തുത ഇടപാട് പലിശ ഇടപാടാവുകയില്ല. കൂടുതലായി തിരിച്ചു ലഭിക്കണമെന്ന നിബന്ധനയാണ് പ്രശ്‌നം. ബേങ്കിലേക്ക് പണം നൽകുന്നവർ വർദ്ധനവ് ലഭിക്കണമെന്ന വ്യവസ്ഥയില്ലാത്ത വകുപ്പുകൾ അന്വേഷിച്ചറിഞ്ഞ് അതനുസരിച്ച് ചെയ്യേണ്ടതാണ്. എങ്കിൽ പലിശ സ്ഥാപനമായ ബേങ്കുമായി ഇടപാട് നടത്തി എന്ന പ്രശ്‌നമുണ്ടെങ്കിലും പലിശ ഇടപാട് നടത്തിയ കുറ്റമുണ്ടാവുകയില്ല. കാരണം ബേങ്കുമായി ഇദ്ദേഹം നടത്തിയ ഇടപാട് പലിശ ഇടപാടല്ല. ബേങ്കുമായുള്ള ഇടപാടുകൾ പൂർണമായി ഒഴിവാക്കാൻ കഴിയുമെങ്കിൽ അത് ഏറെ സൂക്ഷ്മതയാണ്. ഇന്നത്തെ സാഹചര്യത്തിൽ പലപ്പോഴും ഇത് പ്രയാസമാണ്. എങ്കിൽ പിന്നെ ബേങ്കുമായുള്ള നമ്മുടെ ഇടപാട് പലിശ ഇടപാട് അല്ലാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.നിങ്ങൾ നടത്തിയ ബേങ്കിടപാട് പലിശ ഇടപാടാണെങ്കിൽ എത്രയും വേഗത്തിൽ ആ ഇടപാട് അവസാനിപ്പിച്ച് തൗബ ചെയ്തു മടങ്ങേണ്ടതാണ്. പ്രസ്തുത ഇടപാടിലൂടെ നിങ്ങൾ നൽകിയ പണം നിങ്ങൾ തിരിച്ചുവാങ്ങുന്നത് നിഷിദ്ധമല്ല. വ്യവസ്ഥ പ്രകാരമുള്ള വർദ്ധനവ് (പലിശ) വാങ്ങാൻ പാടില്ല. അത് ഹറാമായ ധനമാണ്. നാം വാങ്ങിയില്ലെങ്കിൽ നമ്മുടെ പണം ബേങ്ക് തെറ്റായ വഴികളിൽ ചെലവാക്കുമെന്നും അതിലേറെ നല്ലത് ആ പണം നാം വാങ്ങി നല്ല വഴികളിൽ ചെലവാക്കലാണെന്നുമുള്ള വിചാരം ശരിയല്ല. കാരണം ആ പണം നമ്മുടെ പണമല്ല. നാം നൽകിയ പണം മാത്രമാണ് നമ്മുടെ പണം. അത് നമുക്ക് വാങ്ങാമെന്ന് പറഞ്ഞല്ലോ. അതിലേറെ ലഭിക്കുന്ന പണം നമ്മുടേതല്ല. ബേങ്ക് വ്യവസ്ഥ പ്രകാരം നമ്മുടെ അക്കൗണ്ടിൽ കണക്ക് വെച്ചതുകൊണ്ട് അത് നമ്മുടേതാവുകയില്ല. നാം ആ പണം വാങ്ങുന്നത് ഹറാമാണ്. ഹറാമായ പണം വാങ്ങി കക്കൂസ് നിർമാണം പോലെയുള്ളതിന് ഉപയോഗിക്കാവുന്നതല്ല. ഹറാമായ ധനം സ്വദഖ ചെയ്യുന്നതിന് പ്രതിഫലം ലഭിക്കുകയില്ല. ഹറാം വാങ്ങി എന്ന കുറ്റമുണ്ടാവുകയും ചെയ്യുന്നതാണ്.ബേങ്കിന്റെ തെറ്റായ ഇടപാടുകൾക്ക് സഹായമാകുമെന്ന വിചാരത്താൽ ബേങ്കിൽ പണം നൽകാതെ വിട്ടുനിൽക്കുന്നത് സൂക്ഷ്മതയാണ്. അതേസമയം പലിശ ഇടപാടിലൂടെ ബേങ്കിന് പണം നൽകുകയും തെറ്റായ വഴിയിലെത്തുമല്ലോ എന്ന വിചാരത്തിൽ പലിശ വാങ്ങുകയും ചെയ്യുന്നത് സൂക്ഷ്മതയല്ല. ഹറാമായ ധനം കൈവശപ്പെടുത്താനുള്ള കൗശലമാണത്. ബേങ്കുമായുള്ള ഇടപാടുകളിൽ നിന്ന് അകലം പാലിക്കലാണ് സൂക്ഷ്മത. സാധ്യമല്ലെങ്കിൽ നടത്തുന്ന ഇടപാട് പലിശ ഇടപാട് അല്ലാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം. ഗൗരവമറിയാതെ പലിശ ഇടപാട് നടത്തിയവർ നാം നൽകിയ പണം മാത്രം സ്വീകരിച്ച് ആ ഇടപാട് അവസാനിപ്പിക്കണം.വിശുദ്ധ ഇസ്‌ലാം ഏറെ ശക്തമായി നിരോധിച്ച മഹാപാപമാണ പലിശ ഇടപാട്. പലിശക്കാരോട് അല്ലാഹുവും അവന്റെ റസൂലും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്നാണ് വിശുദ്ധ ഖുർആൻ: 2/275-ൽ അറിയിച്ചിട്ടുള്ളത്. ഈ യുദ്ധ പ്രഖ്യാപനം മറ്റൊരു തെറ്റുകാരോടും വിശുദ്ധ ഖുർആനിലില്ല. തൗബ ചെയ്ത് പിൻമാറിയില്ലെങ്കിൽ മരണസമയം ഈമാൻ നഷ്ടപ്പെടാനിടയാക്കുന്ന അപകടമാണ് പലിശയെന്ന് വിശുദ്ധ ഖുർആൻ അടയാളപ്പെടുത്തിയിരിക്കുന്നു. ഇമാം ഇബ്‌നു ഹജർ(റ) വിശദീകരിക്കുന്നു: അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിച്ചുവെന്നത് പരലോകത്തേക്ക് ചേർത്തിപ്പറയുമ്പോൾ അന്ത്യം ചീത്തയായി മരിക്കുമെന്നാണതിന്റെ വിവക്ഷ. അതിനാൽ പലിശ ഇടപാട് പതിവാക്കലും അതിൽ വീണ് പോകുന്നതും അന്ത്യം ചീത്തയായി പോകുന്നതിന്റെ ലക്ഷണമാണ്. അല്ലാഹുവും റസൂലും ഒരാളോട് യുദ്ധം പ്രഖ്യാപിച്ചാൽ പിന്നെയെങ്ങനെ അവന് നല്ല അന്ത്യമുണ്ടാകും? (സവാജിർ: 1/225). അല്ലാഹു(സു) വിശുദ്ധ ഗ്രന്ഥത്തിൽ പലിശ ഭക്ഷിക്കുന്നവനല്ലാത്ത മറ്റൊരു തെറ്റുകാരനോടും യുദ്ധ പ്രഖ്യാപനം നടത്തിയിട്ടില്ല. പലിശക്കാരനോട് മാത്രമേ ഈ ശൈലി ഖുർആനിലുള്ളൂ. മരണസമയം ഈമാൻ നഷ്ടപ്പെടാൻ കാരണമാണ് പലിശയെന്ന് പറയപ്പെടുന്നതിന്റെ കാരണമിതാണ് (തുഹ്ഫ: 4/272).ഹറാമായ ധനം ശേഖരിച്ച് അത് ദാനം ചെയ്താൽ അവന് പ്രതിഫലമുണ്ടാവുകയില്ലെന്നും അവന് ശിക്ഷയാണുള്ളതെന്നും റസൂൽകരീം(സ്വ) പറഞ്ഞിരിക്കുന്നു (ഇബ്‌നു ഖുസൈമ, ഇബ്‌നു ഹിബ്ബാൻ).

സംശയം: പലിശയായി ഒരു വലിയ സംഖ്യ ഞാൻ വാങ്ങിയിരുന്നു. ഈ അടുത്ത് പലിശയുടെ അപകടത്തെക്കുറിച്ച് ഞാൻ ഉസ്താദിന്റെ ക്ലാസ് കേട്ടു. പലിശയായി ഞാൻ കൈപറ്റിയ സംഖ്യ എന്ത് ചെയ്യണം? അത് ആർക്കെങ്കിലും സ്വദഖ ചെയ്താൽ മതിയാകുമോ? അതിന്റെ കുറ്റത്തിൽനിന്ന് രക്ഷപ്പെടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?

നിവാരണം: നിങ്ങൾ നടത്തിയ പലിശ ഇടപാട് അവസാനിപ്പിച്ച് അല്ലാഹുവിനോട് മാപ്പിരക്കുകയും തൗബ ചെയ്ത് മടങ്ങുകയും വേണം. അതാണ് രക്ഷപ്പെടാനുള്ള മാർഗം. അല്ലാഹു നിരോധിച്ച മഹാപാപമായ പലിശയുമായി ബന്ധപ്പെട്ടതിൽ ആത്മാർത്ഥമായ ഖേദവും കുറ്റബോധവും വേണം. ഇനിയൊരിക്കലും പലിശയുമായി ബന്ധപ്പെടില്ലെന്ന് ദൃഢനിശ്ചയം ചെയ്യണം. ഇതാണ് തൗബയുടെ മർമം. മനുഷ്യരുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്‌നമായതിനാൽ അത് പരിഹരിക്കലും നിർബന്ധമാണ്. അത് തൗബയുടെ നിബന്ധനയാണ്. അതിനാൽ ഹറാമായ വിധം കൈപറ്റിയ പണം അതിന്റെ ഉടമസ്ഥനിലേക്ക് തിരിച്ചുനൽകണം. ഉടമസ്ഥനെ അറിയില്ല; അറിയുമെന്ന പ്രതീക്ഷയുമില്ല. എങ്കിൽ മുസ്‌ലിംകളുടെ പൊതുവായ മസ്വ്‌ലഹത്തുകൾക്ക് നൽകുകയാണ് വേണ്ടത്.വിഷയസംബന്ധമായ കർമശാസ്ത്ര നിയമം ഇപ്രകാരമാണ്: ഹറാമായ ധനം കൈവശത്തിലുള്ള ഒരാൾ തൗബ ചെയ്യാനും ആ ഹറാമിൽ നിന്ന് മോചിതനാവാനും ഉദ്ദേശിച്ചാൽ ആ ധനത്തിന് നിശ്ചിത ഉടമസ്ഥനുണ്ടെങ്കിൽ അത് ഉടമസ്ഥന് തിരിച്ചുനൽകൽ നിർബന്ധമാണ്. ഉടമസ്ഥൻ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ അനന്തരാവകാശികൾക്ക് നൽകണം. അതിന്റെ ഉടമസ്ഥൻ ആരാണെന്ന് അറിയുകയില്ല; അറിയുമെന്ന പ്രതീക്ഷയുമില്ല. എങ്കിൽ മുസ്‌ലിംകളുടെ പൊതുമസ്വ്‌ലഹത്തുകളിലേക്ക് ആ പണം നൽകേണ്ടതാണ്. പള്ളികൾ, പാലങ്ങൾ തുടങ്ങിയവയുടെ നിർമാണം ഉദാഹരണമാണ്. അതില്ലെങ്കിൽ ദരിദ്രർക്ക് ദാനം ചെയ്യണം. ഇതിലേക്കെല്ലാം പണം ഉപയോഗപ്പെടുത്തേണ്ടത് ഖാസിയാണ്. ഹറാമായ പണം കൈവശമുള്ളവൻ പണം ഖാസിയെ ഏൽപിക്കുകയാണ് വേണ്ടത്. ഖാസി വിശ്വസ്ഥനല്ലെങ്കിൽ അറിവും ദീനീചിട്ടയുമുള്ള ഒരാളെ അധികാരപ്പെടുത്തി പണം അദ്ദേഹത്തെ ഏൽപിക്കണം. അത് കഴിയില്ലെങ്കിൽ പണം കൈവശമുള്ളവൻ നേരിട്ട് പണം പൊതു ആവശ്യങ്ങളിലേക്ക് നൽകണം (ശറഹുൽ മുഹദ്ദബ് 9/351 കാണുക).

ഇമാം ഇബ്‌നു ഹജർ(റ) എഴുതുന്നു: ബാധ്യതയായിത്തീർന്ന ധനം ഉടമസ്ഥനിലേക്കും അനന്തരാവകാശിയിലേക്കും തിരിച്ചുനൽകൽ അസാധ്യമായാൽ വിശ്വസ്ഥനായ ഖാസിയെ ഏൽപിക്കണം. അതും സാധ്യമല്ലെങ്കിൽ പിന്നീട് ഉടമസ്ഥനെ കണ്ടെത്തിയാൽ അവന് ബാധ്യത കൊടുത്തുവീട്ടുമെന്ന നിശ്ചയത്തോടെ പണം കൈവശമുള്ളവൻ ആ പണം പൊതുകാര്യങ്ങളിലേക്ക് ചെലവഴിക്കണം (തുഹ്ഫ: 10/243).ബിഗ്‌യ 158-ാം പേജിലും ഇത് സംബന്ധമായ വിശദീകരണമുണ്ട്.ചുരുക്കത്തിൽ പലിശയായി നിങ്ങൾക്ക് ലഭിച്ച സംഖ്യ അതിന്റെ ഉടമസ്ഥനിലേക്ക് തിരിച്ചുകൊടുക്കണം. ഉടമസ്ഥനെ അറിയില്ലെങ്കിൽ അന്വേഷിച്ച് കണ്ടെത്തണം. അറിയാനുള്ള പ്രതീക്ഷയില്ലെങ്കിൽ മേൽ വിവരിച്ച പ്രകാരം, പൊതുകാര്യങ്ങളിലേക്ക് ചെലവഴിക്കണം. അതിന് പുറമെ ഹറാമായ പലിശയുമായി ബന്ധപ്പെട്ടതിൽ ഖേദിച്ചും ഇനിയൊരിക്കലും പലിശയുമായി ബന്ധപ്പെടുകയില്ലെന്ന് തീരുമാനിച്ചും തൗബ ചെയ്ത് മടങ്ങണം. നിങ്ങൾക്ക് രക്ഷപ്പെടാനുള്ള മാർഗമിതാണ്.ഹറാമായ ധനം കൈപറ്റിയവർക്ക് തൗബ ചെയ്ത് രക്ഷപ്പെടാനുള്ള വകുപ്പാണിത്. അല്ലാതെ ഹറാമായ ഇടപാടുകൾ തുടരുകയും അതിലൂടെ ലഭിക്കുന്ന ഹറാമായ പണം പൊതുആവശ്യങ്ങളിലേക്കും പാവപ്പെട്ടവർക്കും ദാനം ചെയ്യുകയും ചെയ്യുന്ന രീതി രക്ഷയുടെ മാർഗമല്ല. അത് ശിക്ഷയുടെ വഴിയാണ്; സ്വദഖയുടെ പ്രതിഫലം ലഭിക്കുകയുമില്ല. ഹറാമിന്റെ ശിക്ഷ ഉണ്ടാകുന്നതുമാണ്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ളവർ സൂക്ഷിക്കുക.

സംശയം: നിർബന്ധ ഘട്ടങ്ങളിൽ കടം വാങ്ങേണ്ടിവരുമ്പോൾ പലിശ നൽകിയില്ലെങ്കിൽ കടം ലഭിക്കുകയില്ലെങ്കിൽ പലിശക്ക് കടം വാങ്ങുകയും പലിശ കൊടുക്കുകയും ചെയ്താൽ കുറ്റമുണ്ടാകുമോ? നിർബന്ധിതാവസ്ഥയുടെ പേരിൽ കുറ്റത്തിൽനിന്ന് ഒഴിവുണ്ടോ?

 ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) എഴുതുന്നു: പലിശ നൽകിയില്ലെങ്കിൽ കടം ലഭിക്കുകയില്ലെന്ന വിധത്തിൽ നിർബന്ധിതാവസ്ഥയിൽ കടം വാങ്ങുമ്പോൾ പലിശ നൽകുന്നത് കുറ്റകരമാണ്. കുറ്റത്തിൽനിന്ന് ഒഴിവാകുന്നതല്ല. കാരണം, വാങ്ങിയതിലേറെ നൽകണമെന്നുണ്ടെങ്കിൽ പലിശ വകുപ്പിൽ അല്ലാതെ നൽകാമല്ലോ. നേർച്ചയിലൂടെയോ ദാനമായി ഉടമയാക്കിക്കൊടുത്തുകൊണ്ടോ നൽകാം. എന്നിരിക്കെ പലിശയായി നൽകുന്നത് കുറ്റകരം തന്നെയാണ്. എന്നാൽ ശൈഖുനാ-ഇമാം ഇബ്‌നു ഹജർ(റ)-പറഞ്ഞിട്ടുള്ളത്; നിർബന്ധിതാവസ്ഥ കാരണം പലിശ നൽകുന്ന കുറ്റം ഒഴിവാകുമെന്നാണ് (ഫത്ഹുൽ മുഈൻ: 336).വിഷയ സംബന്ധമായി ഇമാം ഇബ്‌നു ഹജർ(റ)നോടുള്ള ചോദ്യവും മഹാനവർകളുടെ മറുപടിയും കാണുക:ചോദ്യം: വിശന്നിരിക്കുന്ന കുട്ടികളുടെ നിർബന്ധാവശ്യത്തിന് വേണ്ടി കടം വാങ്ങുമ്പോൾ വാങ്ങിയതിലേറെ തിരിച്ചുകൊടുക്കുന്നില്ലെങ്കിൽ കടം കിട്ടാത്ത സാഹചര്യത്തിൽ കടം വാങ്ങുകയും വർധനവ് നൽകുകയും ചെയ്താൽ നിർബന്ധിതാവസ്ഥയുടെ കാരണമായി കുറ്റം ഒഴിവാകുമോ?
മറുപടി: അതെ, ഈ സാഹചര്യത്തിൽ നിർബന്ധിതാവസ്ഥ കാരണം വർദ്ധനവ് നൽകുന്നതിന്റെ കുറ്റം ഒവിവാകുന്നതാണ് (ഫതാവൽ കുബ്‌റ 2/279 കാണുക).നിങ്ങളുടെ സംശയത്തിനുള്ള നിവാരണം മേൽ ഉദ്ധരണികളിൽ നിന്ന് വ്യക്തമാണ്. വിഷയം പലിശയായതിനാൽ സൂക്ഷിച്ചേ ഈ വകുപ്പ് ഉപയോഗപ്പെടുത്താവൂ എന്ന് ഓർമിപ്പിക്കുന്നു. പലിശ ഏറെ അപകടമുള്ളതാണെന്ന് അറിയാമല്ലോ.

കൂടുതൾ അറിവുകൾ നേടാം 
ഈ പേജുകൾ ലൈക്ക് ചെയ്യൂ👇

അബൂത്വാഹിർ ഫൈസി

ഇഫ്ശാഉസ്സുന്ന