വുളൂഅ് പൂർണ്ണ രൂപം
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
നീയ്യത്തോടുകൂടി ചില പ്രത്യേക ശരീരാവയവങ്ങള്‍ കഴുകുന്നതിന്നാണ് വുളൂഅ് എന്ന് പറയുന്നത്. ചെറിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവാന്‍ വുളൂഅ് ചെയ്യണം. നബി(സ) യുടെ നിശാപ്രയാണ വേളയില്‍ നിസ്ക്കാരം നിര്‍ബന്ധമായപ്പോള്‍ തന്നെ വുളൂഉം നിര്‍ബന്ധമായിട്ടുണ്ട്.
വുളൂഇന്റെ ശര്‍ത്വുകള്‍
വുളൂഇന്നും കുളിക്കും ശര്‍ത്വുകള്‍ അഞ്ചാണ്.
1. വുളൂഅ് ചെയ്യുന്നത് ‘ഥഹൂറാ’യ വെള്ളം കൊണ്ടായിരിക്കണം.
ശുദ്ധിയും ശുദ്ധീകരണ ശേഷിയും ഉള്ള വെള്ളത്തിനാണ് ഥഹൂറായ വെള്ളം എന്നു പറയുന്നത്. ഥഹൂറായ വെള്ളം മാത്രമേ വുളൂഅ് ചെയ്യാനും കുളിക്കാനും നജസുകള്‍ കഴുകാനും ഉപയോഗിക്കാന്‍ പാടുള്ളൂ. മഴവെള്ളം, കിണര്‍, പുഴ, കടല്‍ തുടങ്ങിയവയില്‍ നിന്നെടുക്കുന്ന വെള്ളം എന്നിവ ഥഹൂറായ വെള്ളമാണ്. ഇസ്ലാമിക കര്‍മ്മ ശാസ്ത്രം വെള്ളത്തിനെ നാലു തരമായി ഭാഗിച്ചിട്ടുണ്ട്. അതില്‍ ഒന്നാണ് ‘ഥഹൂര്‍’. മറ്റുള്ളവ ‘ഥാഹിര്‍’ (ശുദ്ധിയുണ്ട്, എന്നാല്‍ ശുദ്ധീകരണ ശേഷിയില്ല. ഉദാ: കഞ്ഞിവെള്ളം, തേങ്ങവെള്ളം, ചായ തുടങ്ങിയവ. ഈ വെള്ളം കൊണ്ട് വുളൂഅ് ചെയ്യാനോ കുളിക്കാനോ നജസായത് കഴുകാനോ ഇവ ഉപയോഗിച്ചു കൂടാ.) , ‘മുസ്തഅ്‌മല്‍’ (ഒരിക്കല്‍ നിര്‍ബന്ധ ശുചീകരണത്തിനുപയോഗിച്ച വെള്ളം. അത് വീണ്ടും ശുദ്ധീകരണത്തിനുപയോഗിക്കാന്‍ പാടില്ല. എന്നാല്‍ ഈ വെള്ളം രണ്ടു ഖുല്ലത്തില്‍ അധികമുണ്ടെങ്കില്‍ ശുദ്ധീകരണത്തിനുപയോഗിക്കാവുന്നതാണ്.), ‘മുതനജ്ജിസ്’ ( മലിനമായ ജലമാണിത്. ശുദ്ധീകരണത്തിനുപയോഗിക്കാന്‍ പാടില്ല.) എന്നിവയാണ്.
2. കഴുകുന്ന അവയവങ്ങളിലൂടെ വെള്ളം ഒലിപ്പിക്കല്‍.
വെള്ളം നനഞ്ഞാല്‍ മാത്രം പോരാ. അതിന് കഴുകലെന്നു പറയില്ലല്ലോ. അതേസമയം തടവേണ്ട ചില അവയവങ്ങളുണ്ട്. അവ തടവിയാല്‍ മതിയാകും.
3. വെള്ളത്തിന് പകര്‍ച്ച വരുത്തുന്ന ഒന്നും അവയവങ്ങളില്‍ ഇല്ലാതിരിക്കല്‍. കുങ്കുമം, ചന്ദനം പോലുള്ള വസ്തുക്കള്‍ കൊണ്ടുള്ള ദോഷകരമായ പകര്‍ച്ചയാണ് അരുതാത്തത്. ചില പണ്ഡിതര്‍ ഈ ശര്‍ത്വിനോട് വിയോജിച്ചിട്ടുണ്ട്.
4. കഴുകുന്ന അവയവത്തിനും വെള്ളത്തിനുമിടയില്‍ മറയൊന്നുമില്ലാതിരിക്കുക.
ചുണ്ണാമ്പ്, മെഴുക്, കുഴമ്പ്, ചേറ്, വിളത്തീന്‍ പോലുള്ളവയൊക്കെ തടസ്സം സൃഷ്ടിക്കുന്ന വസ്തുക്കളാണ്. അതിനാല്‍ അവ ആദ്യം നീക്കം ചെയ്യണം. അതിനു ശേഷമേ വുളു ചെയ്യാവൂ. അല്ലാത്തപക്ഷം വുളുഅ് സാധുവാകയില്ല.
5. സ്ഥിരമായ അശുദ്ധിയുള്ളവര്‍ നിസ്ക്കാര സമയം ആയതിനു ശേഷം മാത്രം വുളൂഅ് ചെയ്യുക.
നില്‍ക്കാതെ മൂത്രം പൊയ്ക്കൊണ്ടിരിക്കുന്നവര്‍, നിലയ്ക്കാത്ത രക്തസ്രാവമുള്ളവര്‍ തുടങ്ങിയവര്‍ നിസ്ക്കാരത്തിന്റെ സമയം ആഗതമായതിനു ശേഷമേ വുളൂഅ് ചെയ്യാവൂ.
6. മുസ്ലിമാവുക. മുസ്ലിമല്ലാത്ത ഒരു വ്യക്തി വുളൂഅ് ചെയ്താല്‍ അത് സ്വീകരിക്കപ്പെടുകയില്ല.
7. വിശേഷ ബുദ്ധിയുണ്ടാവുക. ഭ്രാന്തന്‍, ലഹരി ബാധിച്ചവന്‍ എന്നിവരുടെ വുളൂഅ് സാധുവല്ല.
വുളൂഇന്റെ ഫര്‍ളുകള്‍
വുളൂഇന്റെ ഫര്‍ളുകള്‍ ആറെണ്ണമാണ്. ഇതില്‍ ഏതെങ്കിലും ഒന്ന് ഇല്ലാതായാല്‍ വുളൂഅ് അല്ലാതായിത്തീരും. ഈ നിര്‍ബന്ധ ഘടകങ്ങള്‍ക്ക് വുളൂഇന്റെ ഫര്‍ളുകള്‍ എന്നും റുക്നുകള്‍ എന്നും പറയുന്നു. അവ താഴെ പറയുന്നവ.
1. നിയ്യത്ത് (കരുതല്‍, ഒദ്ദേശ്യം ).
ഹൃദയത്തിന്റെ ഉള്ളില്‍ നിന്നാണ് നിയ്യത്ത് ഉണ്ടാകേണ്ടത്. വുളൂഅ് ചെയ്യുന്നു, വുളൂഇന്റെ ഫര്‍ള് വീട്ടുന്നു, നിസ്ക്കരത്തിനു വേണ്ടി – അല്ലെങ്കില്‍ വുളൂഅ് ഇല്ലാതെ അനുവദനീയമല്ലാത്ത ഒരു കാര്യം പറഞ്ഞ് അതിനു വേണ്ടി- ശുദ്ധിയാകുന്നു എന്നിങ്ങനെ ഏതുമാകാം നിയ്യത്ത്.
2. മുഖത്തിന്റെ ബാഹ്യഭാഗമെല്ലാം കഴുകല്‍(മുഖം പൂര്‍ണ്ണമായി കഴുകുക).
“സത്യവിശ്വാസികളേ, നിങ്ങള്‍ നിസ്ക്കാരത്തിന്നൊരുങ്ങുമ്പോള്‍ നിങ്ങളുടെ മുഖം കഴുകുക. പിന്നീട് നിങ്ങളുടെ കൈകള്‍ മുട്ടുകള്‍ വരെ കഴുകുക. പിന്നെ നിങ്ങളുടെ തലകള്‍ തടവുകയും ഞെരിയാണി ഉള്‍പെടെ കാലുകള്‍ കഴുകുകയും ചെയ്യുക” (സൂറതുല്‍ മാഇദ : 6) എന്ന ഖുര്‍ആന്‍ സൂക്തത്തിന് അനുസരിച്ചാണിത്.
സാധാരണ തലമുടി മുളക്കുന്ന സ്ഥലം മുതല്‍ താടിയെല്ലിന്റെ അറ്റം വരെ നീളത്തിലും ഇരുചെവികള്‍ക്കുമിടയിലുള്ള ഭാഗം വീതിയുമാണ് മുഖപരിധി. താടിയെല്ല് പൂര്‍ണ്ണമായും മുഖത്തില്‍ ഉള്‍പ്പെടും.അതിനപ്പുറം താഴ്ഭാഗവും അവിടുള്ള രോമങ്ങളും പെടില്ല. നിയ്യത്ത് ചെയ്യുന്ന സമയത്ത് തന്നെയാണ് മുഖം കഴുകേണ്ടത്.
മുഖത്തുള്ള താടി, മീശ തുടങ്ങിയ രോമങ്ങള്‍ നേര്‍ത്തതാണെങ്കില്‍ അവയുടെ ഉള്‍ഭാഗത്തേക്കും എത്തിക്കണം. രോമങ്ങള്‍ തിങ്ങിയതാണെങ്കില്‍ അവയുടെ പുറം ഭാഗം കഴുകിയാല്‍ മതി.
3. രണ്ടു കൈകളും മുട്ടുള്‍പ്പെടെ കഴുകല്‍.
മുകളില്‍ സൂചിപ്പിച്ച ആയത്തിന്റെ ശേഷഭാഗത്ത് ഇതും കല്പിച്ചിട്ടുണ്ട്. മുന്‍കയ്യും കണങ്കയ്യുള്‍പ്പെടെ കഴുകല്‍ നിര്‍ബന്ധമായ സ്ഥലത്തെ രോമങ്ങളും നഖവും കൂടി കഴുകല്‍ നിര്‍ബന്ധമാണ്. അവയെത്ര നീളത്തില്‍ വളര്‍ന്നിട്ടുണ്ടെങ്കിലും കഴുകണം.
4. തലയില്‍ നിന്നല്പം തടവലാണ്.
തലമുടി തടവിയാലും മതി. എന്നാല്‍ തലയുടെ അതൃത്തിയില്‍നിന്നും തൂങ്ങിക്കിടക്കുന്ന മുടി തടവിയാല്‍ പോരാ. ഏറ്റവും നല്ലത് തല മുഴുവന്‍ തടവലാണ്. തടവല്‍ നിര്‍ബന്ധമാണെന്നതിനും മേല്പറഞ്ഞ ആയത്താണ് തെളിവ്.
5. കാലുകള്‍ ഞെരിയാണി ഉള്‍പ്പെടെ കഴുകല്‍.
ഇതിനും മേല്പറഞ്ഞ ആയത്താണ് തെളിവ്. കാല്‍ കഴുകുന്നതിനു പകരം പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായി തടവലുമാകാം. കാല്‍കഴുകുമ്പോള്‍ അതിലെ വിള്ളലുകളുടെയും മറ്റും ഉള്‍വശം കഴുകല്‍ നിര്‍ബന്ധമാണ്.
6. ക്രമം പാലിക്കല്‍.
മുഖം കഴുകിയ ശേഷം കൈകള്‍. പിന്നെ തല, കാലുകള്‍ എന്നിങ്ങനെ ക്രമത്തിലാവണമെന്ന നിര്‍ബന്ധം. നബി (സ) യുടെ മാതൃക അങ്ങനെയായതിനാലാണ്.
വുളൂഇന്റെ സുന്നത്തുകള്‍
വുളൂഇന്ന് നിര്‍ബന്ധമല്ലാത്ത ചില ഘടകങ്ങളുണ്ട്, അവ വുളൂഇന്റെ സുന്നത്തുകളാണ്. സുന്നത്തുകളുടെ അനുഷ്ഠാനം നിര്‍ബന്ധമല്ല, എന്നാല്‍ വളരെ ഉത്തമമാണ്. വുളൂഇന്റെ സുന്നത്തുകള്‍ താഴെ കൊടുക്കുന്നു
1. വുളൂഅ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ബിസ്മി ചൊല്ലുക. ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം (പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ തുടങ്ങുന്നു) എന്നു പറയുക.
2. പല്ല് തേക്കുകയും നാവ് വടിക്കുകയും ചെയ്യുക
3. വീണ്ടും ബിസ്മി ചൊല്ലിയതിനു ശേഷം ഈ വാക്യം ചൊല്ലുക.

“അല്‍ഹംദു ലില്ലാഹില്ലദീ ജഅലല്‍ മാഅ ഥഹൂറാ” (വെള്ളത്തെ ശുദ്ധീകരണത്തിനുള്ള ഉപാധിയാക്കിയ അല്ലാഹുവിന് സ്തുതി).
4. രണ്ട് കൈപത്തികളും കഴുകുക.
5. വായില്‍ വെള്ളം കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റി വൃത്തിയാക്കുകയും ചെയ്യുക.
6. തല മുഴുവനും തടവുക.
7. രണ്ട് ചെവികളുടെയും ഉള്ളും പുറവും തടവുക.
8. ഒരോ അവയവവും തേച്ച് കഴുകുക.
9. തിങ്ങിയ താടിയുടെ ഉള്ളിലേക്ക് വെള്ളം എത്തിക്കുക.
10. ആദ്യം വലതുഭാഗവും പിന്നെ ഇടതുഭാഗവും കഴുകുക.
11. കഴുകുന്നതും തടവുന്നതും മൂന്നു പ്രാവശ്യം വീതമായിരിക്കുക.
12. വുളൂഇന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി ചെയ്യുക.
13. വുളൂഅ് ചെയ്യുമ്പോള്‍ ഖിബ്‌ലയെ അഭിമുഖീകരിക്കുക.
14. വുളൂഅ് ചെയ്തതിനു ശേഷം ഇരു കണ്ണുകളും മേല്പോട്ടുയര്‍ത്തി ഈ പ്രാര്‍ത്ഥന ചൊല്ലുക.

(അശ്‌ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹു വ അശ്‌ഹദു അന്ന മുഹമ്മദന്‍ അബ്‌ദുഹു വ റസൂലുഹു അല്ലാഹുമ്മജ്‌അല്‍നീ മിനത്തവ്വാബീന വജ്‌അല്‍നീ മിനല്‍ മുതഥഹ്ഹിരീന വജ്‌അല്‍ മിന്‍ ഇബാദിക്കസ്സ്വാലിഹീന്‍. സുബ്‌ഹാനക്കല്ലാഹുമ്മ വബിഹംദിക്ക അശ്‌ഹദു അന്‍ ലാ ഇലാഹ ഇല്ലാ അന്‍ത അസ്തഗ്ഫിറുക്ക വ അതൂബു ഇലൈക്)
അര്‍ത്ഥം: അല്ലാഹു മാത്രമാണ് ആരാധ്യന്‍ എന്നും, മുഹമ്മദ്(സ) അവന്റെ ദാസനും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ, ധാരാളം പശ്ചാത്തപിക്കുന്നവരുടെ കൂട്ടത്തിലും, ഏറെ പരിശുദ്ധി കൈക്കൊള്ളുന്നവരുടെ കൂട്ടത്തിലും, നിന്റെ സദ്‌വൃത്തരായ ദാസന്മാരുടെ കൂട്ടത്തിലും എന്നെ നീ പെടുത്തേണമേ. അല്ലാഹുവേ നിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുകയും നിന്നെ സ്തുതിക്കുകയും ചെയ്യുന്നു. നീ മാത്രമാണ് ആരാധ്യന്‍ എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിന്നോട് ഞാന്‍ പൊറുക്കല്‍ തേടുകയും നിന്നിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുന്നു.
15. കയറ്റി കഴുകല്‍
മുഖവും കൈകാലുകളും കുറച്ചേറെ കഴുകലും സുന്നത്താണ്.
വുളൂഇന്റെ കറാഹത്തുകള്‍
വുളൂഅ് ചെയ്യുമ്പോള്‍ അനഭിലഷണീയമായി ഗണിക്കപ്പെടുന്ന കാര്യങ്ങള്‍ക്ക് വുളൂഇന്റെ കറാഹത്തുകള്‍ എന്നു പറയുന്നു. ഇവ ചെയ്തു എന്നതുകൊണ്ട് ശിക്ഷ ഒന്നും ഇല്ല. എന്നാല്‍ ഇത് ചെയ്യാതിരുന്നാല്‍ അല്ലാഹുവിങ്കല്‍നിന്ന് സവിശേഷമായ പ്രതിഫലം ലഭിക്കും. വുളൂഇന്റെ കറാഹത്തുകള്‍ താഴെ പറയുന്നവയാണ്
1. വുളൂഇന്റെ കര്‍മ്മങ്ങള്‍ മൂന്നു തവണയേക്കാള്‍ കൂടുകയോ കുറയുകയോ ചെയ്യുക.
2. വെള്ളം എറിഞ്ഞു കൊണ്ട് മുഖം കഴുകുക.
3. വുളൂഅ് ചെയ്യുമ്പോള്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുക.
4. വുളൂഅ് ചെയ്ത അവയവങ്ങള്‍ കാരണം കൂടാതെ തുടക്കുകയോ കുടയുകയോ ചെയ്യുക.
സുന്നത്തുകള്‍ ചെയ്യാന്‍ നാം ഔത്സുക്യം കാണിക്കാറുള്ളതുപോലെ കറാഹത്തുകള്‍ ഒഴിവാക്കാനും അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
വുളൂഅ് മുറിയുന്ന കാര്യങ്ങള്‍
താഴെ പറയുന്ന നാലു കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് സംഭവിച്ചാല്‍ വുളൂഅ് ഇല്ലാതായിത്തീരും. പിന്നെ നിസ്ക്കരിക്കണമെങ്കില്‍ വുളൂഅ് ചെയ്യണം.
1. സ്ത്രീയുടെയും പുരുഷന്റെയും മുന്‍ദ്വാരത്തില്‍ കൂടിയോ പിന്‍ദ്വാരത്തില്‍ കൂടിയോ ശുക്ലമല്ലാത്ത എന്തെങ്കിലും പുറത്ത് വരുക. കീഴ്വായു പുറത്തു വന്നാലും വുളൂഅ് ഇല്ലാതായിത്തീരും.
2. ഏതെങ്കിലും തരത്തില്‍ ബുദ്ധിയുടെ വിവേചന ശക്തി ഇല്ലാതായിത്തീരുക. ഭ്രാന്ത്, ബോധക്ഷയം, ഉറക്കം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് കുറച്ചു നേരത്തേക്കെങ്കിലും ബുദ്ധിയുടെ വകതിരിവ് ഇല്ലാതാകാം.
3. തന്റെയോ മറ്റുള്ളവരുടെയോ ഗുഹ്യസ്ഥാനം ഉള്ളംകൈ കൊണ്ട് മറയില്ലാതെ സ്പര്‍ശിക്കുക. ഗുഹ്യസ്ഥാനം എന്നു പറഞ്ഞതില്‍ ലിംഗം, യോനി, മലദ്വാരം എന്നിവ ഉള്‍പ്പെടുന്നു.
4. വിവാഹിതരാവാന്‍ നിയമ തടസ്സമില്ലാത്ത മുതിര്‍ന്ന സ്ത്രീപുരുഷന്മാരുടെ ചര്‍മ്മങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കുക.
വുളൂഅ് ഇല്ലാതായാല്‍ നിസ്ക്കാരം സാധുവാകയില്ല എന്നു മാത്രമല്ല, നിഷിദ്ധമാവുക കൂടി ചെയ്യും. കഅ്‌ബ ഥവാഫ് ചെയ്യുക, തിലാവത്തിന്റെ സുജൂദ് ചെയ്യുക, ജുമുഅ ഖുഥുബ ഓതല്‍ എന്നിവയും വുളൂഇന്റെ അഭാവത്തില്‍ നിഷിദ്ധമായിത്തീരും.
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
Post a Comment